Image

173 അനധികൃത താമസക്കാര്‍ അബുദാബിയില്‍ അറസ്‌റ്റില്‍

Published on 13 October, 2011
173 അനധികൃത താമസക്കാര്‍ അബുദാബിയില്‍ അറസ്‌റ്റില്‍
അബുദാബി: നാലുദിവസം നീണ്ടുനിന്ന പരിശോധനയില്‍ തലസ്‌ഥാനത്തു 173 അനധികൃത താമസക്കാര്‍ അറസ്‌റ്റിലായി. അബുദാബി കോര്‍ണീഷിലെ പാര്‍ക്കുകളിലും അല്‍റീം ദ്വീപിലെ ലേബര്‍ ക്യാംപുകളിലും നടത്തിയ പരിശോധനയിലാണ്‌ അനധികൃതമായി രാജ്യത്തു തങ്ങിയിരുന്നവര്‍ പിടിയിലായത്‌. അല്‍റീം ദ്വീപിലെ ലേബര്‍ ക്യാംപുകളില്‍ വീസയും ലേബര്‍ കാര്‍ഡുമില്ലാതെ കഴിഞ്ഞിരുന്ന 140 നിയമലംഘകരാണു കുടുങ്ങിയത്‌. കോര്‍ണീഷ്‌ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ 32 പേരും താമസ കുടിയേറ്റ വകുപ്പിന്റെ നാലുദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ നിയമപാലകരുടെ വലയിലായി.

അനധികൃത താമസക്കാര്‍ക്കു തൊഴിലും താമസവും നല്‍കിയവരും നിയമനടപടികളില്‍ നിന്നൊഴിവാകില്ലെന്നു ആഭ്യന്തരമന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ നാസില്‍ അല്‍മന്‍ഹാലി പറഞ്ഞു. പാര്‍പ്പിടമേഖലകളിലും ലേബര്‍ ക്യാംപുകളിലും അനധികൃത താമസക്കാരുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണു പരിശോധന നടത്തിയതെന്നു മേജര്‍ അല്‍മന്‍ഹാലി സൂചിപ്പിച്ചു. പിടിക്കപ്പെട്ടവരെല്ലാം സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിയതായി പരസ്യപ്പെടുത്തപ്പെട്ടവരാണ്‌. കോര്‍ണീഷിനോട്‌ അനുബന്ധിച്ച്‌ ഏഷ്യന്‍ രാജ്യക്കാരായ അനധികൃത താമസക്കാരെക്കുറിച്ചു സ്വദേശി പൗരനാണ്‌ അധികൃതര്‍ക്കു വിവരം നല്‍കിയത്‌. പരിശോധനാ സമയത്തു പലരും ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവരും വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരും സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണ്‌. അധികൃതരുമായി സഹകരിച്ച്‌ അനധികൃത താമസക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സാഹമിന്റെ 80080 നമ്പറില്‍ അറിയിക്കണമെന്ന്‌ അല്‍മന്‍ഹാലി അഭ്യര്‍ഥിച്ചു. രാജ്യത്തേക്കു നുഴഞ്ഞുകയറിയവര്‍ക്കു ജോലിയും അഭയവും നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം ദിര്‍ഹം പിഴയും രണ്ടുമാസത്തില്‍ കുറയാത്ത തടവുമാണു ശിക്ഷ. അന്യരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നവര്‍ക്കു അരലക്ഷം ദിര്‍ഹമാണു പിഴ.

വീസാ നിയമം പാലിക്കാതെ മറ്റിടങ്ങളില്‍ തൊഴില്‍ തേടാന്‍ വിടുന്ന കമ്പനികള്‍ക്കും സമാനശിക്ഷ ലഭിക്കും. റാസല്‍ഖൈമയില്‍ ഒരു അറബ്‌ പൗരനു കോടതി കഴിഞ്ഞദിവസം അരലക്ഷം ദിര്‍ഹം പിഴചുമത്തി. തന്റെ കീഴിലുള്ള തൊഴിലാളിയെ മറ്റിടങ്ങളില്‍ ജോലി ചെയ്യിപ്പിച്ചതിനാണ്‌ ഈ ശിക്ഷ. നിയമലംഘകനായ തൊഴിലാളിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക