Image

നയതന്ത്ര പരിരക്ഷ യുഎസ് അംഗീകരിച്ചു; ദേവയാനി ഇന്ത്യയില്‍

Published on 09 January, 2014
നയതന്ത്ര പരിരക്ഷ യുഎസ് അംഗീകരിച്ചു; ദേവയാനി ഇന്ത്യയില്‍

ന്യൂയോര്‍ക്ക്: വിസ ചട്ടലംഘനം ആരോപിച്ച് യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ പൂര്‍ണ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചു. ദേവയാനിയെ ദില്ലിയിലെക്കു സ്ഥലംമാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേവയാനി ഇന്ത്യയിലേക്കു തിരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദേവയാനി ഖോബ്രഗഡെയ്ക്കു നല്‍കിയ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ അനുമതി കിട്ടിയത്. ദേവയാനിയുടെ കുടുംബം അമേരിക്കയില്‍ തുടരും. നേരത്തെ, വിസ ചട്ട ലംഘനത്തിനു ദേവയാനിക്കുമേല്‍ അമേരിക്ക കുറ്റം ചുമത്തിയിരുന്നു. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും, നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയില്‍ തിരികെയെത്തിയാല്‍ വിചാരണ നേരിടണമെന്നും യുഎസ് അറ്റോണി ജനറല്‍ പ്രീത് ഭരാര പറഞ്ഞു. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അമേരിക്കയ്ക്കു കഴിയാതിരുന്നതിനെത്തുടര്‍ന്ന് അവരോടു രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.

പൂര്‍ണ നയതന്ത്ര പരിരക്ഷയോടെയുള്ള ജി1 വിസയാണു ദേവയാനിക്ക് അമേരിക്ക നല്‍കിയിരിക്കുന്നതെന്നും, അവര്‍ക്കു പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ നല്‍കിയ പിന്തുണയ്ക്കു ദേവയാനി നന്ദി അറിയിച്ചു. കേസ് അധികകാലം വലിയൊരു തടസമായി നിലനില്‍ക്കില്ലെന്നു പറയുന്ന പ്രസ്താവനയില്‍, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദേവയാനി പ്രസ്താവനയില്‍ പറഞ്ഞു. ദില്ലി വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്താകും ദേവയാനി താത്കാലികമായി ജോലിചെയ്യുക.

വിസയില്‍ തെറ്റായ വിവരം നല്‍കിയെന്നാരോപിച്ച് ഡിസംബര്‍ 12നാണ് ദേവയാനി ഖോബ്രഗഡെ അമേരിക്ക അറസ്റ്റ് ചെയ്തത്. ദേവയാനിയെ വസ്ത്രം അഴിച്ചു പരിശോധനയ്ക്കു വിധേയയാക്കിയതടക്കമുള്ള സംഭവങ്ങള്‍ വലിയ വിവാദമായിരുന്നു. സംഭവം ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം വഷളാകുന്നതിനുമിടയാക്കിയിരുന്നു.

നയതന്ത്ര പരിരക്ഷ യുഎസ് അംഗീകരിച്ചു; ദേവയാനി ഇന്ത്യയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക