Image

മെല്‍ബണിലും ഒരു ട്രാവന്‍കൂര്‍

Published on 04 January, 2012
മെല്‍ബണിലും ഒരു ട്രാവന്‍കൂര്‍
മെല്‍ബണ്‍: കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമല്ല അങ്ങകലെ ഓസ്‌ട്രേലിയയിലെ മെല്‍ബണിനു സമീപവും ട്രാവന്‍കൂര്‍ എന്നു പേരുളള ഒരു സ്ഥലമുണ്ട്. ഈ പേരു വന്നതിനു പിന്നിലെ കഥയോ അതീവ രസകരം. സെന്‍ട്രല്‍ മെല്‍ബണില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ മൂണീവാലി സിറ്റിയിലാണ് മറുനാടന്‍ ട്രാവന്‍കൂര്‍ സഥിതിചെയ്യുന്നത്. 

കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ. പണ്ട് ഇവിടെ താമസിച്ചിരുന്ന ഹെന്റി മാഡന്‍ എന്നൊരു കുതിരക്കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിനും എസ്‌റ്റേറ്റിനുമൊക്ക ട്രാവന്‍കൂര്‍ എന്നു പേരു നല്‍കി. അതിനൊരു കാരണമുണ്ട് ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്ന ഹെന്റി സ്ഥലപ്പേരുകള്‍ ഹൃദിസ്ഥമാക്കുന്നതില്‍ തല്‍പരനായിരുന്നു. അങ്ങനെയാവണം അന്നത്തെ തെക്കേ ഇന്ത്യന്‍ നാട്ടുരാജ്യമായിരുന്ന ട്രാവന്‍കൂറിന്റെ പേര് കടമെടുത്ത് അദ്ദേഹം തന്റെ ബംഗ്ലാവിന് 'ട്രാവന്‍കൂര്‍ മാന്‍ഷന്‍ എന്നു നാമകരണം നടത്തിയത്. എന്തായാലും മലയാളിപ്പേര് മറുനാട്ടില്‍ ഹിറ്റായി.

അടുത്തയിടെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നു നിധി കണ്ടെടുത്ത വാര്‍ത്ത ലോക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ തിരുവിതാംകൂറും(ട്രാവന്‍കൂര്‍) ഇവിടുത്തെ രാജവംശവുമൊക്കെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. അതോടെയാണ് മെല്‍ബണിനു സമീപമുളള ട്രാവന്‍കൂറിന് കേരളവുമായുളള ബന്ധത്തെക്കുറിച്ചും സ്ഥപ്പേരിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ ആള്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയത്.

കടംകയറി കുത്തുപാളയെടുത്ത ഹ്യൂ ഗ്ലാസ് എന്ന ബിസിനസുകാരനില്‍ നിന്നുമാണ് മാഡന്‍ ഈ ബംഗ്ലാവും എസ്‌റ്റേറ്റും വാങ്ങിയതെന്നു പറയപ്പെടുന്നു. അന്ന് അതിന്റെ പേര് ഫ്‌ളെമിങ്ടണ്‍ ഹൗസ് എന്നായിരുന്നു. മാഡനാണ് പുതിയ പേരു നല്‍കിയത്. കാലക്രമേണ മാഡന്‍ ആ ബംഗ്ലാവും വസ്തുവകകളും വില്‍ക്കുകയും അവ ഏറ്റെടുത്ത ഗവണ്‍മെന്റ് അതിനെ വിഭജിക്കുകയും ചെയ്തു. 

എന്നാല്‍ ഈ ബംഗ്ലാവിനും എസ്‌റ്റേറ്റിനും സമീപമുളള തെരുവുകള്‍ ഇന്ത്യന്‍ പേരുകളില്‍ അറിയപ്പെട്ടു. ആഗ്ര സ്ട്രീറ്റ്, കശ്മീര്‍ സ്ട്രീറ്റ്, ബറോഡ സ്ട്രീറ്റ്, ലക്‌നൗ സ്ട്രീറ്റ്, മുള്‍ട്ടാന്‍ സ്ട്രീറ്റ്, മാംഗ്ലൂര്‍ സ്ട്രീറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

ട്രാവന്‍കൂര്‍ മാന്‍ഷന്‍ പിന്നീട് വിക്‌ടോറിയന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഏറ്റെടുത്ത് സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങി. 1945 ല്‍ പഴയ ട്രാവന്‍കൂര്‍ മാന്‍ഷന്‍ പൊളിച്ചെങ്കിലും ഇപ്പോഴും ആ പേരു നിലനില്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക