Image

പ്രിയ പെണ്‍കുട്ടി, അതു നീയായിരിക്കും. `നേഴ്‌സ്‌' (പുനര്‍വായന: രാജു മൈലപ്ര)

Published on 17 May, 2015
പ്രിയ പെണ്‍കുട്ടി, അതു നീയായിരിക്കും. `നേഴ്‌സ്‌' (പുനര്‍വായന: രാജു മൈലപ്ര)
രണ്ടായിരാമാണ്ട്‌ പിറക്കുന്നതിനു മുമ്പ്‌ 1999 ഡിസംബറില്‍ എഴുതിയ ലേഖനം. നേഴ്‌സസ്‌ വാരാചരണത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്നു.

`ഒരുപാട്‌ കണ്ടു! ഒരുപാട്‌ കേട്ടു! ഒരുപാട്‌ അനുഭവിച്ചു' എന്നൊക്കെ പ്രായമുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. അമേരിക്കയില്‍ വന്ന്‌ അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പുതന്നെ പല മലയാളികളും ഈ പല്ലവി ഉരുവിട്ടു തുടങ്ങി. സൗഭാഗ്യങ്ങള്‍ മാത്രം പ്രതീക്ഷിച്ച്‌ ഈ കാനാന്‍ ദേശത്ത്‌ കാലുകുത്തിയവരില്‍ പലര്‍ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി മല്ലടിച്ചപ്പോള്‍ മുറിവേറ്റു.

ഈ സഹസ്രാബ്‌ദത്തിന്റെ അവസാനത്തെ പടവിലിരിക്കുന്ന ഒരു സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അമ്പരപ്പോടുകൂടി മാത്രമേ അതിനെ സ്വാഗതം ചെയ്യുവാന്‍ പറ്റുകയുള്ളൂ.

അറുപതുകളുടെ അവസാനത്തില്‍ എക്‌സ്‌ചേഞ്ച്‌ വിസയില്‍ വന്ന പുതിയ ഏതോ ഒരു നേഴ്‌സാണ്‌, ഇന്നത്തെ അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ അടിത്തറയിട്ടത്‌. അതിനു മുമ്പ്‌ ആദ്യം അമേരിക്കയില്‍ വന്ന പല മലയാളികളും ഉണ്ടായിരുന്നെങ്കിലും ജനിച്ച നാടിനോ വീടിനോ കാര്യമായ എന്തെങ്കിലും നന്മകള്‍ ചെയ്യുവാന്‍ അവര്‍ക്കു സാധിച്ചില്ല. കൂട്ടത്തില്‍ പഠിച്ച കൂട്ടുകാരികളെ അമേരിക്കയിലെത്തിക്കുക എന്ന സ്വാര്‍ത്ഥതയില്ലാത്ത കര്‍മ്മമാണ്‌ ആദ്യം വന്ന നേഴ്‌സുമാര്‍ ചെയ്‌തത്‌. അഞ്ചും ആറും പേര്‍ ഒരുമിച്ച്‌ ഒരു മുറിയില്‍ താമസിച്ച്‌ ചെലവു ചുരുക്കി ജോലി ചെയ്‌ത്‌ മിച്ചമുണ്ടാക്കിയ ഡോളര്‍ നാട്ടിലെത്തിച്ചപ്പോള്‍ ആരുമറിയാതെ നാടിന്റെ മുഖച്ഛായ മാറുകയായിരുന്നു. കിട്ടിയ ഡോളറിനെ ഏഴുകൊണ്ടു ഗുണിച്ചിട്ട്‌ `ഇത്രയും രൂഭാ എന്റെ മോള്‍ക്ക്‌ ഒരുമാസം അവിടെ കിട്ടുമെങ്കില്‍ കഷ്‌ടപ്പെട്ട്‌ അവളെ പഠിപ്പിച്ച്‌ ഈ നിലയിലാക്കിയ നമുക്ക്‌ എന്തുകൊണ്ടൊന്നു സുഖിച്ചുകൂടാ' എന്നായി പല മാതാപിതാക്കളുടേയും ചിന്ത. കുടിലിന്റെ സ്ഥാനത്തു കൊട്ടാരസദൃശ്യമായ വീടു പണിയാനുള്ള പദ്ധതിയായി പലര്‍ക്കും. ഒറ്റമുണ്ട്‌ മാത്രം ഉടുത്ത്‌ പറമ്പില്‍ പണിചെയ്‌തിരുന്ന പല തന്തമാര്‍ക്കും നട്ടുച്ചയ്‌ക്കുപോലും കമ്പിളിയുടുപ്പിടാതെ പുറത്തിറങ്ങാന്‍ പറ്റാതെയായി.

`നിന്റെ അനിയത്തിക്ക്‌ നല്ലൊരു ആലോചന വന്നിട്ടുണ്ട്‌. അമ്പതിനായിരം രൂപയും അമ്പതു പവന്റെ ആഭരണവും, ഒരു ആനയേയും കൊടുക്കാമെന്നു ഞാന്‍ വാക്കുകൊടുത്തുപോയി. എന്റെ മോളുവേണം അതു നടത്തിത്തരുവാന്‍. ഇനി ഇളയത്തുങ്ങളുടെ ചുമതല നിനക്കാണെന്നറിയാമല്ലോ?' യാതൊരു ഉളുപ്പുമില്ലാതെ അപ്പന്മാര്‍ മകള്‍ക്കെഴുതി. `ചേച്ചി, എനിക്കൊരു സ്‌കൂട്ടര്‍ വേണം. ഇക്കാലത്തു സ്‌കൂട്ടറില്ലാതെ കോളജില്‍ പോകുന്നതു വലിയ കുറച്ചിലാ'. ന്യായമായ അവകാശങ്ങള്‍ ആങ്ങളമാരും ഉന്നയിച്ചു. അറിഞ്ഞോ അറിയാതെയോ അമേരിക്കന്‍ നേഴ്‌സ്‌ ഒരു കറവപ്പശു ആകുകയായിരുന്നു. `എന്റെ മോള്‍ക്ക്‌ സുഖമാണോ? എന്നൊരു വരി എഴുതി ചോദിക്കുവാന്‍ പലരും മറന്നുപോയി. അമേരിക്കയിലുള്ള നേഴ്‌സുമാര്‍ക്ക്‌ സ്വന്തമായൊരു കുടുംബം വേണമെന്നു നാട്ടിലുള്ള ബന്ധുക്കളാരും ചിന്തിച്ചിട്ടില്ല.

ഒന്ന്‌, രണ്ട്‌, മൂന്ന്‌...വസന്തം പലകുറി കടുന്നുപോയി. കുടുംബത്തിന്റെ താങ്ങും തണലുമായി നിന്ന നേഴ്‌സുമാരില്‍ പലരുടേയും കല്യാണ പ്രായം അപവാദത്തിന്റെ ചൂടു കാറ്റേറ്റ്‌ കരിഞ്ഞുപോയി. പക്ഷെ അമേരിക്കന്‍ ഡോളറിന്റെ പിന്‍ബലത്തില്‍ പ്രായം ഒരു പ്രശ്‌നമായില്ല. അതുവരെ പ്രധാനമായും പട്ടാളക്കാരുടെ ഭാര്യാപദമലങ്കരിച്ചിരുന്ന നേഴ്‌സുമാരെ വരിക്കുവാന്‍ ഡിഗ്രിക്കാരും സൂപ്പര്‍ ഡിഗ്രിക്കാരും ക്യൂനിന്നു.

എഴുപതുകളുടെ ആരംഭം, അമേരിക്കയിലേക്കു വീണ്ടും മലയാളികളുടെ പ്രവാഹം. വലിയ പ്രശ്‌നങ്ങളുടെ ചെറിയ തുടക്കം. ടെക്‌നിക്കല്‍ നോ ഹൗ ഇല്ലാത്ത ഡിഗ്രിക്കാര്‍ തുച്ഛവേതനത്തിനു പണിയെടുക്കുവാന്‍ നിര്‍ബന്ധിതനായി. കട്ടന്‍ കിട്ടാതെ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നവര്‍ സായിപ്പിന്റെ കാലു തിരുമാന്‍ തയാറായി. തന്നേക്കാള്‍ വലിയ ശമ്പളം കൊണ്ടുവരുന്ന ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിനൊരു കോംപ്ലക്‌സ്‌. ഭാര്യവീട്ടിലേക്ക്‌ പണപ്രവാഹത്തിനു തടസമുണ്ടായി.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ആവശ്യങ്ങള്‍. മകന്‍ അമേരിക്കയില്‍ ചെന്നാലുടന്‍ തന്റെ നഷ്‌ടപ്രഭാവം വീണ്ടെടുക്കാമെന്നു കാരണവര്‍ കുറ്റം വിധിച്ചത്‌ മരുമകളെ! സന്തമായി ഒരു കുടുംബമുണ്ടായിട്ട്‌ സ്വസ്ഥമായി ഒരു ജീവിതം നയിക്കാമെന്നു കരുതിയിരുന്ന അമേരിക്കന്‍ മലയാളി നേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ പലതും പൊലിഞ്ഞുപോയി. ഒന്നിനു പകരും മൂന്നു കുടുംബക്കാരെ തൃപ്‌തിപ്പെടുത്തേണ്ട ഭാരിച്ച ചുമതല ആ തോളുകളില്‍. സിംഗിള്‍ ഡ്യൂട്ടിയില്‍ നിന്നും ഡബിള്‍ ഡ്യൂട്ടിയിലേക്ക്‌.

ഇതിനിടയില്‍ ഒരു പ്രസവം. പ്രസവാനന്തരം അമ്പത്താറ്‌ ദിവസം ആയുര്‍വേദ വിധിപ്രകാരം തയാറാക്കിയ എണ്ണയും കുഴമ്പും തേച്ച്‌ വേപ്പില വെള്ളത്തില്‍ കുളിച്ച്‌ ഉലുവാ കഞ്ഞിയും കുടിച്ച്‌ അനങ്ങാതെ കിടക്കേണ്ട ശരീരത്തെ അവഗണിച്ച്‌ സ്വയം കുളിച്ച്‌, സ്വയം പാചകം ചെയ്‌ത്‌, കുഞ്ഞിനേയും ഭര്‍ത്താവിനേയും ശുശ്രൂഷിച്ച്‌, ഒന്നാം മാസം കഴിയുമ്പോള്‍ തിരിച്ച്‌ ജോലിക്കു പോകേണ്ട ഒരു ഗതികേട്‌ മനസ്സിലെവിടെയോ വിദ്വേഷത്തിന്റെ പുകപടലങ്ങള്‍.

കൂട്ടത്തില്‍ മലയാളികള്‍ മത്സരിച്ചുള്ള കാറു വാങ്ങലും, വീടുവാങ്ങലും, അമേരിക്ക മുഴുവന്‍ പെട്ടിയിലാക്കി നാട്ടിലേക്ക്‌ ഒന്നു രണ്ട്‌ വെക്കേഷനുകള്‍! കടബാധ്യതകള്‍ കൂടിക്കൊണ്ടേയിരുന്നു. മലയാളികളുടെ സംഖ്യ വര്‍ധിച്ചപ്പോള്‍ പല സംഘടനകളുണ്ടായി. തുച്ഛശമ്പളക്കാരനായ ഭര്‍ത്താവിന്റെ സ്റ്റാറ്റസ്‌ സമൂഹത്തിലുയര്‍ത്താന്‍ ഭാര്യയുടെ പണം സഹായിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിനു സമയം കണ്ടെത്തിയ ഭര്‍ത്താവ്‌ കുടുംബകാര്യങ്ങള്‍ അവഗണിച്ച്‌ സുഹൃദ്‌ വലയങ്ങളില്‍ ആനന്ദം കണ്ടെത്തി. പല കുടുംബങ്ങളിലും മദ്യപാനം ക്യാന്‍സറിനെപ്പോലെ കടന്നുവന്നു.

`പള്ളിക്കുവേണ്ടി വല്ലപ്പോഴുമൊരു എക്‌സ്‌ട്രാ ഡ്യൂട്ടി ചെയ്‌താല്‍ അമേരിക്കയിലെപ്പോലെ തന്നെ സ്വര്‍ഗ്ഗത്തിലും നിന്റെ നാമം മഹത്വപ്പെടുത്തുമെന്ന്‌' പുരോഹിതന്മാര്‍ നേഴ്‌സുമാരെ ഉദ്‌ബോധിപ്പിച്ചു. എന്തെങ്കിലും എതിരഭിപ്രായം പറയുന്ന നേഴ്‌സുമാര്‍ അഹങ്കാരികളും വിവരദോഷികളുമായി.

ഭാര്യയുടെ അപ്പനപ്പൂപ്പന്മാര്‍ മുതല്‍ തെണ്ടികളായിരുന്നുവെന്നും, മറിച്ച്‌ തന്റെ വീട്ടില്‍ ഏഴു കുഴിയാനകളുണ്ടായിരുന്നുവെന്നും, ഈ ഒരു ബന്ധം മൂലമാണ്‌ ഭാര്യവീട്ടുകാര്‍ക്ക്‌ അല്‍പമെങ്കിലും ഒരു ചെറിയ സ്ഥാനം കിട്ടിയതെന്നും മറ്റും മദ്യപിച്ച്‌ സമനില തെറ്റിയ ഡിഗ്രിക്കാരന്‍ ഭര്‍ത്താവ്‌ വിളിച്ചുകൂവി. കുടുംബത്തിന്റെ മാനം കാക്കാന്‍വേണ്ടി ഭാര്യ `സര്‍വ്വംസഹ'യായി.

കാലം കഴിയുന്നു. എണ്‍പതുകളുടെ തുടക്കം. കുടുംബത്തിലെ മൂത്ത പുത്രിയായ അമേരിക്കന്‍ നേഴ്‌സിന്റെ തലയില്‍ കൂടുതല്‍ ചുമതലകള്‍ വന്നുവീണു. പൊന്നും പണവും വേണ്ടുവോളം കൊടുത്ത്‌ കെട്ടിച്ചയച്ച അനിയത്തിമാര്‍ക്കും കുടുംബത്തിനും അമേരിക്കയില്‍ വരാതെ ഉറക്കം വരില്ലത്രേ. അതിന്റെ അദ്യപടിയായി അപ്പനും അമ്മയും ഇറക്കുമതി ചെയ്യപ്പെട്ടു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കൂടിവന്നു. നിന്റെ കൂട്ടര്‍ക്ക്‌ ആകാമെങ്കില്‍ എന്തുകൊണ്ട്‌ എന്റെ കൂട്ടര്‍ക്ക്‌ ആയിക്കൂടാ? എന്നൊരു വാശിപ്പുറത്ത്‌ ഭര്‍ത്താവിന്റെ കൂട്ടരും എത്തി.

ഇതിനിടയില്‍ അറിഞ്ഞും അറിയാതെയും അപകടങ്ങളില്‍ ചെന്നു ചാടുന്ന ടീനേജ്‌ കുട്ടികളുടെ പ്രശ്‌നങ്ങളില്‍ നിന്നും `നിന്റെ ഒറ്റ ഒരുത്തിയുടെ കുഴപ്പമാ ഇതെല്ലാം' എന്നാരോപിച്ചുകൊണ്ട്‌ ഭര്‍ത്താവ്‌ മാറിനിന്നു. മക്കള്‌ വീട്ടിലില്ലാത്ത സമയം രാത്രി എട്ടുമണി കഴിഞ്ഞുവരുന്ന ഓരോ ഫോണ്‍കോളും `പോലീസിന്റേതാകരുതേ' എന്ന പ്രാര്‍ത്ഥനയോടെ മാത്രം ആന്‍സര്‍ ചെയ്യുവാന്‍ പറ്റുന്ന നിസ്സഹായാവസ്ഥ. കുട്ടികളുടെ പ്രശ്‌നങ്ങളുടെ പരിഹാരമായി ഭര്‍ത്താവ്‌ `സ്‌മോളടി ലാര്‍ജടിയാക്കി' മാറ്റി. നാവിനൊഴിച്ച്‌ ബാക്കിയെല്ലായിടവും തളര്‍ന്ന ഭര്‍ത്താവിനെ ഇടയ്‌ക്കിടെ പൊക്കിയെടുത്ത്‌ ആശുപത്രിയിലെത്തിക്കേണ്ട എക്‌സ്‌ട്രാ ഡ്യൂട്ടി ഭാര്യയുടെ ചുമതലയിലായി.

പണി ചെയ്യാതെ വെറുതെ വീട്ടില്‍ കുത്തിയിരിക്കുന്ന പലരും, നേഴ്‌സിനെ പരിഹസിച്ചുകൊണ്ടുള്ള കഥകളും നോവലുകളുമെഴുതി സാഹിത്യകാരന്മാരായി. രാപകലില്ലാതെ കഷ്‌ടപ്പെട്ട്‌ പണിചെയ്‌തുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയ വസ്‌ത്രാഭരണങ്ങള്‍ ഇട്ട്‌ വല്ലപ്പോഴുമൊന്ന്‌ അണിഞ്ഞൊരുങ്ങി നടക്കുന്നതിനെ അവര്‍ പുച്ഛിച്ചു. സാഹിത്യ സംഘടനകള്‍ അവാര്‍ഡുകള്‍ നല്‍കി അവരെ ആദരിച്ചു.

വെറ്റിലയില്‍ പൊതിഞ്ഞ വെള്ളിനാണയം പാദങ്ങളില്‍ ദക്ഷിണ വെച്ച്‌ എഴുന്നേല്‍ക്കുന്ന കൊച്ചുമക്കളെ കൈപിടിച്ചുയര്‍ത്തി, രണ്ടു കൈയ്യും ശിരസില്‍ വെച്ച്‌ അനുഗ്രഹിച്ച്‌ കല്യാണ പന്തലിലേക്ക്‌ പറഞ്ഞുവിടുവാന്‍ തക്ക പ്രായമുള്ള പല അമേരിക്കന്‍ മലയാളി നേഴ്‌സുമാരും ഇന്നും ഡബിള്‍ ഡ്യൂട്ടി ചെയ്‌ത്‌ തനിക്കു ചുറ്റുമുള്ള ഇത്തിള്‍ കണ്ണികളെ പോറ്റുവാന്‍ കഠിനാധ്വാനം ചെയ്യുന്നു. പതിനാറാമത്തെ വയസില്‍ അപ്പന്‍ കാണിച്ചുകൊടുത്ത ഏതോ ഒരപരിചിതന്റെ കൂടെ കയ്യില്‍ ഒരു കൊച്ചു `ട്രങ്കുപെട്ടി'യും തൂക്കിപ്പിടിച്ച്‌, മദ്ധ്യതിരുവിതാംകൂറിലെ ഏതോ ഒരു റെയില്‍വേ സ്റ്റേഷനില്‍നിന്നും കുടുംബ ഭദ്രതയ്‌ക്കുവേണ്ടി വടക്കോട്ട്‌ വണ്ടി കയറിയ ആ പെണ്‍കിട്ടിയുടെ യാത്ര ഇന്നും തുടരുകയാണ്‌.

ഈയാത്ര തുടങ്ങിയതെവിടെ നിന്നോ...?
ഇനിയൊരു വിശ്രമം എവിടെച്ചെന്നോ...?

`അമേരിക്കന്‍ മലയാളി പേഴ്‌സണ്‍ ഓഫ്‌ ദി മിലേനിയം' എന്നു പറഞ്ഞ്‌ ഒരാളെ ചൂണ്ടിക്കാണിക്കുവാന്‍ ആരെങ്കിലും എന്നോടാവശ്യപ്പെട്ടാല്‍ പ്രിയ പെണ്‍കുട്ടി, അതു നീയായിരിക്കും. `നേഴ്‌സ്‌'.
പ്രിയ പെണ്‍കുട്ടി, അതു നീയായിരിക്കും. `നേഴ്‌സ്‌' (പുനര്‍വായന: രാജു മൈലപ്ര)
Join WhatsApp News
Cherian Thomas 2015-05-18 20:06:58

Well written and a well deserving adoration to a not so recognized profession; even though they are the back bone of all the Malayalee immigrants in North America. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക