Image

കലാ വസന്തമൊരുക്കാന്‍ റോയല്‍ ഒപേറ ഹൗസ്‌ അണിഞ്ഞൊരുങ്ങി

എം.പി.എ. കോട്ടപ്പള്ളി Published on 10 October, 2011
കലാ വസന്തമൊരുക്കാന്‍ റോയല്‍ ഒപേറ ഹൗസ്‌ അണിഞ്ഞൊരുങ്ങി
മസ്‌കത്ത്‌: ഒമാന്‍െറ സാസ്‌കാരിക, പൈതൃക, കലാ രംഗത്ത്‌ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റോയല്‍ ഒപേറ ഹൗസ്‌ കലാ വസന്തമൊരുക്കാന്‍ അണിഞ്ഞൊരുങ്ങി. ഈമാസം 14ന്‌ ഈ കലാകേന്ദ്രം രാജ്യത്തിന്‌ സമര്‍പ്പിക്കും. ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്‌. ഉദ്‌ഘാടന വേളയില്‍ അരങ്ങ്‌ തകര്‍ക്കുന്ന പരിപാടികള്‍ ഒമാനിലെ കലാപ്രേമികര്‍ക്ക്‌ നവ്യാനുഭവമാകും. ഇറ്റാലിയന്‍ ഡ്രാമയായ സ്‌നേഹത്തിന്‍െറ ശക്തി യാണ്‌ ഉദ്‌ഘാടന ദിനത്തില്‍ അരങ്ങേറുക.

പുച്ചിനിയുടെ മികച്ച സൃഷ്ടിയായി കണക്കാക്കുന്ന ടുരാന്തോത്തിന്‍െറ ആവിഷ്‌കാരം അനുവാചകര്‍ക്ക്‌ അനുസ്‌മരണീയ അനുഭവമാകും. അറേബ്യന്‍ കഥയായ ആയിരത്തൊന്ന്‌ രാവുകളുടെ ചുവടുപിടിച്ചാണ്‌ കലാവിരുന്ന്‌ അവതരിപ്പിക്കുന്നത്‌. പ്രത്യേക സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും ആവശ്യമുള്ളതാണ്‌ ഈ ഡ്രാമ. രാത്രി എട്ടിനാണ്‌ വേദിയുടെ തിരശ്ശീല ഉയരുക. പിറ്റേന്നും ഇതേ കലാവിരുന്ന്‌ തന്നെ അവതരിപ്പിക്കപ്പെടും.

കലയെയും സംസ്‌കാരത്തെയും അളവറ്റ്‌ സ്‌നേഹിക്കുകയും അവയുടെ സംരക്ഷണത്തിന്‌ ഏറെ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സഈദിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ഒപേറ ഹൗസ്‌ സാക്ഷാത്‌കരിക്കപ്പെടുന്നത്‌. ഗള്‍ഫ്‌ മേഖലയിലെ ആദ്യത്തേതും അറബ്‌ ലോകത്തെ രണ്ടാമത്തേതുമാണ്‌ മസ്‌കത്ത്‌ റോയല്‍ ഒപേറ ഹൗസ്‌. അറബ്‌ ലോകത്ത്‌ കൈറോയില്‍ മാത്രമാണ്‌ ഒപേറ ഹൗസ്‌ നിലവിലുള്ളത്‌. 14ാം തീയതിയോടെ കലാ ഭൂപടത്തില്‍ വിയന്ന, ന്യൂയോര്‍ക്‌, പാരീസ്‌, ലണ്ടന്‍, മിലാന്‍, സിഡ്‌നി എന്നിവക്കൊപ്പം മസ്‌കത്തും സ്ഥാനം പിടിക്കും. ഖുറത്തിന്‌ സമീപം അല്‍ സരൂജില്‍ ദേശിയ പാതക്കഭിമുഖമായാണ്‌ ഒപേറ ഹൗസ്‌ നിറഞ്ഞു നില്‍ക്കുന്നത്‌. പൂന്തോട്ടങ്ങളും നിരവധി ഓഡിറ്റോറിയങ്ങളും മറ്റ്‌ ആധുനിക സൗകര്യങ്ങളും കൊണ്ട്‌ ശ്രദ്ധേയമാണ്‌ ഇവിടം. മസ്‌കത്തിലേക്ക്‌ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഒപേറ ഹൗസിന്‌ കഴിയുമെന്ന്‌ കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം 16 ലക്ഷം വിനോദ സഞ്ചാരികളാണ്‌ ഒമാനിലെത്തിയത്‌. ലോകോത്തര ഡ്രാമകളുടെയും സംഗീത വിരുന്നുകളുടെയും ഈ ആസ്വാദന കേന്ദ്രം മസ്‌കത്തിനെ ഗള്‍ഫിന്‍െറ കലാ തലസ്ഥാനമാക്കി ഉയര്‍ത്തും.

ഇസ്ലാമിക കലയുമായി താദാത്മ്യമുള്ള രീതിയില്‍ നിര്‍മിച്ച ഒപേറ ഹൗസില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്‌. സീറ്റില്‍ സജ്ജമാക്കിയ സ്‌ക്രീനില്‍ അരങ്ങില്‍ നടക്കുന്ന കലാ ഇനങ്ങളുടെസബ്‌ ടൈറ്റിലുകള്‍ തെളിഞ്ഞുവരും. പ്രേക്ഷകന്‌ ഇഷ്ടമുള്ള ഭാഷ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്യാം. ഭക്ഷണ കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

ഉദ്‌ഘാടന പ്രദര്‍ശനത്തിന്‍െറ ഭാഗമായി 14 മുതല്‍ ഡിസംബര്‍ 31 വരെയാണ്‌ ഇവിടെ കലാപരിപാടികള്‍ അരങ്ങേറുക. ഈ മാസം 18, 21, 26, 27,28 തീയതികളില്‍ പ്‌ളാസിഡോ ഡൊമിങോയുടെ സംഗീത പരിപാടി, റോയല്‍ ഫിലാര്‍മോണിക്‌ ഓര്‍ക്കസ്‌ട്രയുടെ പരിപാടി, അമേരിക്കന്‍ ബാലെ തീയറ്ററിന്‍െറ ഡോണ്‍ക്വിസോട്ട്‌ തുടങ്ങിയവ അരങ്ങേറും. നവംബറില്‍ ഒമ്പത്‌ ദിവസങ്ങളിലായി അരങ്ങേറുന്ന സര്‍ഗ്ഗ വസന്തങ്ങളില്‍ റിഹാം അബ്ദുല്‍ ഹകീമിന്‍െറ ഉമ്മുഖുല്‍സും, മാജിദാ അല്‍ റൂമിയുടെ പരിപാടി തുടങ്ങിയവ നടക്കും. ഡിസംബറില്‍ എട്ട്‌ രാവുകളിലായാണ്‌ സംഗീത ശില്‍പങ്ങളും ഡ്രാമകളും അരങ്ങേറുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക