`പാമ്പും കോണിയും' ജീവിതമോ കളിയോ? (നോവല്‍ പരിചയം)

Published on 07 May, 2014
`പാമ്പും കോണിയും' ജീവിതമോ കളിയോ? (നോവല്‍ പരിചയം)
ഒരു നോവലിന്റെ പേര്‌ `പാമ്പും കോണിയും' എന്നു കേള്‍ക്കുമ്പോള്‍ അത്‌ ജീവിതത്തിലെ ഭാഗ്യനിര്‌ഭാഗ്യങ്ങളുടെ കളിക്കളത്തിലെ പോരാട്ടമായി മനസ്സില്‍ വരാം. എന്നാല്‍ നിര്‍മ്മലയുടെ നോവലിന്‌ ഈ പേരുവരാന്‍ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്‌. `പാമ്പും കോണിയും' ഇന്ത്യയില്‍ ഉടലെടുത്ത കളിയാണ്‌. അത്‌ ആദ്യം ഇംഗ്ലണ്ടിലേക്കും പിന്നെ അമേരിക്കയിലേക്കും കുടിയേറി. കേരളത്തില്‍ നിന്നുമുള്ള പ്രവാസികളുടെ വഴികള്‍ തന്നെ. ?Back to square one? എന്ന പ്രയോഗം snake and ladderകളിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌. ഈ നോവലിന്റെന തുടക്കത്തിലും , ഒടുക്കത്തിലും ഇതിലെ പ്രധാന കഥാപാത്രം എത്തുന്ന നിഗമനവും ഇത്‌ തന്നെയാണ്‌.

സാലി എന്ന പ്രധാന കഥാപാത്രത്തിന്റൊ അവതരണം ആദ്യ അദ്ധ്യായത്തില്‍ ഇങ്ങനെ: `തുടക്കത്തിലേക്കാണ്‌ മടങ്ങിയിരിക്കുന്നതെന്ന അറിവിന്റെ നടുവിലാണ്‌ അവള്‍ ജീവിതത്തെ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌.' നോവല്‍ അവസാനിക്കുമ്പോള്‍ `അടഞ്ഞ വാതിലിനു മറുവശത്ത്‌ സാലി തുടങ്ങിയിടത്തു മടങ്ങിയെത്തിയിരിക്കുന്നു.'

ഇതുപോലെ കൗശലത്തോടെ മറച്ചുവെച്ചിരിക്കുന്ന പല സവിശേഷതകളുള്ള ഈ നോവല്‍ രണ്ടു രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക ചരിത്രവും പറയുന്നുണ്ട്‌. എഴുപതുകളില്‍ കാനഡയില്‍ വന്ന കുറച്ചു മലയാളികളുടെ ജീവിതത്തിലൂടെ മദ്ധ്യതിരുവിതാംകൂറിലെ ജീവിതം മാറിയതിനു നാമറിയാതെ സാക്ഷിയാകും. `മടങ്ങുന്ന ചെറിയ കുടയും കൈയിലൊതുങ്ങുന്ന പേഴ്‌സുമായി അവര്‍ ഫലം കായിക്കുന്ന മക്കളെ ലോകത്തിനു കാണിച്ചു കൊടുത്തു' അങ്ങനെ വിദേശത്ത്‌ പോകുന്നത്‌ ആ നാട്ടുകാര്‌ക്ക്‌ ഏറ്റവും അഭികാമ്യമായ ജീവിതലക്ഷ്യമായി മാറി.

`കല്യാണ ബ്രോക്കര്‍മാര്‍ പുറത്തുപോയ മക്കളുള്ള വീടുകള്‍ക്ക്‌ ചുറ്റും വലവിരിച്ചു കാത്തു കാത്തിരുന്നു. ഒരു വിസക്ക്‌ മുന്നില്‍ പ്രതാപവും കുടുംബ മഹിമയും പഠിപ്പും സൗന്ദര്യവും ചരക്കായി തലകുനിച്ചു നിന്നു.' പുതിയ കാലത്തെ `ചരക്കു' പ്രയോഗത്തെ എത്ര സമര്‍ത്ഥമായിട്ടാണ്‌ അട്ടിമറിച്ചിരിക്കുന്നത്‌. അങ്ങനെ ഒരു `ചരക്കായി' മാറിയതിന്റെ പ്രതിക്ഷേധത്തിലാണ്‌ ഈപ്പന്‍ എന്ന എഞ്ചിനീയര്‍ കാനഡയില്‍ ഓഞ്ചിനീയറാവാന്‍ വിസമ്മതിക്കുന്നത്‌. `ലോകമലയാളിയുടെ പ്രതീകമായി തെയ്യാമ്മ ഈപ്പന്റെ ജീവിതത്തിലെ ഓരോ നിമിഷവും മുറിപ്പെടുത്തിക്കൊണ്ടിരുന്നു.'

നേഴ്‌സായ തെയ്യാമ്മയുടെ വരുമാനത്തില്‍ ഊന്നിനിന്ന്‌ കൊണ്ട്‌ തുടങ്ങിയതാണ്‌ ഈപ്പന്റെ ഈ ബിസിനസ്സ്‌. തുടക്കത്തില്‍ അവര്‍ ഒന്നിച്ച്‌ അദ്ധ്വാനിച്ചു. പിന്നെ ഈപ്പന്‍ തെയ്യാമ്മയെ ആ ലോകത്തിനു പുറത്താക്കി. സ്‌നേഹത്തിനും അഗീകാരത്തിനുംവേണ്ടി തെയ്യാമ്മ കാത്തിരിക്കുന്നു.

സാലി എന്ന പ്രധാന കഥാപാത്രം ഒഴുക്കില്‍ ഒഴുകിപ്പോയിരുന്ന ഒരിലയാണ്‌. `എടുത്തെറിയപ്പെട്ട കല്ലുപോലെ വീഴുന്നിടത്തെ ചെളിയുമായി ചങ്ങാത്തം കൂടിയൊരു ജീവിതമേ സാലിക്കറിയൂ `അപ്പന്‍ പറയുന്നതുപോലെ, ഭര്‌ത്താവ്‌ പറയുന്നതുപോലെ ജീവിച്ചു പോകുന്നതിനിടയില്‍ തന്റെ ജീവിതം എവിടെ ഇല്ലാതായി എന്ന്‌! മനനം ചെയ്യുന്ന സാലിയിലൂടെ ഈ നോവല്‍ കടന്നു പോകുന്നു. ഈ നോവലിലെ കഥാപാത്രങ്ങള്‍ക്ക്‌ അവരുടേതായ കരണങ്ങളുണ്ട്‌. ആരും വില്ലന്മാരായി മാറുന്നില്ല.

ഈ നോവലിന്റെ അവസാനത്തില്‍ സി.എസ്‌. വെങ്കിടെശ്വരന്റെ വിശകലനം ഇങ്ങനെ പറയുന്നു; രണ്ടു ജീവിത രീതികള്‍, വിശ്വാസ സംഹിതകള്‍, സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാത്മകമായ ഒരു മുഖാമുഖത്തിന്റെ പ്രവാസി വശം ഈ നോവല്‍ വരച്ചിടുന്നു. കര്‍ഷണ വികര്‍ഷണങ്ങളുടെതായ ഒരു അരങ്ങാണിത്‌.

നീ ഒരു പ്രവാസി മാത്രമാണ്‌ എന്ന്‌ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരന്തരീക്ഷത്തിലുള്ള ജീവിതത്തിന്റെ ഇടുക്കവും തിടുക്കവും പ്രവാസിയെ ആ വര്‍ത്തമാന കാലത്തില്‍ നിന്നും നിഷകാസനം ചെയ്യുന്നു. അയാള്‍ക്ക്‌ ആശ്രയം നല്‌കുന്നത്‌ ഭൂതകാലവും ഭാവിയും മാത്രമാണ്‌. ഭൂതകാലത്തെക്കുറിച്ചുള്ള, നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അവിടെ തനിക്കുണ്ടെന്ന്‌ കരുതപ്പെടുന്ന വിശ്വസിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന വേരുകളും ആസക്തികളും. ഭാവിയില്‍ താന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഭദ്രവും സുരക്ഷിതവുമായ ജീവിതം. ഭൂതത്തില്‍ നിന്ന്‌ ഊര്‍ജ്ജം വലിച്ചെടുത്ത്‌ ഭാവിയിലേക്ക്‌ വലിയുന്ന ഈ ജീവിതത്തില്‍ വര്‌ത്തുമാനം എങ്ങനെയെങ്കിലും എങ്ങനെയെങ്കിലും നടന്നു തീര്‌ക്കേലണ്ട അകലം മാത്രമാണ്‌.
അടുത്ത കാലം വരെ മലയാളത്തില്‍ പ്രവാസി ജീവിതം ഒന്നുകില്‍ പൂര്‍ണമായി മറക്കപ്പെടുകയോ, അല്ലെങ്കില്‍ ആദര്‍ശവത്‌ക്കരിക്കപ്പെടുകയോ ചെയ്യുന്ന ഒന്നായിരുന്നു. മറ്റൊന്ന്‌ പ്രവാസം എന്നത്‌ ചര്‍ച്ചചെയ്യപ്പെടുന്നതും ആവിഷക്കരിക്കപ്പെടുന്നതും പുരുശാനുഭവം മാത്രമായിട്ടാണ്‌ എന്നതാണ്‌. പ്രവാസത്തെക്കുറിച്ച്‌ നമ്മള്‍ പൊതുവേ നിശബ്ദത പുലര്‍ത്തി എങ്കില്‍ സ്‌ത്രീ പ്രവാസത്തെക്കുറിച്ചുള്ള പൊതുഭാവന ഇപ്പോഴും `പറയാന്‍ കൊള്ളാത്തതായി' അവശേഷിക്കുന്നു. നിര്‍മ്മലയുടെ നോവല്‍ ചെയ്യുന്നത്‌ ആ മൌനത്തിനു ശബ്ദവും ദൃശ്യവും അസാന്നിദ്ധ്യത്തിനു രക്തവും മാംസവും, വന്നുചേരുന്ന/അയച്ചു കിട്ടുന്ന പണം എന്ന ഇടപാടിനു മനസ്സും വികാരങ്ങളും നല്‌കുനന്നു എന്നതാണ്‌. ജോയിമാരുടെയും, ഈപ്പന്മാരുടെയും, ജിമ്മിമാരുടെയും, യോഹന്നന്മാരുടെയും, വിജയന്മാരുടെയും എന്നപോലെ തന്നെ സാലിമാരുടെയും, തെയ്യാമ്മമാരുടെയും, ലളിതമാരുടെയും, എല്‍സിമാരുടെയും വിയര്‍പ്പിലും രക്തത്തിലും പണിതതാണ്‌ മലയാളി സമൂഹത്തിന്റെ, സമ്പദ്‌ വ്യവസ്ഥയും വിശ്വ വിഖ്യാതമായ `കേരള മാതൃക'' എന്നും ഈ നോവല്‍ നമ്മെ ഓര്‌മ്മി്‌പ്പിക്കുന്നു.

പാമ്പും കോണിയും (നോവല്‍) നിമ്മല (കാനഡ)
http://onlinestore.dcbooks.com/books/pampum-koniyum#;
`പാമ്പും കോണിയും' ജീവിതമോ കളിയോ? (നോവല്‍ പരിചയം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക