Image

ബ്രിട്ടണില്‍ നികുതി വര്‍ധനവും പണപെരുപ്പവും ജീവിതനിലവാരം ദുസഹമാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 January, 2012
ബ്രിട്ടണില്‍ നികുതി വര്‍ധനവും പണപെരുപ്പവും ജീവിതനിലവാരം ദുസഹമാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്‌ടന്‍: ബ്രിട്ടണില്‍ നികുതി വര്‍ധനവും പണപെരുപ്പവും ജീവിതനിലവാരം ദുസഹമാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതു മൂലം ബ്രിട്ടീഷ്‌ കുടുംബങ്ങള്‍ക്ക്‌ 1400 പൗണ്‌ട്‌ വീതം നഷ്ടമാകും. വിലക്കയറ്റം, ശമ്പളം കുറയ്‌ക്കല്‍, ബില്ലുകളിലുണ്‌ടാകുന്ന വര്‍ധന ഇവയെല്ലാം ബ്രിട്ടീഷ്‌ കുടുംബങ്ങളെ ബാധിക്കുമെന്നാണ്‌ വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നത്‌.

നാഷണല്‍ ഇന്‍ഷ്വറന്‍സ്‌ വിഹിതത്തിലെ വര്‍ധന, വാറ്റ്‌, നികുതി ഇളവുകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള തീരുമാനം മൂലം കുടുംബചെലവുകളെ ബാധിക്കുമെന്ന്‌ ഇന്റസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസ്‌കല്‍ സ്റ്റഡീസും ഫാമിലി ആന്‍ഡ്‌ പേരന്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടും(എഫ്‌പിഐ) സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളുള്ള കുടുംബങ്ങളെയാണ്‌ ചെലവുചുരുക്കല്‍ നടപടിക്രമങ്ങള്‍ ഏറെയും ബാധിക്കുകയെന്ന്‌ എഫ്‌പിഐയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡോ. കാതറിന്‍ റേക്‌ പറഞ്ഞു. ഇപ്പോള്‍ത്തന്നെ ആയിരം പൗണേ്‌ടാളം കുട്ടികളുള്ള കുടുംബത്തിന്‌ കൂടുതല്‍ ചെലവഴിക്കേണ്‌ടതായി വരുന്നുണ്‌ട്‌. ഇതിനു പുറമേയാണ്‌ പുതിയ ചെലവുകള്‍ വരുന്നത്‌. ചെറിയ കുട്ടികളുള്ള കുടംബത്തിന്‌ കൂടുതല്‍ കരുതല്‍ നല്‍കേണ്‌ടിടത്താണ്‌ അമിതഭാരം ചുമക്കേണ്‌ടിവരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കുടുംബ സൗഹൃദ രാജ്യമാകാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടന്‍ എന്തുകൊണ്‌ടാണ്‌ തങ്ങളോട്‌ ഇത്തരത്തില്‍ പെരുമാറുന്നതെന്ന്‌ പല കുടുംബങ്ങളും സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

32,500 പൗണ്‌ട്‌ വരുമാനമുള്ള കുട്ടികളുള്ള കുടുംബത്തിന്റെ വരുമാനം 2015 ആകുമ്പോഴേയ്‌ക്കും 4.2 ശതമാനം 1,250 പൗണ്‌ട്‌ കുറയുമെന്നും കണക്കുകള്‍ കാണിക്കുന്നു. അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബത്തിന്‌ 1400 പൗണ്‌ട 4.9% വരുമാനം കുറയും.

2015 വരെയുള്ള കാലയളവില്‍ ചെലവുചുരുക്കല്‍ നടപടിക്രമങ്ങള്‍ വ്യത്യസ്‌തതരത്തിലുള്ള കുടുംബങ്ങളെ എങ്ങനെ ബാധിക്കും എന്നതു സംബന്ധിച്ച ആദ്യ പഠനമാണിത്‌. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളാണ്‌ ദോഷങ്ങള്‍ അനുഭവിക്കേണ്‌ടിവരിക.

നികുതിയിലും ആനുകൂല്യങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ അന്തിമമായി സര്‍ക്കാരിന്റെ ചെലവുകള്‍ കൂട്ടുകയേയുള്ളൂവെന്ന്‌ ഫാമിലി ലൈവ്‌സ്‌ ചാരിറ്റിയിലെ ഡെ വാള്‍ പറയുന്നു. ബന്ധങ്ങള്‍ തകരുന്നതിനും കുട്ടികളുടെ ജീവിത നിലവാരം കുറയുന്നതിനും ചെലവുചുരുക്കല്‍ വഴിയൊരുക്കും.

പുതിയ നികുതി ഘടനയും ആനുകൂല്യങ്ങളില്‍ വരുത്താനുദേശിക്കുന്ന മാറ്റങ്ങളും കൂടി പരിഗണിച്ചായിരുന്നു പഠനം. വിരമിച്ചവരെയും കുട്ടികളില്ലാത്തവരെയുംകാള്‍ കുട്ടികളുള്ള കുടുംബങ്ങളെയാണ്‌ സിംഗിള്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ്‌ സംവിധാനം കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ബുദ്ധമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ ഇളവുകള്‍ നല്‍കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ബ്രിട്ടണില്‍ നികുതി വര്‍ധനവും പണപെരുപ്പവും ജീവിതനിലവാരം ദുസഹമാക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക