Image

റഹ്‌മാന്‍ സംഗീതത്തില്‍ ജര്‍മന്‍ ഫിലിം ഓര്‍ക്കെസ്‌ട്ര ഇന്ത്യയിലെത്തുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 06 January, 2012
റഹ്‌മാന്‍ സംഗീതത്തില്‍ ജര്‍മന്‍ ഫിലിം ഓര്‍ക്കെസ്‌ട്ര ഇന്ത്യയിലെത്തുന്നു
ബര്‍ലിന്‍: ഇന്ത്യന്‍ സംഗീതം വാനോളം ഉയര്‍ത്തിയ ഒസ്‌കാര്‍ ജേതാവ്‌ എ.ആര്‍ റഹ്‌മാന്റെ സംഗീതവുമായി ജര്‍മന്‍ ഫിലിം ഓര്‍ക്കെസ്‌ട്ര ബാബെല്‍സ്‌ബെര്‍ഗ്‌ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു.

റഹ്‌മാന്‍ സംഗീതം നല്‍കിയ എക്കാലത്തെയും ഹിറ്റുകളായ റോജ,യന്തിരന്‍ തുടങ്ങിയ സിനിമകളില്‍ നിന്നുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ബാബെല്‍സ്‌ബെര്‍ഗ്‌ സംഗീതം മുഴക്കുന്നത്‌. ഇന്ത്യയിലെ അഞ്ച്‌ മെട്രോ നഗരങ്ങളിലാണ്‌ ഇവരുടെ സംഗീതഭേരി അലയടിക്കുന്നത്‌.

യൂറോപ്പിലെ പ്രശസ്‌ത സംഗീതട്രൂപ്പായ ബാബെല്‍സ്‌ബെര്‍ഗിന്റെ ആസ്ഥാനം ജര്‍മനിയിലെ പോട്‌സ്‌ഡാം ആണ്‌. 1993 ല്‍ ക്‌ളൗസ്‌ പീറ്റര്‍ ബയര്‍ ആണ്‌ ഇത്‌ സ്ഥാപിച്ചത്‌. ജര്‍മന്‍ ഫിലിം ഓര്‍ക്കെസ്‌ട്രയില്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ബാബെല്‍സ്‌ബെര്‍ഗ്‌ സംഘത്തിലെ നൂറോളം സംഗീതജ്ഞരും റഹ്‌മാന്റെ സ്വന്തം സംഗീത പരിശീലന കേന്ദ്രമായ കെ.എം. മ്യൂസിക്‌ കണ്‍സര്‍വേറ്ററിയില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കുചേരുന്നതോടെ ഇന്ത്യ കണ്‌ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും താളാത്‌മകവും ശ്രേഷ്‌വുമായ സംഗീത പരിപാടി റഹ്‌മാന്‍ ആരാധകരെ പ്രകമ്പനം കൊള്ളിക്കും.

നര്‍ത്തകരും ഗാനാലാപനവും ഒഴിവാക്കിയുള്ള ഈ പരിപാടി ഇന്ത്യയില്‍തന്നെ ഇദംപ്രഥമമായിരിക്കും.അതുതന്നെയാണ്‌ ഈ പരിപാടിയുടെ പ്രത്യേകതയും.

ക്ലാസിക്‌ ഇന്‍കാന്‍േറഷന്‍സ്‌ എന്നു നാമകരണം ചെയ്‌തിരിയ്‌ക്കുന്ന സംഗീതപരിപാടി ജനുവരി 20ന്‌ മുംബൈയല്‍ തുടക്കമിടും. തുടര്‍ന്ന്‌ 22ന്‌ ഡല്‍ഹിയിലും 24ന്‌ കൊല്‍ക്കൊത്തയിലും 26ന്‌ ചെന്നൈയിലും 29 ന്‌ ബാംഗളൂരിലും അരങ്ങേറുന്ന ഓര്‍ക്കെസ്‌ട്രയുടെ അഞ്ചു വേദികളിലും റഹ്‌മാന്റെ സാന്നിധ്യം ആരാധകര്‍ക്ക്‌ പുതിയൊരനുഭൂതി പകരുമെന്നാണ്‌ ബാബെല്‍സ്‌ബെര്‍ഗിന്റെ ഭാഷ്യം.

ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60- ാം വാര്‍ഷികത്തിന്റെ അനുസ്‌മരണമായി ഒരു വര്‍ഷത്തോളം നീണ്‌ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുമെന്ന്‌ ഇന്ത്യയിലെ ജര്‍മന്‍ എംബസി അറിയിച്ചു. ഇതിന്റെ ഭാഗമായി സംഗീത ലെജന്‍ഡായ റഹ്‌മാനെ ആദരിക്കാനും എംബസിക്ക്‌ പരിപാടിയുണ്‌ട്‌. ലാപ്‌ ഇന്ത്യയാണ്‌ പരിപാടിയുടെ പ്രായോജകര്‍.
റഹ്‌മാന്‍ സംഗീതത്തില്‍ ജര്‍മന്‍ ഫിലിം ഓര്‍ക്കെസ്‌ട്ര ഇന്ത്യയിലെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക