Image

ശരിദൂരം കണ്ടെത്തേണ്ടത്‌ ജനങ്ങള്‍

ജി.കെ. Published on 04 January, 2012
ശരിദൂരം കണ്ടെത്തേണ്ടത്‌ ജനങ്ങള്‍
നായന്‍മാരുടെ അട്ടിപ്പേറവകാശത്തെച്ചൊല്ലി സിപിഎമ്മും എന്‍എസ്‌എസും വീണ്ടും കൊമ്പു കോര്‍ത്തിരിക്കുന്നു. ക്ഷണിച്ചാലും വരാത്തവരാണ്‌ സിപിഎം നേതാക്കളെന്നും പെരുന്നയിലെ എന്‍എസ്‌എസ്‌ ആസ്ഥാനത്തെത്തിയാല്‍ ചില എല്‍ഡിഫ്‌ നേതാക്കള്‍ എയ്‌ഡ്‌സ്‌ ബാധിതരെപ്പോലെയാണ്‌ പെരുമാറുകയുമെന്ന എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്‌താവനയാണ്‌ എന്‍എസ്‌എസ്‌-സിപിഎം പോര്‌ വീണ്‌ടും മൂര്‍ച്ഛിപ്പിച്ചത്‌.

ഒരേസമയം ഇരുമുന്നണികളോടും തുല്യ അകലം പാലിക്കുന്ന സമദൂരം അവകാശപ്പെടുകയും തരാതരം പോലെ ഏതെങ്കിലും മുന്നണിയോട്‌ രഹസ്യചായ്‌വ്‌ നിലനിര്‍ത്തുയും ചെയ്യുക എന്നത്‌ എന്‍എസ്‌എസിനെ സംബന്ധിച്ചിടത്തോളും പുതുമയുള്ള കാര്യമൊന്നുമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌ വിരോധത്തിന്റെ പേരില്‍ മാത്രം ഇടതുമുന്നണിയെ എതിര്‍ത്ത്‌ ശരിദൂരം കണ്‌ടെത്തിയവരാണ്‌ പെരുന്നയിലെ നായന്‍മാര്‍. എന്നാല്‍ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നശേഷമെ തങ്ങള്‍ ഏതു ദൂരമാണ്‌ സ്വീകരിച്ചതെന്ന്‌ സുകുമാരന്‍ നായരും കൂട്ടരും തുറന്നു പറയാറുള്ളു എന്നു മാത്രം.

തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ ചില ഓല പാമ്പുകള്‍ കാട്ടി ഇരുമുന്നണികളെയും പേടിപ്പിച്ചു നിര്‍ത്തുക എന്ന നയമായിരുന്നു ഇതുവരെ നമ്മുടെ നാട്ടിലെ പ്രബലരായ എല്ലാ സമുദായ സംഘടനകളും സ്വീകരിച്ചു പോന്നിരുന്നത്‌. എന്‍എസ്‌എസ്‌ തന്നെയായിരുന്നു ഈ ഓല പാമ്പിലെ മൂര്‍ഖന്‍. എന്തായാലും എന്‍എസ്‌എസിന്റെ ഓലപ്പാമ്പ്‌ കണ്‌ട്‌ പേടിച്ചിട്ടാണോ അതോ പേടിക്കുന്ന പോലെ അഭിനച്ചിട്ടാണോ എന്നറിയില്ല ഇരുമുന്നണികളിലെയും പ്രമുഖര്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ തലയില്‍ മുണ്‌ടിട്ടും മുണ്‌ടിടാതെയുമെല്ലാം പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ച നടത്തി വരുന്ന ആചാരവും കാലാകാലങ്ങളായി കേരളത്തില്‍ നിലവിലുണ്‌ട്‌. ഇതിന്‌ എന്നെങ്കിലും ഒരു അവസാനമുണ്‌ടാകുമോ എന്ന്‌ ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലെന്ന ലളിതമായ ഉത്തരമാവും ജനങ്ങള്‍ക്ക്‌ ലഭിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിന്‌ കുറച്ചു കാലം മുമ്പ്‌ കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ നായന്‍മാര്‍ക്ക്‌ പരിഗണന നല്‍കിയില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ നേതാക്കളെ പെരുന്നയിലെ എന്‍എസ്‌എസ്‌ ആസ്ഥാനത്തിന്റെ ഏഴയലത്ത്‌ പോലും അടുപ്പിക്കാത്തവരായിരുന്നു എന്‍എസ്‌എസുകാര്‍. ഒടുവില്‍ കെ.സി.വേണുഗോപാലിനെ സഹമന്ത്രിയാക്കിയെങ്കിലും എന്‍എസ്‌എസിന്റെ മുഖം പൂര്‍ണമായും പ്രസാദിച്ചിരുന്നില്ല. അപ്പോഴാണ്‌ കൂട്ടത്തിലെ തലമുതിര്‍ന്ന നായരായ ബാലകൃഷ്‌ണ പിള്ള വി.എസിന്റെ ഹര്‍ജിയില്‍ അഴിക്കുള്ളിലായത്‌. അങ്ങനെയാണ്‌ തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന്‌ അവകാശപ്പെട്ടിരുന്ന എന്‍എസ്‌എസ്‌ പെട്ടെന്ന്‌ ശരിദൂരം കണ്‌ടെത്തിയത്‌. ഇപ്പോള്‍ മന്നം ജയന്തി ദിനത്തില്‍ അതേ എന്‍എസ്സിന്റെ വേദി യുഡിഎഫ്‌ സമ്മേളന വേദി പോലെയായിരുന്നു.

ഭരണത്തിലിരുന്നപ്പോള്‍ എന്‍എസ്‌എസിനു വേണ്‌ടി ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്ന വിവാദ ദേവസ്വം ബില്‍ പോലും വേണ്‌ടെന്നുവെച്ച സിപിഎമ്മിന്‌ ഇപ്പോള്‍ കിട്ടുന്നതെല്ലാം അര്‍ഹിക്കുന്ന തിരിച്ചടി തന്നെയാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം മാറുമെന്നറിഞ്ഞാല്‍ പെരുന്നയിലെ വേദിയില്‍ ഇന്ന്‌ നിരന്നിരുന്ന ഇതേ യുഡിഎഫ്‌ നേതാക്കളെയും സുകുമാരന്‍ നായര്‍ തള്ളിപ്പറയും. അപ്പോഴും സമുദായ നേതാക്കളെ പ്രീതിപ്പെടുത്താനായി നിയമനിര്‍മാണങ്ങള്‍ മാറ്റിവെയ്‌ക്കുകയും മന്നം ജയന്തി ദിവസം നായന്‍മാര്‍ക്ക്‌ മാത്രം അവധി അനുവദിക്കുന്ന രീതിയില്‍ പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ഭോഷത്തരങ്ങള്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം ആവര്‍ത്തിച്ചുകൊണ്‌ടേയിരിക്കും.

പിണറായി വിജയന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒരു സമുദായത്തിന്റെയും അട്ടിപ്പേറവകാശം ഏതെങ്കിലും ഒരു സംഘടനയ്‌ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല. സമുദായ അംഗങ്ങള്‍ എന്നതിനേക്കാള്‍ ഉപരി അവര്‍ ഈ നാട്ടിലെ പൗരന്‍മാരാണെന്ന കാര്യം നമ്മുടെ രാഷ്‌ട്രീയ നേതൃത്വം പലപ്പോഴും മറന്നു പോകുന്നു. നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം നിലപാട്‌ മാറ്റുന്ന സമുദായ സംഘടനകള്‍ക്ക്‌ എങ്ങിനെയാണ്‌ സമുദായത്തിന്റെ മൊത്തം പ്രാതിനിധ്യം അവകാശപ്പെടാനാകുക. ഇവര്‍ക്കു വേണ്‌ടിയാണോ നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികള്‍ നിയമനിര്‍മാണംപോലും മാറ്റിവെയ്‌ക്കുന്നത്‌.

സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും കത്തോലിക്ക ബാവയായാലും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമുദായങ്ങളെ മുന്‍ നിര്‍ത്തി കളിക്കുന്ന ഇത്തരം നാടകങ്ങള്‍ക്ക്‌ നമ്മുടെ സംസ്ഥാനത്തെ പ്രമുഖരായ ഇരുമുന്നണികളും തലകുനിച്ചു നിന്നുകൊടുക്കുന്ന ഈ ഏര്‍പ്പാട്‌ ഇനി എന്നെങ്കിലും നിലയ്‌ക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ ജനങ്ങള്‍ക്കില്ല. അതുകൊണ്‌ട്‌ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന മുന്നണികളോടും സമുദായങ്ങളോടും ഇനിയെങ്കിലും ശരിദൂരം കണ്‌ടെത്തേണ്‌ടത്‌ ജനങ്ങളുടെ കടമയാണ്‌. അത്‌ അവരെങ്കിലും ഭംഗിയായി നിര്‍വഹിക്കുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക