Image

രണ്ടു വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിനറുതിയായി, റംല നാട്ടിലേക്ക്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 10 January, 2012
രണ്ടു വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിനറുതിയായി, റംല നാട്ടിലേക്ക്‌
റിയാദ്‌: ഭര്‍ത്താവിനൊപ്പം വീട്ടു ജോലിക്കായി എത്തി, കൃത്യമായി ഭക്ഷണം ലഭിക്കാതെ, ഉറങ്ങാന്‍ പോലും സമയം നല്‍കാതെ വീട്ടുടമസ്‌ഥയുടെ ക്രൂര പീഡനങ്ങള്‍ക്കിരയായി, മാസങ്ങളോളം ശമ്പളം നല്‍കാതെ ദുരിതത്തിലായിരുന്ന നിലമ്പൂര്‍ സ്വദേശിനി റംലക്ക്‌ നാട്ടിലേക്ക്‌ തിരിച്ചു പോകാന്‍ വഴിയൊരുങ്ങി.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഒരു ട്രാവല്‍ ഏജന്റ്‌ മുഖേനയാണ്‌ 1500 റിയാല്‍ വീതം രണ്‌ടു പേര്‍ക്കും ശമ്പളം നല്‍കാമെന്ന എഗ്രിമെന്റില്‍ നിലമ്പൂര്‍ സ്വദേശി പുളിക്കല്‍ അഹമ്മദ്‌ കുട്ടിയും ഭാര്യ റംലയും ഹൗസ്‌ ഡ്രൈവറും, വീട്ടു ജോലിക്കാരിയുമായി അല്‍ സീമിലെ ഒരു വീട്ടിലെത്തുന്നത്‌.

എന്നാല്‍ എഗ്രിമെന്റില്‍ പറഞ്ഞ ശമ്പളം നല്‍കാനോ, താമസ സൗകര്യവും ഭക്ഷണവും നല്‍കാനോ സ്‌പോണ്‍സര്‍ തയാറായില്ല. മൂന്നു മാസം കഴിയുമ്പോള്‍ എഴുനൂറു റിയാലോ മറ്റോ നല്‍കിയാലായി. ശമ്പളം ചോദിച്ചതിന്‌ ഒരിക്കല്‍ സ്‌പോണ്‍സറുടെ ഭാര്യാ സഹോദരന്‍ ഇവരുടെ താമസ സ്‌ഥലത്ത്‌ വന്ന്‌ ഭീഷണിപ്പേടുത്തുകയും തോക്ക്‌ ചൂണ്‌ടി കൊന്നു കളയുമെന്ന്‌ പറയുകയും ചെയ്‌തതായി അഹമ്മദ്‌ കുട്ടി പറഞ്ഞു.തുടര്‍ന്നാണാണ്‌ രണ്‌ടു മാസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട്‌ ബുറൈദയിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം റിയാദിലെത്തിയത്‌.

എംബസിയിലെത്തിയ ഇവരുടെ പ്രശ്‌നം ആദ്യം ഏറ്റെടുക്കാന്‍ എംബസി വിമുത കാണിച്ചു. തുടര്‍ന്ന്‌ റിയാദിലെ കേളി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റംലയെ ഡിപോര്‍ട്ടേഷന്‍ സെന്റര്‍ വഴി എമര്‍ജന്‍സി പാസ്‌പോര്‍ട്ടില്‍ നാട്ടിലയയ്‌ക്കാന്‍ എംബസി അധികൃതര്‍ തയാറാവുകയായിരുന്നു.

അഹമ്മദ്‌ കുട്ടി ഇപ്പോള്‍ താത്‌കാലികമായി ഒരു സ്‌ഥലത്ത്‌ ജോലി ചെയ്‌തു വരികയാണ്‌. റംലക്ക്‌ നാട്ടില്‍ പോകാനുള്ള ടിക്കറ്റ്‌ കേളി വനിതാ വേദി പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ച്‌ റിയാദിലെ മുതിര്‍ന്ന പ്രവാസി മലയാളികളിലൊരാളും, സ്‌റ്റാര്‍ പ്രിന്റിംഗ്‌ പ്രസിന്റെ മാനേജിംഗ്‌ ഡയറക്‌ടറുമായ ഡേവിഡ്‌ ലൂക്ക്‌ നല്‍കുകയായിരുന്നു. റംലക്കു വേണ്‌ടി കേളി വനിതാ വേദി പ്രസിഡന്റ്‌ ഫെമിന്‍ ഇക്‌ബാല്‍ ഡേവിഡ്‌ ലൂക്കില്‍ നിന്നും ടിക്കറ്റ്‌ ഏറ്റുവാങ്ങി. വനിതാ വേദി നേതാക്കളായ ഷംല ചീനിക്കല്‍, സൈനബ അലവി, നിസ അക്‌ബര്‍, റസിയ നാസര്‍ എന്നിവരും സന്നിഹിതരായിരുന്നു. കേളി ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ മധുസൂദനനാണ്‌ എംബസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. റംല അടുത്ത ദിവസം തന്നെ നാട്ടിലേക്ക്‌ തിരിക്കും.
രണ്ടു വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിനറുതിയായി, റംല നാട്ടിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക