Image

പത്രാധിപരെ ഭീഷണിപ്പെടുത്തിയ ജര്‍മന്‍ പ്രസിഡന്റ്‌ കസേര ഉറപ്പിക്കാന്‍ ക്ഷമ പറഞ്ഞു

Published on 05 January, 2012
പത്രാധിപരെ ഭീഷണിപ്പെടുത്തിയ ജര്‍മന്‍ പ്രസിഡന്റ്‌ കസേര ഉറപ്പിക്കാന്‍ ക്ഷമ പറഞ്ഞു
ബര്‍ലിന്‍: ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്‌ത്യന്‍ വുള്‍ഫ്‌ 2008ല്‍ മുഖ്യമന്ത്രിയായിരിക്കെ ഭവന വായ്‌പയുമായി ബന്ധപ്പെട്ട്‌ അഴിമതി നടത്തിയെന്ന ആരോപണം വെളിച്ചത്തു കൊണ്ടുവന്ന ബില്‍ഡ്‌ പത്രത്തിന്റെ പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തിയത്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ചെയ്‌ത വലിയ തെറ്റാണെന്ന്‌ ബുധനാഴ്‌ച രാഷ്‌ട്രത്തിനു നല്‍കിയ സന്ദേശത്തില്‍ പ്രസിഡന്റ്‌ വുള്‍ഫ്‌ തുറന്നു സമ്മതിച്ചു.

ജര്‍മനിയിലെ പ്രധാന ടിവി ചാനലുകളായ എആര്‍ഡിയും, ഇസഡ്‌ ഡിഎഫും സംയുക്‌തമായാണ്‌ പ്രസിഡന്റുമായുള്ള അഭിമുഖം പുറത്തുവിട്ടത്‌.
ടിവി ചാനലുകള്‍ക്ക്‌ നല്‍കിയ മുഖാമുഖത്തില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ കുമ്പസാരിച്ച പ്രസിഡന്റ്‌ രാജി വയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും 2015 വരെ ജര്‍മന്‍ പ്രസിഡന്റായി തുടരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

മാനുഷികമായ തെറ്റുകള്‍ തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ടെന്നും തെറ്റു മനസ്സിലാക്കിയപ്പോള്‍ ബില്‍ഡ്‌ പത്രാധിപരായ കായ്‌ ഡിക്‌മാനെ നേരിട്ട്‌ ബന്ധപ്പെട്ടു ക്ഷമാപണം നടത്തിയതായും പ്രസിഡന്റ്‌ വുള്‍ഫ്‌ തുടര്‍ന്നു വെളിപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്‌ഥാപനങ്ങളെയും താന്‍ ആദരിക്കുന്നതായും പത്രങ്ങളുടെ വായ്‌ മൂടിക്കെട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ്‌ വുള്‍ഫ്‌ ഒരു മണിക്കൂറിലധികം നീണ്ട അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ വുള്‍ഫിന്റെ ക്ഷമാപണം വെറും നാടകമാണെന്നും കസേര ഉറപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ്‌ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളായ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയും ഗ്രീന്‍പാര്‍ട്ടിയും പറയുന്നത്‌.

പത്രാധിപരെ ഭീഷണിപ്പെടുത്തിയ പ്രസിഡന്റ്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്ന്‌ ജര്‍മന്‍ ജേണലിസ്‌റ്റ്‌ സംഘടനയും പ്രസ്‌താവന പുറപ്പെടുവിച്ചിട്ടുണ്ട്‌.

പ്രസിഡന്റ്‌ വുള്‍ഫിന്റെ നടപടിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‌ തികച്ചും അതൃപ്‌തിയാണുള്ളത്‌.
പത്രാധിപരെ ഭീഷണിപ്പെടുത്തിയ ജര്‍മന്‍ പ്രസിഡന്റ്‌ കസേര ഉറപ്പിക്കാന്‍ ക്ഷമ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക