Image

ദേശീയ നഴ്‌സസ്‌ ദിനവും മാതൃദിനവും (ജി.പുത്തന്‍കുരിശ്‌)

Published on 16 May, 2015
ദേശീയ നഴ്‌സസ്‌ ദിനവും മാതൃദിനവും (ജി.പുത്തന്‍കുരിശ്‌)
ദേശീയ നഴ്‌സസ്‌ ദിനവും മാതൃദിനവും അടുത്തടുത്താഘോഷിക്കപ്പെടുന്ന ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന്‌, അവസരങ്ങളുടെ രാജ്യമായ ഈ അമേരിക്കയില്‍, കുടിയേറി മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളെ കഠിനാദ്ധ്വാനത്തിലൂടേയും ത്യാഗോജ്‌ജലങ്ങളായ അവരുടെ ജീവിതത്തിലൂടേയും സ്‌പര്‍ശിച്ച്‌ ധന്യമാക്കിയ, മലയാളികളുടെ അഭിമാനമായ, ഈ സഹോദരികളേ ഓര്‍മ്മിക്കുന്നതും ഹൃദയംഗമായി അഭിവാദനം ചെയ്യുന്ന ഈ ചെറിയ പ്രവര്‍ത്തിയില്‍ ഏതൊരു മലയാളിക്കും അഭിമാനം കൊള്ളാവുന്നതണ്‌. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയക്കൊടി പാറിച്ചു നില്‌ക്കുന്ന അടുത്ത തലമുറയിലെ ഒരു നല്ല ശതമാനം വ്യക്‌തികള്‍ക്കും അവരുടെ വിജയത്തിന്റെ കാരണം ആരായുമ്പോള്‍ മാതൃസ്‌നേഹം തുളുമ്പുന്ന ഒരു നഴ്‌സിനെ കാണാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

മനുഷ്യാരോഗ്യ സംരക്ഷണ വിഭാഗത്തിലെ ഏറ്റവും ഉദാത്തമായ ഒരു തൊഴിലാണ്‌ നഴ്‌സിങ്ങ്‌. ഒരു വ്യക്‌തിയുടെ ആരോഗ്യ സംരക്ഷണത്തിലൂടെ ആ കുടുംബത്തിന്റെ, സമൂഹത്തിന്റെ മാനസ്സികവും ഭൗതികവുമായ ആരോഗ്യത്തെ ശ്രേഷ്‌ഠതരമാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക്‌ അനുഭവിച്ചറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരോ നഴ്‌സും ഒുരു വ്യക്‌തിയുടെ ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികള്‍ അസുത്രണം ചെയ്യുമ്പോള്‍, രോഗി ഭിഷഗ്വരര്‍, രോഗശമന ശാസ്‌ത്രത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍, രോഗിയുടെ കുടുംബം കൂടാതെ അവരുടെ സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും. മാതൃസ്‌നേഹത്തില്‍ അധിഷ്‌ഠിതമായി ആതുര ശുശ്രൂഷ പദ്ധതികള്‍ തയ്യാറാക്കുന്ന ഇക്കൂട്ടരുട ശുശ്രൂഷ എത്രമാത്രം ഫലപ്രദമായിരിക്കുമെന്ന്‌ വായനക്കാര്‍ക്ക്‌ ചിന്തിക്കാവുന്നതെയുള്ളു.

ആധുനിക നഴ്‌സിങ്ങ്‌ തൊഴിലിനെ രുപാന്തരപ്പെടുത്തിയവരുടെ പേരുകള്‍ പരിശോധിക്കുമ്പോള്‍, ഫോളറന്‍സ്‌ നൈറ്റിങ്ങേല്‍ എന്ന വനിത ഒരു രാപ്പാടി കുരുവിയേപ്പോലെ നമ്മളുടെ മനസ്സിന്റെ കണ്ണാടിയില്‍ തെളിഞ്ഞു നില്‌ക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്രൈമിയന്‍ യുദ്ധത്തില്‍ മുറിവേറ്റ ഭടമാരെ ശുശ്രൂഷിക്കുമ്പോള്‍, നഴ്‌സിങ്ങ്‌ തൊഴിലിനെ കൂടുതല്‍ ക്രമീകരിക്കണ്ടതിന്റെ ആവശ്യകഥയെക്കുറിച്ച്‌ ബോധവതിയാകുകയും, നഴ്‌സ്‌, ജോലി സമയത്ത്‌ ധരിക്കേണ്ട വസ്‌ത്രം, അവരുടെ പഠനത്തിനാവശ്യമായ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കൊക്കെ രൂപകല്‌പന നല്‍കുകയും ചെയ്‌തു. ഫോളറന്‍സ്‌ നൈറ്റിങ്ങേലില്‍ നിന്നും ആവേശമുള്‍ക്കൊണ്ട്‌ ആയിരത്തി എണ്ണൂറ്റി എഴുപത്തിയൊന്നില്‍ മദ്രാസില്‍ ആദ്യത്തെ നഴ്‌സിങ്ങ്‌ സ്‌കൂള്‍ സ്ഥാപിതമായി. ആയിരത്തി തൊള്ളായിരത്തില്‍ ഐഡാ സോഫിയാ സ്‌കഡറിന്റെ നേതൃത്വത്തില്‍ വെല്ലൂരില്‍ സ്ഥാപിതമായ സി.എം.സി കോളേജ്‌ ഓഫ്‌ നഴ്‌സിങ്ങും മലയാളക്കരയിലെ പല സ്‌ത്രീകളേയും നഴ്‌സിങ്ങി തൊഴിലിലേക്ക്‌ ആകര്‍ഷിക്കുന്നതില്‍ സ്വാധീനം ചെലുത്തുകയുണ്ടായി എന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഒരമ്മയുടെ കരങ്ങള്‍ മൃതുലമായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ ശാന്തമായി ഉറങ്ങാനാണെന്ന്‌ പറഞ്ഞ വിക്‌ടര്‍ യൂഗോ, എല്ലാ സ്‌നേഹത്തിന്റേയും ആരംഭവും അവസാനവും മാതൃത്വത്തിലാണെന്ന്‌ എഴുതിയ റോബര്‍ട്ട്‌ ബ്രൗണിങ്ങും, ജീവിതത്തിന്റെ ആരംഭംതന്നെ അമ്മയുടെ മുഖത്തെ സ്‌നേഹിച്ചുകൊണ്ടാണെന്ന്‌ പറഞ്ഞ ജോര്‍ജ്‌ എലിയറ്റും പരിമിതമായ തങ്ങളുടെ വാക്കുകളില്‍ മാതൃത്വത്തിന്റെ മഹിമയെ വാഴ്‌ത്തിയവരാണ്‌. അവസാനമില്ലാത്ത മാതൃ സ്‌നേഹത്തിന്റെ, വറ്റാത്ത കരുണയുടെ പ്രതിഫലനമാണ്‌, ക്രൂശിന്റെ ചുവട്ടില്‍ നിറമിഴികളോടെ നില്‌ക്കുന്ന മേരിയുടെ ചിത്രങ്ങളിലൂടെ നാം ദര്‍ശിക്കുന്നത്‌. ക്രൂരമായ കൊലപാതക കുറ്റങ്ങളില്‍ വധശിക്ഷക്ക്‌ വിധേയപ്പെട്ട്‌ സ്വന്തം മകന്‍ തുക്കുമരത്തിന്റെ മുന്നിലേക്ക്‌ നടക്കുമ്പോള്‍ ഒരു മാതാവിന്റെ ദൃഷ്‌ടിയില്‍ താന്‍ സ്‌നേഹിച്ചു വളര്‍ത്തിയ കുഞ്ഞിനെ മാത്രമെ അവര്‍ കാണുന്നുള്ളു അവനെ ക്രൂശിക്കയെന്ന്‌ അലറി വിളിക്കുന്ന ജന സമൂഹത്തിന്റെ ആരവം അവരുടെ ശ്രോതപടലങ്ങളില്‍ പതിക്കാറെയില്ല.

മലയാളി സമൂഹത്തിനും അടുത്ത തലമുറയ്‌ക്കും എന്നും അഭിമാനിക്കാവുന്ന ഒരു വലിയ സമൂഹമാണ്‌ കഠിനാദ്ധ്വാനികളും ത്യാഗികളുമായ അമേരിക്കയിലെ മലയാളി നഴ്‌സ്‌മാര്‍. ചുരുങ്ങിയ കാലയളവില്‍ ്‌. നഴ്‌സിങ്ങ്‌ രംഗത്തെ സാദ്ധ്യതകളെ ഉപരിവിദ്യാഭ്യാസത്തിലൂടെ പ്രയോചനപ്പെടുത്തി, അമേരിക്കന്‍ ആതുരരംഗത്ത്‌ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഇവര്‍ നേടിയ നേട്ടങ്ങള്‍ അസൂയാവാഹമാണ്‌. ഒരു സ്‌ത്രീയെ സംബന്ധിച്ചടത്തോളം മറ്റുള്ളവരെ വേദനിപ്പിക്കാതെയോ കുറ്റപ്പെടുത്താതയോ അവള്‍ക്ക്‌ സ്വന്തമായി അരമണിക്കുര്‍ അവകാശപ്പെടാനാവില്ല. മറ്റാരേക്കാളും വൈകി ഉറങ്ങാന്‍ പോകുന്നവളും നേരത്തെ ഉണരുന്നവളുമായ അവള്‍ക്ക്‌ ഒരു ദിവസത്തിലെ മണിക്കൂറുകള്‍ തികയുകയില്ല എന്ന്‌ പറഞ ഫോളറന്‍സ്‌ നൈറ്റിങ്ങേലിന്റെ വാക്കുകള്‍ നമ്മളുടെ മലയാളി നഴ്‌സ്‌ സഹോദരിമാരെ സംബന്ധിച്ചടത്തോളം എത്രമാത്രം ശരിയെന്നുള്ളതില്‍ രണ്ടു പക്ഷമില്ല. ദേശീയ നേഴ്‌സിങ്ങ്‌ ദിനവും മാതൃദിനവും കൊണ്ടാടുന്ന ഈ ദിനങ്ങളില്‍ എല്ലാ നഴ്‌സസിനും അമ്മമാര്‍ക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു

(ജി.പുത്തന്‍കുരിശ്‌)
ദേശീയ നഴ്‌സസ്‌ ദിനവും മാതൃദിനവും (ജി.പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക