Image

സുനന്ദ നായര്‍ക്ക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌

Published on 08 January, 2012
സുനന്ദ നായര്‍ക്ക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌
ഹൂസ്റ്റണ്‍/ന്യൂഡല്‍ഹി: വിഖ്യാത നര്‍ത്തകി സുനന്ദ നായര്‍ക്ക്‌ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌. നൃത്തരംഗത്ത്‌ നല്‍കിയ അപൂര്‍വ്വ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ്‌ അവാര്‍ഡ്‌ എന്ന്‌ ജൂറി വ്യക്തമാക്കി.

പ്രവാസി ഭാരതീയദിവസിന്റെ ഭാഗമായി ജനുവരി പത്തിന്‌ ഡല്‍ഹി വൈ.എം.സി.എയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും. കേന്ദ്രമന്ത്രിമാരും, അന്താരാഷ്‌ട്ര തലത്തില്‍ നേതൃരംഗത്തുള്ള ഇന്ത്യന്‍ വംശജരും ചടങ്ങില്‍ പങ്കെടുക്കും.

മോഹിനിയാട്ടത്തിന്‌ പുതിയൊരു മേല്‍വിലാസം നല്‍കിയ നര്‍ത്തകിയാണ്‌ സുനന്ദ നായര്‍. ഭരതനാട്യം, കഥകളി തുടങ്ങിയ നാട്യമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍, പാശ്ചാത്യലോകത്ത്‌ ഇന്ത്യന്‍ കലകളുടെ ശക്തമായ വക്താവായി.

ആറാം വയസ്‌ മുതല്‍ ഗുരു കലാമണ്‌ഡലം കൃഷ്‌ണന്‍കുട്ടി വാര്യരുടെ കീഴില്‍ ഭരതനാട്യവും കഥകളിയും പഠിച്ച അവര്‍ മോഹിനിയാട്ടത്തിന്‌ പുതിയ മാനങ്ങള്‍തന്നെ നല്‍കി. നളന്ദ നൃത്തകലാ മഹാവിദ്യാലയത്തില്‍ (ബോംബെ യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തത്‌) നിന്ന്‌ മോഹിനിയാട്ടത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ അവര്‍ അവിടെ തന്നെ ലക്‌ചററായി ഒമ്പത്‌ വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി. കേരളത്തിന്റേതുമാത്രമായ മോഹിനിയാട്ടത്തിന്‌ ദേശീയ-അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുക്കുന്നതില്‍ സുനന്ദനായര്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല.

സംഗീതനാടക അക്കാഡമിയുടെ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുള്ള സുനന്ദനായര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വിഭാഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കലാകാരിയാണ്‌. നാഷണല്‍ ടെലിവിഷനില്‍ `എ' ഗ്രേഡ്‌ ആര്‍ട്ടിസ്റ്റാണ്‌.

ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ നൃത്തത്തില്‍ റിസര്‍ച്ച്‌ സ്‌കോളറാണ്‌. അടുത്തയിടയ്‌ക്ക്‌ തിരുവനന്തപുരം കേന്ദ്രമായുള്ള ഇന്‍വിസ്‌ മള്‍ട്ടിമീഡിയ `ലാസ്യ' എന്ന പേരിലുള്ള അവരുടെ നൃത്തശില്‍പ്പങ്ങളുടെ ഡിവിഡി പ്രകാശനം ചെയ്യുകയുണ്ടായി.

ശ്രുതിലയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌ സ്ഥാപകയാണ്‌. ന്യൂയോര്‍ക്കിലെ കാര്‍ണഗി ഹാള്‍ മുതല്‍ റഷ്യയില്‍ നടന്ന ഇന്ത്യാ ഫെസ്റ്റിവലില്‍ വരെ നൃത്തം അവതരിപ്പിച്ചിട്ടുള്ള സനന്ദ നായര്‍ ഒട്ടേറെ ബഹുമതികള്‍ക്കര്‍ഹയായിട്ടുണ്ട്‌.
സുനന്ദ നായര്‍ക്ക്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക