Image

86 വര്‍ഷത്തെ കുടുംബ ജീവിതവുമായി ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ്‌ ബുക്കില്‍ ഇടം തേടുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 10 January, 2012
86 വര്‍ഷത്തെ കുടുംബ ജീവിതവുമായി ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ്‌ ബുക്കില്‍ ഇടം തേടുന്നു
ലണ്‌ടന്‍: കരംചന്ദിന്റെയും കര്‍ത്താരിയുടെയും വിവാഹം 1925ലായിരുന്നു. 86 വര്‍ഷത്തിനിപ്പുറത്തെ അനുഗ്രഹീത കുടുംബജീവിതത്തിലൂടെ ബ്രിട്ടനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യത്തിനുടമകള്‍ ഒരു പക്ഷേ ഈ ഇന്ത്യന്‍ വംശജര്‍ തന്നെ. 86 വര്‍ഷത്തെ ആനന്ദപ്രദമായ കുടുംബ ജീവിതവുമായി ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ്‌ ബുക്കില്‍ ഇടം തേടുകയാണ്‌.

പഞ്ചാബില്‍ 1905 ലാണു കരംചന്ദിന്റെ ജനനം. കര്‍ത്താരിയുടേത്‌ 1912 ലും. ഇപ്പോള്‍ പ്രായം കരംചന്ദിന്‌ 106 ഉം കര്‍ത്താരിക്ക്‌ 99 ഉം. അക്കാലത്തെ രീതിയനുസരിച്ച്‌ ചെറുപ്രായത്തില്‍ തന്നെ സിക്ക്‌ മതാചാരപ്രകാരമുള്ള വിവാഹം കഴിച്ച ഇവര്‍ ഇപ്പോഴും ഹാപ്പിയാണ്‌. കര്‍ഷക കുടുംബമായിരുന്നു ഇരുവരുടെയും.

ഇപ്പോള്‍ ബ്രാഡ്‌ഫോര്‍ഡിലാണ്‌ ഈ ദമ്പതിമാരുടെ സ്ഥിരതാമസം. 1965 ലാണ്‌ ഇവര്‍ ബ്രിട്ടനിലേയ്‌ക്കു കുടിയേറുന്നത്‌. ആവശ്യമുള്ളതൊക്കെ നിയന്ത്രിതമായ തോതില്‍ തിന്നുകയും കുടിക്കുകയും ചെയ്യുക എന്നതാണ്‌ ദീര്‍ഘായുസിന്റെ രഹസ്യമെന്ന്‌ കരംചന്ദ്‌. ദിവസവും ഒരു സിഗരറ്റ്‌ വലിക്കും. ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം വിസ്‌കിയോ ബ്രാന്‍ഡിയോ കഴിക്കും.

ഇവര്‍ക്ക്‌ നാലു മക്കളാണുള്ളത്‌. ഇപ്പോള്‍ ഇളയ മകന്‍ സത്‌പാലിനും ഭാര്യ റാണിക്കും കുടുംബത്തിനുമൊപ്പമാണ്‌ കരംചന്ദും കര്‍ത്താരിയും താമസിക്കുന്നത്‌. അടുത്ത വര്‍ഷം നൂറു വയസ്‌ തികയുമ്പോള്‍ തനിക്ക്‌ എലിസബത്ത്‌ രാജ്ഞിയുടെ കത്തു കിട്ടുമെന്ന്‌ കര്‍ത്താരിക്കറിയാം. ഇപ്പോള്‍ അതാണു ഏറ്റവും പ്രധാന പ്രതീക്ഷ. ഇത്രയും നീണ്‌ട ദാമ്പത്യം അനുഗ്രഹമാണ്‌. എങ്കിലും ദൈവം വിളിക്കുമ്പോള്‍ പോകണമെന്നുമറിയാം,എന്നു പറയുന്ന കര്‍ത്താരിയുടെ വാക്കുകളില്‍ ദൈവവിശ്വാസത്തിന്റെ പൊരുള്‍ നിറയുന്നു. കരംചന്ദിന്റെ നൂറാം ജന്മദിനത്തിന്‌ ഔദ്യോഗികമായി അനുമോദനത്തിനൊപ്പം അഗീകാരപത്രവും ലഭിച്ചതിന്റെ ത്രില്ലിലാണ്‌ ഈ വന്ദ്യവയോധികര്‍.
86 വര്‍ഷത്തെ കുടുംബ ജീവിതവുമായി ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ്‌ ബുക്കില്‍ ഇടം തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക