ഓണത്തിന്റെ വീക്ഷണം എന്ത്? - ജോണ്‍ വേറ്റം

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 11 September, 2013
ഓണത്തിന്റെ വീക്ഷണം എന്ത്? - ജോണ്‍ വേറ്റം
സകലരും സഹോദരരാണെന്നും കരുതുന്ന പരിതസ്ഥിതി സ്ഥാപിക്കാനും, നിരന്തര ദുഃഖത്തില്‍നിന്നുമകന്ന് നല്ല ജീവിതം നയിക്കുക എന്നതിന്റെ അര്‍ത്ഥം പഠിപ്പിക്കാനും ഓണാഘോഷത്തിനു കഴിയുമോ?

ദേശീയ വര്‍ഗ്ഗീയ സാമ്പത്തിക വൈരുദ്ധ്യങ്ങളില്ലാത്ത, ധാര്‍മ്മികനിലവാരം പുലര്‍ത്തിയ കാലത്തിന്റേയും, സന്തുഷ്ടിപകര്‍ന്ന നീതിനിഷ്ഠ ഗവണ്‍മെന്റിന്റേയും അനുസ്മരണയാണ് തിരുവോണം. ദൈവത്തെ മുന്നില്‍ നിര്‍ത്തുകയും ജീവിതയാഥാര്‍ത്ഥ്യങ്ങളെ സമീകരിക്കയും ചെയ്യുന്ന ആധുനികജനത ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?

ഓണാഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ചു ലഭിച്ച ഐതീഹ്യം വ്യക്തമോ വിശ്വസനീയമോ അല്ല. ഓണം ബുദ്ധമതത്തിന്റെയോ ആര്യമതത്തിന്റേയോ ആചാരങ്ങളിലൂടെ ഉളവായതാണെന്നും, ആണ്ടുപിറപ്പിന്റേയും, വിളവെടുപ്പിന്റേയും ഉത്സവമാണെന്നും, പരശുരാമനോ മഹാവിഷ്ണുവോ, സ്വജനങ്ങളെ കാണുന്നദിനമാണെന്നും, വാമനപ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിന്ന് ഉരുവായതാണെന്നും അഭിപ്രായങ്ങളുണ്ട്. എങ്കിലും, അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ സുവര്‍ണ്ണകാലത്തെ ഓര്‍ക്കുന്ന ദിവസമാണ് തിരുവോണമെന്ന് പൊതുവെ കരുതപ്പെടുന്നു.

കേരളത്തിനു വെളിയിലുള്ള മറ്റ് സംസ്ഥാനങ്ങളിലും ബലി എന്നപേരോടുകൂടിയ രാജാക്കന്മാര്‍ വാണിരുന്നുവെന്നും, തമിഴ്‌നാട്ടിലും ഗുജറാത്തിലും ഓണം ആഘോഷിക്കപ്പെട്ടിരുന്നുവെന്നും ചരിത്രരേഖകള്‍ സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട്, ചിരഞ്ജീവിയായ മഹാബലി മുഖാന്തരം ഈ ആഘോഷം ആരംഭിച്ചുവെന്നും നിശ്ചയിക്കാന്‍ നിവൃത്തിയില്ല.

ചിങ്ങമാസത്തിലെ ഉത്രാടം തുടങ്ങി നാല് ദിവസങ്ങളില്‍ കൊണ്ടാടുന്ന ഓണത്തിന്റെ പ്രത്യേകത വിഭവസമൃദ്ധമായ സദ്യ മാത്രമായിരുന്നില്ല. അതില്‍ മതഭക്തിയുടെ അനവധി ആചാരങ്ങള്‍ പിടിച്ചുനിന്നു. ജന്മി കൂടിയാന്‍ വ്യത്യാസം വെച്ചുപുലര്‍ത്തി. ഓണക്കാഴ്ചയും, ഓണത്തല്ലും, ഓണതുള്ളലും, ഓണപ്പാട്ടും, ഊഞ്ഞാലാട്ടവും അതിന്റെ അലങ്കാരമായിരുന്നു. ഇന്ന് ഇവ നാമമാത്രമായി.

ഓണാഘോഷം മതത്തിന്റെ നിയന്ത്രണത്തില്‍ നിന്നും സമത്വബോധത്തിന്റെ തലത്തിലേക്കു നീങ്ങി. സകല ജാതികളും പങ്കുചേരുന്ന ദേശീയോത്സവമായി. ഇതിന്റെ പിന്നിലുള്ളത് ശ്രേഷ്ഠമായ ഉദ്ദേശവും മുന്നിലുള്ളത് ഹൃദ്യമായ സന്ദേശവുമാണ്. എന്നാലും ഈ മേളയോടനുബന്ധിച്ച് ഏതല്‍ക്കാലത്തുണ്ടായ നിരവധി സംഭവങ്ങള്‍ ആളുകളെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. സകലരുമായി സമാധാനവും സന്തോഷവും കണ്ടെത്താനുള്ള ഒരു മാദ്ധ്യമമാണ് തിരുവോണമെന്നു വിശ്വസിച്ചവര്‍ ഇന്ന് നിരാശരാണ്! എന്തുകൊണ്ട്?

കൊലയാളികള്‍ നിറഞ്ഞ തടവറകളും, അഴിമതിവാഴുന്ന ഭരണതലങ്ങളും, വര്‍ഗ്ഗവിവേചനം നടത്തുന്ന സമുദായങ്ങളും, പൊയ്മുഖം ധരിച്ച രാഷ്ട്രീയ സംഘടനകളും ഓണാഘോഷത്തെ ഐശ്വര്യസമൃദ്ധമാക്കുമോ? കേരളത്തില്‍ കള്ളവും കവര്‍ച്ചയും കൈക്കൂലിയും പോക്കറ്റടിയും ഇരട്ടിക്കുന്നത് ഓണക്കാലത്താണ്. ഏറ്റവുമധികം  മദ്യവും മയക്കുമരുന്നും വിലയ്ക്കപ്പെടുന്നതു മറ്റൊരവസരത്തിലല്ല. ഭക്ഷണശാലകളെ ആശ്രയിക്കുന്ന ജോലിക്കാരും യാത്രക്കാരും പട്ടിണിയനുഭവിക്കുന്ന സമയവും ഇതു തന്നെ. കൊടുംഭീതിപകര്‍ന്ന, ഘോരമായ സംഘട്ടനത്തിലൂടെ മതവും രാഷ്ട്രീയവും രക്തം ചൊരിഞ്ഞ ദുഷിച്ച പാരമ്പര്യത്തെ തുടച്ചുമാറ്റേണ്ട നേരത്ത്, ലക്ഷ്യവും ജയവും നേടുന്നതിന് അക്രമങങളെ അഴിച്ചുവിടുന്നതും ഈ ഉത്സവകാലത്താണ്. അനീതികൊണ്ട് പുരോഗതിപ്രാപിക്കാമെന്നു സിദ്ധാന്തിക്കുന്ന തീവ്രവാദികളുടെ ഏറ്റുമുട്ടലിന്റെ കാലഘട്ടത്തില്‍ ഓണമൊരു ചടങ്ങായി!

മതേതരമായ മനുഷ്യസ്‌നേഹത്തിന്റേയും, മാതൃകാപരമായ സഹകരണത്തിന്റേയും, നിറവില്‍ ആഘോഷിക്കേണ്ടതാണ് മറുനാടന്‍ മലയാളികളുടെ തിരുവോണം. എങ്കിലും, സ്വന്തനാടിന്റെ ശ്രേഷ്ഠഭാവങ്ങളെ പകരേണ്ട ഈ വേള അനാകര്‍ഷമാകുന്നുണ്ട്. പ്രവാസി ജീവിതത്തില്‍ പ്രകടമാകുന്ന മത്സരമാണ് ഇതിന്റെ ഹേതു. ചില സാംസ്‌ക്കാരിക സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലത്തിലെ മുഖ്യഘടകം ഓണാഘോഷമാണ്. അതു കാലംതെറ്റി കന്നിമാസത്തിലും നടത്താറുണ്ട്. കൂടിവരാനും സംഘടിതശക്തിയായി പുരോഗമിക്കാനും എല്ലാപ്രവാസികള്‍ക്കും സാദ്ധ്യമല്ല എന്ന വാസ്തവത്തെയാണ് ഇത് ചൂണ്ടികാണിയ്ക്കുന്നത്.

വിദേശമലയാളികള്‍ ദേശാഭിമാനികളും കേരളത്തിന്റെ സമ്പത്തുമായിത്തീരണമെങ്കില്‍, ദേശീയ ബോധത്തിന്റെ സമൃദ്ധിയില്‍ ഒത്തുചേരണം. ഇനി കേരളവും മലയാളുമെനിക്കെന്തിന് എന്ന ചിന്ത വെടിയണം. മലയാളിള്‍ക്ക് മറുനാടുകളില്‍ അഭിമാനഭരിതമായ അംഗീകാരം ലഭിക്കണമെങ്കില്‍, അവര്‍  സംഘടിത ശക്തിയായി വളരണം. പുതിയ പ്രക്ഷുബ്ദതയിലൂടെ ആകര്‍ഷകമായ സാഹചര്യങ്ങളിലേക്കു പാഞ്ഞുപോകുന്ന പ്രവാസിതലമുറ അഭ്യുദയമാകണമെങ്കില്‍, പരസ്പരബന്ധം നിലനിര്‍ത്തുന്ന സൗഹാര്‍ദതയുടെ മദ്ധ്യേ എത്തിച്ചേരണം. അതിനുവേണ്ടി, മലയാളി സംഘടനകള്‍ സ്വാര്‍ത്ഥയുടെ സ്വേഛാധിപത്യത്തില്‍ നിന്നും സൗമത്യയുടെ സമീപനവുമായി മുന്നേറണം. മനുഷ്യന്റെ എല്ലാ അനുഭവങ്ങളും വിധിപ്രാകരമെന്നു വിശ്വസിക്കുന്നവരുടെ വിധികല്പ്തിവാദം പോലുള്ള അനുചിത ചിന്തകളും, പണ്ടേ കഴുകികളയേണ്ട അനാചാരങ്ങളുടെ പാഠങ്ങളും പാടേ ഉപേക്ഷിക്കണം.

എപ്പോഴും നന്മതേടുന്ന തലമുറയുടെ മീതേ നില്ക്കാറുള്ള പുരോഗതിയുടെ വെളിച്ചമാണ്. മാറ്റങ്ങളിലൂടെ മാറ്റങ്ങളിലേക്കു പാഞ്ഞുപോകുന്ന മനുഷ്യന് പുതുക്കത്തിന്റെ നല്ല അനുഭവമാണ് ആവശ്യം. കാണാത്തത് കാണുവാനുള്ള അവന്റെ തൃഷ്ണ അടങ്ങുകില്ല. സംശയങ്ങള്‍ക്ക് പരിഹാരവും ചോദ്യങ്ങള്‍ക്ക് ഉത്തരവും തരാത്ത ഒരു ലോകത്ത് നമ്മള്‍ അധിവസിക്കുന്നുവെന്ന് പൂര്‍വ്വികര്‍ പരാതിപ്പെട്ടു. അവരുടെ മാദ്ധ്യമം അജ്ഞതയും അന്ധവിശ്വാസവുമായിരുന്നു. കാഴ്ചയ്ക്ക് അതിരുകളും ചിന്തക്ക് അരണ്ട പ്രകാശവും ഉണ്ടായിരുന്നു. സൂര്യനും ചന്ദ്രനും കാറ്റും മഴയും മരങ്ങളും മനുഷ്യനും ഇഴജന്തുക്കളും കീടങ്ങള്‍ പോലും ആരാധിക്കപ്പെട്ട കാലത്തിന്റെ കറുത്ത കാല്പാടുകള്‍ ഇന്നു ഭൂമുഖത്ത് കിടപ്പുണ്ട്. യാഗമൃഗങ്ങളുടേയും പറവകളുടേയും ചുടുചോരകുടിക്കുന്ന ബലിക്കളങ്ങളും, ദ്രവ്യാരാധനയും, നമ്മുടെ മുമ്പിലുണ്ട്. അവയെ വിദേശഭൂമിയില്‍ പറിച്ചു നടുന്നതു നന്മയോ? അറ്റു ജനതകള്‍ക്ക് മാതൃകാമുദ്രയാകേണ്ടവനാണ് വിദേശമലയാളി. സകല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും, അവയെ കണ്ടെത്തുകയാണ് വേണ്ടതെന്നും, പഠിപ്പിക്കുന്ന ഒരു ലോകമാണിത് എന്ന ആശയത്തിലേക്ക് മനുഷ്യവര്‍ഗ്ഗം നീങ്ങി! പ്രപഞ്ചത്തില്‍ ഉണ്ടെന്നു കരുതിയ ശക്തി ശക്തിയല്ലെന്നും, ഇല്ലെന്നു കരുതിയത് ഇന്ന് ഉള്ളതിന്റെ ഉറവുകളാണെന്നും തെളിയിച്ചു കൊണ്ട്, കഴിഞ്ഞ നൂറ്റാണ്ട് മനുഷ്യനെ ആകാശയുഗത്തിലേക്കു നയിച്ചു! ജനജീവിതത്തില്‍ വന്ന നൂതന പരിവര്‍ത്തനം! ഇത്, ആത്മീയ ഭൗതിക മണ്ഡലങ്ങളില്‍ വരുത്തിയത് നവീകരണമാണ്. സാങ്കേതിക വിദ്യകളുടെ ശ്രീഘഗതിയില്‍ മനുഷ്യന്‍ പൂര്‍വ്വാധികം വിമുക്തനായി. അനുദിനം മാറുന്ന ജീവിതഗതിയുടെ വേഗതയില്‍, ആകാശത്തേയും ഭൂമിയേയും അടുത്തു കണ്ടു. പക്ഷേ പാതാളമെവിടെ? പ്രപഞ്ചശക്തിയോടുള്ള ഭയത്തിനു മോചനമില്ല. വേണ്ടാത്തതു വിട്ടുകളയാനുള്ള മടിയല്ലെ അതിനു കാരണം?

പുരോഗതി സമാധാനപരമായ സഹകരണത്തില്‍ സ്ഥിതിചെയ്യുന്നുവെന്നും, അതിലേക്കുള്ള വഴി പ്രബോധനമാണെന്നും, ജ്ഞാനത്തിന്റെ സിദ്ധിയിലൂടെ അതുകൈവരുത്താമെന്നും വിശ്വസിക്കാം, എന്നു വരികിലും, ജനിക്കുമ്പോള്‍തന്നെ ജീവിതം മുഴുവന്‍ നിര്‍ണ്ണയിക്കപ്പെട്ടുവെന്നും, അതിനു മാറ്റമുണ്ടാകില്ലെന്നും, വിശ്വസിച്ചുകൊണ്ട് സ്വന്തമനശാസ്ത്രത്തിന്റെ മതില്‍കെട്ടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന യാഥാസ്ഥിതികര്‍ ന്യൂനപക്ഷമായി! ഈ വിരുദ്ധതകള്‍ ഓണാഘോഷത്തിന്റെ ഉല്‍കര്‍ഷത്തിനു തടസ്സമാണ്.

ഓണം ദേശീയാഘോഷമായതോടെ ജാതിമത വിഭാഗീയത മലയാളിയെ വിട്ടുപോയെന്നു വിധിച്ചുകൂടാ. വിമോചനം അടിമത്വത്തിലേക്കു മടങ്ങുന്നതുപോലെ ഓണത്തിനുണ്ടായിരുന്ന സ്വാതന്ത്ര്യവും സമ്പന്നതയും ഇപ്പോള്‍ അഴിച്ചുവിട്ട അഴിമതിയുടെ വഴിയിലെത്തി. നാളത്തെ തിരുവോണം തിന്നുകുടിച്ചു മദിക്കുന്ന ഭൗതിക വിനോദം മാത്രമായിക്കൂടാ. പിന്നയോ, അതു ജാതിമതഭേദമെന്യേ സകലര്‍ക്കും ഇടകലരാനുള്ള വിശുദ്ധമായ അവസരമാകണം. നമ്മള്‍ നല്‍കുന്ന ദൈവത്തിന് കൃതജ്ഞത പറയുന്ന ദേശീയദിനമാകണം. കേരളത്തിന്റെ സത്വരപുരോഗതിക്കും സാമ്പത്തികഭദ്രതക്കും മാര്‍ഗ്ഗമാകണം. കളിവള്ളങ്ങളുടെ ജലകേളികളിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച കേരളത്തിനു വിദേശികളെ വിളിച്ചുവരുത്തി വിഭവസമൃദ്ധമായ കാഴ്ചനല്‍കാന്‍ ഓണാഘോഷത്തിനു കഴിയണം. എപ്പോഴും വളര്‍ത്തേണ്ട മനുഷ്യസ്‌നേഹത്തോടുള്ള വിധേയത്വം കൂടുന്നതിനും, അനഭികാമ്യവ്യവസ്ഥികളെ തുടച്ചു മാറ്റുന്നതിനും, ആധുനിക സമാധാനത്തിന്റെ വികസനത്തെ സഹായിക്കുന്നതിനും സന്ദര്‍ഭമാകണം. സ്വതന്ത്രമായി ചിന്തിച്ചുകൊണ്ട് സ്വാര്‍ത്ഥമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യന്, നിര്‍മ്മലതയുടെ നന്മ നല്‍കണം. നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുന്ന മലയാളദേശത്തും, ദേശാഭിമാനം തുടിക്കുന്ന മറുനാടന്‍ മലയാളികളുടെ നടുവിലും, പ്രായോഗിക സമത്വം യാഥാര്‍ത്ഥ്യമാക്കണം.

ഊണിലും ഒരുക്കത്തിലും ഓണം നവീകരിക്കപ്പെടുന്നു! എങ്കിലും, വിശന്നു കരയുന്ന ഒരു തലമുറ കേരളത്തിലുണ്ട്. അവരെ സഹായിക്കുന്ന പദ്ധതികളിലൂടെ, ഓണത്തെ സ്‌നേഹത്തിന്റെയും സേവനത്തിന്റേയും ആഘോഷമാക്കുവാന്‍ മലയാളിക്കു കഴിയട്ടെ.


ഓണത്തിന്റെ വീക്ഷണം എന്ത്? - ജോണ്‍ വേറ്റം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക