Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളിയുടെ മരണം; വാഹനാപകടമെന്ന്‌ സൂചന

വര്‍ഗീസ്‌ എടാട്ടുകാരന്‍ Published on 07 January, 2012
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളിയുടെ മരണം; വാഹനാപകടമെന്ന്‌ സൂചന
സര്‍ഗന്‍സ്‌: പുതുവര്‍ഷ പുലരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാഡ്‌ റാഗസില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ഥി സുനില്‍ മാത്യു കൊഴിമണ്ണിലിന്റെ മരണം അപകടമരണമെന്ന്‌ സൂചന. ചങ്ങനാശേരി കുരിശുംമൂട്‌ കോഴിമണ്ണില്‍ മാത്യുവിന്റെ മകന്‍ സുനില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലൂസെര്‍നിലെ ഐഎസ്‌ബിഎം ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോളജിലെ നാലാംവര്‍ഷ പിജി വിദ്യാര്‍ഥിയായിരുന്നു.

ജനുവരി ഒന്നിനു രാവിലെ ബാഡ്‌ റാഗസിലുള്ള വീട്ടിലേക്ക്‌ പോകുകയായിരുന്ന സുനില്‍ വഴിയരികില്‍ തളര്‍ന്നു കിടക്കുന്നതു കണ്‌ട്‌ വഴിയാത്രക്കാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. പോലീസെത്തി സുനിലിനെ ആശുപത്രിയിലേക്ക്‌ കൊണ്‌ടുപോയെങ്കിലും മരിച്ചിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്ന്‌ ഹൃദയധമനികളിലുണ്‌ടാക്കിയ മുറിവിനെത്തുടര്‍ന്നുണ്‌ടായ രക്തസ്രാവമാണ്‌ മരണകാരണം. സുനിലിനെ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാകാമെന്നാണ്‌ പോലീസ്‌ നിഗമനം. സര്‍ഗന്‍സ്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്‌ട്‌. സംഭവത്തിനു ദൃക്‌സാക്ഷികളുണ്‌ടെങ്കില്‍ ഇവരെ കണ്‌ടെത്തുന്നതിനു പ്രാദേശിക മാധ്യമങ്ങളില്‍ അറിയിപ്പ്‌ കൊടുക്കാനാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്‌.

സെന്റ്‌. ഗാലനിലെ ഫോറന്‍സിക്‌ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത മൃതദേഹം എംബാം ചെയ്‌തതിനു ശേഷം സര്‍ഗന്‍സില്‍ സൂക്ഷിക്കും. പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഈ മാസം പത്തോടെ സുനിലിന്റെ മൃതദേഹം നാട്ടിലേയ്‌ക്കു കൊണ്‌ടുപോകാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. സുനിലിന്റെ സംസ്‌കാരം പിന്നീട്‌നടത്തും. മറിയാമ്മ(അമ്മിണി) ആണ്‌ മാതാവ്‌. ഏകസഹോദരി ജോയിസ്‌ ഡെന്‍മാര്‍ക്കില്‍ ഉപരിപഠനം നടത്തുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ കേരള സമാജം പിആര്‍ഒ ജേക്കബ്‌ കോഴിമണ്ണിലിന്റെ ബന്ധുവാണ്‌ മരണമടഞ്ഞ സുനില്‍. സുനിലിന്റെ ആത്മശാന്തിക്കായി പ്രത്യേകശുശ്രൂഷ എട്ടിന്‌ (ഞായറാഴ്‌ച) ഉച്ചയ്‌ക്കു മൂന്നിനു സര്‍ഗാന്‍സിലെ ഫാല്‍ക്കന്‍സ്‌ ട്രാസെ 11 സി അക്കര്‍മാം ബെസ്റ്റാറ്റുംഗില്‍ നടക്കും.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളിയുടെ മരണം; വാഹനാപകടമെന്ന്‌ സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക