Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-30: സാം നിലമ്പള്ളില്‍)

Published on 22 March, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-30: സാം നിലമ്പള്ളില്‍)
അദ്ധ്യായം മുപ്പത്‌.

സാറയും മറ്റുള്ള അനേകരോടൊപ്പം ജര്‍മനിയിലേക്ക്‌ വരികയാണ്‌. അതിശൈത്യത്തില്‍ വേണ്ടത്ര വസ്‌ത്രങ്ങളും ആഹാരവും ഇല്ലാതെ മഞ്ഞുവീണുകിടക്കുന്ന വഴികളില്‍കൂടി നടന്നാണ്‌ അവര്‍ വരുന്നത്‌. ഡെത്ത്‌ മാര്‍ച്ച്‌ അഥവാ മരണയാത്ര എന്നുപേരിട്ട ഈ പ്രകടനത്തില്‍ കൊല്ലപ്പെടാതെ പോളണ്ടിലെ ക്യാമ്പുകളില്‍ ജീവനോടെ അവശേഷിച്ച പതിനായിരങ്ങളാണ്‌ പങ്കെടുത്തത്‌. അവരെ അകമ്പടി സേവിക്കാന്‍ യന്ത്രതോക്കുകളുമായി പിന്‍വാങ്ങുന്ന നാസികളും. നടക്കാന്‍ വയ്യാതെ വഴിയില്‍വീഴുന്നവര്‍ക്ക്‌ അവര്‍ ഒരോ വെടിയുണ്ട സമ്മാനിച്ചുകൊണ്ടിരുന്നു. കുഞ്ഞുങ്ങളെ ചുമക്കേണ്ടാത്തതുകൊണ്ട്‌ അമ്മമാര്‍ക്ക്‌ ഇപ്പോള്‍ സ്വതന്ത്രരായി നടക്കാം. നാസികള്‍ അവരോട്‌ ചെയ്‌ത വലിയൊരു സഹായമായിരുന്നല്ലോ അത്‌.

ജീവനില്‍ കൊതിയുള്ളതുകൊണ്ട്‌, തന്റെ ഭര്‍ത്താവിനേയും മക്കളേയും കാണണമെന്നുള്ള ആഗ്രഹംകൊണ്ട,്‌ സാറയും മറ്റുള്ളവരോടൊപ്പം നടക്കുകയാണ്‌. ഇനി എത്രദൂരം പോകണം ജര്‍മനിയിലെത്താന്‍? മുന്നൂറോ അഞ്ഞൂറോ മൈല്‍ നടക്കണമായിരിക്കും. ആഹാരവും തണുപ്പിനെ ചെറുക്കാനുള്ള വസ്‌ത്രങ്ങളും ഇല്ലാതെ അത്രദൂരം നടക്കാന്‍ എങ്ങനെ സാധിക്കും? തണുപ്പ്‌ എല്ലുകളില്‍കൂടി അരിച്ചുകയറുകയാണ്‌.

കുറെദൂരം ചെന്നപ്പോള്‍ പുരുഷന്മാരുടെ കൂട്ടവും മറ്റൊരുവഴിയില്‍കൂടിവന്ന്‌ അവരോടൊപ്പം ചര്‍ന്നു. ആ കൂട്ടത്തില്‍ തന്റെ ഭര്‍ത്താവുണ്ടോയെന്ന്‌ സാറ തിരഞ്ഞു. ആയിരക്കണക്കിന്‌ ആളുകളുടെ ഇടയില്‍ എങ്ങനെ കണ്ടുപിടിക്കാനാണ്‌? അവനും, ഒരുപക്ഷേ, തന്നെ തിരയുന്നുണ്ടാവും. ഈ യാത്ര എവിടെയെങ്കിലുംചന്ന്‌ നില്‍ക്കുമല്ലോ. അവിടെവെച്ച്‌ തന്റെ ഭര്‍ത്താവിനേയും മക്കളേയും കണ്ടുമുട്ടാമെന്ന്‌ അവള്‍ പ്രതീക്ഷിച്ചു.

കൂട്ടകാരി അലീനയെവിടെ? തലമന്ദിച്ചിരിക്കുന്നതുകൊണ്ട്‌ അവള്‍ പ്‌ളേറ്റോയുടെകൂടെ രക്ഷപെട്ടകാര്യം മറന്നു. കൂടെച്ചെല്ലന്‍ തന്നെയും വിളിച്ചതാണ്‌.

`നിങ്ങള്‍ എവിടെങ്കിലും പോയി രക്ഷപെട്ടോളു, എനിക്ക്‌ മക്കളേയും ഭര്‍ത്താവിനേയും വിട്ടിട്ട്‌ വരാന്‍ സാധ്യമല്ല.'

അവര്‍ കാട്ടിലേക്ക്‌ ഓടി രക്ഷപെട്ടു. പ്‌ളേറ്റോ പോളണ്ടുകാരന്‍ ക്രിസ്‌ത്യാനിയാണ്‌. എന്തുവന്നാലും കൈവിടില്ലെന്ന്‌ പറഞ്ഞപ്പോള്‍ സാറയാണ്‌ അവളെ പോകാന്‍ നിര്‍ബന്ധിച്ചത്‌. അവള്‍ രക്ഷപെട്ടതില്‍ സന്തഷംതോന്നി. തനിക്ക്‌ ഒരു അനുജത്തിയെപ്പോലെയായിരുന്നു അവള്‍.

വഴിയില്‍ വീണുപോകുമെന്ന്‌ സാറ ഭയന്നു. ഒരോചുവടും മുന്‍പോട്ടുവെയക്കാന്‍ സാഹസപ്പെടുകയാണ്‌. തണുത്തുമരവിച്ചകാലുകള്‍ക്ക്‌ വല്ലാത്തഭാരം, നീങ്ങാന്‍ കൂട്ടാക്കുന്നില്ല. വീഴാന്‍പോയ അവളെ ഒരാള്‍ താങ്ങി. പതിനേഴോ പതിനെട്ടോ വയസുള്ള ഒരുപയ്യന്‍.

`മോന്റെ പേരെന്താ?' അവള്‍ ചോദിച്ചു.

`പീറ്റര്‍.'

അവര്‍ നടന്നു.

`ചേച്ചിയുടെ ക്യാമ്പില്‍ ആനിയെന്ന്‌ പേരുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നോ?' അവന്‍ അന്വേഷിച്ചു.

`അവിടെ രണ്ടുമൂന്ന്‌ ആനിമാര്‍ ഉണ്ടായിരുന്നു. എത്ര വയസുകാണും നിന്റെ ആനിക്ക്‌?'

`പതിനഞ്ച്‌.'

`പതിനഞ്ചുവയസുള്ളവരാരും അവിടില്ലായിരുന്നല്ലോ; മോന്റെ പെങ്ങളാണോ?'

അവന്‍ മറുപടി പറഞ്ഞില്ല.

ഡെത്ത്‌ മാര്‍ച്ച്‌ മുന്‍പോട്ട്‌ നീങ്ങുകയാണ്‌. പിന്നില്‍ വെടിയൊച്ചകേള്‍ക്കാം. വഴിയില്‍വീഴുന്നവരെ നാസികള്‍ വെടിവെയ്‌ക്കുകയാണെന്ന്‌ പീറ്റര്‍ പറഞ്ഞു. ഭാരിച്ച കാലുകള്‍ മുന്നോട്ടുവെച്ച്‌ അവര്‍ നീങ്ങി. പ്രകടനം ജര്‍മനിയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ അവരില്‍ ജീവനോടെ അവശേഷിച്ചത്‌ വെറും മുപ്പത്തിയെട്ടു പേര്‍. സാറയും പീറ്ററും ആകൂട്ടത്തില്‍ ഇല്ലായിരുന്നു.

സെലീനയുടെ കൈപിടിച്ചുകൊണ്ടാണ്‌ ബര്‍ണാഡ്‌ മരണയാത്രയില്‍ പങ്കെടുത്തത്‌. എങ്ങോട്ടോ കൊണ്ടുപോകുകയാണെന്ന്‌ മനസിലായതുകൊണ്ട്‌ കമ്പിളിവസ്‌ത്രങ്ങളും ഷൂസും അവര്‍ കരുതിയിരുന്നു. മലപോലെ കൂനകൂടിക്കിടക്കുന്ന വസ്‌ത്രങ്ങളുടെയും ഷൂസുകളുടേയും കൂമ്പാരത്തില്‍നിന്ന്‌ ഒന്നെടുത്താല്‍ ആരറിയാനാണ്‌? രക്ഷപെടാനുള്ള ഓട്ടത്തിനിടയില്‍ അതൊന്നും ശ്രദ്ധിക്കാന്‍ എസ്സെസ്സിനും സമയമില്ല. ബെര്‍ണാഡിന്‌ ഒരുകോട്ട്‌്‌ സമ്മാനിച്ചുകൊണ്ട്‌ സെലീന പറഞ്ഞു, `എന്റെ പപ്പയുടെ കോട്ടാണണിത്‌, ഞാനിത്‌ പ്രത്യേകം മാറ്റിവെച്ചിരുന്നതാണ്‌. ബര്‍ണാഡ്‌ നീയിത്‌ ധരിക്കണം, എനിക്കുവേണ്ടി.'

അവളുടെ കണ്ണുകളിലേക്ക്‌ അവന്‍ ആദ്യമായിനോക്കി. ആ കണ്ണുകള്‍ എന്തോ തന്നോട്‌ അപേക്ഷിക്കുന്നതായി അവന്‌ തോന്നി.

`വരു.' അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു. `നമുക്കും ഇവരോടൊപ്പം പോകാം. ജീവനോടെ ഫ്രാന്‍സിലെത്തിയാല്‍ നമുക്ക്‌ ഒന്നിച്ചു ജീവിക്കാം.'


(തുടരും....)


ഇരുപത്തിയൊമ്പതാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-30: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക