Image

ഫാ. പോള്‍ തീമ്പലങ്ങാട്ട്‌! (നര്‍മ്മഭാവന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 08 July, 2015
ഫാ. പോള്‍ തീമ്പലങ്ങാട്ട്‌! (നര്‍മ്മഭാവന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
`താമസവും ഭക്ഷണവും പഠിപ്പും എല്ലാം സഭ വഹിക്കും. പ്രാഗത്ഭ്യം ഉള്ളവര്‍ക്ക്‌ വിദേശത്തും പോകാം. നിങ്ങള്‍ ഒന്നും അറിയണ്ട. എല്ലാം സഭ വഹിക്കും. ഹൈസ്‌കൂള്‍ പാസ്സായാ മാത്രം മതി'

മാങ്കഴ അച്ചന്‍ പറഞ്ഞു നിറുത്തി. `സഭ വഹിക്കും' എന്ന്‌ രണ്ടു തവണ അച്ചന്‍ പറയണമെങ്കില്‍ അത്‌ സത്യമായിരിക്കണം. അന്നും ഇന്നും അതിന്‌ യാതൊരു മാറ്റോം ഇല്ലല്ലോ.

ഫാ. സൈമണ്‍ മാമ്പുഴ! അതാണ്‌ അച്ചന്റെ ശരിക്കുള്ള പേര്‌. ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ ഓമനിച്ചു വിളിക്കുന്ന പേരാണ്‌ മാങ്കഴ. അച്ചന്‍ സത്‌സ്വഭാവിയാണെങ്കിലും ആസ്ഥാനത്ത്‌ കേറി ഓരോ പൂശുണ്ട്‌ ഞങ്ങള്‍ പിള്ളേര്‍ക്കിട്ട്‌. അതില്‍ മനം നൊന്താവും ഗോവേന്ത സ്‌കൂളിലെ കുട്ടികള്‍ അങ്ങേര്‍ക്കാ പേരിട്ടത്‌. ഞാന്‍ കറിക്കാട്ടൂര്‍ സ്‌കൂളില്‍ പഠിക്കാന്‍ വരുന്നതിന്‌ മുന്‍പേ വീണ പേര്‌. ഞാനായിട്ട്‌ അത്‌ മാറ്റാന്‍ ശ്രമിച്ചാ മാറ്റുമോ? തന്നെയുമല്ല ചരിത്രം തിരുത്തിയെഴുതാന്‍ ഞാനാരാ ഈ.കെ. നായനാരോ?

കോട്ടയം മാന്നാനത്തുള്ള വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്റെ സഭയാണ്‌ ഇങക. അവിടെയുള്ള സെമിനാരീല്‍ വൈദിക വിദ്യാര്‍ഥികളെ വല വീശി പിടിക്കാനുള്ള ദൌത്യവുമായി ഇറങ്ങിയതാണ്‌ മാങ്കഴ അച്ചനും മാങ്ങാനത്തു നിന്നും വന്ന മറ്റേ അച്ചനും (പേര്‌ മറന്നു).

കൂടുതലൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. സൗജന്യ ഭക്ഷണം! വിദേശ യാത്ര! ഒരു പതിനഞ്ചുകാരന്റെ ഹാലിളകാന്‍ ഇതൊക്കെ പോരെ? സെമിനാരീല്‍ ഓസ്സില്‍ കിട്ടുന്ന പോത്തും കരിമീനും താറാവ്‌ റോസ്റ്റും ഞാന്‍ ആ നിമിഷം മുതല്‍ സ്വപ്‌നം കണ്ടുതുടങ്ങി.

അവര്‌ പറഞ്ഞിടത്തും പറയാത്തിടത്തും ഒക്കെ ഞാന്‍ കേറി ഒപ്പിട്ടു. ഇനി ഒപ്പിന്റെ കുറവ്‌ കൊണ്ട്‌ എന്‍റെ അഡ്‌മിഷന്‍ ശരിയാവാതിരിക്കരുത്‌.

വീട്ടില്‍ പറഞ്ഞപ്പോ അച്ചാച്ചന്‍ നാലുകാലേല്‍ തുള്ളുമെന്നാ ഞാന്‍ കരുതിയത്‌ പക്ഷെ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ അദ്ദേഹം ഒന്ന്‌ പുഞ്ചിരിച്ചു. ആക്കിയ ഒരു പുഞ്ചിരി! വളരെ കാലം കൂടി ഞാന്‍ കണ്ട പുഞ്ചിരി. ഇളയമകന്‍ ഒരു പുരോഹിതന്‍ ആകുന്നതില്‍ ഏതപ്പനാ സന്തോഷം വരാത്തെ. ഒരു പക്ഷെ കാലക്രമേണ അച്ചന്‍ മൂത്ത്‌ സഹായ മെത്രാന്‍ ആയാലോ...പിന്നെ മെത്രാന്‍...അവിടുന്നും മൂത്ത്‌ കര്‍ദ്ദിനാള്‍...ഒടുവില്‍ വളര്‍ന്ന്‌ വളര്‍ന്ന്‌ പോപ്പ്‌. ഓര്‍ക്കുമ്പോ തന്നെ കുളിര്‌ ദേഹാസ്സകലം. എനിക്കല്ല, എന്റെ അപ്പന്‌.

പത്താം ക്ലാസ്‌ കഴിഞ്ഞാ പിറ്റേ ആഴ്‌ച മാന്നാനം കെ. ഇ കോളേജിനടുത്തുള്ള സെമിനാരീല്‍ ക്യാമ്പ്‌. നാല്‌ ദിവസ്സം. ഏഴ്‌ രൂപയാണ്‌ ക്യാമ്പിലേക്കുള്ള ചെലവ്‌ തുക. അത്‌ സ്വരൂപിക്കാന്‍ അച്ചാച്ചന്‍ കുറെ പാട്‌ പെട്ടു കാണും.

ചേട്ടന്‍ വറുഗീസാണ്‌ എന്നെ മാന്നാനത്ത്‌ എത്തിക്കാനുള്ള ഭാരിച്ച ദൗത്യം ഏറ്റെടുത്തത്‌. അച്ചന്മാരുടെ അടുത്ത്‌ എന്നെ എങ്ങനെയും ഏല്‍പ്പിച്ചിട്ട്‌ തിരിച്ചു പോകുന്നവഴി കോട്ടയം അനുപമയില്‍ കേറി കമലാഹാസ്സന്റെ മദനോത്സവം കാണാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹമെന്ന്‌ വളരെ വൈകിയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. കുടുംബ ചിലവില്‍ ഒന്ന്‌ കറങ്ങാന്‍ കിട്ടിയ ചാന്‍സ്‌!

എഴുപതോളം അച്ചന്‍ കുഞ്ഞുങ്ങള്‍! ഭക്തിസാന്ദ്രമായ അന്തരീക്ഷം! എല്ലാ സമയത്തും ദൈവസ്‌തുതിപ്പുകള്‍! എങ്ങും മെഴുകുതിരികള്‍ കത്തുന്നതിന്റെ ഗന്ധം! വൃത്തിയുള്ള പരിസരം! ഓരോരുത്തര്‍ക്കും ഓരോ കട്ടില്‍. ചേട്ടന്മാരുടെ ചവിട്ടും ഉന്തും തള്ളും സഹിച്ചു കിടന്നുറങ്ങി ശീലിച്ച എനിക്കത്‌ സ്വര്‍ഗ്ഗമായിരുന്നു.

ഏഴ്‌ മണിക്ക്‌ അത്താഴം. ഇറച്ചിയും മീനും ഒക്കെ കൂട്ടി. ആവശ്യം പോലെ ചോറും. ഇനി ഇവിടങ്ങ്‌ കൂടിയാലോ എന്നുവരെ ചിന്തിച്ചു തുടങ്ങി ഞാന്‍.

വെളുപ്പിനെ അഞ്ചരക്ക്‌ എല്ലാരും എഴുനേല്‍ക്കണം. എഴുന്നേറ്റാല്‍ ഉടന്‍ പല്ല്‌ പോലും തേക്കാതെ ഉള്ള പ്രഭാത പ്രാര്‍ത്ഥനയാണ്‌.

അച്ചനാവാന്‍ വേണ്ടി എല്ലാം ത്യജിച്ച്‌ വീടുവിട്ടിറങ്ങിയ എനിക്ക്‌ അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. ഒരച്ചന്‍ ആവണം. കാണുമ്പോള്‍ എല്ലാം ഭക്തജനങ്ങള്‍ സ്‌തുതി ചൊല്ലണം. വഴി മാറിത്തരണം...കൈ കൂപ്പി ഈശോ മിശിഹായ്‌ക്ക്‌ സ്‌തുതി തരണം. വീടുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ കസേരയില്‍ വെള്ളമുണ്ട്‌ വിരിച്ചിരുത്തണം. പഞ്ചസ്സാര ഇട്ട പാല്‍ തരണം. വിശ്വാസികള്‍ പാപങ്ങള്‍ ഏറ്റു പറയുന്നത്‌ കേള്‍ക്കാന്‍ എന്താവും ഒരു രസം...ഓരോ പാപികള്‍ക്കും വ്യത്യസ്ഥങ്ങളായ പാപം ആവും പറയാനുള്ളത്‌.

ആദ്യത്തെ ദിവസ്സം ഞങ്ങള്‍ സി.എം.ഐ സഭയെപ്പറ്റി പഠിച്ചു. കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെ പറ്റി പഠിച്ചു. അങ്ങേരുടെ ആദ്യത്തെ പ്രസ്സിനെപ്പറ്റി പഠിച്ചു. പരിസ്സര പ്രദേശം ഒക്കെ കറങ്ങിനടന്ന്‌ കണ്ടു.

വെറുതെ ഇരിക്കുന്ന അവസ്സരങ്ങളില്‍ ഞങ്ങള്‍ കാളരാഗത്തില്‍ പാട്ടുകള്‍ പാടി...ശ്രുതിയും സംഗതിയും പല്ലവിയും ഒന്നുമില്ലാത്‌.

`പരിശുദ്ധാത്മാവേ നീ എഴുന്നെള്ളി വരണമേ....'

`വെളിച്ചം തരേണമേ...വെളിച്ചം തരേണമേ..'

`നിത്യ വിശുദ്ധയാം കന്യാമറിയമേ...'

`പൈതലാം യേശുവേ...'

കൂടെ ഉണ്ടായിരുന്ന അച്ചന്‍കുഞ്ഞുങ്ങള്‍ പല തരക്കാരായിരുന്നു. ഞങ്ങള്‍ പലതും പങ്ക്‌ വച്ചു. ചിലരുമായി പെട്ടെന്ന്‌ കൂട്ടായി. ചിലരെ ഒഴിവാക്കി. അവിടെയും ഉണ്ടായിരുന്നു പാവപ്പെട്ട അച്ചന്‍കുഞ്ഞുങ്ങളും ധനവാന്‍മാരായ അച്ചന്‍കുഞ്ഞുങ്ങളും. സെമിനാരി പൊളിറ്റിക്‌സ്‌!

ഒരു രാത്രി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കറണ്ട്‌ പോയി...എങ്ങും കട്ടപിടിച്ച ഇരുട്ട്‌. പരിപൂര്‍ണ്ണ നിശബ്ദത. മുട്ടുസൂചി താഴെ വീണാല്‍ അറിയാം.

മറ്റുള്ളവര്‍ക്ക്‌ ഒരു മാതൃകയാകാന്‍ ഞാന്‍ തീരുമാനിച്ചു...ഞാന്‍ പാടി...

`വെളിച്ചം തരേണമേ...വെളിച്ചം തരേണമേ...'

കുറെ കുഞ്ഞാടുകള്‍ അത്‌ കേട്ട്‌ ആര്‍ത്ത്‌ ചിരിച്ചു. വേറെ ചിലര്‍ കൂടെ കൂടി. മറ്റുള്ളവര്‍ ഒന്നും മിണ്ടാതെയിരുന്നു.

അവസരോചിതം എന്ന്‌ കരുതി ഞാന്‍ പാടിയ പാട്ട്‌ സെമിനാരിക്കാരെയും അച്ചന്മാരെയും അവരുടെ രീതികളെയും അവഹേളിക്കാന്‍ മനപ്പൂര്‍വ്വം പാടിയതാണെന്ന്‌ ചിലര്‍ പറഞ്ഞു പരത്തിയെന്ന്‌ പിറ്റേ ദിവസ്സം ഞാന്‍ അറിഞ്ഞു. പക്ഷെ അച്ചന്മാര്‍ ആരും എന്നോടൊന്നും പറഞ്ഞുമില്ല, ചോദിച്ചുമില്ല.

നാല്‌ ദിവസ്സത്തെ ക്യാമ്പ്‌ കഴിഞ്ഞപ്പോള്‍ ചേട്ടന്‍ വറുഗീസ്‌ എന്നെ കൂട്ടിക്കൊണ്ട്‌ പോകാന്‍ എത്തി. തിരിച്ചു പോകുന്ന വഴി ഞങ്ങള്‍ കമലാഹാസ്സന്‍റെ `ഈറ്റ' കണ്ടു. ഷീലയുടെ മുറുക്കി ചുമന്നത്‌ കണ്ടു. കൂടെ ഹോട്ടലില്‍ കേറി മൃഷ്ട്‌ടാന്നം ഊണും.

ഒന്നുരണ്ട്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും അറിയിപ്പൊന്നും വന്നില്ല. എന്നെ എടുത്തോ എടുത്തില്ലിയോ എന്നറിയണമല്ലോ. എന്നിട്ട്‌ വേണ്ടേ ബാക്കി കാര്യങ്ങള്‍ക്ക്‌ ഒരു കരട്‌ പദ്ധതി തയ്യാറാക്കാന്‍.

ഞാന്‍ ഞങ്ങടെ ഇടവക വികാരി ഫാ. ജോസഫ്‌ ഇരിപ്പുങ്കല്‍ അച്ചനെ സമീപിച്ചു. കാര്യം പറഞ്ഞപ്പോഴേ അങ്ങേര്‌ പറഞ്ഞു...

`നീ എന്നോടൊരു വാക്ക്‌ പറഞ്ഞാ പോരാരുന്നോ...'

പോയ ബുദ്ധി ആന പിടിച്ചാ വരുമോ.

അങ്ങേരുടെ ഉപദേശപ്രകാരം ഞാന്‍ സി.എം.ഐ സഭക്ക്‌ ഒരു കത്തെഴുതി...തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌. ഗാന്ധിജി ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്‌ കത്തെഴുതിയ അതേ വികാരത്തില്‍.

ഒരാഴ്‌ചക്കകം അവര്‍ തീരുമാനം അറിയിച്ചു...എനിക്കൊരു പുരോഹിതനാകാന്‍ വേണ്ടതിലധികം യോഗ്യത ഉണ്ടെന്നും എന്‍റെ കഴിവുകള്‍ സെമിനാരിയുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ലെന്നും വേറെ എന്തെങ്കിലും ജീവിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ഉപദേശിച്ചു കൊണ്ടുള്ള കത്ത്‌.

ചുരുക്കി പറഞ്ഞാ `മോഞ്ഞേ നിനക്ക്‌ പറ്റിയ പണി വേറെയാ...' എന്ന്‌ സാരം.

എനിക്ക്‌ നിരാശ തോന്നിയില്ല. അച്ചാച്ചന്‌ തോന്നിയോ എന്നറിയില്ല പക്ഷെ അമ്മച്ചി മൂക്കത്ത്‌ വിരല്‍ വച്ച്‌ അസ്‌തപ്രത്‌ജയായി കുറെ നേരം വാതിക്കല്‍ നിന്നു.

മകനൊരു അച്ചനാകാഞ്ഞതിലുള്ള ദുഃഖം ഞാന്‍ അമ്മച്ചിയുടെ മുഖത്ത്‌ കണ്ടില്ല. പകരം `കര്‍ത്താവ്‌ രക്ഷിച്ചു...ഇവനൊക്കെ അച്ചനായാല്‍...!!!' എന്നൊരു ഭാവമായിരുന്നു അമ്മച്ചിയുടെ മുഖത്ത്‌.

സഫലമാകാത്ത ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ഞാന്‍ ഇപ്പഴും ജീവിക്കുന്നു...എന്നെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി എനിക്കൊരു ഒപ്പീസ്‌ എങ്കിലും ചൊല്ലാന്‍ പറ്റുമോ ദൈവമേ...!

നിങ്ങളുടെ സ്വന്തം ഫാ. പോള്‍ തീമ്പലങ്ങാട്ട്‌!


പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌ (paulchacko@gmail.com)
ഫാ. പോള്‍ തീമ്പലങ്ങാട്ട്‌! (നര്‍മ്മഭാവന: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
A.C.George 2015-07-08 12:33:28

Fr. Paul Theembalakatt, I think somewhere at Bronx/NY I met you before I moved to Houston/TX. Your article is a reality narrated in a funny way. The said Fr. Paul Theembalakatt really a Father blessed with children. Still I can address you Rev. Fr. Theembalakatt. If you are clever and manipulate things, you can become Mgr.(Monsignor), Bishop, Arch-Bishop, major arch bishop, and up to Cardinal. I do not know about becoming Pope. It may be little difficult and tuff. But if you try your level best some day you will end up at Vatican as our pope. So, do not get disappointed. Any way as you explained the job of a priest also will bring luxury and comfort. You can demand utmost respect, divide and rule the sheep like a king, get away with all sins. At churches always you can make long long one way speeches, there nobody will be able to question you. Also some old and young beauties will treat you like living god. So, the reality you explained in a funny way. Dear Paul, Sir I enjoyed your writing.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക