Image

ജോര്‍ജ്ജുുകുട്ടി സമം ജോര്‍ജ്ജുകുട്ടി (ജയമോഹന്‍ എം)

Published on 08 August, 2015
ജോര്‍ജ്ജുുകുട്ടി സമം ജോര്‍ജ്ജുകുട്ടി (ജയമോഹന്‍ എം)
സമാനതകളില്ലാത്തതാണ്‌ മോഹന്‍ലാലും ലാലിന്റെ ലാലിസവുമെന്നത്‌ വീണ്ടുമൊരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്‌. ദൃശ്യത്തിന്റെ റീമേക്കുകള്‍ നാലു ഭാഷകളില്‍ എത്തിയപ്പോഴും ജോര്‍ജ്ജ്‌ കൂട്ടിക്ക്‌ മുകളില്‍ എത്താതെ പോകുന്നിടത്ത്‌ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പ്രതിഭയുടെ അടയാളം പതിയുകയാണ്‌. ലാലിന്‌ പകരം ലാല്‍ അല്ലാതെ മറ്റാരുമാകില്ല എന്ന അടയാളം.

ദൃശ്യം എന്ന സിനിമക്ക്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു. അത്‌ തന്റെ കുടുംബത്തെ രക്ഷിക്കുവാന്‍ ഒരു അച്ഛന്‍, ഭര്‍ത്താവ്‌ നടത്തുന്ന ബുദ്ധികൊണ്ടുള്ള പോരാട്ടത്തിന്റെ കഥയായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്‌കുട്ടിയെന്ന ഈ കഥാപാത്രത്തെ ലോകത്ത്‌ എവിടെയും അവതരിപ്പിക്കാവുന്നതാണ്‌. ഏതൊരു അച്ഛന്റെയും വേദനയും മനസും ലോകത്ത്‌ എവിടെയും ഒരുപോലെയാണ്‌. അതുകൊണ്ടു തന്നെ റീമേക്കുകള്‍ക്ക്‌ സാധ്യത നല്‍കുന്ന സിനിമയായിരുന്നു ദൃശ്യം. തമിഴില്‍ കമലഹാസന്‍ നായകനായ പാപനാശവും, ഹിന്ദിയില്‍ അജയ്‌ദേവ്‌ഗണ്‍ നായകനായി ദൃശ്യമെന്ന പേരിലും കന്നഡയില്‍ വി.രവിചന്ദ്രന്‍ നായകനായി ദൃശ്യ എന്ന പേരിലും തെലുങ്കില്‍ വെങ്കിടേഷ്‌ നായകനായി ദൃശ്യമെന്ന പേരിലും ചിത്രം റീമേക്ക്‌ ചെയ്‌തു.

ജിത്തു ജോസഫ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ദൃശ്യത്തിന്റെ തമിഴ്‌ റീമേക്കും ജിത്തു ജോസഫാണ്‌ സംവിധാനം ചെയ്‌തത്‌. റീമേക്ക്‌ ചെയ്‌ത നാലു പതിപ്പുകളും സൂപ്പര്‍ഹിറ്റുകളായി എന്നതും ദൃശ്യത്തിന്റെ പ്രത്യേകതയാണ്‌. റീമേക്കുകള്‍ ഏറ്റവും മികച്ച്‌ നിന്നത്‌ കലഹാസന്റെ പാപനാശവും അജയ്‌ദേവ്‌ഗണിന്റെ ദൃശ്യവുമായിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യത്തിലെ ജോര്‍ജ്ജുകൂട്ടിയെ പരിഗണിക്കാതെയും കാണാതെയുമാണ്‌ കമലഹാസനും അജയ്‌ ദേവ്‌ഗണും സ്വന്തമായി ഈ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചത്‌. കലഹാസന്‍ സ്വയംഭൂ എന്ന മധുരൈ സ്വദേശിയായി എത്തുമ്പോള്‍ അജയ്‌ ദേവ്‌ഗണ്‍ വിജയ്‌ സാല്‍വോക്കറാകുന്നു.

മോഹന്‍ലാല്‍, കമലഹാസന്‍, അജയ്‌ ദേവ്‌ഗണ്‍ - മൂന്നുപേരും മികച്ച അഭിനയത്തിനുള്ള ദേശിയ പുരസ്‌കാരം പല തവണ നേടിയിട്ടുള്ള താരങ്ങളുമാണ്‌. എന്നാല്‍ കൃത്യമായ ഒരു വിലയിരുത്തലില്‍ ഹിന്ദി മാധ്യമങ്ങളിലെ നിരൂപകര്‍ പോലും വിലയിരുത്തിയത്‌ മലയാളത്തിലെ ദൃശ്യത്തിനൊപ്പമെത്താന്‍ ഹിന്ദിയിലെ റീമേക്കിന്‌ കഴിഞ്ഞില്ല എന്നാണ്‌. അഭിനയത്തിലും ലാലിനൊപ്പമാകാന്‍ അജയ്‌ ദേവ്‌ഗണിന്‌ കഴിഞ്ഞിരുന്നില്ല എന്നും വിലയിരുത്തപ്പെട്ടു.

എന്നാല്‍ തമിഴില്‍ പാപനാശമെത്തിയപ്പോള്‍ കമലഹാസനെയും ലാലിനെയും തമ്മില്‍ ഒരു വിലയിരുത്തലിന്‌ ആരും മുതിര്‍ന്നിരുന്നില്ല. കമല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നായക കഥാപാത്രത്തെ വേറൊന്നാക്കി മാറ്റിയിരുന്നു എന്നതിനാല്‍ ലാലുമായി ഒരു താരതമ്യം ആരും ചെയ്യാതെ പോയി. മലയാളത്തിലെ എഴുത്തുകാരന്‍ ടി.പത്മനാഭന്‌ വേണ്ടി കമലഹാസന്‍ പാപനാശത്തിന്റെ സ്‌പെഷ്യല്‍ ഷോ അറേഞ്ച്‌ ചെയ്‌തിരുന്നു. പാപനാശം കണ്ടത്തിനു ശേഷം ടി.പത്മനാഭന്‍ കമലിനെ അഭിനന്ദിക്കുകയും ചെയ്‌തു. എന്നാല്‍ മോഹന്‍ലാലാണോ, താനാണോ മികച്ചതെന്ന ചോദ്യം മകല്‍ ചോദിച്ചിരുന്നെങ്കില്‍ താന്‍ കുഴങ്ങിയേനെ എന്ന്‌ ടി.പത്മനാഭന്‍ പിന്നീട്‌ എഴുതുകയും ചെയ്‌തു.

നാടകീയതയുടെയോ അതിഭാവുകത്വത്തിന്റെയോ അംശം ഒട്ടുമില്ലാതെ എന്നുംകാണുന്ന തികഞ്ഞ സ്വഭാവികതയാണ്‌ ജോര്‌ജ്ജുകുട്ടി എന്ന കഥാപാത്രത്തിനായി ലാല്‍ നല്‍കിയിരുന്നത്‌. എന്നാല്‍ പാപനാശത്തിലെ സ്വയംഭൂവില്‍ കമലഹാസന്‍ തമിഴ്‌ സിനിമയുടെ ചേരുവകള്‍ക്ക്‌ അനുയോജ്യമാകും വിധം ചില നാടകീയതകള്‍ ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രത്യേകിച്ചും നായക കഥാപാത്രത്തെ പോലീസുകാര്‍ ക്ലൈമാക്‌സില്‍ മര്‍ദ്ദിക്കുന്നത്‌ കാണിക്കുമ്പോള്‍ കമലഹാസന്റെ സ്വയംഭൂ എന്ന കഥാപാത്രം ജോര്‍ജ്ജുകുട്ടി ഏറ്റുവാങ്ങുന്നതിനേക്കാള്‍ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്‌. ഇവിടെയൊക്കെ കമല്‍ തന്റെ പ്രകടന മികവിന്റെ പാരമ്യതയില്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ ലാല്‍ ഈ രംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്‌ മിതത്വമുള്ള പ്രകടനമാണ്‌.

മലയാളത്തിലും തമിഴിലും ആശാ ശരത്ത്‌ അഭിനയിച്ച ഗീതാ പ്രഭാകര്‍ എന്ന ഐ.പി.എസ്‌ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ തബുവാണ്‌. എന്നാല്‍ ആശാ ശരത്തിനോടും മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ തബുവിന്‌ കഴിഞ്ഞില്ല. അതുപോലെ തന്നെ മലയാളത്തില്‍ മീനയുടെ കഥാപാത്രം ചെയ്‌തത്‌ പോലെ മികവുറ്റതാക്കാന്‍ തമിഴില്‍ ഗൗതമിക്കോ, ഹിന്ദിയില്‍ ശ്രേയാ ശരണിനോ കഴിഞ്ഞില്ല.

ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ്‌, തമിഴിലും കന്നഡയിലും, ഹിന്ദിയിലും, തെലുങ്കിലുമെല്ലാം റീമേക്ക്‌ ചെയ്യപ്പെട്ടത്‌ പോലെയൊരു സംഭവമാണ്‌ ഇപ്പോള്‍ ദൃശ്യത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്‌. എല്ലാ ഭാഷകളിലുമായി അഞ്ചൂറു കോടിയുടെ കളക്ഷന്‍ ദൃശ്യം നേടിയിരിക്കുന്നു. ഒരു തിരക്കഥാകൃത്ത്‌ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ജിത്തു ജോസഫിന്‌ അഭിമാനിക്കാവുന്ന കാര്യം തന്നെയാണിത്‌.

താരതമ്യങ്ങളില്‍ വലിയ കാര്യമില്ലെങ്കിലും മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടിക്ക്‌ സമം ജോര്‍ജ്ജുകുട്ടി മാത്രമേയുള്ളു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്‌. ഭാഷകളുടെ അതിര്‍ വരമ്പുകളില്ലാതെ ഏതൊരു സിനിമാ ഇന്‍ഡസ്‌ട്രിയിലും മോഹന്‍ലാല്‍ മുന്‍നിരയില്‍ പരിഗണിക്കപ്പെടുന്നതിന്റെ കാരണവും അസാധാരണമായ അഭിനയ ശൈലി തന്നെ. ലാലിസം എന്ന പ്രയോഗം ഉത്ഭവിക്കുന്നത്‌ തന്നെ ഈ അഭിനയ മികവില്‍ നിന്നാണ്‌.

ഇനിയും എത്രയോ ലാലിസം കാണുവാന്‍ പ്രേക്ഷകര്‍ക്ക്‌ സാഹചര്യങ്ങളുണ്ട്‌. രഞ്‌ജിത്തിന്റെ ലോഹത്തിലൂടെ അടുത്ത ദിവസങ്ങളില്‍ തന്നെ ഈ ലാലിസം നമുക്ക്‌ വീണ്ടും കാണുവന്‍ കഴിയും. അത്‌ മലയാളിയുടെ മാത്രമായൊരു ഭാഗ്യമാകുന്നു.

ജോര്‍ജ്ജുുകുട്ടി സമം ജോര്‍ജ്ജുകുട്ടി (ജയമോഹന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക