Image

ചാനല്‍ ലോകത്തെ പ്രണയകഥയുമായി ലവ്‌ 24 x 7

ആശാ പണിക്കര്‍ Published on 22 July, 2015
ചാനല്‍ ലോകത്തെ പ്രണയകഥയുമായി ലവ്‌ 24 x 7
ലവ്‌ 24 x 7 ജീവിതം ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്ന ടാഗ്‌ ലൈനുമായി എത്തിയ ദിലീപ്‌ ചിത്രം വര്‍ത്തമാന കാല ചാനല്‍ ന്യൂസ്‌ റൂമുകളിലെ പ്രണയകഥ പറയുന്ന സിനിമയാണ്‌. എന്നാല്‍ കഥ പറയുന്നതിനിടയില്‍ പലപ്പോഴും ഇഴഞ്ഞു നീങ്ങുന്ന രീതി പ്രേക്ഷകനെ കുറച്ചൊക്കെ മടുപ്പിച്ചു എന്നു പറയുന്നതില്‍ അദ്‌ഭുതമില്ല.

ദിലീപ്‌ ഇതിനു മുമ്പും ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയിട്ടുണ്ട്‌ പ്രേക്ഷകര്‍ക്കു മുന്നില്‍. ബ്‌ളെസി സംവിധാനം ചെയ്‌ത കല്‍ക്കട്ട ന്യൂസിലൂടെ. അതില്‍ ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റിന്റെ ജീവിതത്തില്‍ സംഭവിക്കാവുന്ന അപ്രതീക്ഷിത വാര്‍ത്തകളെ വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുളള സിനിമയാണ്‌. ഈ സിനിമയില്‍ വാര്‍ത്താ അവതാരകനായ രൂപേഷ്‌ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. സ്‌കൂപ്പുകളും എക്‌സ്‌ക്‌ളൂസീവുകളുമാണ്‌ രൂപേഷ്‌ കൈകാര്യം ചെയ്യുന്നത്‌. എന്നാല്‍ ചിത്രത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രംഗങ്ങള്‍ കുറവാണ്‌. സഹ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നിന്നുമാണ്‌ രൂപേഷ്‌ നമ്പ്യാര്‍ ഇത്രയും ബ്രില്യന്റ്‌ ആയ ഒരു ജേര്‍ണലിസ്റ്റാണെന്ന്‌ പ്രേക്ഷകര്‍ മനസിലാക്കുന്നത്‌. ഒടു ടെലിവിഷന്‍ ജേര്‍ണലിസ്റ്റ്‌ എന്ന നിലയ്‌ക്ക്‌ സ്വന്തമായി ഒരു സ്‌കൂപ്പോ എക്‌സ്‌ക്‌ളൂസീവോ അയാള്‍ കണ്ടെത്തുന്നതായി ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ അത്തരം ത്രില്ലങ്ങായ സീന്‍സും പ്രേക്ഷകന്‌ അനുഭവിക്കാന്‍ കഴിയുന്നില്ല.

രൂപേഷ്‌ നമ്പ്യാരുടെ ചാനലിലേക്ക്‌ കബനി എന്ന പുതിയ റിപ്പോര്‍ട്ടര്‍ എത്തുന്നതും ഇവരുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ കാലത്ത്‌ ബന്ധങ്ങളിലെ ഇഴയടുപ്പത്തില്‍ വന്ന വ്യത്യാസവും പ്രണയബന്ധങ്ങളിലെ തീക്ഷണതയുമെല്ലാം സിനിമയില്‍ പറയുന്നുണ്ട്‌. ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ ഇരുവരുടെയും കരിയറും ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ സിനിമ പറയുന്നത്‌. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും സ്‌ത്രീയുടെ കരിയര്‍ മാറ്റിവയ്‌ക്കപ്പെടുന്നതായാണ്‌ നമ്മള്‍ കാണുന്നത്‌. സിനിമയിലും ഏതാണ്ട്‌ അതേ പാത തന്നെയാണ്‌ പിന്തുടരുന്നത്‌. എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങനെയൊരു ഘട്ടത്തില്‍ തന്റെ കരിയറിനു പ്രാധാന്യം നല്‍കുന്ന കബനിയുടേത്‌ ശക്തമായൊരു കഥാപാത്രമാണ്‌. യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ മിടുക്കികളായ പല വനിതാ ജേര്‍ണലിസ്റ്റുകളും വിവാഹജീവിതത്തിനായി തങ്ങളുടെ കരിറിനെ മാറ്റി വയ്‌ക്കുമ്പോള്‍ തന്റെ നായികയെ കൊണ്ട്‌ നായകനോട്‌ തനിക്കു വിവാഹത്തേക്കാളും കാമുകനേക്കാളും പ്രധാനം കരിയറാണെന്നും അതുകൊണ്ടുതന്നെ അതുപേക്ഷിക്കാന്‍ കഴിയില്ലന്നും ധൈര്യപൂര്‍വം പറയിക്കുന്ന സംവിധായികയായി മാറാന്‍ ശ്രീബാലയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. നായികക്ക്‌ വ്യക്തിത്വം നല്‍കാന്‍ ശ്രീബാല ശ്രമിച്ചത്‌ അഭിനന്ദനം അര്‍ഹിക്കുന്നു.

മാധ്യമലോകത്തെ വാര്‍ത്തകളുടെ അപ്രതീക്ഷിത കടന്നുവരവും പ്രൈംടൈമമിലെ തിരക്കുമെല്ലാം കഥയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ മാത്രമാണ്‌ വിജയിച്ചിട്ടുള്ളത്‌. പുറമേക്ക്‌ വളരെ ഗ്‌ളാമര്‍ ലോകമെന്നു വിചാരിക്കുന്ന ചാനല്‍ മേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കങ്ങളും സേവന വേതന പ്രശ്‌നങ്ങളുമെല്ലാം വളരെ വിശദമായി തന്നെ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്‌. ചാനലുകളുടെ അണിയറയിലും പിന്നാമ്പുറങ്ങളിലും നടക്കുന്ന ചരടുവലികളെ കുറിച്ചും സിനിമ വ്യക്തമാക്കുന്നുണ്ട്‌. അഞ്‌ജലീ മേനോനു ശേഷം മലയാള സിനിമയ്‌ക്ക്‌ പ്രതീക്ഷ നല്‍കുന്ന മറ്റൊരു വനിതാ സംവിധായിക കൂടി ഉണ്ടായിരിക്കുന്നു എന്നു പറയാം. ചിത്രത്തിന്റെ തിരക്കഥയും ശ്രീബാല തന്നെയാണ്‌ നിര്‍വഹിച്ചിട്ടുള്ളത്‌.

രൂപേഷിന്റെയും കബനിയുടെയും പ്രണയത്തിനൊപ്പം സൂഹാസിനി, ശശികുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഡോ.സരയൂ, ഡോ.സതീഷ്‌ എന്നിവരുടെ പ്രണയം കൂടി ചിത്രത്തില്‍ ഇടവേളയക്കു ശേഷം കടന്നു വരുന്നുണ്ട്‌. ചെറുപ്പത്തില്‍ പ്രണയബദ്ധരായിരുന്നിട്ടും വിവാഹിതരാകാന്‍ കഴിയാതെ ജീവിതത്തിന്റെ രണ്ടറ്റങ്ങളിലേക്ക്‌ അകന്നു പോയ ഇവര്‍ വാര്‍ദ്ധക്യത്തില്‍ കഥയുടെ അവസാനം ഒരുമിക്കുമ്പോഴാണ്‌ പ്രേക്ഷകന്‍

കൈയ്യടിക്കുന്നത്‌. സത്യത്തില്‍ ഈ ചിത്രത്തില്‍ ദിലീപ്‌-നിഖില ജോഡികളേക്കാള്‍ സ്‌കോര്‍ ചെയ്യുന്നതും വാര്‍ദ്ധക്യത്തിലെ പ്രണയം അതിമനോഹരമായി കൈകാര്യം ചെയ്‌ത സുഹാസിനിയും ശശികുമാറും തന്നെ.


തന്റെ പതിവു സിനിമകളില്‍ നിന്നും വ്യത്യസ്‌തമായ അവതരണത്തിലൂടെ ദീലീപ്‌ തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്‌. എങ്കിലും വാര്‍ത്തകള്‍ വായിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും അത്രയ്‌ക്കങ്ങ്‌ മികച്ചതായോ എന്നു പ്രേക്ഷകന്‌ സംശയം തോന്നാതിരുന്നില്ല. കബനി എന്ന മാധ്യമ പ്രവര്‍ത്തകയുടെ റോളിലെത്തിയ പുതുമുഖം നിഖില തന്റെ കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. മലയാള സിനിമയ്‌ക്ക്‌ പ്രതീക്ഷ നല്‍കുന്ന നായികാഗണത്തില്‍ പെടുത്താവുന്നതാണ്‌ നിഖിലയുടെ മുഖവും അഭിനയമികവും.

ചാനല്‍ മേധാവിയുടെ റോളിലെത്തിയ ശ്രീനിവാസന്‍, മാധ്യമ പ്രവര്‍ത്തകരായി അഭിനയിച്ച ലെന, സിദ്ധാര്‍ത്ഥ ശിവ, ശങ്കര്‍ രാമകൃഷ്‌ണന്‍, സുധീര്‍ കോപ, മഞ്‌ജു പിള്ള തുടങ്ങിയവര്‍ തങ്ങളുടെ ഭാഗം മികച്ചതാക്കി. ചിത്രത്തില്‍ അഭിനന്ദനീയമായ മറ്റൊരു കാര്യം വിനീഷ്‌ ബംഗ്‌ളാന്റെ കലാസംവിധാനമാണ്‌. ഒരു യഥാര്‍ത്ഥ ചാനലിന്റെ ന്യൂസ്‌ റൂം പോലെ തന്നെ സെറ്റിട്ട കലാവിരുതിനെ സമ്മതിച്ചേ പറ്റൂ. അത്രയ്‌ക്ക്‌ ഒറിജിനാലിറ്റിയോടെയാണ്‌ ചാനല്‍ ഓഫീസ്‌ രൂപകല്‍പന ചെയ്‌തത്‌. ബിജി പാലിന്റെ സംഗീതവും സമീര്‍ ഹക്കിന്റെ ഛായാഗ്രഹണവും വളരെ ഹൃദ്യമായി.

പുതുമയുള്ള കഥയാണെങ്കിലും ട്രീറ്റ്‌മെന്റിലെ പോരായ്‌മ കൊണ്ട്‌ കഥയ്‌ക്ക്‌ പലപ്പോഴും ഇഴച്ചിലുണ്ടാകുന്നു. ഇതു പരിഹരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിത്രം കുറേക്കൂടി ഹൃദ്യമായേനെ. രൂപേഷ്‌-കബനി എന്നിവരുടെ പ്രണയത്തിനൊപ്പം സരയൂ-സതീഷ്‌ പ്രണയം കൂടി ചേര്‍ത്തുവച്ചപ്പോള്‍ ന്യൂസ്‌ റൂം പ്രണയത്തിന്‌ അല്‍പം നിറം മങ്ങി എന്നതും സത്യം. ഏതായാലും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമെപ്പം കാണാന്‍ കഴിയുന്ന സിനിമയാണ്‌ ലവ്‌ 24 x 7 . സ്വതന്ത്ര സംവിധായിക എന്ന നിലയില്‍ ശ്രീബാലയ്‌ക്ക്‌ ഇനിയും മുന്നേറാന്‍ കഴിയും എന്നു തന്നെയാണ്‌ ചിത്രം നല്‍കുന്ന സൂചന.
ചാനല്‍ ലോകത്തെ പ്രണയകഥയുമായി ലവ്‌ 24 x 7 ചാനല്‍ ലോകത്തെ പ്രണയകഥയുമായി ലവ്‌ 24 x 7
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക