Image

മനാമയില്‍ വിദേശികള്‍ക്കുനേരെ നിരന്തര ആക്രമണം; മലയാളികള്‍ ഭീതിയില്‍

Published on 28 December, 2011
മനാമയില്‍ വിദേശികള്‍ക്കുനേരെ നിരന്തര ആക്രമണം; മലയാളികള്‍ ഭീതിയില്‍
മനാമ: സല്‍മാബാദില്‍ വിദേശികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ ഒരു സംഘം യുവാക്കള്‍ നിരന്തരം അക്രമം അഴിച്ചുവിടുകയാണ്‌. സല്‍മാബാദ്‌ മെര്‍സിഡസ്‌ ബെന്‍സ്‌ സര്‍വീസ്‌ സ്‌റ്റേഷന്‌ സമീപമാണ്‌ വൈകുന്നേരമാകുമ്പോഴേക്കും അക്രമികള്‍ രംഗത്തിറങ്ങുന്നത്‌. ഇവിടെ താമസിക്കുന്നവരില്‍ അധികവും ഇന്ത്യക്കാരും മലയാളികളുമാണ്‌.
കഴിഞ്ഞ വെള്ളിയാഴ്‌ച മലപ്പുറം സ്വദേശിയായ ഷംസീറിനു നേരെ അക്രമമുണ്ടായി. രാത്രി ഏഴരയോടെ റൂമില്‍നിന്ന്‌ ഇറങ്ങി കോള്‍ഡ്‌ സ്‌റ്റോറിലേക്ക്‌ കാര്‍ഡ്‌ വാങ്ങാന്‍ പോകുമ്പോഴായിരുന്നു അക്രമം. അപ്പോള്‍ 20 വയസ്സിന്‌ താഴെയുള്ള അഞ്ചുപേര്‍ സൈക്കിളില്‍നിന്ന്‌ ഇറങ്ങി നില്‍പുണ്ടായിരുന്നു. കണ്ടപ്പോള്‍ അസ്വാഭാവികമായൊന്നും തോന്നാത്തതിനാല്‍ ഇയാള്‍ മുന്നോട്ട്‌ നടന്നു. പൊടുന്നനെ രണ്ടുപേര്‍ ഷംസീറിന്‍െറ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ചെറുത്തുനിന്ന ഷംസീറിനെ സംഘം വടികൊണ്ട്‌ അടിച്ചു. പൊലീസിന്‍െറ ലാത്തി പോലുള്ള പ്രത്യേക വടികൊണ്ടാണ്‌ അടിച്ചത്‌. എല്ലാവരുടെ കൈയ്യിലും ഇത്തരം വടി ഉണ്ടായിരുന്നെന്ന്‌ ഷംസീര്‍ പറഞ്ഞു. ഇവ സൈക്കിളില്‍ ഒളിപ്പിച്ചുവെച്ചതായിരുന്നു. ഉടനെ അടുത്തുള്ള വര്‍ക്ക്‌ഷോപ്പിലേക്ക്‌ ഓടിക്കയറി അവിടെ ഉണ്ടായിരുന്ന അറബിയോട്‌ വിവരം പറഞ്ഞു. ഇദ്ദേഹം പുറത്തിറങ്ങി നോക്കിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

കോള്‍ഡ്‌ സ്‌റ്റോറില്‍ എത്തി മര്‍ദനമേറ്റ വിവരം പറഞ്ഞപ്പോഴാണ്‌ ബംഗാളി അക്രമിക്കപ്പെട്ട വിവരം അറിയുന്നത്‌. താമസ സ്ഥലത്തേക്ക്‌ നടന്നു വരികയായിരുന്ന ബംഗാളിക്ക്‌ തലക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്‌. ഷംസീറിനെ അക്രമിച്ച സംഘം തന്നെയാണ്‌ ബംഗാളിയെയും മര്‍ദിച്ചതെന്ന്‌ കരുതുന്നു. മര്‍ദിച്ചവരുടെ പിന്നാലെ ബംഗാളി ഓടി നോക്കിയെങ്കിലും സംഘം അതിവേഗം സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നത്രെ.

തൃശൂര്‍ സ്വദേശിയായ പ്രലോഭിന്‌ സംഘത്തിന്‍െറ അക്രമത്തില്‍ ഗുരുതരാമയി പരിക്കേറ്റു. ശനിയാഴ്‌ച രാത്രിയാണ്‌ പ്രലോഭിന്‌ മര്‍ദനമേറ്റത്‌. തലക്കും കാലിനും പരിക്കേറ്റ ഇയാള്‍ക്ക്‌ ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കയാണ്‌. തൃശൂര്‍ സ്വദേശിയായ ജോണ്‍സനും കുറച്ചുദിവസം മുമ്പ്‌ മര്‍ദനമേറ്റു. വൈകുന്നേരം നാലരയോടെ കുര്‍ബാനക്കായി പള്ളിയിലേക്ക്‌ പോവുകയായിരുന്ന ജോണ്‍സന്‍െറ കൈയ്യില്‍നിന്ന്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമമുണ്ടായി. ചെറുത്തപ്പോള്‍ മര്‍ദനമായി. തൊട്ടടുത്ത കോള്‍ഡ്‌ സ്‌റ്റോറിലേക്ക്‌ ഓടിക്കയറിയാണ്‌ രക്ഷപ്പെട്ടത്‌. ബഹളം കേട്ട്‌ താമസസ്ഥലത്തുനിന്ന്‌ സുഹൃത്തുക്കള്‍ ഇറങ്ങിയപ്പോഴേക്കും സംഘം സൈക്കിളില്‍ രക്ഷപ്പെട്ടു. സംഘം മഫ്‌ളര്‍കൊണ്ട്‌ മുഖം മറച്ചിരുന്നു. പെട്ടെന്നുള്ള അമ്രമായതിനാല്‍ ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ പലര്‍ക്കും. ജോണ്‍സന്‍െറ സഹപ്രവര്‍ത്തകരായ അരുണിനും പ്രേമനും കുറച്ചുദിവസം മുമ്പ്‌ സമാനമായ രീതിയില്‍ മര്‍ദനമേറ്റിരുന്നു. സംഘം കല്‌ളേറും നടത്തുന്നുണ്ട്‌.
ഇന്‍റസ്‌ട്രിയല്‍ ഏരിയയായതിനാല്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിവിടെ. മലയാളികളടക്കമുള്ള താമസക്കാര്‍ ഭീതിയോടെയാണ്‌ ഇവിടെ കഴിഞ്ഞുകൂടുന്നത്‌. ഒറ്റക്ക്‌ നടക്കുന്നവരെയാണ്‌ സംഘം ലക്ഷ്യമിടുന്നത്‌. അതുകൊണ്ടുതന്നെ കൂട്ടമായല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. രാത്രി വിവിധ കമ്പനികളില്‍നിന്ന്‌ ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ താമസസ്ഥലത്തേക്ക്‌ വരുന്നവരാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌. 15 വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ വരെ അക്രമി സംഘത്തിലുണ്ടെന്നാണ്‌ മര്‍ദനമേറ്റവര്‍ പറയുന്നത്‌. ഈഭാഗത്ത്‌ പൊലീസ്‌ പട്രോള്‍ ഏര്‍പ്പെടുത്തിയാല്‍ അക്രമം തടയാനാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക