Image

അമ്മിണിയുടെ പുതിയ ഡിമാന്റുകള്‍ (ഇക്കരെയക്കരെയിക്കരെ -4: രാജു മൈലപ്ര)

emalayalee exclusive Published on 12 November, 2014
അമ്മിണിയുടെ പുതിയ ഡിമാന്റുകള്‍ (ഇക്കരെയക്കരെയിക്കരെ -4: രാജു മൈലപ്ര)
കഴിഞ്ഞ അവധിക്കാലത്ത്‌ അമ്മിണി നല്‍കിയ ആത്മാര്‍ത്ഥ സേവനത്തില്‍ സംതൃപ്‌തയായ എന്റെ സഹധര്‍മ്മിണി വീണ്ടും അപ്പോയിന്റ്‌ ചെയ്യുവാന്‍ വിന്‍സെന്റിനു നല്‍കിയ നിര്‍ദേശത്തില്‍ പ്രകാരം എട്ടുമണിയോടുകൂടി തന്നെ അമ്മിണി രംഗപ്രവേശം നടത്തി.

സാരിയില്‍ നിന്ന്‌ വര്‍ക്കിംഗ്‌ ഡ്രസിലേക്ക്‌ ആള്‍മാറാട്ടം നടത്തിയ അമ്മിണി, ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ ചൂലെടുത്ത്‌ മുറ്റമടി തുടങ്ങി. അപ്പോള്‍ അവരെ കണ്ടാല്‍ `ആം ആദ്‌മി' പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകയാണെന്നേ തോന്നൂ!

`ഇങ്ങേര്‌ എന്തിനാ ഇവിടെ വായുംപൊളിച്ച്‌ നില്‍ക്കുന്നത്‌. ആ പെട്ടിയിലെ സാധനങ്ങള്‍ ഒന്നടുക്കിവെയ്‌ക്കരുതോ?'- അമ്മിണിയുടെ അനാട്ടമി അളന്നുകൊണ്ടിരുന്ന എനിക്ക്‌ 
സഹധര്‍മ്മിണി വിലക്കു കല്‍പിച്ചു.

ഹോം അപ്ലെയിന്‍സെല്ലാം വര്‍ക്കിംഗ്‌ കണ്ടീഷനാണെന്ന്‌ ഭാര്യ ഉറപ്പുവരുത്തി. കൊടും വേനലായിരുന്നതിനാല്‍ വരള്‍ച്ച തുടങ്ങിയിരുന്നു. ഏതായാലും ഞങ്ങളുടെ കിടപ്പാടം ഒരു നെല്‍പ്പാടത്തിനടുത്തായിരുന്നതിനാല്‍ കിണറ്റില്‍ വെള്ളമുണ്ട്‌.

`മുറ്റത്തെ കിണറ്റില്‍ കുളിര്‍വെള്ളത്തോട്‌
മുത്തും പളുങ്കും തോല്‍ക്കണം' - നല്ല ശുദ്ധമായ തെളിനീര്‍!

വായു, ജലം, ഭക്ഷണം മുതലായവ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമാണല്ലോ! ഇനി ഭക്ഷണത്തിനുള്ള ചുറ്റു
ട്ടം ഒരുക്കണം. അതിനുവേണ്ട പലവ്യഞ്‌ജനങ്ങള്‍ വാങ്ങിക്കുവാന്‍ വേണ്ടി പത്തനംതിട്ടയിലേക്ക്‌ പുറപ്പെട്ടു.

അമ്മിണി പഴയ ആവശ്യം ആവര്‍ത്തിച്ചു. `അമ്മാമ്മേ ഞാന്‍ വലിയ മീനൊന്നും കഴിക്കില്ല എന്നറിയാമല്ലോ. കുറച്ചു പൊടിമീന്‍ വാങ്ങിക്കണം. പിന്നെ ആട്ടിറച്ചി മാത്രമേ എനിക്കു പിടിക്കത്തൊള്ളു. അതിനാകുമ്പം ഔഷധഗുണവുമുണ്ട്‌.' ചുമ്മാതല്ല അവള്‍ക്കൊരു കോലാടിന്റെ മുഖഛായ! എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. ആദ്യത്തെ നടപടി ആര്യഭവനില്‍ നിന്നും ബ്രേക്ക്‌ഫാസ്റ്റ്‌. മസാല ദോശയും നല്ല ചൂടുള്ള ഉഴുന്നുവടയും, അതിനു അകമ്പടിയായി സാമ്പാറും സമ്മന്തിയും- പിന്നാലെ ആവി പറക്കുന്ന ബ്രൂ കാപ്പി. പട്ടരുടെ പ്രമാദമായ പ്രഭാത ഭക്ഷണം.

അടുത്ത സ്റ്റോപ്പ്‌ പത്തനംതിട്ട ചന്ത. ചന്തയാണെങ്കിലും അന്നു വെള്ളിയാഴ്‌ച ആയിരുന്നതിനാല്‍ ചന്തദിവസമായിരുന്നില്ല. തിങ്കള്‍, വെള്ളി എന്നീ ദിവസങ്ങളിലാണ്‌ കമ്പോളം സജീവമാകുന്നത്‌. അന്നവിടെ കണ്ട മത്സ്യ സമ്പത്തിലൊന്നും പുഷ്‌പയ്‌ക്ക്‌ അത്ര താത്‌പര്യം തോന്നിയില്ല. പത്തനംതിട്ട ചന്തയിലേയും, മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയും വായുവിന്റെ ഗന്ധം ആസ്വദിച്ചായിരിക്കണം, വായു വിദഗ്‌ധര്‍, ഇന്ത്യയിലെ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്നത്‌ ഇവിടെയാണെന്ന്‌ വിധിയെഴുതിയത്‌. ചന്തയാണെങ്കിലും അല്ലെങ്കിലും അലഞ്ഞു നടക്കുന്ന ധാരാളം ചന്തപ്പട്ടികള്‍! കൊടിച്ചിപട്ടിയുടെ പുറകെ ചാവാലിപ്പട്ടി ചില പൂവാലന്മാരെ പോലെ!

പണ്ടു `പട്ടി പിടുത്തക്കാര്‍' എന്നൊരു തസ്‌തിക മുനിസിപ്പല്‍ തലത്തിലുണ്ടായിരുന്നു. ഇവരുടെ സേവനം എത്ര മഹത്തരമായിരുന്നു എന്ന്‌ ഇപ്പോഴാണ്‌ മനസിലാകുന്നത്‌. അപ്പോഴാണ്‌ മേനക ഗാന്ധി എന്നൊരു പട്ടിപ്രേമി മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രിയാകുന്നത്‌. ആരോടോ ഉള്ള വൈരാഗ്യം തീര്‍ക്കാനെന്നവണ്ണം, ഇനി മേലില്‍ കൊടിച്ചിപട്ടികളെ കൊന്നുപോകരുത്‌ എന്നൊരു ഉത്തരവിറക്കി. പകരം ആണ്‍പട്ടികളെ പിടിച്ച്‌ വന്ധ്യംകരണം ചെയ്‌താല്‍ മതിപോലും! അങ്ങനെ പട്ടിപ്പെരുപ്പം നിയന്ത്രിക്കാം പോല്‍!

പണ്ട്‌ ഇവരുടെ അമ്മായിയമ്മ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌, അവരുടെ തലതെറിച്ച ഇളയമകന്‍, ഡല്‍ഹിയിലെ
സാധുക്കളായ വൃദ്ധന്മാരെ വരെ ഓടിച്ചിട്ട്‌ പിടിച്ച്‌ വന്ധ്യംകരണത്തിന്‌ വിധേയരാക്കിയെന്നു കേട്ടിട്ടുണ്ട്‌. ഒന്നാലോചിച്ചു നോക്കൂ! പട്ടിയെ പിടിക്കുന്നു. അതിന്റെ പുരുഷത്വം നശിപ്പിച്ചിട്ട്‌, ഒരു ബക്കറ്റും രണ്ടു കിലോ അരിയും ഒരു സാരിയും പാരിതോഷികമായി നല്‍കി വീണ്ടും തെരുവിലേക്ക്‌ പറഞ്ഞുവിടുന്നു. എത്ര നടക്കാത്ത സുന്ദരമായ സ്വപ്‌നം.

അങ്ങനെ ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം പട്ടികള്‍ പെറ്റുപെരുകി. അവയെല്ലാം പേ പിടിച്ച്‌, ഓടി നടന്ന്‌ പിഞ്ചു കുഞ്ഞുങ്ങളെയടക്കം കടിച്ചു പറിച്ച്‌, അധികം താമസിയാതെ തന്നെ God's Own Country, Dog's own country ആയി മാറുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരുപക്ഷെ ഈ കൊടിച്ചിപട്ടികളും ചാവാലിപ്പട്ടികളും കൂടി ഭരണം പോലും പിടിച്ചെടുത്തെന്നു വരും. ഏതായാലും ഇന്ന്‌ പേപിടിച്ച്‌ കാമവെറിയും കൈക്കൂലിയുമായി നടക്കുന്ന രാഷ്‌ട്രീയക്കാരേക്കാളും ഭേദമായിരിക്കും അവരുടെ ഭരണം.

ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പണ്ടു പറഞ്ഞതുപോലെ `ഈ പട്ടികളെയെല്ലാം പിടിച്ച്‌ ഒരു ട്രെയിനില്‍ കയറ്റി മേനകാ ഗാന്ധിയുടെ വീട്ടില്‍ കൊണ്ടു വിടണം. അവരതിനെ പോറ്റി വളര്‍ത്തിക്കോളും' (ഒരൊറ്റ ഫയല്‍ പോലും ഒപ്പിടാനില്ലാത്ത ജോര്‍ജ്‌ സാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ എസ്‌.എസ്‌.എല്‍.സി പോലും പാസാകാത്ത മുപ്പതു ജോലിക്കാര്‍! ഞാനതില്‍ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. എല്ലാ മന്ത്രിമാര്‍ക്കും- ഭരണപക്ഷമായാലും പ്രതിപക്ഷമായാലും മുപ്പത്‌ അണ്ടന്‍ അടകോടന്മാരെ നിയമിക്കാന്‍ അനുവാദമുണ്ട്‌. അഞ്ചുകൊല്ലം കഴിയുമ്പോള്‍ അവര്‍ക്ക്‌ ആജീവനാന്ത പെന്‍ഷന്‍! `കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി..'

`നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണമെന്നുള്ള' വാശിക്കാരിയാണ്‌ എന്റെ ഭാര്യ- 'ഫ്രെഷ്‌ മീനും ഫ്രെഷ്‌ വെജിറ്റബിളും, അമ്മിണിക്കുള്ള ആട്ടിറച്ചിയുമായേ ഇനി മടങ്ങുകയുള്ളൂ' എന്നവള്‍ കട്ടായം പറഞ്ഞു.

'അമ്മാമ്മേ, ഇന്നു കോഴഞ്ചേരി ചന്തയുണ്ട്‌. അവിടെ പോയാല്‍ ഇതിനേക്കാളും നല്ല മീനും ഇറച്ചിയും പച്ചക്കറിയുമെല്ലാം കിട്ടും. ' വിന്‍സെന്റ്‌ പ്രതിസന്ധിക്ക്‌ ഒരു താത്‌കാലിക പരിഹാരം നിര്‍ദേശിച്ചു.

`എവിടാ ഈ കോഴഞ്ചേരി?' പിറവംകാരിക്ക്‌ കോലഞ്ചേരി നല്ല പരിചയമാണെങ്കിലും, കോഴഞ്ചേരിയുടെ
ഭൂമിശാസ്‌ത്രം അത്ര പിടികിട്ടിയില്ല.

`ഇവിടുന്ന്‌ കുറച്ചേയുള്ളൂ. ഇലന്തൂര്‍, തെക്കേമല, പിന്നെ കോഴഞ്ചേരി'. അവനെ സംബന്ധിച്ച്‌ അതു കുറച്ചു ദൂരമേയുള്ളുവെങ്കിലും കുറയുന്നത്‌ എന്റെ പേഴ്‌സിന്റെ ഭാരമാണ്‌. കോഴഞ്ചേരിക്ക്‌ തൊട്ടു മുമ്പുള്ള തെക്കേമല വഴി ഇടത്തോട്ട്‌ പാര്‍ക്ക്‌ ഹോട്ടല്‍ കഴിഞ്ഞപ്പോള്‍ സിവില്‍ സപ്ലൈസ്‌ ബിവറേജസ്‌ ഔട്ട്‌ലെറ്റ്‌. കൗണ്ടര്‍ തുറക്കുവാന്‍ ഇനിയും സമയമുണ്ട്‌. എങ്കിലും കുടിയാന്മാരുടെ ഒരു നീണ്ട നിര രൂപപ്പെട്ടു വരുന്നുണ്ട്‌. എത്ര നല്ല മര്യാദക്കാര്‍. വഴക്കുമില്ല വക്കാണവുമില്ല. കാറ്റടിച്ചാലും കൊടുങ്കാറ്റടിച്ചാലും അഗ്നിപര്‍വ്വതം പുകഞ്ഞാലും ഇതെല്ലാം സഹിച്ചു കൊള്ളാമെന്നാണ്‌ സര്‍ക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ കുടിയന്മാരുടെ ഗതികേട്‌. അവര്‍ക്ക്‌ മാന്യമായി മദ്യം വാങ്ങിക്കുവാനുള്ള സൗകര്യം ഒരുക്കണം.

'ദുഖങ്ങള്‍ക്ക്‌ ഞാനിന്നവധി കൊടുത്ത്‌
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു'

ദുഖങ്ങള്‍ക്ക്‌ അവധികൊടുത്ത്‌ സ്വര്‍ഗ്ഗത്തില്‍ മുറിയെടുക്കുവാന്‍ വന്നവര്‍ക്ക്‌ വേണ്ട ഒത്താശകള്‍ ചെയ്‌തുകൊടുക്കേണ്ടതിന്റെ കടമ നമ്മുടെ സര്‍ക്കാരിനുള്ളതാണ്‌.

`കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി വീഞ്ഞാക്കി' രക്ഷകന്റെ കാലം മുതലേ `ലഹരി' ഒരു ഹരമായിരുന്നു....

(തുടരും)
അമ്മിണിയുടെ പുതിയ ഡിമാന്റുകള്‍ (ഇക്കരെയക്കരെയിക്കരെ -4: രാജു മൈലപ്ര)അമ്മിണിയുടെ പുതിയ ഡിമാന്റുകള്‍ (ഇക്കരെയക്കരെയിക്കരെ -4: രാജു മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക