Image

ആകാശയാത്ര (ഇക്കരെയക്കരെയിക്കരെ!-3: രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 07 November, 2014
ആകാശയാത്ര (ഇക്കരെയക്കരെയിക്കരെ!-3: രാജു മൈലപ്രാ)
ടിക്കറ്റില്ലാതെ യാത്രചെയ്യുവാന്‍ പറ്റുകയില്ലല്ലോ! നിവൃത്തിയില്ലെങ്കില്‍ നീതിമാന്‍ എന്തു ചെയ്യും? ഏയ്ഞ്ചല്‍ ട്രാവല്‍സ് വഴിയാണു എമിറേറ്റ്‌സ് ഫ്‌ളൈറ്റ് നാണു  ബുക്കു ചെയ്തത്. എയര്‍ ഇന്ത്യയെ ഉപകേഷിച്ചിട്ട് കാലം കുറേയായി. പൈലറ്റിനു പരിപ്പു കറി കിട്ടിയില്ല എന്ന ഒറ്റക്കാരണം മതി സര്‍വ്വീസ് റദ്ദാക്കാന്‍- മഹാരാജാവിനെപ്പോലെ നമ്മളെ ട്രീറ്റ് ചെയ്യുമെന്നാണ് വാഗ്ദാനമെങ്കിലും, ശശി തരൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം 'കാറ്റില്‍ ക്ലാസ്സ്' കാറ്റഗറിയില്‍പ്പെട്ടവര്‍!

പുഷ്പയ്ക്ക്‌  അടുത്തകാലത്ത് ഒരു ചെറിയ നീ (knee) സര്‍ജറി ഉണ്ടായിരുന്നു. ആ വിവരം അറിയാമായിരുന്ന ജോസഫ് പാപ്പന്‍, 'അച്ചായാ അമ്മാമക്ക് വീല്‍ചെയര്‍ വേണോ?” എന്നു കരുതലോടെ അന്വേഷിച്ചു. “ഓ-അതൊന്നും വേണ്ടാ-അവള്‍ക്കു കുഴപ്പമൊന്നുമില്ല-” സത്യവാനായ ഞാന്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു. “അതിനു എക്‌സ്ട്രാ ചാര്‍ജ് ഒന്നുമില്ല' ഏതായാലും ഒന്നു ബുക്കു ചെയ്‌തേക്കാം.” 'ഫ്രീ' എന്ന വാക്കു കേട്ടാല്‍ എത്ര കഠിനഹൃദയനായ മലയാളിയുടെയും മനസ്സലിഞ്ഞു പോകും. “ഫ്രീ” എന്ന വാക്കില്‍ തട്ടി ഞാനും വീണു. ഈയടുത്ത കാലത്ത് പലരുമായും സംസാരിച്ച കൂട്ടത്തില്‍ ഈ ഒരു സൗജന്യം അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു മനസ്സിലായി. അധികം താമസിയാതെ മലയാളി പാസഞ്ചേഴ്‌സിനു മാത്രം, വീല്‍ചെയറിനു അഡീഷ്ണല്‍ ചാര്‍ജു വരുമെന്നുറപ്പ്.

ഒരു യാത്രക്കാരനു അന്‍പതു പൗണ്ടു വീതമുള്ള രണ്ടു പെട്ടികള്‍ കൊണ്ടു പോകുവാനുള്ള അനുവാദമുണ്ട് എങ്കിലും നാല്‍പ്പത്തിയഞ്ചു പൗണ്ട് എന്നൊരു കളവ് ഞാന്‍ പുഷപയോടു പറഞ്ഞു. നാട്ടില്‍ പോവുക. സാരി വാങ്ങിക്കു. ഒരു വര്‍ഷം കഴിയുമ്പോള്‍ അതു തിരികെ നാട്ടില്‍ കൊണ്ടുപോയി ആര്‍ക്കെങ്കിലും കൊടുക്കുക എന്നുള്ളത് അമേരിക്കന്‍ മലയാളി സ്ത്രീകളുടെ ഒരു നേര്‍ച്ചയാണെന്നു തോന്നുന്നു. സാരിയുടെ കൂടെ അത്യാവശ്യം വേണ്ട അനതര്‍ പീസാണല്ലോ അതിനു മാച്ചു ചെയ്യുന്ന ബ്ലൗസ്. ആരു തയിച്ചാലും 'ബ്ലൗസ് ശരിയായില്ല'  എന്നൊരു പരാതി കൂടെക്കൂടെ കേട്ടു മിക്ക ഭര്‍ത്താക്കന്മാരും മടുത്തു കാണുമെന്നാണ് എന്റെ വിചാരം. ഇതു ശരിയാകാത്തതിന്റെ കാരണം അവരുടെ മാമലകളുടെ അളവ് എടുക്കുന്നതിന് തയ്യല്‍ക്കാരനു ഒരു പരിധിയുണ്ടല്ലോ!
“പ്രത്യേകിച്ച് ഒന്നും കൊണ്ടുപോകാനില്ലല്ലോ?” ഭാര്യയുടെ ഉള്ളിലിരിപ്പ് അിറയുവാന്‍ ഞാനൊരു ചൂണ്ടയിട്ടു. “ഓ എന്നാ കൊണ്ടുപോവാനാ?-കൂടി വന്നാല്‍ മൂന്നാലു സാരി കാണും. പിന്നെ എന്നാ വേണമെങ്കിലും ഇപ്പോള്‍ നാട്ടില്‍ കിട്ടുമല്ലോ!”

 ഇത്ര നല്ല ഒരു ഭാര്യയെ എനിക്കായി കരുതിയതിനു ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. യാത്രാദിവസമായപ്പോള്‍, പൂര്‍ണ്ണ ഗര്‍ഭിണികളെപ്പോലെ വയറുന്തിയ നാലു സ്യൂട്ട് കേസുകള്‍! ഞാനറിയാതെ ഒരു പ്രഷര്‍ കുക്കറും അതിന്റെ കൂട്ടത്തില്‍ തിരുകി കയറ്റിയിട്ടുണ്ട്. ബോസ്റ്റണില്‍ നടന്ന പ്രഷര്‍ കുക്കര്‍ ബോംബിങ്ങിനെ കുറിച്ച് അവള്‍ക്കറിവുള്ളതാണ്. മീശയുള്ള ഒരു മൂന്നാം ലോകക്കാരന്‍ ആകാശയാത്രക്കിടയില്‍ പ്രഷര്‍ കുക്കറുമായി അമേരിക്കന്‍ പോലീസിന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ, അവന്‍ പരലോകത്ത് എത്തിയാല്‍ മാത്രമേ പുറം ലോകം കാണുകയുള്ളൂ!

എന്റെ സുഹൃത്തായ് സാബുവാണ് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടത്. കൂട്ടിന് സണ്ണി കോന്നിയൂരും. കോന്നിയൂര്‍ കാര്യമൊന്നുമില്ലാതെ എന്നെ അധിക്ഷേപിച്ചു കൊണ്ടിരുന്നു. “നീ ഏതു കോപ്പിലെ എഴുത്തുകാരനാണെടാ! ഇനി 'ചിരിയരങ്ങു' നടത്തിയാല്‍ നിന്റെ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും.. 'ആരെ കാണാനാടാ നീ നാട്ടില്‍ പോകുന്നത്?' സണ്ണി എന്റെ നേരെ തൊടുത്തുവിട്ട അധിക്ഷേപ ശരങ്ങള്‍ക്ക്, സാബുവും, പുഷ്പയും അവരുടെ ചിരികൊണ്ടു പിന്തുണ നല്‍കി. മാന്യനായ ഞാന്‍ മൗനം പാലിച്ചു. “പിതാവേ! ഇവന്‍ പറയുന്നതെന്തെന്ന് അിറയായ്കയാല്‍ ഇവനോടു ക്ഷമിക്കണമേ!” എന്നു ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

അങ്ങിനെ അപമാന മഞ്ചലിലേറി ന്യൂയോര്‍ക്കിലെ കെന്നഡി ഏയര്‍പോര്‍ട്ടില്‍ എത്തി. ചില പരിചയക്കാരൊക്കെയുണ്ട്. വീല്‍ച്ചെയറുമായി ആള്‍ക്കാര്‍ റെഡി! പരിചയക്കാരെ കണ്ടപ്പോള്‍ പുഷ്പയ്ക്ക്‌ വീല്‍ചെയറില്‍ കയറുവാനൊരു മടി. രണ്ടു പേരുടെയും തണ്ടപ്പേര് വറുഗീസ് എന്നായതിനാല്‍, “ആ 'വീല്‍ചെയര്‍ വറുഗീസ്' ഞാനല്ല. ഇവനാണ്” എന്നവള്‍ പത്രോസ് ശ്ലീഹാ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതു പോലെ എന്റെ നേരെ വിരല്‍ചൂണ്ടി. കാരിരുമ്പിന്റെ കരുത്തുള്ള ഒരു കറമ്പന്‍ കുഞ്ഞ് എന്റെ വിശദീകരണത്തിനൊന്നും കാത്തുനില്‍ക്കാതെ, എന്നെ ഒരു വീല്‍ചെയറില്‍ ഉപവിഷ്ഠനാക്കി, കോഴിക്കുഞ്ഞിനെ റാഞ്ചി പറന്നുയരുന്ന പരുന്തിനേപ്പോലെ പാഞ്ഞു. സ്പീഡ് ലിമിറ്റ് ഒന്നും അവനു ബാധകമല്ലെന്നു തോന്നുന്നു.

കാലിനു സര്‍ജറി കഴിഞ്ഞ പുഷ്പ, പുഷ്പക വിമാനത്തില്‍ പറക്കുന്ന എന്നെ കണ്ടു രസിച്ചു. ഒളിംബിക്‌സിനു ഓടി തോറ്റ പി.ടി. ഉഷയെ വെല്ലുന്ന വേഗത്തില്‍, വീല്‍ചെയറിനു പിന്നാലെയുണ്ട്. ഒളിംബിക്‌സ് ഓട്ടമത്സരത്തില്‍ ഒരു വെങ്കല മെഡല്‍ പോലും നേടാനാവാതെ പോയ ഉഷ ചേച്ചിയെ ഭാരതം ഇത്രമേല്‍ ആദരിക്കുന്നത് എന്തിനാണെന്ന് എനിക്കിന്നും പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമാണ് (ഒരു പക്ഷേ എന്റെ പെരുത്ത അസൂയ കൊണ്ടായിരിക്കും.)

പ്ലെയ്‌നില്‍ കയറുന്നതിനു മുമ്പായി ഒരു ബാത്ത്‌റൂം വിസിറ്റു നടത്തുന്ന പതിവ് എനിക്കുണ്ട്. ഈ കാര്യം ഞാന്‍ രഹസ്യമായി കറമ്പന്‍ കുഞ്ഞിനെ ധരിപ്പിച്ചു. അയാള്‍ എന്നെ ഹാന്‍ഡികാപ്പ് ടോയിലെററു റൂമിലേക്കാനയിച്ചു. എന്റെ പ്രൈവസി  അയാള്‍ക്ക് ഒരു വിഷയമേയായിരുന്നില്ല. എന്റെ കാവല്‍ക്കാരനും നടത്തിപ്പുകാരനുമായി അയാള് തൊട്ടുപിന്നില്‍. ഇന്‍ഡ്യക്കാരന്റെ ന്യൂനത കറമ്പന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ ഞാന്‍ ആ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു. ഹാന്‍ഡിക്യാപ്പുകാര്‍ക്കായിരുന്നു ബോര്‍ഡിംഗിനു മുന്‍ഗണന. എന്നെ സീറ്റില്‍  കൊണ്ടിരുത്തുവാന് ഒരു എയര്‍ഹോസ്റ്റസ് സഹായിച്ചു. “ I feel sorry for you” എന്നു മൊഴിഞ്ഞിട്ട ആ മൊഞ്ചത്തി എനിക്കൊരു മണിമുത്തം സമര്‍പ്പിച്ചത്, എന്റെ പ്രിയതമക്ക് അത്ര പിടിച്ചില്ല എന്നു അവളുടെ മുഖകമലത്തിലുദിച്ച നവരസങ്ങളിലൊന്നില്‍ നിന്നും എനിക്ക് പിടികിട്ടി. എമിറൈറ്റ്‌സ് ചിറകുവിടര്‍ത്തി പറന്നുയര്‍ന്നു. ആകാശ മേഘങ്ങള്‍ക്കും ഉയരങ്ങളിലെത്തിയപ്പോള്‍ അവര്‍ ഡ്രിങ്ക് സെര്‍വ്വ് ചെയ്തു തുടങ്ങി. “ Let me have a bloodymary” –  ഞാന്‍ ഓര്‍ഡര്‍ കൊടുത്തു. “sorry sir-  താങ്കള്‍ക്ക് സുഖമില്ലാത്തതുകൊണ്ടു, തങ്ങളുടെ വൈഫിന്റെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം ലിക്കര്‍ സെര്‍വ്വ് ചെയ്യുന്നതല്ല. would like to have a ginger ale.
“എന്റെ പട്ടി കുടിക്കും ginger ale” ഞാന്‍ മനസ്സില്‍ പറഞ്ഞു. “എന്നെങ്കിലും  നീ ഭൂമിയില്‍ കാലുകുത്താതെ പറ്റുകയില്ലല്ലോ- അപ്പോള്‍ കാണിച്ചു തരാം-” അത് എന്റെ ഭാര്യയോട്, അതും മനസ്സില്‍ത്തന്നെ!

കള്ളു കുടിക്കാത്തവര്‍ പോലും ആകാശയാത്രക്കിടയില്‍ രണ്ടു ലാര്‍ജ്ജു വീശി റിലാക്‌സ് ചെയ്യുന്നത് സാധാരണമാണ്.  “ഞാനാരാ മോള്‍?”- എന്ന ഭാവത്തില്‍ അവളെനിക്കൊരു പുശ്ചനോട്ടം സമ്മാനിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന മട്ടില്‍, കാലിനു കുഴപ്പമില്ലാത്ത ഞാന്‍ ഒരു ചെറിയ മുടന്ത് അഭിനയിച്ചുകൊണ്ട് അവരുടെ കിച്ചന്‍ ഏരിയായിലെത്തി “Let me have a bloodymarry-double-with extra Tabasco sauce” വളരെ കൂളായി ഞാന്‍ ആവശ്യപ്പെട്ടു. “sir, not now-please go back to your seat. we will serve the drinks before dinner” മുഖത്തെ ജാള്യത മറച്ചുകൊണ്ട് പോയതിലും ഇരട്ടിവേഗത്തില്‍ ഞാന്‍ തിരിച്ചു സീറ്റിലെത്തി. ഡിന്നറിനു മുമ്പായി ഐസ് ക്യൂബ്‌സ് ഇട്ട ഒരു ഗ്ലാസും, ഒരു can ginger ale -ഉം എന്റെ മുന്നിലെത്തി. കൂട്ടത്തില്‍ ആര്‍ക്കും മനസ്സിലാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരുള്ള ഒരു മെനു കാര്‍ഡും. ഞാന്‍ 'ഹാഷ് പുഷ്' ഓര്‍ഡര്‍ ചെയ്തു. പുഷ്പ 'ഗോട്ടാ ബീറ്റയും'- എനിക്കു കിട്ടിയത്, ഞാന്‍ ജനിക്കുന്നതിനു മുമ്പ് മുതലേ ഫ്രീസറില്‍ ഇരുന്നു നരച്ചുനാറിയ ഒരു കഷ്ണം മീന്‍ ബേക്കുചെയ്തത്- പുഷക്ക് ബിരിയാണി വിത്ത് ഗോട്ട് കറി. ഹാന്‍ഡിക്യാപ്കാരാനായ ഞാന്‍ ഇനിയും തരണം ചെയ്യുവാനുള്ള പ്രതിസന്ധികളെ അഭിമുഖികരിക്കുവാനുള്ള കരുത്താര്‍ജ്ജിക്കുവാന്‍ വേണ്ടി മുന്നിലിരുന്ന ginger ale ഒറ്റ വലിക്കകത്താക്കി. ദുബായ് ഏയര്‍പോര്‍ട്ടിലും 'പച്ചക്കുതിരയിലെ ദിലീപിനേപ്പോലെ “യൂറോ, യൂറോ” എന്നു വിളിച്ചുകൊണ്ടുള്ള എന്റെ വീല്‍ചെയര്‍ രംഗങ്ങള്‍ ആവര്‍ത്തിച്ചു.

ഏതായാലും തിരുവനന്തപുരം ഏയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍, അത്ഭുതമെന്നു പറയട്ടെ എന്റെ കാലിന്റെ അസുഖം പെട്ടെന്നു ഭേദമായി. കാരണം ഞങ്ങളെ വരവേല്‍ക്കാന്‍ ഏയര്‍പോര്‍ട്ട് മാനേജരായ അനന്തരവന്‍ മോന്‍ ടി. ജോര്‍ജ് അവിടെ കാത്തു നില്‍പ്പുണ്ട്. വീല്‍ചെയറില്‍ വരുന്ന അങ്കിളിനെ കണ്ടു അവനു പെട്ടെന്നു ബോധക്ഷയമുണ്ടായാലോ? പിന്നീട്, വലിയ അനിഷ്ഠസംഭവങ്ങളൊന്നും കൂടാതെ, വിന്‍സെന്റിന്റെ വാഹനത്തില്‍ കയറി, മൈലപ്രാ സെന്റ് ജോര്‍ജ് പുണ്യവാളച്ചന്റെ കുരിശുംമൂട്ടില്‍ കാണിക്കയുമര്‍പ്പിച്ച ശേഷം, ഏഴുമണിയോടു കൂടി വീട്ടിലെത്തി.
ഇന്‍ഡ്യയിലെ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന പത്തനംതിട്ട ജില്ലയിലെ മൈലപ്രാക്കാരനായ ഞാന്‍, ഒരു വലിയ ശ്വാസം നിറയെ ശുദ്ധവായു വലിച്ചകത്താക്കിയിട്ട് അല്പം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. “There is no place like home.”
(തുടരും)

ആകാശയാത്ര (ഇക്കരെയക്കരെയിക്കരെ!-3: രാജു മൈലപ്രാ)ആകാശയാത്ര (ഇക്കരെയക്കരെയിക്കരെ!-3: രാജു മൈലപ്രാ)ആകാശയാത്ര (ഇക്കരെയക്കരെയിക്കരെ!-3: രാജു മൈലപ്രാ)
Join WhatsApp News
RAJAN MATHEW DALLAS 2014-11-09 16:46:28
 തീർച്ചയായും ! മയിലിന്റ്റെ  കാഷ്ടം തഴുകി തലോടി വരുന്ന അവിടത്തെ മന്ദമാരുതന്,  മാറാ രോഗങ്ങൾ പോലും മാറ്റാൻ കഴിവുണ്ടെന്നാണ് മാമുനിമാർ പറയുന്നത് ...ഞാൻ ഗവിയിൽനിന്നും താമസം അങ്ങോട്ട്‌ മാറ്റുന്നതിനെപ്പറ്റി  ആലോചിക്കുകയാണ് ...സഹായിക്കുമല്ലോ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക