വഴികള്‍ (ചെറുകഥ) -ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 14 October, 2013
വഴികള്‍ (ചെറുകഥ) -ജോണ്‍ വേറ്റം
ഓണക്കാലത്ത് ഓടിവരുന്ന എന്റെ ഓര്‍മ്മകള്‍ക്കു അനുഭവത്തിന്റെ അഴകും കാലഘട്ടത്തിന്റെ സുഗന്ധവും യാഥാര്‍ത്ഥ്യങ്ങളുടെ വര്‍ണ്ണങ്ങളും ഉണ്ടായിരിക്കും. പാരമ്പര്യങ്ങളുടെ പവിത്രതയില്‍ ഗ്രാമീണത മീട്ടിയ ഈണങ്ങള്‍ ഒഴുകിവന്നു മനസ്സിനെ മുരിപ്പിക്കും.
ആഘട്ടത്തില്‍ വലിയ വീടുകള്‍ക്കു പടിപ്പുരകളും, പ്രധാന വഴികളില്‍ ചുമടു താങ്ങികളും വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. രാത്രി സഞ്ചാരികള്‍ക്ക് വെളിച്ചത്തിനു ചുട്ടും പന്തവും നികര്‍ക്ക് യാത്ര ചെയ്യാന്‍ വില്ലുവണ്ടികള്‍,  പണക്കാര്‍ക്ക് താമസിക്കാന്‍ മണിമേടകള്‍, പാവങ്ങള്‍ക്ക് കുടിലുകള്‍, വെട്ടം കാണാന്‍ തകരവിളക്ക്, വേലക്കാര്‍ വീട്ടുമുറ്റുത്ത് കുഴികുത്തും. അതില്‍ വാഴയില വെച്ച് കഞ്ഞിയൊഴിച്ചു പ്ലാവിലകൊണ്ട് കോരിക്കുടിക്കുമായിരുന്നു. തീണ്ടലും തിരണ്ടുകല്യാണവും ജാതിചിന്തയും തൊട്ടുകൂട്ടായ്മയും ഉണ്ടായിരുന്നു. ഒരിക്കലും അവ രഹസ്യ വേഴ്ചകള്‍ക്ക് തടസ്സമായിരുന്നില്ല. ഓലക്കുടയും പാളത്തൊപ്പിയും ഉപയോഗിച്ചകാലം. അന്ന്, പെണ്‍കുഞ്ഞുങ്ങള്‍ കവുങ്ങിന്‍ പാള കീറിയെടുത്തു നാണം മറയ്ക്കാന്‍ ഉപയോഗിക്കുമായിരുന്നു. എന്റെ അച്ഛന്‍, വിവാഹതനായപ്പോള്‍ മൂന്നൂറ് ഏക്കര്‍ നിലവും, പത്ത് ഏക്കര്‍ തെങ്ങിന്‍ തോപ്പും നെല്‍പ്പുരയോടുകൂടിയ വീടും ഉണ്ടായിരുന്നു. അപ്പോള്‍ ഭൂമിയുടെ വില വളരെ കുറവായിരുന്നു. അപ്പൂപ്പന്റെ മരണത്തോടെ അച്ഛന്‍ സ്വതന്ത്രനായി. സഹചാരികള്‍ ഉണ്ടായി, ധൂര്‍ത്തും മദ്യപാനവും കൂട്ടുകാരായി. വസ്തുക്കള്‍ വിറ്റും ഇഷ്ടദാനം ചെയ്തും ആശ്രിതരെ സഹായിച്ചു. എനിക്ക് പത്തുവയസ്സും, സഹോദരി സുഷമയ്ക്ക് അഞ്ചു വയസ്സും പ്രായമായപ്പോള്‍ അച്ഛന്‍ പാപ്പരായി. എന്റെ അമ്മയ്ക്ക് കുടുംബ വീതം കിട്ടിയ വീട്ടില്‍ മാറിത്താമസിച്ചു. അപ്പോഴും അച്ഛന് അപകബോധം ഉണ്ടായില്ല. മദ്യപാനം നിര്‍ത്തിയില്ല. അമ്മവീടും കടപ്പെടുത്താനുള്ള ആലോചന ഉണ്ടായി.
ഞങ്ങളുടെ ഗ്രാമത്തില്‍ ഓണത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്റെ വീടുമാത്രം മൂകമായി. അത്തദിനത്തിന്റെ തലേദിവസം, ഉച്ചയായപ്പോള്‍ അമ്മ കണ്ണീര്‍ വാര്‍ത്തുകൊണ്ട് പറഞ്ഞു, ഈയാണ്ടില്‍ ഈ വീട്ടില്‍ ഓണമില്ല. ഞാന്‍ അതുകേട്ടു. എന്നിട്ടും നിസ്സഹായതയുടെ നിസ്സംഗതയില്‍, ജീവതം വ്യര്‍ത്ഥമാകുന്നു എന്ന ചിന്തയോടെ ഇരുന്നു, അന്ന് സന്ധ്യയുടെ സുവര്‍ണ്ണശോഭ മങ്ങിയ നേരത്ത്, കൊച്ചമ്മാവന്‍ മുറ്റത്തു വന്നു നിന്നു, എന്നെ വിളിച്ചു. പതമനാഭാ- ഞാന്‍ വിളികേട്ടു. അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നു, ഒരു കടലാസ് പൊതി തന്നിട്ടു പറഞ്ഞു, കുറച്ചു രൂപയാ- ശ്രീദേവിയെ ഏല്‍പിക്കണം. ഓണത്തിനുള്ളതാണ്. അമ്മാവന്‍ പെട്ടെന്ന് മടങ്ങിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അമ്മയെ വിളിച്ചു. സഹോദരങ്ങളുടെ സഹായം സ്വീകരിക്കരുതെന്ന് വിലക്കുള്ളതിനാല്‍ അമ്മ രൂപ വാങ്ങിയില്ല. ഭയത്തോടെ പറഞ്ഞു നീയിതു വാങ്ങരുതായിരുന്നു. നീയിതു ശ്രീധരെ തിരിച്ചേല്‍പിക്കണം. അവന്‍ സ്‌നേഹത്തോടെ തന്നതാണെങ്കിലും കലഹത്തിന് കാരണമാകരുത്. മറുപടി പറയാതെ ഞാന്‍ പൊതി അഴിച്ചു നോക്കി. പതിനഞ്ചു രൂപയ്ക്കുള്ള നോട്ടുകള്‍ അതു തിരിച്ചു കൊടുക്കുന്നത് അനുചിതമെന്നു തോന്നി. മുണ്ടിന്റെ തുമ്പില്‍ കെട്ടി അരയില്‍ തിരുകി.
അമ്മ നിലവിളക്കു കൊളുത്തി, ഭഗവാന്‍ കൃഷ്ണന്റെ പടത്തിനു മുമ്പില്‍ വെച്ചു പ്രാര്‍ത്ഥിച്ചു. ഞാന്‍ ചിന്തയില്‍ മുഴുകി തിണ്ണയില്‍ ഇരിക്കുകയായിരുന്നു. തരിശും ശൂന്യവുമായ ഒരവസ്ഥ! അത് എന്നവസാനിക്കും.
വെളിച്ചം പിരിഞ്ഞു പോയതുപോലെ. നല്ലകാലം നിലച്ചു. ഇനി എന്തു ചെയ്യും? അച്ഛന്‍ വരുന്നതുകൊണ്ട് ചിന്ത പെട്ടെന്നു നിന്നു. ഭവ്യതയോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ അച്ഛന്‍ ശാന്തതയോടെ ചോദിച്ചു.
ഇവിടെ ആരെങ്കിലും വന്നോ? അതു കേട്ടു ഞാന്‍ ഭയന്നു. കള്ളം പറയണമെന്നു തോന്നി. എങ്കിലും സത്യം പറഞ്ഞു. കൊച്ചമ്മാവന്‍ വന്നു. കുറച്ചു രൂപ തന്നിട്ടു പോയി. അതു കേട്ട് അച്ഛന്‍ നെടുതായി നിശ്വസിച്ചിട്ടു പറഞ്ഞു.
ഞാന്‍ കടം കൊടുത്തും, ദാനം ചെയ്തു മുടിഞ്ഞവനാ. ഇന്ന് ഞാന്‍ പാപ്പരായി. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ല. ഓശാരം വാങ്ങി ഓണം ഉണ്ണുന്നവനല്ല നിന്റെ അച്ഛന്‍. ഉം നീ ആ രൂപ ശ്രീധരന്റെ കയ്യില്‍ കൊടുത്തിട്ടുവാ.
ഞാന്‍ നടുങ്ങി. നിശ്ചലനായിരുന്നു. അപ്പോള്‍ അച്ഛന്‍ ചോദിച്ചു. പറഞ്ഞതു കേട്ടില്ലേ? അനുസരണം ഇല്ലാതായോടാ.
അതുകേട്ട് അമ്മ മുറ്റത്തിറങ്ങി നിന്നുകൊണ്ട് എന്നോട് പറഞ്ഞു. മോനേ, അച്ഛന്‍ പറയുന്നതു കേള്‍ക്ക്. നമ്മള്‍ വിധിപിഴച്ചവരായിപ്പോയി.
പിതാവിനെ അനുസരിക്കാന്‍ അമ്മാവന്റെ സഹായം ഉപേക്ഷിക്കണം. അങ്ങനെ ഒരു നീതികേട് കാട്ടണോ? ആരെ ഉപേക്ഷിക്കണം? സംശയിച്ചു നിന്നപ്പോള്‍ അച്ഛന്‍ കോപത്തോടെ തുടര്‍ന്നു.
നിനക്കും ആഭിജാത്യം ഇല്ലാണ്ടായോടാ? എറിഞ്ഞു  കൊടുക്കുന്നത് നക്കി എടുക്കുന്നത് നായ്ക്കളാ. നാണോം മാനോം ഇല്ലാണ്ടായോ?
അതുകേട്ടപ്പോള്‍ അന്നോളം ഉണ്ടാകാത്ത മനക്കരുത്തും ദേഷ്യവും. നാവ് പെട്ടെന്ന് ചലിച്ചു. ഇന്നിവിടെ കഞ്ഞിവെച്ചില്ലെന്ന് അച്ഛനറിയാമോ? ആഭിജാത്യവും തറവാടിത്തവും ഈ വീട്ടില്‍ ഉണ്ടാക്കിയത് കടവും ദാരിദ്ര്യവുമാ. അച്ഛന്റെ മുഖത്ത് കോപം ജ്വലിച്ചു. എന്റെ മുഖത്തു നോക്കി പറഞ്ഞു. നിന്റെ തല കണ്ടതിനു ശേഷമാ ഞാന്‍ കടക്കാരനും ദരിദ്രനുമായത്. തര്‍ക്കുത്തരം പറയാതെ രൂപ അവന്റെ മുന്നില്‍ എറിഞ്ഞിട്ടുവാ. പെട്ടെന്ന് ഭയം മാറി. ധൈര്യത്തോടെ പറഞ്ഞു. ഇപ്പോള്‍ എങ്ങോട്ടും പോകുന്നില്ല. ഉണ്ണാന്‍ തന്നത് മുഖത്തെറിയുന്നത് ശരിയല്ല.
എന്നെ ശരിയും തെറ്റും പഠിപ്പിക്കാന്‍ നീയാരാടാ? എന്നു പറഞ്ഞു തീരും അച്ഛന്‍ എന്‍രെ കരണത്തടിച്ചു. അമ്മയും സുഷമയും കരഞ്ഞുകൊണ്ട് ഓടിവന്നു. അതു ഇഷ്ടപ്പെടാത്ത അച്ഛന്‍ അമ്മയെ അടിച്ചു. അതുകണ്ട് മനസ്സു നൊന്തു. വീണ്ടും അടിക്കാന്‍ ഉയര്‍ത്തിയ കയ്യില്‍ ഞാന്‍ പിടിച്ചു. അതു മല്‍പ്പിടുത്തമായി. അപ്പോള്‍ അമ്മ നിലവിളിച്ചുകൊണ്ട് ശാസിച്ചു. നിന്റെ അച്ഛനെ തൊട്ടുപോകരുത്. എന്നെ കുതറി മാറ്റിയിട്ട് അച്ഛന്‍ അടുക്കളയിലേയ്‌ക്കോടി,  ഊരിപ്പിടിച്ച വടിവാളുമായി വന്നു. ഇന്നോളമെന്നെ ആരും എന്നുപറഞ്ഞ് എന്നെ വെട്ടി.  വെട്ടുകൊള്ളാതെ  ഞാന്‍ ഒഴിഞ്ഞു. അവിടെ നിന്നും ഓടി. എന്റെ പിന്നാലെ അച്ഛനും എങ്കിലും എന്റെ വേഗത എന്നെ രക്ഷിച്ചു. പടരുന്ന ഇരുട്ടിലൂടെ ഞാന്‍ പാഞ്ഞുപോയി. തളര്‍ന്നപ്പോള്‍ വഴിവക്കിലെ തെങ്ങില്‍ ചാരിയിരുന്നു. അപ്പോഴും വെറുപ്പിന്റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി. നിന്റെ തല കണ്ടതിനു ശേഷമാ ഞാന്‍ കടക്കാരും ദരിദ്രനുമായത്. ഞാന്‍ കരഞ്ഞു. വാള്‍കൊണ്ടു കുത്തുന്നതുപോലെ മൂര്‍ച്ഛയോടെ പറയാന്‍ അച്ഛനു കഴിഞ്ഞല്ലോ. തന്റെ ജന്മം കൊണ്ടാണോ അച്ഛന്‍ പാപ്പരായത്. അത് മദ്യപാനത്തിന്റെ പരിണിതഫലമല്ലേ?
നിലാവുദിച്ചപ്പോള്‍ നടന്നു പ്രാന തെരുവിലെത്തി. റാന്തല്‍ വിളക്ക് തൂക്കിയിട്ട കാളവണ്ടിയെ പിന്തുടര്‍ന്നു. തളര്‍ന്നപ്പോള്‍ വണ്ടിക്കാരന്റെ കരുണയാല്‍ കാളവണ്ടിയുടെ പിന്നില്‍ ഒതുങ്ങിയിരുന്നു. ഉറങ്ങിയും ഉണര്‍ന്നുമായിരുന്നു ആ യാത്ര. പത്തനാപുരം ചന്തയില്‍ നിന്നു. അപ്പോള്‍ പ്രഭാതമായിരുന്നു. കൊച്ചമ്മാവന്‍ തന്ന രൂപ എന്റെ മടിയില്‍ ഉണ്ടായിരുന്നു. എങ്കിലും അതു ചിലവാക്കിയില്ല. വെള്ളം മാത്രം കുടിച്ചു. വീണ്ടും നടന്നു. വീട് വിട്ടു പോന്നതിനാല്‍ മനസ്സും ഏറെ നടന്നതിനാല്‍ ശരീരവും വേദനിച്ചു. ലക്ഷയമില്ലായ്മ അസ്വസ്ഥനാക്കി.
സന്ധ്യക്ക് പുനലൂര്‍ തൂക്കുപാലത്തില്‍ എത്തി. വിശപ്പും ദാഹവും തളര്‍ത്തി. അന്നും വെള്ളം മാത്രം കുടിച്ചു.  രാത്രിയില്‍ കടത്തിണ്ണയില്‍ ഉറങ്ങി. രാവിലെ ഉണര്‍ന്നു. ഒരു ജോലിക്കുവേണ്ടി അന്വേഷിച്ചു. ഉച്ചയായപ്പോള്‍ ഒരു ചായക്കടയില്‍ ജോലികിട്ടി. വെള്ളം കോരണം, വിറക് കീറണം, കട വൃത്തിയാക്കണം, ഭക്ഷണവും തുച്ഛമായ ശമ്പളവും കിട്ടും. തിരുവോണത്തിന്റെ തലേ ദിവസം, കഴിഞ്ഞു തുറക്കും. അതുവരെ ജോലിയില്ല. ചായക്കടയില്‍ നിന്നു ലഭിച്ച പ്രതിഫലവും അമ്മാവ് തന്ന രൂപയും ചിലവാക്കാന്‍ തീരുമാനിച്ചു. തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് മദ്രാസിലേക്കുള്ള തീവണ്ടിയില്‍ കയറി. ജന്മനാളും അന്നേദിനമായിരുന്നു. അതുകൊണ്ട് ഭൂതകാല സ്മരണകള്‍ കൂട്ടുനിന്നു. അരുണോദയംപോലെ അഴകും തേന്‍തുള്ളിപോലെ മധുരവുമായിരുന്ന ബാല്യകാലം മനസ്സില്‍ തെളിഞ്ഞു. കൈപ്പുള്ള അനുഭവങ്ങളും അച്ഛന്റെ അവസാന വാക്കുകളും വേദനിപ്പിച്ചു.
പിറ്റേദിവസം മദ്രാസിലെത്തി. പ്രയത്‌നിക്കുവാനുള്ള എന്റെ സന്നദ്ധത സഹായിച്ചു. ഇരുളിന്റെ വീഥികളില്‍ നിന്നുമകന്നു വെളിച്ചം വസിക്കുന്ന ഇടങ്ങളിലൂടെ നടന്നു. പകലിന്റെ നാടകീയതയും ഇരുളിന്റെ യാഥാര്‍ത്ഥ്യങ്ങളും കണ്ടു. നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണവും മുന്നേറാനുള്ള ജാഗ്രതയും എന്നെ ബോംബെയില്‍ എത്തിച്ചു. അവിടെ ചുമട്ടു തൊഴിലാളിയായി. വളര്‍ച്ചയുടെയും സുരക്ഷയുടെയും തുണയ്ക്ക് വേണ്ടി അന്വേഷിച്ചു. കള്ളന്മാരും കപടസന്യാസികളും മദ്യപാനികളും വ്യഭിചാരികളുമടങ്ങിയ തൊഴിലാളികളോടൊപ്പം വിശുദ്ധനായി ജീവിച്ചു. നാട്ടിലേക്ക് കത്തയക്കുവാനും അന്തരംഗം നിര്‍ബന്ധിച്ചു. എങ്കിലും ദൃഢനിശ്ചയം ജയിച്ചു. ഒരു വികാര ജീവി ആകരുതെന്ന് ശഠിച്ചു. ഒരു തുണിക്കടിയിലെ ജോലി ജീവിത്തിന്റെ  സ്ഥിതിക്കും ഭേദം വരുത്തി. നിശാപാഠശാലയില്‍ ചേര്‍ന്നു പഠിക്കുവാന്‍ അതു സഹായിച്ചു. നിര്‍മ്മലമായ പ്രാര്‍ത്ഥനയും പ്രകാശിപ്പിച്ച പ്രത്യാശയും എപ്പോഴും നന്മയിലൂടെ നയിച്ചു. കഷ്ടതയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഇടുങ്ങിയ ഇടനാഴികളിലൂടെ സഞ്ചരിച്ച നേരത്താണ് ഡാര്‍ളിയെ കണ്ടത്. തുണിക്കടയില്‍ വന്ന നഴ്‌സിനെ സാഹോദര്യത്തിന്റെ ചന്തമുള്ള ചിന്തകളാണ് ആദ്യമുണ്ടായത്. പിന്നീട് അവന്‍ മനസ്സിന്റെ മാസ്മരികമായ അഭിനിവേശമായി. എന്റെ ഏകാന്തതയുടെ ക്ലേശങങള്‍ക്ക് പരിഹാരമായി. നോവുകള്‍ നിറഞ്ഞു ഊഷ്മളമായ ഹൃദയത്തെ അവളുടെ സ്വാന്തനീയ വാക്കുകള്‍  തണുപ്പിച്ചു. അനുഭവിച്ചിട്ടില്ലാത്ത സുഖവും സമാധാനവും മനസ്സിനു മാത്രം നല്‍കി. മാതാപിതാക്കളിലേക്ക് മടങ്ങുവാന്‍ ഏറെ നിര്‍ബന്ധിച്ചത് ക്രിസ്തുവില്‍ വിശ്വസിച്ച് ആ ഭക്തയാണ്. എന്റെ ജീവിതത്തിന് അടുക്കും ചിട്ടയും ചിട്ടയുമുണ്ടാക്കി. സ്‌നേഹത്തിന്റെ സഹനം എന്നില്‍ വളര്‍ത്തി. അന്നോളം എന്റെ ഹൃദയം മറ്റൊരു സ്ത്രീയില്‍ ഭ്രമിച്ചിട്ടില്ല.
ഒരു ഭാഗ്യമെനനപോലെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ നിയമനം. റെയില്‍വെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ജീവനക്കാരനായി. ആശ്വാസവും ആനന്ദവും ഉളവാക്കിയ പുരോഗതിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഡാര്‍ളിയായിരുന്നു. മാതാപിതാക്കളെ വെറുത്ത് അകന്നു നില്‍ക്കുന്നത് നിശ്ചയമായും വ്യര്‍ത്ഥമാണെന്ന് അവള്‍ പഠിപ്പിച്ചു. മാതാപിതാക്കളോട് ക്രൂരമായി പെരുമാറിയെന്ന ചിന്തയില്‍ എന്റെ കുറ്റബോധം വളര്‍ന്നു. താന്‍ ജീവിച്ചിരിക്കുന്നു. എന്നറിയുമ്പോള്‍ അമ്മ തീര്‍ച്ചയായും സന്തോഷിക്കും. അച്ഛനോ? മാപ്പ് തരാന്‍ ആ പിതാവിന് കഴിയുമോ? വീട് വിട്ടതില്‍ പിന്നെ ഒരിക്കല്‍ പോലും അവരെപ്പറ്റി അന്വേഷിച്ചില്ല. താന്‍ ജീവിച്ചിരിക്കുന്നു എന്ന് അറിയിച്ചില്ല. ഒന്നും കൊടുത്തിട്ടില്ല. ജീവിതത്തിന് സ്ഥിരതയും വളര്‍ച്ചയുടെ വഴിയും ലഭിച്ചതിനാല്‍ പ്രച്ഛന്ന യാത്ര മതിയാക്കണം. തന്റെ അസ്തിത്വം വെളിവാക്കണം.
ദീര്‍ഘമായി ചിന്തിച്ച ശേഷം കൊച്ചമ്മാവനു കത്തെഴുതി. അമ്മാവന്റെ മറുപടി കിട്ടിയ ശേഷം അച്ഛനു കത്തയ്ക്കാമെന്നു നിശ്ചയിച്ചു. എങ്കിലും ആഴ്ചകള്‍ കൊഴിഞ്ഞിട്ടും മറുപടി കത്ത് ലഭിച്ചില്ല. മനസ്സില്‍ നിരവധി ചോദ്യങ്ങള്‍, സംശയം, ആശങ്ക, അതുകൊണ്ട് അച്ഛന് കത്തെഴുതി. വീടുവിട്ട അന്നുമുതല്‍ നാളിതുവരെയുള്ള ജീവിതാനുഭവങ്ങളുടെ സംഗ്രഹം ഉണ്ടായിരുന്നു. സ്‌നേഹ വാത്സല്യങ്ങളുടെ വാതില്‍ വീണ്ടും തുറക്കപ്പെടുമെന്ന പ്രത്യാശയോടെ കാത്തിരുന്നു. അത് അവധി ദിവസമായിരുന്നു. എന്നാലും, പതിവുപോലെ രാവിലെ ഉണര്‍ന്നു. അച്ഛന്‍ കത്തു വായിച്ചു. കുറ്റം വിധിക്കുമോ എന്ന സംശയം അപ്പോഴും ഉണ്ടായി. നന്ദിയും സ്‌നേഹവും ബഹുമാനവും ഇല്ലാത്തവനെന്നു കരുതി പൂര്‍വ്വാധികം വെറുക്കുമോ? ഇല്ല. എന്റെ ഹൃദയത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അറിയുമ്പോള്‍ ക്ഷമിക്കും. അങ്ങനെ ചിന്തകളില്‍ മുഴകിയപ്പോള്‍ ആരോ വാതില്‍ മുട്ടുന്ന ശബ്ദം. വാതില്‍ തുറന്നു അപ്പോള്‍ വാതില്‍ക്കല്‍ നിന്ന ആള്‍ ചോദിച്ചു. പത്മനാഭ പിള്ളയുണ്ടോ? മറുപടി പറഞ്ഞില്ല. എട്ടു വര്‍ഷത്തിനു മുമ്പു കേട്ട ശബ്ദം മുഖത്തിനും മാറ്റമില്ല. വീണ്ടും അയാള്‍ ചോദിച്ചു. പത്മനാഭ പിള്ള എന്നൊരാള്‍ ഇവിടെയില്ലേ? ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ല. ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. അഹ്ലാദത്തോടെ വിളിച്ചു. കൊച്ചമ്മാവാ! സ്‌നേഹത്തിന്റെയും സംതൃപ്തിയുടെയും സംഗമം. അത്ഭുതത്തോടെ മാതുലന്‍ പറഞ്ഞു. നിന്റെ വണ്ണവും വളര്‍ത്തിയ മുടിയും താടി മീശയും മൂലം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിന്നെ വന്നു കാണാമെന്നു കരുതി കത്തയച്ചില്ല.
വീട്ടിലെ വിവരങ്ങള്‍ അറിയാനുള്ള തിടുക്കത്തോടെ അച്ഛനും അമ്മക്കും സഹോദരിക്കും സൗഖമല്ലേയെന്ന് ചോദിച്ചു. സൗഖ്യംതന്നെ എന്നു പറഞ്ഞുകേട്ടപ്പോള്‍ സന്തോഷവും സമാധാനവും ഉണ്ടായി. വിവരങ്ങള്‍ അറിയാനും പറയാനുമുള്ള ആവേശം. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞപ്പോള്‍ കൊച്ചമ്മാവന്‍ പറഞ്ഞു. ഞാന്‍ വന്നതിന്റെ ഉദ്ദേശമെന്തെന്ന് പറയും മുമ്പ് നീ മറഞ്ഞും മറന്നും ജീവിച്ചതെന്തിന് എന്ന് വിവരിക്കണം. ഞാന്‍ ഒന്നും മറച്ചുവച്ചില്ല. വീടുവിട്ട നേരം മുതലുള്ള അനുഭവങ്ങളെക്കുറിച്ചോര്‍ത്തു. കഷ്ടതയുടെ പിടിയില്‍ ഭൂതകാലം വിരൂപമായെങ്കിലും രക്ഷയുടെ മാര്‍ഗ്ഗത്തില്‍ എത്തിയതിനാല്‍ കൊച്ചമ്മാവന്‍ സന്തോഷിച്ചു. അച്ഛന് കത്തയച്ചത് വിവരം പറഞ്ഞപ്പോള്‍ നിശ്ശബ്ദനായി. എങ്കിലും മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് നിന്റെ അമ്മ ശ്രീദേവി എന്നെ അയച്ചത്. അവള്‍ക്ക് നല്ല സൗഖ്യമില്ല. നിന്നെ കണ്ടിട്ട് കണ്ണടയ്ക്കാമെന്നും പറഞ്ഞു കിടപ്പാണ്. നീയും നിന്റെ അച്ഛനും അടുത്തില്ലാത്തതാണ് അസുഖത്തിന്റെ മുഖ്യ കാരണം. അതുകൊണ്ട് നീ എന്റെ കൂടെ വരണം.
അതുകേട്ട് ജിജ്ഞാസയോടെ അച്ഛന്‍ എവിടെപ്പോയി എന്നു ചോദിച്ചു. നാട്ടില്‍ ചെല്ലുമ്പോള്‍ എല്ലാം അറിയാമല്ലോ എന്ന് അമ്മാവന്‍ പറഞ്ഞു. അച്ഛന്‍ മുഖാന്തരം വീടുവിട്ടു, എന്നിട്ട് അദ്ദേഹത്തെക്കുറിച്ചറിയാതെ, വീട്ടിലേക്ക് മടങ്ങിപ്പോകുന്നത് യുക്തിഭംഗമെന്നു കരുതി. വാസ്തവം പറയണമെന്ന് നിര്‍ബന്ധിച്ചു. നെടുതായി നിശ്വസിച്ചിട്ട് നിരുന്മേഷകനായി കൊച്ചമ്മാവന്‍ വിശദീകരിച്ചു.
നീ വീടുവിട്ടതിന്റെ കാരണം ഞാനാണെന്ന് നിന്റെ അച്ഛന്‍ പലപ്പോഴും പരാതി പറഞ്ഞു. എന്നെ കൊല്ലുമെന്നും ഭീഷണപ്പെടുത്തി. ഇക്കാര്യം പറഞ്ഞു ശ്രീദേവിയെ ശകാരിക്കുമായിരുന്നു. നിന്റെ അഭാവം അയാളെ മാനസികമായി തളര്‍ത്തിയെന്നു തന്നെ പറയാം. ചിത്തഭ്രമം ബാധിച്ചപോലെയായി പ്രകൃതം. ഒന്നര വര്‍ഷം മുമ്പ് നമ്മുടെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രാത്രിയില്‍ അമ്പലമുക്കിലെ  ഒരു മരത്തില്‍ തൂങ്ങി നിന്നു. ആത്മഹത്യ ചെയ്‌തെന്നും, ആരോ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്നുമായിരുന്നു വാര്‍ത്ത. എങ്കിലും ഒരന്വേഷണം നടത്താന്‍ ആരും തയ്യാറായില്ല. നീ ഇല്ലാത്തതിനാല്‍ ശേഷക്രിയകളും പൂര്‍ണ്ണമായില്ല. നിന്നെക്കൊണ്ട് പിതൃയജ്ഞം നടത്തിക്കണമെന്നും ശ്രീദേവി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നീ നാട്ടില്‍ വരണം. നിന്നെ അനര്‍ത്ഥങ്ങളില്‍ നിന്നും രക്ഷിച്ചത് അവളുടെ പ്രാര്‍ത്ഥനയാണ്.
അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ആ കൂടിക്കാഴ്ച ഒരു മടക്കയാത്രയുടെ തുടക്കമായിരുന്നു. പരിവര്‍ത്തനങ്ങളുടെ ആരംഭമായിരുന്നു.
സംമ്പൂര്‍ണ്ണ ജാഗ്രതയോടെ എന്റെ ഹൃദയത്തിന്റെ മദ്ധ്യേ സൂക്ഷിച്ച ഡാര്‍ളിയെ വിവാഹം ചെയ്തു. അവള്‍ മുഖാന്തരം അമേരിക്കയില്‍ ജീവിതം പറിച്ചു നട്ടു. എന്നിട്ടും, സ്‌നേഹം, സംഗമിച്ച കണ്ണീരിന്റെ വെണ്‍മുത്തുകള്‍ വീണുകിടക്കുന്ന വേദനയുടെ താഴ് വരയിലേക്ക് നയിച്ച ഗതകാല സംഭവങ്ങളെ ഓര്‍ക്കുന്നു. അനുതപിച്ച് അനുഗ്രഹം പ്രാപിക്കാന്‍ പ്രാര്‍ത്ഥന തുടരുന്നു.വഴികള്‍ (ചെറുകഥ) -ജോണ്‍ വേറ്റം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക