Image

ഒമാന്‍ തീരത്ത്‌ ഇറ്റാലിയന്‍ കപ്പല്‍റാഞ്ചി; ഏഴ്‌ ഇന്ത്യക്കാരടക്കം 18 ജീവനക്കാര്‍ ബന്ദികള്‍

Published on 28 December, 2011
ഒമാന്‍ തീരത്ത്‌ ഇറ്റാലിയന്‍ കപ്പല്‍റാഞ്ചി; ഏഴ്‌ ഇന്ത്യക്കാരടക്കം 18 ജീവനക്കാര്‍ ബന്ദികള്‍
മസ്‌കറ്റ്‌: യു.എ.ഇയിലെ ഫുജൈറയില്‍ നിന്ന്‌ രാസവസ്‌തുക്കളുമായി പുറപ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാരെന്ന്‌ സംശയിക്കുന്നവര്‍ റാഞ്ചി. കപ്പലില്‍ ഏഴ്‌ ഇന്ത്യക്കാരുള്‍പ്പെടെ 18 ജീവനക്കാരുള്ളതായി കപ്പല്‍ ഉടമകള്‍ അറിയിച്ചു. മെഡിറ്റേറിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന `എം.ടി. എന്‍റികോ ലെവോലി' എന്ന കെമിക്കല്‍ ടാങ്കറാണ്‌ ഇന്നലെ രാവിലെ അഞ്ചോടെ ഒമാന്‍ തീരത്ത്‌ കൊള്ളക്കാര്‍ തട്ടിയെടുത്തത്‌. ഇന്ത്യക്കാര്‍ക്ക്‌ പുറമെ അഞ്ച്‌ ഇറ്റാലിയന്‍ പൗരന്‍മാരും, അഞ്ച്‌ ഉക്രെയിന്‍ സ്വദേശികളുമാണ്‌ കപ്പലിലുള്ളത്‌.

മര്‍നാവി ഷിപ്പിങ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലില്‍ 15750 മെട്രിക്ക്‌ ടണ്‍ കാസ്റ്റിക്‌സോഡയാണ്‌ ചരക്കായി ഫുജൈറയില്‍ നിന്ന്‌ നിറച്ചിരിക്കുന്നതെന്ന്‌ കമ്പനി അധികൃതര്‍ വ്യക്തമാക്കി. 138 മീറ്റര്‍ നീളമുള്ള ഈ കപ്പലിന്‌ നേരെ 2006 ലും കടല്‍കൊള്ളക്കാരുടെ ആക്രമണമുണ്ടായിട്ടുണ്ട്‌. അന്ന്‌, ഇറ്റാലിയന്‍ നാവികസേന ഇടപെട്ടാണ്‌ കപ്പലിനെ രക്ഷിച്ചത്‌. സോമാലിന്‍ കടല്‍കൊള്ളക്കാരില്‍ ഒരുവിഭാഗം ഈ കപ്പല്‍റാഞ്ചിയത്‌ തങ്ങളാണെന്ന്‌ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍, ഇവര്‍ എത്ര മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ടെന്നോ, മറ്റ്‌ ആവശ്യങ്ങള്‍ എന്താണെന്നോ വ്യക്തമായിട്ടില്ല. കപ്പലിലുള്ള ഇന്ത്യക്കാരെ കുറിച്ചും കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക