Image

136 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

അനില്‍ പെണ്ണുക്കര Published on 13 January, 2014
136 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും 136 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഈ സീസണ്‍ കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പമ്പ ജല അതോറിറ്റി അതിഥി മന്ദിരത്തില്‍ മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

       അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇതിന്റെ ആദ്യ പടിയായി മരക്കൂട്ടം മുതല്‍ സന്നിധാനം വരെ കൂടുതല്‍ ക്യു കോംപ്ലക്‌സുകള്‍ നിര്‍മിക്കും. ഈ സീസണ്‍ കഴിഞ്ഞാലുടന്‍ നിര്‍മാണം ആരംഭിക്കും. സന്നിധാനത്തെ വലിയ നടപ്പന്തലിന്റെ രണ്ടാംനില നിര്‍മാണവും ഉടന്‍ തുടങ്ങും. 12,000 പേര്‍ക്ക് ഇവിടെ വിരിവയ്ക്കാന്‍ സൗകര്യമൊരുക്കും.

രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശബരിമലയില്‍ തുടക്കം കുറിച്ചിട്ടുള്ളത്. ബജറ്റില്‍ മാത്രം 65 കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. പമ്പയില്‍ പുതുതായി ആശുപത്രി സ്ഥാപിച്ചു.  മാസ്റ്റര്‍പ്ലാന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മകരവിളക്ക് ദിവസം സന്നിധാനത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. 23 കോടി രൂപ ചെലവഴിച്ചാണ് ഇത് നിര്‍മിക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും ആരോഗ്യവകുപ്പ് വിപുല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

136 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക