Image

ഈശ്വരന്‌ ചെവികൊടുക്കുക

ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്‌ Published on 06 January, 2012
ഈശ്വരന്‌ ചെവികൊടുക്കുക
രഘുവംശത്തിന്‍െറ ആറാം സര്‍ഗത്തില്‍ (6:66) മനോഹരമായ ഒരു വാങ്‌മയം കാണാം.

`സഞ്ചാരിണീ ദീപശിഖേവ രാത്രൗ

യംയം വ്യതീയായ പതിംവരാ സാ

നരേന്ദ്ര മാര്‍ഗാട്ട ഇവ പ്രപേദേ

വിവര്‍ണഭാവം സ സ ഭൂമിപാല'

എന്ന്‌ കാളിദാസന്‍. കുണ്ടൂര്‍ നാരായണമേനോന്‍െറ ഭാഷാരഘു വംശത്തില്‍ നിന്ന്‌ ഉദ്ധരിക്കാത്തത്‌ കാളിദാസകവനചാരുത അവിടെ ഇപ്പറഞ്ഞ ശ്‌ളോകത്തിന്‍െറ വിവര്‍ത്തനത്തില്‍ പ്രതിഫലിക്കാത്തതിനാലാണ്‌; മാപ്പ്‌.

വിദര്‍ഭയിലെ ഭോജരാജാവിന്‍െറ സഹോദരി ഇന്ദുമതിയുടെ സ്വയംവരം. രഘുവിന്‍െറ മകന്‍ അജനെയാണ്‌ ഇന്ദുമതി ഒടുവില്‍ തെരഞ്ഞെടുക്കുന്നത്‌. ഇന്ദുമതീ സ്വയംവരം രഘുവംശത്തില്‍ ഇടംനേടുന്നതിന്‌ അതാണ്‌ കാരണം. സ്വയംവരരാവില്‍ ഇന്ദുമതിയുടെ വരവ്‌ അറിയിക്കുന്ന ദീപശിഖയുടെ പ്രയാണവീഥിയില്‍ ഓരോ രാജകുമാരനും പ്രതീക്ഷാനിര്‍ഭരനാണ്‌. പ്രകാശത്തില്‍ കൊട്ടാര മട്ടുപ്പാവിലെ മുഖം തെളിയുമ്പോള്‍ ദൃശ്യമാവുന്ന സന്തോഷം രാജകുമാരി മുന്നോട്ട്‌ നീങ്ങുന്നതോടെ അസ്‌തപ്രഭമായി ഭവിക്കും.

ഈ ശ്‌ളോകത്തിലേക്ക്‌ എന്‍െറ ശ്രദ്ധ ക്ഷണിച്ചത്‌ ഒരു പഴയ സഹപാഠിയാണ്‌. മലയാളവിശാരദനും സംസ്‌കൃത വിദ്വാനും ആയ ചെറുശ്ശേരി ശങ്കരവാര്യര്‍ തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളജിലാണ്‌ ഒപ്പം പഠിച്ചത്‌. അരനൂറ്റാണ്‌ മുമ്പ്‌ അവിടെനിന്ന്‌ ബിരുദം നേടിയ കിളവന്മാര്‍ ഇപ്പോള്‍ ഒത്തുകൂടുന്നത്‌ ഇന്‍റര്‍നെറ്റിലാണ്‌.

അതിനിടെ അരനൂറ്റാണ്ടുകാലം പലര്‍ പലവഴി പോയി. ഓരോ വഴിയിലും ഭാഗ്യം ഇന്ദുമതിയെ പോലെ ദീപശിഖയുമായി നടന്നു. ചില കാലങ്ങളില്‍ ചില മുഖങ്ങളില്‍ പ്രകാശം എത്തി. ചില മുഖങ്ങള്‍ അജന്‌ തുല്യം ആചന്ദ്രതാര സൗഖ്യത്തിനുള്ള പ്രകാശത്തില്‍ പ്രശോഭിച്ചിരിക്കാം. എങ്കിലും പൊതുവേ വന്നും പോയും ഇരിക്കുന്ന പ്രകാശം കണക്കെ ആണ്‌ ജീവിതത്തിലെ അനുഭവം.

കേരളത്തില്‍ ആകെ ഒരു എന്‍ജിനീയറിങ്‌ കോളജ്‌ ഉണ്ടായിരുന്ന കാലത്ത്‌ പ്രവേശം നേടിയവരാണ്‌ ഞങ്ങള്‍. ബിരുദം നേടിയപ്പോള്‍ വേറെ രണ്ട്‌ കോളജുകളില്‍നിന്ന്‌ സമകാലികര്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യത്തെ ഇരുന്നൂറ്‌ പേര്‍ മുമ്പന്മാര്‍തന്നെയായിരുന്നു. അന്നത്തെ പ്രീ യൂനിവേഴ്‌സിറ്റി സമ്പ്രദായത്തില്‍ മെഡിസിനും എന്‍ജിനീയറിങ്ങിനും പ്രവേശം നേടിയവരായിരുന്നു മിക്കവരും. അതുകൊണ്ട്‌ ആരും മോശമായില്ല എന്ന്‌ പൊതുവേ പറയാം. എങ്കിലും എന്‍ജിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടാനാവാതെപോയവരും നേടിയിട്ടും പ്രഫഷനില്‍ എങ്ങുമെത്താതെ പോയവരും ചുരുക്കമായെങ്കിലും ആ തലമുറയിലും ഉണ്ടായിരുന്നു. മറ്റുചിലരാകട്ടെ കൗമാരത്തില്‍ കിനാവ്‌ കണ്ട വഴികളിലൂടെ നടക്കാതെ വേറെ വഴികള്‍ കണ്ടെത്തുകയോ വേറെ വഴികളില്‍ ചെന്നെത്തുകയോ ചെയ്‌തു.

മറ്റൊരു പ്രകൃതത്തിലാണ്‌ ഞങ്ങളുടെ ശങ്കരന്‍ കാളിദാസനെ ഉദ്ധരിച്ചതെങ്കിലും ആ ദീപശിഖാ പ്രഭയുടെ യാത്ര സൃഷ്ടിച്ച ഭാവഭേദങ്ങള്‍ ഈ സംവത്സര സംക്രമവേളയില്‍ മനസ്സില്‍നിന്ന്‌ മായുന്നില്ല. കാളിദാസനല്ലാതെ ആരാണ്‌ ഉപമ പ്രയോഗിക്കേണ്ടത്‌ എന്നല്ല ഇവിടെ പറയേണ്ടത്‌ എന്നറിയാം. എങ്കിലും ഈ കാളിദാസചിത്രം ഇന്ദുമതിയുടെ ദീപശിഖയെ വിധിയുടെ മിന്നലാട്ടങ്ങളുമായി താരതമ്യപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു.

കഴിഞ്ഞ വര്‍ഷം തുടങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പലരും ഇന്ന്‌ നമുക്കൊപ്പം ഇല്ല. നമ്മില്‍ എത്രപേര്‍ അടുത്ത നവവത്സരദിനം കാണും എന്ന്‌ നിശ്ചയവുമില്ല. കടന്നുപോയവരെ ഓര്‍ക്കാനും കടന്നുപോകാന്‍ തയാറായി ജീവിക്കാനും നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. യുധിഷ്‌ഠിരന്‍ സത്വത്തോട്‌ പറഞ്ഞ സത്യം അഹന്യഹനി ഭൂതാനി ഗശ്ചന്തീഹ യമാലയം, ശേഷംഃ സ്ഥാവര മിശ്ചന്തി കിമാശ്ചര്യമതഃ പരം? നാം തിരിച്ചറിയുന്ന വര്‍ത്തമാന കാലയാഥാര്‍ഥ്യമായി തുടരുന്നതിനാലാണ്‌ ഇത്‌ എടുത്ത്‌ ഓതേണ്ടി വരുന്നത്‌. ബാക്കിയുള്ളവരൊക്കെ മരിക്കും. ഞാന്‍ മരിക്കയില്ല എന്ന മട്ടിലാണല്‌ളോ നമ്മുടെയൊക്കെ ജീവിതം.

ബൈബ്‌ളില്‍ യോഹന്നാന്‍െറ സുവിശേഷത്തിന്‍െറ അവസാനവരികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭാഷണം ഇവിടെ പ്രസക്തമാവുന്നു. അവനെ പത്രോസ്‌ കണ്ടിട്ട്‌: കര്‍ത്താവേ ഇവന്‌ എന്ത്‌ ഭവിക്കും എന്ന്‌ യേശുവിനോട്‌ ചോദിച്ചു. യേശു അവനോട്‌: ഞാന്‍ വരുവോളം ഇവര്‍ ഇരിക്കേണമെന്ന്‌ എനിക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ അത്‌ നിനക്ക്‌ എന്ത്‌? നീ എന്നെ അനുഗമിക്ക എന്ന്‌ പറഞ്ഞു. (യോഹന്നാന്‍ 21:21, 22)

മറ്റുള്ളവന്‌ എന്ത്‌ ഭവിക്കുന്നു എന്നറിയാനുള്ള താല്‍പര്യം ഉപേക്ഷിക്കണം എന്നല്ല അതിനര്‍ഥം. എങ്കിലും നമ്മില്‍ മിക്കവര്‍ക്കും മറ്റുള്ളവരില്‍ താല്‍പര്യം ഉണ്ടാകുന്നത്‌ ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ ആയ മത്സരബുദ്ധിയുടെ ഭാഗമായിട്ടാണ്‌. എനിക്ക്‌ അഞ്ഞൂറ്‌ രൂപ അപ്രതീക്ഷിത ബോണസായി കിട്ടുന്നതിലെ സന്തോഷം അയല്‍ക്കാരന്‌ തികച്ചും അര്‍ഹതയുള്ള അഞ്ഞൂറ്‌ രൂപ കിട്ടുമ്പോള്‍ പാതിയാവും. ആ തരത്തിലാണ്‌ അപരന്‍െറ കാര്യത്തില്‍ അനാവശ്യ കൗതുകം വേണ്ട എന്ന്‌ പറയുന്നത്‌. വേണ്ടത്‌ എന്‍െറ സ്വന്തം കാര്യത്തില്‍ ഞാന്‍ സര്‍വശക്തനെ സ്വീകരിക്കുകയാണ്‌. അങ്ങനെ സകലവും മറന്ന്‌ സര്‍വശക്തനെ സ്വീകരിക്കുമ്പോള്‍ അപരനിലുള്ള നമ്മുടെ കൗതുകവും താല്‍പര്യവും ഉദാത്തീകരിക്കപ്പെടും. അസൂയയും മത്സരവും ഒഴിവാകും.

ക്രിസ്‌തു പറഞ്ഞ മറ്റൊരു കഥയുണ്ട്‌. ഒരു തോട്ടം ഉടമ രാവിലെ കൂലിക്കാരെ അന്വേഷിച്ചിറങ്ങി. ആദ്യം കണ്ടവര്‍ക്ക്‌ നൂറുരൂപ കൂലി പറഞ്ഞ്‌ തോട്ടത്തിലേക്ക്‌ അയച്ചു. പിന്നെ ഉച്ചക്കും മൂന്നുമണിക്കും ഒക്കെ പുതിയ ആളുകളെ പണിക്കെടുത്തു. സന്ധ്യയായി. കൂലി കൊടുക്കുന്ന നേരം. ഒടുവില്‍ വന്നവരെ ആദ്യം പറഞ്ഞയച്ചു. അതാണല്‌ളോ രീതി. അവര്‍ക്കൊക്കെ നൂറുരൂപാ വീതം കൊടുത്താണ്‌ വിട്ടത്‌. ഒടുവില്‍ ആദ്യം പണി തുടങ്ങിയവരുടെ ഊഴമായി. അവര്‍ക്കും കിട്ടി രാവിലെ പറഞ്ഞൊത്ത തുക. അവര്‍ പരിഭവിച്ചു: `ഇത്രേയുള്ളോ? വെയിലാറിയിട്ട്‌ വന്നവനും ഇതാണല്‌ളോ കൊടുത്തത്‌.' യജമാനന്‍ പറഞ്ഞു: `അത്‌ നീ എന്തിന്‌ തിരക്കണം? നിന്‍െറ ജോലിക്കുള്ളത്‌ നിനക്ക്‌ തന്നു. അല്‍പം കുറച്ച്‌ ജോലി ചെയ്‌തവനോട്‌ എനിക്ക്‌ ഇത്തിരി സഹതാപം തോന്നി. അവനും നിന്‍െറ ശമ്പളംതന്നെ കൊടുത്തു. നീ എന്തിനാണ്‌ പരാതിപ്പെടുന്നത്‌? നിനക്ക്‌ കുറയാതെ അവന്‌ കൂടിയാല്‍ നിനക്കെന്തിന്‌ കോപം?'

നാം പലപ്പോഴും ഓര്‍ക്കാത്ത കാര്യംതന്നെ. എനിക്ക്‌ കിട്ടിയത്‌ പോരാ എന്ന തൃഷ്‌ണയെ അതിജീവിക്കുന്നതുപോലെ പ്രധാനമാണ്‌ അപരന്‌ കിട്ടിയത്‌ കൂടിപ്പോയി എന്ന അസൂയയെ അതിജീവിക്കുന്നതും.

മാര്‍ക്കസ്‌ ഔറേലിയസ്‌ എന്ന റോമന്‍ ചക്രവര്‍ത്തി ഒരു സ്‌റ്റോയിക്‌ ദാര്‍ശനികനായിരുന്നു. സ്വാംശീകരിക്കപ്പെടാത്ത ബാഹ്യാനുഭവങ്ങള്‍ അന്യമാണെന്ന്‌ ഔറേലിയോസ്‌ കരുതി. ആരോഗ്യം, ധനം, സൗഹൃദം, മരണം തുടങ്ങിയവ ഒന്നും നമ്മുടെ പരിമിതികളില്‍ ഒതുങ്ങുന്നില്ല. എന്നാല്‍, നമ്മുടെ ഇച്ഛാശക്തിയും മൂല്യനിര്‍ണയങ്ങളും ശരി കൊള്ളാനും തെറ്റ്‌ തള്ളാനുമുള്ള കഴിവുകളും നമുക്ക്‌ സ്വന്തമെങ്കില്‍ നാം അനുവദിക്കാതെ ബാഹ്യഘടകങ്ങള്‍ക്ക്‌ സ്വാധീനിക്കാന്‍ കഴിയുകയില്ല. സന്തോഷം സൗഭാഗ്യമോ വേദന ദൗര്‍ഭാഗ്യമോ ആകുന്നത്‌ നമ്മുടെ മനസ്സിനെ ആശ്രയിച്ചിട്ടാണെന്നര്‍ഥം.

കഴിഞ്ഞൊരുനാള്‍ ഒരാള്‍ എന്നോട്‌ കുശലം ചോദിച്ചു: `സുഖമാണോ?' എന്‍െറ മറുപടി ഒറ്റവാക്കിലായിരുന്നില്ല. ആയിരിക്കുന്ന അവസ്ഥയെ സുഖം എന്ന്‌ വിളിക്കാന്‍ കഴിയുന്നതാണ്‌ യഥാര്‍ഥ സുഖം; എനിക്ക്‌ സുഖമാണ്‌ എന്നായിരുന്നു ഞാന്‍ പറഞ്ഞത്‌. പറയാനുള്ള രസത്തിന്‌ പറഞ്ഞതാണെങ്കിലും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്നെ സമ്മതിക്കണം എന്ന്‌ തോന്നിയതിനാല്‍ ഇപ്പോള്‍ എല്ലാ കുശലരാജാക്കന്മാരോടും ഇതാണ്‌ പറയുന്നത്‌ ! മാര്‍ക്കസ്‌ ഔറേലിയോസ്‌ അന്തോണിയോസ്‌ ചക്രവര്‍ത്തി (ക്രി.പി. 121180) കണ്ടെത്തിയ തരം സ്‌റ്റോയിസിസത്തിനടുത്താണ്‌ ഈ അവസ്ഥ. ഔറേലിയോസ്‌ ഉള്‍പ്പെടെയുള്ള അന്‍േറാനയില്‍ ചക്രവര്‍ത്തിമാര്‍ നാടുവാണ രണ്ടാം നൂറ്റാണ്ടിന്‌ സുവര്‍ണയുഗം എന്നാണ്‌ ഗിബ്ബണ്‍ പേരിട്ടത്‌: ഗലെന്‍ (വൈദ്യശാസ്‌ത്രം), ടോളമി (വാനശാസ്‌ത്രം), ലൂസിയന്‍ (സാഹിത്യം) തുടങ്ങിയവരെ ഓര്‍ക്കാം ഇവിടെ.

മദീനയില്‍ അവതരിച്ച അധ്യായങ്ങളിലൊന്നില്‍, നേര്‍വഴി അറിഞ്ഞിട്ടും അത്‌ വിട്ടുപോകുന്നവരെ വ്യാമോഹത്തില്‍ അകപ്പെടുത്തുന്നത്‌ ചെകുത്താനാണ്‌ എന്ന്‌ ഉണര്‍ത്തുന്നുണ്ട്‌ ഖുര്‍ആന്‍ (47:25). ആ ചെകുത്താനെതിരെ ജാഗ്രത പാലിക്കുമ്പോള്‍ യേശു പത്രോസിന്‌ നല്‍കിയ കല്‍പന അനുസരിക്കാന്‍ ഈശ്വരവിശ്വാസികള്‍ പ്രാപ്‌തരാകും. ഈശ്വരന്‍െറ ശബ്ദത്തിന്‌ കാതോര്‍ക്കുക.

റേഡിയോ ഉണ്ടായാല്‍ പോരാ; അതിന്‌ ബാറ്ററിയോ കമ്പിയോ വഴി ജീവന്‍ ഉണ്ടാകണം. അതും പോരാ. അത്‌ ഓണാക്കണം. പോരാ. ട്യൂണ്‍ ചെയ്യണം. ആഗ്രഹിക്കുന്നതിനടുത്ത്‌ എത്തിയാല്‍ ഫൈന്‍ ട്യൂണ്‍ ചെയ്യണം. അപ്പോള്‍ നമുക്കുവേണ്ട പരിപാടി കേള്‍ക്കാം. ഈശ്വരന്‍െറ ശബ്ദം ശ്രവിക്കാനും ഇതുതന്നെ വേണം. മറ്റ്‌ നിലയങ്ങള്‍ ഉപേക്ഷിക്കുക. മറ്റ്‌ ശബ്ദങ്ങള്‍ക്ക്‌ നേരെ കാതടയ്‌ക്കുക. നിശ്ശബ്ദമായിരുന്ന്‌ ദൈവശബ്ദം തിരിച്ചറിയുക. അപ്പോള്‍ നേര്‍വഴി കാണാനാകും.

സര്‍വശക്തന്‍ മെനഞ്ഞ മഹാപ്രപഞ്ചത്തിലെ സൂക്ഷ്‌മകണികയാണ്‌ ഞാന്‍. ആ പ്രപഞ്ചത്തോടും അത്‌ മെനഞ്ഞ സ്രഷ്ടാവിനോടും ബന്ധപ്പെടാതെ എനിക്ക്‌ അസ്‌തിത്വമില്ല. ആ തിരിച്ചറിവിലേക്ക്‌ ഈ പുതുവത്സരം നമുക്ക്‌ വാതില്‍ തുറക്കുമാറാകട്ടെ. ദൈവത്തെ ബഹുമാനിച്ചും സഹജീവികളെ സഹായിച്ചും ജീവിതം ഹ്രസ്വമാണെന്ന്‌ തിരിച്ചറിഞ്ഞും ജീവിക്കുമ്പോള്‍ ഇഹലോക ജീവിതത്തിന്‌ പുറപ്പെടുവിക്കാനുള്ള ഫലം അകത്ത്‌ ഹൃദയവിശുദ്ധിയും പുറത്ത്‌ നിസ്വാര്‍ഥമനസ്‌കതയും ആണെന്ന്‌ ഗ്രഹിക്കാനാവും.
ഈശ്വരന്‌ ചെവികൊടുക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക