Image

യു.എസ്. നയതന്ത്ര കാര്യാലയത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍

Published on 08 January, 2014
യു.എസ്. നയതന്ത്ര കാര്യാലയത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെക്കെതിരായ നടപടിയുടെ പേരില്‍ ഇന്ത്യ വീണ്ടും യു.എസിനെതിരായ നിലപാട് കടുപ്പിക്കുന്നു. ന്യൂഡല്‍ഹിയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി. ജനവരി പതിനാറിനകം എംബസ്സിയിലെ എല്ലാവിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണമെന്നും ഇനിമുതല്‍ എംബസ്സിയുടെ വാഹനങ്ങളുടെ നിയമലംഘനത്തിന് പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നയതന്ത്ര കാര്യാലയത്തില്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റ്, ബാര്‍ , വീഡിയോ ക്ലബ്, ബൗളിങ് കേന്ദ്രം, നീന്തല്‍ക്കുളം, ബ്യൂട്ടി പാര്‍ലര്‍ , ജിം എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിയടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും എംബസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യാലയത്തിലെ ഇത്തരം സേവനങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് ലഭ്യമാക്കരുതെന്ന വിയന്ന കണ്‍വെന്‍ഷന്റെ മാര്‍ഗരേഖയുടെ ലംഘനമാണ് യു.എസ്. എംബസിയില്‍ നടന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ എല്ലാവിധ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും എംബസിയുടെ വാഹനങ്ങള്‍ക്ക് പിഴയിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അനധികൃത പാര്‍ക്കിങ്, അപകടകരമായ ഡ്രൈവിങ്, ചുവപ്പു സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ എംബസിയുടെ വാഹനങ്ങള്‍ പിഴയടയ്‌ക്കേണ്ടിവരും.
 ദേവയാനിക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ദേവയാനിടെ അമേരിക്കയിലെ ഇന്ത്യയുടെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ നടപടിക്ക് അമേരിക്ക ഇതുവരെ അംഗീകാരം നല്‍കാത്തതാണ് ഇന്ത്യയെ കടുത്ത നടപടിയിലേക്ക് നയിച്ചത്.

ഇന്ത്യയിലെ അമേരിക്കന്‍ എംബിസിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് അടച്ചുപൂട്ടാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജിംനേഷ്യം, സ്വിംമ്മിംഗ് പൂള്‍, ഇന്ത്യന്‍ റെസ്റ്ററന്റ്, ഡല്‍ഹി ഡൈനര്‍ സ്‌നാക്ക് ബാര്‍, ദ് ഗ്രേറ്റ് എസ്‌കേപ്പ് ബാര്‍, വിന്‍ഡ് വാര്‍ഡ് കഫേ പൂള്‍ സൈഡ് ബാര്‍, ഗിഫ്റ്റ് ഷോപ്പ്, ഡിവിഡി റെന്റ് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് അമേരിക്കന്‍ എംബസിയിലെ ക്ലബ്.

ക്ലബിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഡ്യൂട്ടി ഫ്രീയായി എംബസ്സി ജീവനക്കാര്‍ക്ക് ലഭിക്കുന്ന മദ്യവും നിലക്കും. അമേരിക്കന്‍ എംബിസിയിലെ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ അല്ലാത്തവരും ക്ലബിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് അനുവദക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അതീതമായിട്ടായിരുന്നു ക്ലബ് പ്രവര്‍ത്തിച്ചിരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക