Image

മിനയില്‍ ബസ്‌ അപകടം: 26 പേര്‍ക്ക്‌ പരിക്കേറ്റു

Published on 09 January, 2012
മിനയില്‍ ബസ്‌ അപകടം: 26 പേര്‍ക്ക്‌ പരിക്കേറ്റു
ഫഹാഹീല്‍: മീന അബ്ദുല്ലയില്‍ പിറകില്‍നിന്നെത്തിയ കാറിടിച്ചതിനെ തുടര്‍ന്ന്‌ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ്‌ മറിഞ്ഞ്‌ 26 പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ പകുതിയിലധികം മലയാളികളാണ്‌. കാര്‍ കത്തിയമര്‍ന്നു. കാറിലുണ്ടായിരുന്ന സ്വദേശികളെന്ന്‌ കരുതുന്ന മൂന്നു പേര്‍ മരിച്ചതായി സംശയിക്കുന്നു.

മങ്കഫില്‍നിന്ന്‌ ആരിഫ്‌ജാനിലേക്ക്‌ പോകുകയായിരുന്ന കുവൈത്ത്‌ റിസോഴ്‌സ്‌ ഹൗസിന്‍െറ (കെ.ആര്‍.എച്ച്‌) ബസ്‌ ആണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ 30ാം നമ്പര്‍ ഹൈവേയില്‍ മീന അബ്ദുല്ല ഫയര്‍ സ്‌റ്റേഷന്‌ സമീപമാണ്‌ അതിവേഗത്തിലെത്തിയ കാര്‍ ബസിന്‍െറ പിറകിലിടിച്ചത്‌. ഇതോടെ നിയന്ത്രണംവിട്ട ബസ്‌ 200 മീറ്ററോളം മുന്നാട്ടുനീങ്ങിയശേഷം റോഡിനുവശത്തേക്ക്‌ മറിയുകയായിരുന്നു. രണ്ടുവട്ടമെങ്കിലും മറിഞ്ഞിട്ടുണ്ടാവുമെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. പരിസരത്തുണ്ടായിരുന്നവരാണ്‌ ഓടിയെത്തി മുകള്‍ ഭാഗത്തേക്ക്‌ തുറന്നുകിടന്ന വാതിലിലൂടെ യാത്രക്കാരെ പുറത്തെത്തിച്ചത്‌. ഐ.ടി.സി കമ്പനി തൊഴിലാളികളായ 30 ഓളം പേരാണ്‌ ബസിലുണ്ടായിരുന്നത്‌. ബസില്‍നിന്ന്‌ പുറത്തെത്തിയപ്പോഴേക്കും കാര്‍ കത്തിയമര്‍ന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. കാറില്‍ സ്വദേശികളെന്ന്‌ തോന്നിക്കുന്ന മൂന്നു പേരാണുണ്ടായിരുന്നതെന്നും ഇവര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്‌ളെന്നും ബസിലുണ്ടായിരുന്നവര്‍ പറഞ്ഞു.

അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരില്‍ 17 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഗുരുതരമല്‌ളെങ്കിലും കൂടുതല്‍ പരിക്കുള്ള ഏഴു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതില്‍ ജയപ്രകാശ്‌, പ്രേമന്‍, ജോമിന്‍, ആനന്ദ്‌, ബെന്നി ജോയ്‌, മോഹനന്‍ എന്നിവര്‍ മലയാളികളാണ്‌. ബംഗാളിയായ സാലിഹ്‌ നൂര്‍ ആണ്‌ ആശുപത്രിയിലുള്ള മറ്റൊരാള്‍. പ്രാഥമിക ചികിത്സ തേടി മടങ്ങിയവരില്‍ ജോസഫ്‌, പങ്കജാക്ഷന്‍, ലൂക്കോസ്‌, സുരേഷ്‌, നിസാര്‍ കുന്നപ്പള്ളി, അശ്‌റഫ്‌, ഗണേഷ്‌, അനില്‍ കുമാര്‍, മനോജ്‌ എന്നീ മലയാളികളും അബ്ദുല്‍ വഹീദ്‌, സൈമണ്‍, ഡെന്‍സില്‍ റസ്സസ്‌, ശ്യാം, ബറകത്ത്‌, യാദവ്‌, ഇംതിയാസ്‌ എന്നീ മറ്റു സംസ്ഥാനക്കാരുമുണ്ട്‌.
കെ.ആര്‍.എച്ച്‌, ഐ.ടി.സി കമ്പനികളിലെ ഉത്തരവാദത്തപ്പെട്ടവരും ക്യാമ്പ്‌ അധികൃതരും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക