Image

പ്രേക്ഷകന് ഒരു നല്ല സിനിമയുടെ മധുര നാരങ്ങ

Published on 23 July, 2015
    പ്രേക്ഷകന് ഒരു നല്ല സിനിമയുടെ മധുര നാരങ്ങ
 കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ കൂട്ടുകെട്ട്. കൂടെ ന്യൂജെന്‍ വിജയസിനിമകളിലെ സ്ഥിരം സാന്നിദ്ധ്യവും ചെറുപ്പക്കാരുടെ പ്രിയതോഴനുമായ നീരജ് മാധവും. പുതുമുഖ നായികയായി പാര്‍വതി. ഓര്‍ഡിനറി പോലെ പുതുമയുള്ള ഒരു നല്ല സിനിമ പ്രേക്ഷകര്‍ക്കു നല്‍കിയ സംവിധായകന്‍ സുഗീതിന്റെ ചിത്രം. മധുരനാരങ്ങ കാണുന്നതിനു പലതായിരുന്നു കാരണങ്ങള്‍. പ്രതീക്ഷകള്‍ തെറ്റിയില്ല. കണ്ടിരിക്കാന്‍ സുഖമുള്ളൊരു നല്ല ചിത്രം തന്നെ. 

ഒരു സംഭവകഥയെ ആസ്പദമാക്കുയെടുത്ത സിനിമയാണ് മധുരനാരങ്ങ. ഇതില്‍ ~ശരാശരി ജീവിത നിലവാരം മാത്രമുള്ള പ്രവാസിയായ ഓരോ മനുഷ്യന്റെയും മനസിലെ ദുഖങ്ങളും ആകുലതകളും അവര്‍ നേരിടുന്ന ദുരന്തങ്ങളുമൊക്കെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ജീവന്‍( കുഞ്ചാക്കോ ബോബന്‍), സലിം (ബിജു മേനോന്‍), കുമാരന്‍ (നീരജ് മാധവ്) എന്നീ മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു ശ്രീലങ്കന്‍ യുവതി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന ,സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകനെ ആകാംക്ഷയോടെ പിടിച്ചിരുത്താന്‍ കഴിയുന്നുണ്ട് ചിത്രത്തിന്. 

ചിത്രത്തിന്റെ ആദ്യപകുതിയില്‍ ഒരല്‍പ്പം ഇഴച്ചില്‍ പോലെ തോന്നുമെങ്കിലും സൗഹൃദവും അതിലെ തമാശകളും എല്ലാം ചേര്‍ന്ന് രസകരമാണ്. പാര്‍വതി അവതരിപ്പിക്കുന്ന താമര എന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി ജീവനുമായി കണ്ടുമുട്ടുകയും അവരുടെ ഇടയിലേക്ക് കടന്നുവരികയും ചെയ്യുമ്പോഴാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ശ്രീലങ്കയില്‍ ബോംബ്  സ്‌ഫോടനത്തില്‍ മാതാപിതാക്കളെയും സഹോദരിയേയും നഷ്ടപ്പടുകയും അഭയാര്‍ഥിയായി ജീവിക്കേണ്ടിവരികയും ചെയ്തവളാണ് താമര. മാതൃസഹോദരന്‍ അവളെ ഡാന്‍സ് ബാര്‍ ഉടമയ്ക്ക് വിറ്റതറിയുമ്പോള്‍ അവള്‍ പകച്ചുപോവുന്നു. ബാറില്‍ മാദകനൃത്തം ചെയ്യാന്‍ അവള്‍ വിസമ്മതിചെചതിനെ തുടര്‍ന്ന് അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഉടമയെ തലയ്ക്കടിച്ചുവീഴ്ച്ചി അവള്‍ ഓടി  രക്ഷപെടുകയാണ്. ഈ യാത്രയിലാണ് അവള്‍ ജീവനുമായി കണ്ടുമുട്ടുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരു പുതുമുഖ നായികയുടെ പതര്‍ച്ചകളൊന്നുമില്ലാതെ തന്നെ പാര്‍വതി തന്റെ അരങ്ങേററം ഗംഭീരമാക്കി എന്നു പറയാം. തന്റെ പിതാവ് നടന്‍ രതീഷിന്റെ അഭിനയ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിവുള്ളവളാണ് താനെന്ന് പാര്‍വതി തെളിയിച്ചു. അത്രയ്ക്ക് മികവോടെയാണ് ശ്രീലങ്കന്‍ പെണ്‍കുട്ടിയായി താമരയെ അവതരിപ്പിച്ച് പാര്‍വതി കൈയ്യടി നേടിയത്. ജീവന്‍ എന്ന ചെറുപ്പക്കാരനായി പക്വതയെത്തിയ അഭിനയമാണ് കുഞ്ചാക്കോ ബോബന്‍ പുറത്തെടുത്തത്. അതോടൊപ്പം തന്നെ ബിജു മേനോനും നീരജ് മാധവും തിളങ്ങി നിന്നു. ചിത്രത്തിന്റെ രണ്ടാം പകുതി പിന്നിടുമ്പോള്‍ ഒരു പരിധി വരെ കഥ മുന്നോടു കൊണ്ടുപോകുന്നത്  പോലും ഇവരാണ്. 
ശക്തമായ തിരക്കഥയും അവതരണവും നല്‍കി മധുരനാരങ്ങക്ക് കൂടുതല്‍ മധുരം നല്‍കിയത് സംവിധായകന്‍ സുഗീതാണ്. ആസ്വാദനത്തിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ സിനിമയിലെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നു. ഓര്‍ഡിനറി പോലെ മികച്ച മറ്റൊരു സിനിമ കൂടി നല്‍കിയതില്‍ സുഗീതിന് അഭിമാനിക്കാം. ചിത്രത്തിലെ ഗാനങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ആസ്വാദ്യകരമാണ്. ഫൈസല്‍ അലിയുടെ ക്യ3മറ വളരെ മനോഹരമായി തന്നെ കാഴ്ചകള്‍ ഒപ്പിയെടുത്തിരിക്കുന്നു. പ്രത്യേകിച്ചും പ്രണയഗാനരംഗത്ത്. 

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളോ കെട്ടുകാഴ്ചകളോ ഒന്നുമില്ലാതെയാണ് മധുരനാരങ്ങ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. തീര്‍ച്ചയായും ഈ സിനിയില്‍ ജീവിതമുണ്ട്. അലങ്കാരങ്ങളില്ലാത്ത പ്രണയമുണ്ട്. പ്രതിസന്ധികളില്‍ പതറിപ്പോകുന്ന സാധാരണക്കാരന്റെ കണ്ണീരും വേദനയുമുണ്ട്. പ്രവാസികളെ സംബന്ധിച്ച് തീര്‍ച്ചയായും നാം കണ്ടു പരിചയിച്ച അനുഭവങ്ങള്‍ തന്നെയാണ് മധുരനാരങ്ങയിലേത്. അതുകൊണ്ടു തന്നെ ഏറെ ഹൃദ്യവുമാണ്. പ്രേക്ഷകന് ഒരു നല്ല ചിത്രം കണ്ടുവെന്ന് ആശ്വസിക്കാന്‍ കഴിയുന്ന സിനിമ. 

    പ്രേക്ഷകന് ഒരു നല്ല സിനിമയുടെ മധുര നാരങ്ങ    പ്രേക്ഷകന് ഒരു നല്ല സിനിമയുടെ മധുര നാരങ്ങ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക