Image

ഭാരതീയ കലോത്സവം ഫെബ്രുവരി 11ന്‌ സൂറിച്ചില്‍

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 06 January, 2012
ഭാരതീയ കലോത്സവം ഫെബ്രുവരി 11ന്‌ സൂറിച്ചില്‍
സൂറിച്ച്‌: സ്വിറ്റ്‌സര്‍ലന്‍ഡിലെ സാംസ്‌കാരിക സംഘടനായ ഭാരതീയ കലാലയം ഒരുക്കുന്ന 12-ാമത്‌ ഭാരതീയ കലോത്സവം ഫെബ്രുവരി 11ന്‌ സൂറിച്ചിലെ സ്റ്റാഡ്‌തോഫ്‌സാല്‍ ഊസ്റ്ററില്‍ നടക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ യുവതലമുറക്ക്‌ തങ്ങളുടെ കലാപ്രാവീണ്യം മത്സരത്തിലൂടെ മാറ്റുരയ്‌ക്കുന്ന യുവജനോത്സവ വേദിയാണ്‌ ഭാരതീയ കലോത്സവം. ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്‌സര്‍ലെന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കലാലയം ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച്‌ സ്വിസ്‌ മലയാളികള്‍ക്കായ്‌ നല്‍കുന്ന ഒരു കലാവിരുന്നായിരിക്കും ഭാരതീയ കലോത്സവം 2012 എന്ന്‌ കലാലയം പ്രസിഡന്റ്‌ സന്തോഷ്‌ പാറച്ചേരി, സെക്രട്ടറി വിന്‍സെന്റ്‌ പറയനിലം, മാത്യു ചെറുപള്ളിക്കാട്‌ എന്നിവര്‍ അറിയിച്ചു.

മലയാളം സംഗീത ലോകത്തെ പുതിയ ശബ്‌ദസൗകുമാര്യമായ ഗായകന്‍ സുധീപ്‌കുമാര്‍, മലയാളത്തിന്റെ മുഖശ്രീയായി വളര്‍ന്ന ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മൃദുല വാര്യര്‍ എന്നിവര്‍ ഒരുക്കുന്ന ലൈവ്‌ ഗാനമേള കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്‌ നിറം പകരും.

തബലയില്‍ മാന്ത്രിക വിസ്‌മയമൊരുക്കുന്ന മൈക്കിള്‍, പ്രസിദ്ധ കീ സോര്‍സോര്‍ഡിസ്റ്റ്‌ എ.കെ. ഹേമകുമാര്‍, ഗിറ്റാറിസ്റ്റ്‌ ജോസ്‌, സാജന്‍, ഗണേഷ്‌ കുബ്‌ളെ എന്നീ കേരളത്തില്‍നിന്നുള്ള സംഗീത വിദഗ്‌ധരാണ്‌ ലൈവ്‌ ഗാനമേളയൊരുക്കുന്നത്‌.

അമൃത ടിവി സൂപ്പര്‍ ഡാന്‍സറായ സ്വര്‍ണ തോമസും ഭാരതീയ കലോത്സവത്തില്‍ ദൃശ്യവിസ്‌മയം തീര്‍ക്കും.

മൂന്നുവിഭാഗങ്ങളിലായി ലളിതഗാനമത്സരം, രണ്‌ടു വിഭാഗങ്ങളിലായി ഭരതനാട്യം, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവയാണ്‌ മത്സരയിനങ്ങള്‍. മത്സരാര്‍ഥികള്‍ ജനുവരി 31ന്‌ മുമ്പ്‌ രജിസ്‌ട്രേഷന്‍ നടത്തേണ്‌ടതാണ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘടനയുടെ വെബ്‌സൈറ്റായ www.bharatheeyakalalayam.org ല്‍ ലഭ്യമാണ്‌.

മത്സരങ്ങള്‍ ഫെബ്രുവരി 11ന്‌ രാവിലെ എട്ടിന്‌ ആരംഭിക്കും. വിധിനിര്‍ണയം കുറ്റമറ്റതാക്കാന്‍ കേരളത്തില്‍നിന്നടക്കമുള്ള ജഡ്‌ജിംഗ്‌ പാനലായിരിക്കുമെന്ന്‌ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു പുല്ലേലി, പിആര്‍ഒ ജോഷി താഴത്തുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.
ഭാരതീയ കലോത്സവം ഫെബ്രുവരി 11ന്‌ സൂറിച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക