MediaAppUSA

ഗോപാലനെ ഓര്‍ക്കുമ്പോള്‍ (കഥ: സാം നിലമ്പള്ളില്‍)

Published on 31 March, 2015
ഗോപാലനെ ഓര്‍ക്കുമ്പോള്‍ (കഥ: സാം നിലമ്പള്ളില്‍)
മമ്മയും വല്ല്യമ്മച്ചിയുംകൂടി ആയിരുന്നു അവനെ ഇന്റര്‍വ്യൂ ചെയ്‌തത്‌; പപ്പയും ഞാനും നോക്കിനിന്നതേയുള്ളു. ആദ്യത്തെ ചോദ്യം മമ്മയുടെ വകയായിരുന്നു.

`എന്നതാടാ നിന്റെ പേര്‌?'
`ഗോപാലനെന്നാ.'
`എവിടാ നിന്റെ വീട്‌?'
`കീരിത്തോട്ടാ.'

കീരിത്തോട്ട്‌ അമ്മയും അഛനും ഉണ്ടെന്നും വയസ്സ്‌ ഇരുപത്തിരണ്ടേ ആയിട്ടുള്ളെന്നും നാലാംക്‌ളാസ്സ്‌ വരെ പഠിച്ചിട്ടുണ്ടന്നും പണിനോക്കി ഇറങ്ങിയതാണെന്നും തുടര്‍ന്ന്‌ വല്ല്യമ്മച്ചിയുടെ ചോദ്യങ്ങള്‍ക്ക്‌ ഗോപാലന്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കി.

`ഇവന്‌ ഇരുപത്തിരണ്ടൊന്നുമല്ല മപ്പതിന്‌മേല്‍ കാണും,' ഡോക്‌ട്ടറായ പപ്പ കൃത്യമായി ഗണിച്ചു. വീട്ടുപണിക്ക്‌ വയസ്സ്‌തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ലാത്തതിനാലും ഇന്റര്‍വ്യൂ വിജയകരമായി തരണംചെയ്‌തതുകൊണ്ടും ഗോപാലന്‌ അന്നേരംതന്നെ നിയമനം കിട്ടി. കുറച്ചനാള്‍ മാത്രമേ ഞങ്ങടെവീട്ടില്‍ ജോലിക്കാരനായി അവന്‍ നിന്നിട്ടുള്ളു. എന്നിട്ടും മറക്കാന്‍ സാധിക്കാത്ത കഥാപാത്രമായിട്ടാണ്‌ അവന്‍ ഇന്നും എന്റെ മനസില്‍ ജീവിക്കുന്നത്‌. മണ്ടശ്ശിരോമണിയെന്നാണ്‌ വീട്ടുകാരും നാട്ടുകാരും അവനെ വിളിച്ചിരുന്നത്‌. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഗോപാലന്‍ ഒരു ഹീറോ ആയിരുന്നെന്ന്‌ പറയാം.

എന്തിനാണ്‌ ഗോപാലനെ ജോലിക്ക്‌ വെച്ചതെന്ന്‌ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. കാരണം അവന്‍ പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്‌തിരുന്നില്ല. അടുക്കളജോലിക്ക്‌ ജാനകി ഉണ്ടായിരുന്നതിനാല്‍ പുറംപണികളാണ്‌ അവന്‍ ചെയ്‌തിരുന്നത്‌. വിറകുവെട്ടുക, വെള്ളംകോരുക, പശുക്കളെ സംരക്ഷിക്കുകഇതൊക്കെയായിരുന്നു അവന്റെ പ്രധനപ്പെട്ട ജോലികള്‍. പശുക്കള്‍ എന്നുപറയാന്‍ കറവയുള്ള ഒന്നും അതിന്റെ കുട്ടിയും പിന്നെ രണ്ട്‌ വയസുള്ള അമ്മിണി ക്‌ടാവും മാത്രമേ എരുത്തിലില്‍ ഉണ്ടായിരുന്നുള്ളു. രാവിലെയും വൈകിട്ടും പശുവിനെ കറക്കുക, അവയ്‌ക്ക്‌ തീറ്റിയും വെള്ളവും കൊടുക്കുക, കുളിപ്പിക്കുക, ഇടവേളകളില്‍ പുല്ല്‌ പറിക്കുക എന്നീജോലികള്‍ അവന്‍ കൃത്യനിഷ്‌ഠയോടെ ചെയ്‌തിരുന്നു.

അന്ന്‌ പന്ത്രണ്ട്‌ വയസുള്ള പയ്യനായിരുന്ന എനിക്ക്‌ ഗോപാലന്‍ ഒരു അത്ഭുതം ആയിരുന്നു. സമയംകിട്ടുമ്പോളെല്ലാം അവന്റെ വീരസാഹസിക കഥകള്‍പറഞ്ഞ്‌ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അതെല്ലാം വെറും കെട്ടുകഥകളായിരുന്നെന്ന്‌ ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു, വെറും വെടിയടി.

അവന്‍ പറഞ്ഞ ഒരനുഭവം ഇപ്പോഴും ഓര്‍മ്മയുണ്ട്‌. പണ്ട്‌ ഗോപാലന്‍ ജോലിക്ക്‌ നിന്നിരുന്ന വീട്ടില്‍ തുറസ്സായ വരാന്തയിലായിരുന്നു അവന്റെ ഉറക്കം. ഒരുരാത്രി കാലില്‍ ആരോ മാന്തിയിതുപോലെ തോന്നിയതുകൊണ്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. സ്വപ്‌നമാണെന്നാണ്‌ ആദ്യം വിചാരിച്ചത്‌. പിന്നെ സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ തിളങ്ങുന്ന രണ്ട്‌ കണ്ണുകള്‍ അവനെത്തന്നെ നോക്കുന്നതാണ്‌ കണ്ടത്‌.

യക്ഷിയാണോയെന്ന്‌ ഞാന്‍ ചോദിച്ചു.

`യക്ഷിയും പ്രേതവും ആണെങ്കില്‍ വേണ്ടില്ലായിരുന്നു.' അവന്‍ തുടര്‍ന്നു. യക്ഷിയേയും പ്രേതത്തേയുമൊന്നും അവന്‌ ഭയമില്ലത്രെ. ഒരു പുലിയായിരുന്നു അവനെ മാന്തിയത്‌.

`എന്നിട്ട്‌ ഗോപാലന്‍ എന്തുചെയ്‌തു?' എന്റെ ജിജ്ഞാസ കൊടുമുടി കയറിക്കൊണ്ടിരുന്നു.

എന്തുചെയ്യാനാ? അലറിവിളിച്ച്‌ വീട്ടുകാരെ ഉണര്‍ത്തിയാലോയെന്ന്‌ ആലോചിച്ചു പക്ഷേ, ഭയംകാരണം ശബ്‌ദം പൊങ്ങുന്നില്ല. തന്നെയുമല്ല ശബ്‌ദം ഉയര്‍ത്തിയാല്‍ പുലി ഒറ്റച്ചാട്ടത്തിന്‌ അവന്റെ കഴുത്തില്‍ പിടിക്കും. പിന്നെ ശബ്‌ദിക്കാനും പറ്റില്ല. പെട്ടന്നാണ്‌ അവന്റെ അഛന്‍ പറഞ്ഞുകൊടുത്ത വിദ്യ ഓര്‍മ്മവന്നത്‌. പുലിയുടെ കണ്ണിലേക്കുതന്നെ ഇമവെട്ടാതെ തുറിച്ച്‌ നോക്കുക. അങ്ങനെ പുലിയും അവനും നേരംവെളുക്കുവോളം പരസ്‌പരം കണ്ണില്‍കണ്ണില്‍ നോക്കിക്കൊണ്ടിരുന്നു. അവസാനം പുലിതന്നെ പരാജയപ്പെട്ടു. നേരം വെളുക്കാറായപ്പോള്‍ പുലി പിന്തിരിഞ്ഞ്‌ കാട്ടിലേക്ക്‌ ഓടിപ്പോയി.

ഗോപാലന്റെ ധൈര്യത്തെ ഞാന്‍ മനസ്സാല്‍ അഭിനന്ദിച്ചു. ക്‌ളാസ്സിലെ എന്റെ കൂട്ടുകാരോട്‌ സംഭവം വിവരിക്കുകയും ചെയ്‌തു.

`പുളുവടിക്കല്ലേ, സാമേ.' ഹെഡ്ഡ്‌ മാസ്റ്ററുടെ മകന്‍ കുര്യന്‍ കളിയാക്കി. `നിന്റെ ഗോപാലന്‍ ടാഴ്‌സനാണോടാ പുലിയെ നോക്കിപേടിപ്പിക്കാന്‍?'

`സത്യമാണെടാ, ഗോപാലന്‍ എന്നോട്‌ പറഞ്ഞതാ.' കൂട്ടുകാരെ വിശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഫലമില്ലെന്ന്‌ കണ്ടപ്പോള്‍ ഗോപാലന്റെ വീരസാഹസിക കഥകള്‍ അവരോട്‌ പറയേണ്ടെന്ന്‌ ഞാന്‍ തീരുമാനിച്ചു.

അവനെപ്പറ്റിയുള്ള എന്റെ വീരാരാധനക്ക്‌ മങ്ങല്‍ സംഭവിച്ചത്‌ എനിക്ക്‌ നേരിട്ടറിയാവുന്ന ഒരു സംഭവത്തിന്‌ ശേഷമാണ്‌. പശുക്കളെ സംരക്ഷിക്കുകയായിരുന്നു ഗോപാലന്റെ പ്രധാനപ്പെട്ട ജോലിയെന്ന്‌ നേരത്തെ സൂചിപ്പിച്ചതാണല്ലോ. ഞങ്ങടെ രണ്ടുവയസുള്ള അമ്മിണിപ്പശു ഒരുദിവസം കയറുംപൊട്ടിച്ച്‌ എങ്ങോട്ടോ ഓടിപോയി. കയറിന്റെ ബലക്ഷയംകൊണ്ടാണ്‌ അല്ലാതെ ഗോപാലന്റെ അനാസ്ഥകൊണ്ടല്ല അങ്ങനെ സംഭവിച്ചതെന്ന്‌ അറിയാമായിരുന്നിട്ടും മമ്മ അവനെ ഒരുപാട്‌ ശകാരിച്ചു. പശുവിനെ തേടിയിറങ്ങിയ ഗോപാലന്‍ രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ തിരികെയെത്തിയത്‌.

എവിടായിരുന്നെടാ രണ്ടുദിവസമെന്ന്‌ മമ്മ ചോദിച്ചപ്പോള്‍ പശുവിനെ തിരക്കി നടക്കുകയായിരുന്നു എന്ന്‌ മറുപടി.

`എന്നിട്ട്‌ പശുവിനെ കിട്ടിയോ?' വല്ല്യമ്മച്ചിക്ക്‌ ജിജ്ഞാസ.

ലോകം കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ വിജയഭാവത്തോടെ അവന്‍ പറഞ്ഞു, `അവസാനം കണ്ടുകിട്ടി അമ്മച്ചി. തോട്‌ നീന്തിക്കടന്ന്‌ അവള്‍ അക്കരെയുള്ള ഒരുതോട്ടത്തില്‍ മേഞ്ഞുനടക്കുകയായിരുന്നു. പിടിച്ച്‌ ഒരുമരത്തേല്‍ കെട്ടിയിട്ടിട്ടാണ്‌ ഞാന്‍ പോന്നത്‌. ഉടമസ്ഥര്‍ ആരെങ്കിലും ചെല്ലാതെ പശുവിനെ തന്നുവിടത്തില്ലെന്നാണ്‌ അവിടെ നാട്ടുകാര്‍ പറയുന്നത്‌.'

പപ്പ സ്ഥലത്തില്ലാഞ്ഞതുകൊണ്ട്‌ ഉടമസ്ഥന്റെ ചുമതല മമ്മ എന്നെ ഏല്‍പിച്ചു, `മോന്‍കൂടി ചെല്ല്‌ ഗോപാലന്റെ കൂടെ. ആരെങ്കിലും ചോദിച്ചാല്‍ ഏബ്രഹാം ഡോക്‌ട്ടറുടെ മകനാണെന്ന്‌ പറഞ്ഞാല്‍ മതി. പപ്പയെ എല്ലാവരും അറിയും.'

അങ്ങനെ പുതിയൊരു ദൗത്യവുമായി ഗോപാലന്റെകൂടെ ഞാനും പുറപ്പെട്ടു. തോടുംകടന്ന്‌ അവന്‍ പറഞ്ഞ തോട്ടത്തിലെത്തിയപ്പോള്‍ അമ്മിണി ഞങ്ങളേയും പ്രതീക്ഷിച്ച്‌ അവിടെ നില്‍പുണ്ടായിരുന്നു എന്റെ പേരും അഡ്രസ്സുമൊന്നും ആരും ചോദിക്കാഞ്ഞതുകൊണ്ട്‌ പശുവിനെ അഴിച്ചുകൊണ്ട്‌ പോരാന്‍ ഞങ്ങള്‍ തയ്യാറായി. പെട്ടന്നാണ്‌ രണ്ട്‌ തടിമാടന്മാര്‍ എവിടെനിന്നോ ചാടിവീണത്‌. അവര്‍ ഗോപാലനെ തലങ്ങും വിലങ്ങും അടിച്ചു. എന്തിനാണ്‌ കാര്യമില്ലാതെ അവനെ തല്ലുന്നതെന്ന്‌ അതിശയിച്ച്‌ നില്‍കുമ്പോള്‍ അതിലൊരുത്തന്‍ അടി നിറുത്തിയിട്ട്‌ എന്നോടായിട്ട്‌ പറഞ്ഞു., `ഇത്‌ ഞങ്ങടെ പശുവാണ്‌. ഇവന്‍ ഇതിനെ ഞങ്ങടെ പറമ്പില്‍നിന്ന്‌ അഴിച്ചോണ്ട്‌ പോന്നതാ.'

ഞാന്‍ പശുവിന്റെ മുഖത്തേക്ക്‌ നോക്കി. ശരിയാണ്‌ അവര്‍ പറഞ്ഞത്‌. അമ്മിണിപശുവിന്റെ നെറ്റിയില്‍ ഒരു വെള്ളപ്പാണ്ട്‌ ഉണ്ടായിരുന്നു. ഈ പശുവിന്‌ അതില്ല.

ആവശ്യമില്ലാതെ അടിവാങ്ങിച്ച ഗോപാനേയുംകൂട്ടി ഞാന്‍ തിരികെപ്പോന്നു. സംഭവം അറിഞ്ഞപ്പോള്‍ വീട്ടുകാരും നാട്ടുകാരും വേണ്ടുവോളം അവനെ കളിയാക്കി.

`മണ്ടന്‍, നീയിങ്ങനെ ഒരു കഴുതയായിപ്പോയല്ലോടാ,' പപ്പ ശകാരിച്ചു.

അതിനുശേഷമാണ്‌ അവനോടുളള എന്റെ വീരാധന നിശ്ശേഷം ഇല്ലാതായത്‌. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങടെ അമ്മിണിപ്പശു ദേശാടനംകഴിഞ്ഞ്‌ തിരികെയെത്തി എരുത്തിലില്‍ അവളുടെ സ്ഥാനത്തുവന്ന്‌ ഒന്നുമറിയാത്തതുപോലെ കിടപ്പായി.

ഗോപാലന്‍ മലവെള്ളത്തില്‍ ഒഴുകിപ്പോയതിന്‌ നാട്ടുകാര്‍ സാക്ഷിയാണ്‌. മണിമലയാറിന്റെ പോഷകനദിയായ ചിറ്റാറ്‌ ഞങ്ങടെ വീടിന്‌ സമീപത്തുകൂടിയാണ്‌ ഒഴുകുന്നത്‌. മഴക്കാലത്ത്‌ ദിവസങ്ങളോളം നിറുത്തില്ലാതെ മഴപെയ്യുമ്പോള്‍ തോട്‌ കഴിഞ്ഞൊഴുകും. തോട്ടില്‍കൂടി തടിയും വീട്ടുപകരണങ്ങളും മറ്റും ഒഴുകിവരുന്നത്‌ പിടിക്കാന്‍ നാട്ടുകാര്‍ കയറും നീളമുള്ള മുളയും മറ്റുമായി കരയില്‍ സ്ഥലംപിടിക്കും. നല്ല നീന്തല്‍
അറിയാവുന്ന ചിലര്‍ വെള്ളത്തില്‍ ചാടി തടിക്കഷണങ്ങളും മറ്റും പിടിച്ചെടുക്കുന്നത്‌ കാണാന്‍ ഞാനും പോയിനില്‍ക്കാറുണ്ടായിരുന്നു. ഗോപാലന്‌ നീന്തല്‍ വശമുണ്ടെന്ന്‌ അതുവരെ എനിക്ക്‌ അറിയില്ലായിരുന്നു. കൂലംകുത്തിപ്പായുന്ന പെരുവെള്ളത്തില്‍കൂടി ഒരു തടിക്കട്ടില്‍ ഒഴുകിവരുന്നത്‌ കണ്ടതുകൊണ്ടാണ്‌ അവന്‍ എടുത്ത്‌ ചാടിയത്‌.

`ഗോപാലാ ഏതെങ്കിലും കരക്ക്‌ അടുപ്പിക്കെടാ,' കരയില്‍നിന്ന്‌ ആരോ വിളിച്ചുപറഞ്ഞു.

അവന്‍ എത്രശ്രമിച്ചിട്ടും കട്ടിലിന്റെ സമീപത്തേക്ക്‌ എത്തുന്നില്ലെന്ന്‌ ഞാന്‍ കണ്ടു. കട്ടിലിന്റെ പിന്നാലെ ഗോപാലനും താഴേക്ക്‌ ഒഴുകുകയാണ്‌. വെള്ളത്തിന്റെ മുകളില്‍ അവന്റെ തലമാത്രമേ കാണാനുള്ളു. ക്രമേണ അതും അപ്രത്യക്ഷമായി. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ ഭയപ്പെട്ടുനിന്ന എന്നെ സമീപത്ത്‌ നിന്നിരുന്നവരുടെ സംസാരമാണ്‌ ആശ്വസിപ്പിച്ചത്‌.

`അവന്‍ നല്ല നിന്തല്‍കാരനാ. ഏതെങ്കിലും കരക്ക്‌ കയറിക്കാണും.'

ഗോപാലന്‌ ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെയാണ്‌ ഞാന്‍ വീടുപൂകിയത്‌.

ഗോപാലന്‍ വെള്ളത്തില്‍ ഒഴുകിപ്പോയെന്ന്‌ പറഞ്ഞിട്ടും വീട്ടിലാര്‍ക്കും യാതൊരു പരിഭ്രമവും ഉണ്ടാകാഞ്ഞത്‌ എന്നെ അത്ഭുതപ്പെടുത്തി. അന്ന്‌ രാത്രിയും പിറ്റേന്നും അതിന്റെ പിറ്റേന്നും ഗോപാലനെ കാണാഞ്ഞപ്പോള്‍ വീട്ടുകാരും നാട്ടുകരും അസ്വസ്ഥരായി. മണിമലയാറ്റില്‍ ഒരു പുരുഷന്റെ ശവംകണ്ടെന്ന്‌ ആരോ പറഞ്ഞപ്പോള്‍ ഞാനും വീട്ടുകാരും ശരിക്കും പരിഭ്രമിച്ചു. പോയിനോക്കാന്‍ പപ്പ ഒരാളെ പറഞ്ഞയച്ചു. ഒരു ശവവും എവിടെയും കണ്ടില്ലെന്ന്‌ അയാള്‍ തിരികെവന്ന്‌ അറിയിച്ചു.

ഗോപാലന്റെ ഗുണഗണങ്ങളപ്പറ്റി വീട്ടില്‍ മമ്മയും വല്ല്യമ്മച്ചിയും ചര്‍ച്ചചെയ്‌തു. `മണ്ടച്ചാരായിരുന്നെങ്കിലും വിശ്വസ്ഥനായിരുന്നു.'

`അവന്‍ ചത്തിട്ടൊന്നും ഉണ്ടായിരിക്കത്തില്ല.' പപ്പയുടെ അഭിപ്രായം.

ഗോപാലന്‌ ഒന്നും സംഭവിക്കരുതേയെന്ന്‌ മൂന്ന്‌ രാത്രികളില്‍ ഞാന്‍ പ്രാര്‍ഥിച്ചു. എന്റെ പ്രാര്‍ഥനയുടെ ഫലമായിട്ടാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു നാലാംനാള്‍ ഗോപാലന്‍ തിരിച്ചെത്തി.

എവിടായിരുന്നെടാ ഇത്രയും ദിവസം എന്ന്‌ പപ്പ ചോദിച്ചതിന്‌ വീട്ടില്‍ പോയിരുന്നു എന്ന്‌ മറുപടി. `ഒരു കാല്‌ ഒടിഞ്ഞതാണെങ്കിലും നല്ലൊരു തേക്കുകട്ടില്‍ കിട്ടിയത്‌ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. അഛനിപ്പോള്‍ അതേലാ കെടക്കുന്നത്‌.'

`ഒരുകാലൊടിഞ്ഞ കട്ടിലേല്‍ എങ്ങനാടാ കെടക്കുന്നത്‌?' മമ്മക്ക്‌ സംശയം.

'മൂന്നാല്‌ വെട്ടുകല്ല്‌വെച്ച്‌ ആഭാഗത്ത്‌ താങ്ങുകൊടുത്തു.' ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക്ക്‌ ന്യൂട്ടന്റെ മുഖഭാവത്തോടെ അവന്‍ പറഞ്ഞു.

ഒരു ദിവസം ആരോടും ഒന്നും പറയാതെ ഗോപാലന്‍ പോയി. അവന്റെ സ്വഭാവം അറിയാവുന്ന വീട്ടുകാര്‍ അതില്‍ അത്ഭുതപ്പെട്ടില്ല. അവനെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.

സാം നിലമ്പള്ളില്‍.
sam3nilam@yahoo.com
ഗോപാലനെ ഓര്‍ക്കുമ്പോള്‍ (കഥ: സാം നിലമ്പള്ളില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക