Image

മുണ്ടശ്ശേരിമാഷ്‌ എന്റെ ഗുരു (ഓര്‍മ്മക്കുറിപ്പുകള്‍ - 3: പ്രൊഫഃ എം. ടി. ആന്റണി: തയാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 August, 2015
മുണ്ടശ്ശേരിമാഷ്‌ എന്റെ ഗുരു (ഓര്‍മ്മക്കുറിപ്പുകള്‍ - 3: പ്രൊഫഃ എം. ടി. ആന്റണി: തയാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)
മുണ്ടശ്ശേരി മാഷെ കുറിച്ച്‌ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും. കാരണം അദ്ദേഹം പല വിഷയങ്ങളിലും (Versatile) വൈദ്‌ഗ്‌ദ്ധ്യം പ്രകടിപ്പിച്ച അസാമാന്യ വ്യക്‌തിത്വത്തിനുടമയായിരുന്നു. നാലു പതിറ്റാണ്ട്‌ നീണ്ട്‌ നിന്ന നിരൂപണ കലോപാസനയിലൂടെ ശ്രീ മുണ്ടശ്ശേരി മലയാള ഭാഷക്ക്‌ നിരൂപണത്തിന്റെ ഒരു നിര്‍വ്വചനം നല്‍കിയെന്ന്‌ പലരും ഇന്ന്‌ ഓര്‍മ്മിക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. ശ്രീ മുണ്ടശ്ശേരിക്ക്‌ മുമ്പ്‌ മലയാളത്തില്‍ ശ്രീ അച്യുതമേനോന്‍ വിദ്യ വിനോദിനിയിലും, സ്വദേശാഭിമാനി രാമക്രുഷ്‌ണപിള്ള ആത്മ പോഷിണിയിലും ശ്രീ ബാലക്രുഷ്‌ണപിള്ള കേസരിയിലും അന്ന്‌ ഇറങ്ങിയിരുന്ന പുസ്‌തകങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ എഴുതിയിരുന്നു. പക്ഷെ ഇവരാരും തന്നെ ഈ അഭിപ്രായങ്ങളെ ഗൗരവതരമായ ഒരു നിരൂപണ സമ്പ്രദായത്തിലേക്ക്‌ ഉയര്‍ത്തണമെന്ന്‌ ചിന്തിക്ലിരുന്നിക്ല. ഇംഗ്ലീഷ്‌, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളില്‍ നിപുണനായ മുണ്ടശ്ശേരി മാഷ്‌ വെറുമൊരു പുസ്‌തകാഭിപ്രായത്തെ വേറിട്ടൊരു സാഹിത്യശാഖയായി പരിഗണിച്ചിരുന്നില്ല. നിരൂപണം എന്ന ശക്‌തിയായ ഒരു സാഹിത്യശാഖ മലയാള ഭാഷക്ക്‌ സമ്മാനിക്കുന്നതില്‍ മുണ്ടശ്ശേരി മാഷുടെ ക്രാന്തദര്‍ശിത്വവും, അറിവും പ്രമുഖ ഘടകങ്ങളായിരുന്നു എന്ന്‌ മനസിലാക്കാം.രചനകളുടെ രൂപഭദ്രതയെപ്പറ്റി, മതഗ്രന്ഥങ്ങള്‍ വ്യാഖാനിക്കുന്നപോലെ ഒരു സാഹിത്യ വ്യാഖ്യനത്തെപ്പറ്റി അദ്ദേഹം എഴുതുകയും അത്‌ മലയാള ഭാഷക്ക്‌ ഒരു പുതിയ അനുഭവമാകുകയും ചെയ്‌തു,

ഞാന്‍ സെന്റ്‌ തോമസ്സ്‌ കോളേജില്‍ (ത്രുശ്ശൂര്‍) ഇന്റെര്‍മീഡിയറ്റ്‌ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണു്‌ മുണ്ടശ്ശേരി മാഷെ പരിചയപ്പെടുന്നത്‌ അന്ന്‌ അദ്ദേഹം അവിടെ അദ്ധ്യാപകനായിരുന്നു. അവിടെ അന്ന്‌ ശ്രീ എം.പി.പോളും പഠിപ്പിച്ചിരുന്നു. ഭാവിയില്‍ എന്റെ ശ്വശുരനാകുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കാതിരുന്ന ഡോക്‌ടര്‍ എ.ജെ.തേറാട്ടില്‍ അവിടെ എക്‌ണോമിക്‌സ്‌ പഠിപ്പിച്ചിരുന്നു.വിദ്യാര്‍ഥി ജീവിതം വളരെ രസകരവും സുഖകരവുമായിരുന്നു. വിദ്യാര്‍ഥികളും അദ്ധ്യാപകരും തമ്മില്‍ പാവനമായ ഒരു ഗുരു ശിഷ്യ ബന്ധം നില നിന്നിരുന്നു.എങ്കിലും വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക്‌ ദുസ്വാതന്ത്ര്യങ്ങളോട്‌ ചെറിയ മമതയുണ്ടായിരുന്നു. എല്ലാവര്‍ക്കും അല്‍പ്പം രാഷ്‌ട്രീയം, കല, തുടങ്ങിയവയുണ്ടായിരുന്നു. ആണ്‍കുട്ടികളുടെ മാത്രം കോളേജായിരുന്നത്‌കൊണ്ട്‌ പ്രേമ വിപ്ലവങ്ങളും അതുണ്ടാക്കുന്ന പുലിവാലുകളുമില്ലായിരുന്നു. ഞാനും കൂട്ടുകാരും രാഷ്‌ട്രീയത്തിലും എഴുത്തിലും കമ്പമുള്ളവരായിരുന്നു.

കുട്ടികളുടെ സാഹിത്യവാസനകള്‍ കണ്ടറിയാനും അതിനെ വികസിപ്പിക്കാനും ഇറക്കിയിരുന്ന കോളെജ്‌ മാസികയില്‍ ആയിടക്ക്‌ ഞാന്‍ ഒരു ലേഖനം എഴുതി. ക്രുത്യമായി അതിന്റെ തലക്കെട്ട്‌ ഓര്‍മ്മയില്ലെങ്കിലും അത്‌ നേതൃത്വത്തെക്കുറിച്ചുള്ള എന്റെ തീഷ്‌ണമായ ചിന്തകളായിരുന്നു. അതെഴുതി കൊടുത്ത്‌ അങ്ങനെ കോളേജ്‌ ഗ്രൗണ്ടില്‍ കൂട്ടുകാരൊത്ത്‌ വിലസി നടക്കുമ്പോള്‍ കോളേജ്‌ ശിപായി വന്ന്‌ എന്നെ അന്വേഷിച്ചു. കൂട്ടുകാരൊക്കെ പരിഭ്രമിച്ചു.`മുണ്ടശ്ശേരി മാഷ്‌ എന്നെ കാണണമെന്നറിയിച്ചിരിക്കുന്നു. ധൈര്യം സംഭരിച്ച്‌്‌ ഞാന്‍ ചെന്നു. മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ ഒരു കുസൃതി ചിരിയാണു കണ്ടത്‌. ആവൂ, സമാധാനമായി.`തന്റെ ലേഖനം വായിച്ചു.ഇത്‌ താന്‍ വല്ലയിടത്തും നിന്നും പൊക്കിയതാണോ?' പൊക്കിയതാണൊ എന്ന സംശയം എന്റെ ആത്മവിശ്വാസം കൂട്ടി.ലേഖനം നന്നായി എന്നാണല്ലോ അതിന്റയര്‍ഥം.ഞാന്‍ സത്യം പറഞ്ഞു. മാഷ്‌ വളരെ സന്തോഷിക്കയും അതില്‍ പിന്നെ എന്നെ ഒരു വത്സല ശിഷ്യനായി കൂട്ടുകയും ചെയ്‌തു.മാഷിന്റെ അംംഗീകാരം, കൗമാരംവിട്ട യൗവ്വനദശയില്‍ എനിക്ക്‌ ഒത്തിരി സന്തോഷവും ഇത്തിരി ഗമയുംനല്‍കി. ഞാന്‍ കൂടുതല്‍ കുത്തിക്കുറിക്കലുകള്‍ അന്ന്‌ നടത്തി. പില്‍ക്കാലത്ത്‌ ഒരു വിഷയത്തെപ്പറ്റി എങ്ങനെ പ്രതിപാദിക്കണമെന്ന അറിവിന്റെ ഒരു അടിത്തറ അത്തരം സര്‍ഗ്ഗ പ്രക്രിയകള്‍ എന്നെ സഹായിച്ചു..

ആയിടക്കായിരുന്നു മാഷ്‌ `അരണാട്ടുകര' നിയോജകമണ്ഡലത്തില്‍ ഒരു സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്‌. ഞാന്‍ വളരെ ആവേശത്തോടെ മാഷിന്റെ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച്‌്‌ നടന്നു. അങ്ങനെ ഞാന്‍ ചെയ്‌തത്‌ മാഷിനോടുള്ള സ്‌നേഹവും ബഹുമാനവുമെന്നതില്‍ കവിഞ്ഞ്‌ മാഷ്‌ മത്സരിക്കുന്ന പാര്‍ട്ടിയുടെ ആര്‍ജ്ജവവും ലക്ഷ്യവും നല്ലതെന്ന്‌ തോന്നിയത്‌ കൊണ്ടാണ്‌. ഇന്നും ഈ വയസ്സിലും എനിക്ക്‌ എന്റേതായ ആദര്‍ശങ്ങളും വിശ്വാസങ്ങളുമുണ്ട്‌. ഞാന്‍ മാഷിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മാഷിനു എതിര്‍ കഷിയായി നിന്നത്‌ എന്റെ വല്യപ്പന്റെ മകനായിരുന്ന എം.വി. ആഗസ്‌റ്റിനായിരുന്നു.സ്വന്തം ചേട്ടനായത്‌ കൊണ്ട്‌ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന്‌ ഞാന്‍ ചിന്തിച്ചതേയില്ല.ഞാന്‍ മുണ്ടശ്ശേരി മാഷിന്റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചു. അങ്ങനെ ചേട്ടനെ തോല്‍പ്പിച്ച്‌ പ്രിയ ഗുരുവിനു ജയിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളില്‍ മുഴുകി. പഠിത്തം കുറച്ച്‌ കുറഞ്ഞ്‌ പോകുന്നുവെന്നു അപ്പന്‍ മനസ്സിലാക്കിയിരുന്നു. എന്റെ അപ്പന്‍ വളരെ സ്‌നേഹസമ്പന്നനുംകുട്ടികളോട്‌ പ്രത്യേകം വാത്സല്യമുള്ളയാളുമായിരുന്നു. എങ്കിലും സ്‌നേഹത്തിന്റെ അമിത പ്രകടനം അദ്ദേഹത്തിനു വശമില്ല. അമ്മയും അതേപോലെ വളരെ ദൈവ ഭക്‌തയും മക്കളുടെ നന്മക്കായി എപ്പോഴും മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന ഒരു സാധ്വിയുമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഉത്സാഹവുമായി നടക്കുന്ന ഞാന്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന്‌ വീട്ടിലുള്ളവര്‍ക്ക്‌ സംശയം തോന്നി.മക്കളുടെ പ്രായത്തിനനുസരിച്ചുള്ള അവരുടെ കുസ്രുതിത്തരങ്ങള്‍ വക വച്ചു കൊടുക്കുന്നവരാണു മാതാപിതാക്കള്‍ എങ്കിലും പഠിത്തത്തില്‍ ഉപേക്ഷ കാണിക്കരുതെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.
വീട്ടില്‍ ധാരാളം പൂക്കള്‍ വച്ചുപിടിപ്പിച്ച പൂന്തോട്ടമുണ്ടായിരുന്നു. എന്റെ സഹോദരിമാരും അമ്മയും ചെടികളെ ശുശ്രൂഷിച്ചും വളം നല്‍കിയും പരിപാലിക്കുന്നത്‌ കൊണ്ട്‌ മനോഹരമായ പൂക്കള്‍ വിരിഞ്ഞ്‌ വീടിന്റെ മുന്‍ വശത്തിനു ശോഭയും സുഗന്ധവും നല്‍കി. ഞാനതിന്റെ ഭംഗി നുകര്‍ന്നിരുന്നതില്‍ കവിഞ്ഞ്‌ അവിടെ എന്റേതായി എന്തെങ്കിലും ചെയ്യാനോ മുതിര്‍ന്നില്ല. അപ്പന്‍ സ്വന്തം മക്കളെപോലെ പൂക്കളെ സ്‌നേഹിച്ചു. എന്റെ വീട്ടില്‍ റോസാപൂക്കളുണ്ടെന്ന്‌ അപ്പന്‍ പറയുന്നത്‌ മക്കളെ കുറിച്ചായിരുന്നു.പൂക്കളെപോലെ മനസ്സുള്ള മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും സാമീപ്യമേറ്റ എന്നിലും കരുണയുടെ ആര്‍ദ്ര ഭാവങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. `സ്‌നേഹമാണഖിലസാരമൂഴിയില്‍..' എന്ന ആശാന്‍ വചനത്തില്‍ എനിക്കും വിശ്വാസമായിരുന്നു.

പഠിപ്പില്‍ നിന്നും ദൈവവിശ്വാസങ്ങളില്‍ നിന്നും എന്റെ ശ്രദ്ധ പാളിപോകുന്നതായി അമ്മക്ക്‌്‌ സംശയം തോന്നി. എല്ലാവരും ഉച്ച കുര്‍ബ്ബാനക്ക്‌ പോകാനൊരുങ്ങി പോകുന്നത്‌ നോക്കി മൗനിയായി ചിലപ്പോള്‍ ഞാന്‍ ഇരിക്കാറുള്ളതും ആ സമയത്ത്‌ അമ്മ നല്‍കിയ ഉപദേശവും ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.അമ്മ എന്നെ വിളിച്ച്‌ ഒരു ദിവസം ചോദിച്ചു. ` ആന്റണി, ഞാന്‍ എന്തിനാണു പള്ളിയില്‍ പോകുന്നതെന്ന്‌ നിനക്കറിയ്യോ?' അമ്മയുടെ ചോദ്യം കേട്ട്‌ ഞാന്‍ അമ്പരന്നു. എന്തുകൊണ്ടാണു അമ്മ അങ്ങനെ ചോദിക്കുന്നതെന്ന്‌ അന്ന്‌ എനിക്കറിയില്ലായിരുന്നു. കര്‍ത്താവിനോട്‌ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനല്ലേ, അമ്മേ.? അമ്മ അതിനു മറുപടിയായി ഒരു ചോദ്യം ചോദിച്ചു. ഞാന്‍ ആര്‍ക്കു വേണ്ടിയാണു പ്രാര്‍ഥിക്കുന്നത്‌.? എനിക്കപ്പോള്‍ യൗവ്വനത്തിന്റെ മുന്‍ കോപം കുറേശ്ശേ വന്ന്‌ തുടങ്ങി. ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു: ഞങ്ങള്‍ക്കൊക്കെ വേണ്ടി, അമ്മ എന്തിനാണിതൊക്കെ ഇപ്പോള്‍ എന്നോട്‌ ചോദിക്കുന്നത്‌. എന്റെ ബാലിശമായ കോപം കണ്ട്‌ അമ്മ പുഞ്ചിരിച്ചു.അമ്മ പറഞ്ഞു -എനിക്ക്‌ ഇത്രയൊക്കെയറിയുള്ളു.ചെറുപ്പം തൊട്ട്‌ പള്ളിയില്‍ പോയി തുടങ്ങി, ഇപ്പോഴും പോകുന്നു. അത്‌ എനിക്ക്‌ സന്തോഷവും സമാധാനവും നല്‍കുന്നു.എനിക്ക്‌ വേറെയൊന്നുമറിയില്ല. മദ്രാസ്സില്‍ പോയി പഠിച്ച നിനക്ക്‌ ഇപ്പോള്‍ അറിവും വിവരവുമുണ്ട്‌.എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി നീ പള്ളിയില്‍ വരണമെന്നില്ല. നീ നിന്റെ പഠിത്തത്തില്‍ വീഴ്‌ച്‌ വരത്തരുത്‌. തിരഞ്ഞെടുപ്പെന്നൊക്കെ പറഞ്ഞ്‌ സമയം കളയരുത്‌. മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ അമ്മമ്മാര്‍ക്കറിയുള്ളു. ഞാന്‍ അമ്മയുടെ പ്രിയപുത്രന്‍ അത്‌ കേട്ട്‌ സങ്കടപ്പെട്ടു. എന്റെ കോപം അമ്മയോടുള്ള സ്‌നേഹപാരമ്യത്തിന്റെ ഒരു പ്രതിഫലനം മാത്രമായിരുന്നു.എനിക്ക്‌ എന്റെ അമ്മ ജീവനായിരുന്നു. സഹിഷ്‌ണതയുടേയും ഹൃദയലാളിത്യത്തിന്റേയും ഒരു സ്‌നേഹമൂര്‍ത്തിയായിരുന്നു എന്റെ അമ്മ. ഞാന്‍ ഇന്റെര്‍മീഡിയറ്റ്‌ പരീക്ഷ ജയിച്ചു.

നാട്ടില്‍ നിര്‍ത്തി പഠിപ്പിച്ചാല്‍ ഒരു പക്ഷെ എന്റെ ശ്രദ്ധ വിദ്യാഭ്യാസ കാര്യത്തില്‍ വേണ്ട വിധം പതിഞ്ഞില്ലെങ്കിലോ എന്ന്‌ തോന്നിയത്‌ കൊണ്ടാകാം അല്ലെങ്കില്‍ വളരെ പ്രസിദ്ധമായ കലാലയത്തില്‍ മകനെ പഠിപ്പിക്കുക എന്ന ഉദ്ദേശ്യം കൊണ്ടാകാം വീട്ടുകാര്‍ എന്നെ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളെജില്‍ പഠിപ്പിക്കാനയച്ചു. കോളേജില്‍ ചേരാന്‍ പോകുന്നതിന്റെ തലേദിവസം അപ്പന്‍ ചോദിച്ചു. ` കളി വിനോദങ്ങളൊക്കെ കഴിഞ്ഞില്ലേ, ഇനി പോയി വളരെ ഉത്തരവാദിത്വത്തോടെ പഠിച്ച്‌ മിടുക്കനായി വരുക' ശരിയെന്ന്‌ ഞാന്‍ സമ്മതിച്ചപ്പോള്‍ `തിരുഹൃദയത്തിന്റെ മുമ്പില്‍ കുരിശ്‌ വരച്ച്‌ നല്ലോണം പ്രാര്‍ഥിക്കുക എന്ന്‌ ഉപദേശിച്ചു.എല്ലാ അച്ചടക്കത്തോടും കൂടി ഞാന്‍ മാതാപിതാക്കളെ എന്നു അനുസരിച്ചു പോന്നിട്ടുണ്ട്‌. അവര്‍ക്കും എന്നില്‍ വിശ്വാസവും സ്‌നേഹവും എന്നുമുണ്ടായിരുന്നു.ഏതൊരു വിദ്യാര്‍ഥിയേയും പോലെ ഞാനും നവ യൗവ്വനത്തിന്റെ വാശിയിലും ആവേശത്തിലും പ്രിയങ്കരനായ ഗുരുവിനു വേണ്ടി കുറച്ചു സമയം ചിലവഴിച്ചതാണ്‌.

മദ്രാസ്സിലെ (ഇന്നത്തെ ചെന്നൈ) ജീവിതം എനിക്ക്‌ ഒരു പുതുമയായിരുന്നു.മലയാള ഭാഷ കൊഞ്ചി കുഴയുന്ന പോലെയുള്ള തമിള്‍ കേള്‍ക്കാന്‍ നല്ല രസമായിരുന്നു. കുറെയൊക്കെ മനസ്സിലാക്കാനും.മലയാളം തമിഴില്‍ നിന്ന്‌ വന്നതാണെന്ന്‌ എനിക്ക്‌ അന്ന്‌ തോന്നതിരുന്നില്ല. കോളേജ്‌ അന്തരീക്ഷവും പ്രൗഢഗംഭീരമായിരുന്നു. പല സംസ്‌ഥാനങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഉണ്ട്‌. അവിടെ വച്ചാണു ഞാന്‍ ഒ.വി.വിജയനെ പരിചയപ്പെടുന്നത്‌. വിജയന്‍ അന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദനന്തര ബിരുദം നേടാന്‍ പഠിക്കയാണ്‌. ഞാന്‍ മലയാള സാഹിത്യം എം.എ.യ്‌ക്കും. സാഹിത്യത്തോടുള്ള എന്റെ കമ്പം ഇവിടെ വന്നപ്പോള്‍ മുതല്‍ വര്‍ദ്ധിച്ചു. ജയകേരളം എന്ന ഒരു മാസിക അന്ന്‌ മദ്രാസ്സില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. അതിലേക്ക്‌ ധാരാളം ലേഖനങ്ങള്‍ ഞാന്‍ എഴുതികൊടുത്തു. ധാരാളം വായിക്കുകയും സ്വന്തം ആശയങ്ങള്‍ രൂപപ്പെടുത്തി അവയെല്ലാം ലേഖനത്തിലാക്കുന്നത്‌ അന്ന്‌ എനിക്ക്‌ ഹര്‍മായിരുന്നു. അങ്ങനെ ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ചില നര്‍മ്മ ഭാവനകളും, കവിതാ ശകലങ്ങളും ഒപ്പം കുറിച്ചുകൊണ്ടിരുന്നു. പഠിത്തം കഴിഞ്ഞ്‌ അവിടെ തന്നെ അദ്ധ്യാപകനാകാനും കഴിഞ്ഞു.അദ്ധ്യാപനായിരിക്കുമ്പോല്‍ എം.ന്‍. വിജയനേയും, സുകുമാര്‍ അഴിക്കോടിനേയും പരിചയപ്പെടാന്‍ സാധിച്ചു. അവിടെ അദ്ധ്യാപകനായിരുന്ന ഡോക്‌ടര്‍ കെ.എം ജോര്‍ജ്‌ ഡല്‍ഹിയില്‍ ജോലി കിട്ടിപോയപ്പോള്‍ അദ്ദേഹത്തിന്റെ പദവി എനിക്ക്‌ നല്‍കപ്പെട്ടു. ബൗദ്ധികമായ വികാസവും ഭൗതികമായ നേട്ടങ്ങളുമായി ജീവിതം മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു.

ഇതിനിടയിലും മുണ്ടശ്ശേരി മാഷുമായുള്ള ഊഷ്‌മള ബന്ധം തുടര്‍ന്ന്‌ കൊണ്ടിരുന്നു.സെന്റ്‌ തോമസ്‌ കോളേജില്‍ വച്ച്‌ ലേഖനകര്‍ത്താവായി എന്നെ തിരിച്ചറിഞ്ഞതില്‍പ്പിന്നെ മാഷിനു എന്നോട്‌ വളരെ സ്‌നേഹകൂടുതല്‍ ഉണ്ടായിരുന്നു. എന്നെ അതില്‍ പിന്നെ ` എടോ വിദ്വാന്‍' എന്നാണു വിളിച്ചിരുന്നത്‌. കോളെജില്‍ അദ്ധ്യാപന ജീവിതകാലം മാഷിനു അത്ര സുഖകരമായിരുന്നില്ല. വൈദിക മേധാവിത്വത്തോടല്ല അതിന്റെ സ്വാര്‍ത്ഥവും സങ്കുചിതവുമായ ചിന്താഗതികളോട്‌ മാഷിനു യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ മാനസിക സംഘര്‍ഷം മാഷിന്റെ അവിടത്തെ ജോലി നഷ്‌ടപ്പെടുത്തി. യൗവ്വനത്തിന്റെ ഉല്ലാസകരമായ നിമിഷങ്ങളില്‍ ഒരു പൂതുമ്പിയെ പോലെ തേക്കിന്‍കാട്‌ മൈതാനത്തിലൂടെ ഒരു ദിവസം ഞാന്‍ നടന്നു വരുമ്പോള്‍ മുണ്ടശ്ശേരി മാഷിനെ കണ്ടു. മുഖം വളരെ വിളറി വിഷമിച്ചിരുന്നു. മാഷിനു എന്തു പറ്റിയെന്ന എന്റെ ചോദ്യത്തിനു : `കാണേണ്ടവരെ കാണേണ്ട സമയത്ത്‌ കാണുന്നു' എന്ന്‌ പറഞ്ഞു മാഷ്‌ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. മനസ്സിലെ ദു:ഖങ്ങള്‍ക്ക്‌ എന്നെ കണ്ടപ്പോള്‍ ഒരു ശമനമുണ്ടായി എന്നാണു മാഷ്‌ ഉദ്ദേശിച്ചത്‌. കോളെജിലെ ജോലി നഷ്‌ടമായ വേദനയോടെ മാഷ്‌ കോളെജില്‍ നിന്നും അപ്പോള്‍ മടങ്ങുകയായിരുന്നു.

അദ്ദേഹം രാഷ്‌ട്രീയത്തില്‍ സജീവമായി തന്നെ നിലകൊണ്ടു. ബാലറ്റ്‌ വോട്ടിലൂടെ ഭാരതത്തില്‍ ആദ്യമായി കമ്യൂണിസ്‌റ്റ്‌ മന്ത്ര സഭ അധികാരത്തില്‍ വന്നപ്പോള്‍ മുണ്ടശ്ശേരി മാഷ്‌ വിദ്യാഭ്യാസ മന്ത്രിയായി. എടൊ വിദ്വാന്‍,തനിക്ക്‌വേണ്ടി എന്തു ചെയ്‌ത്‌ തരണമെന്ന്‌ സ്‌നേഹപൂര്‍വ്വം എന്നോട്‌ ചോദിച്ചു. അത്‌ ഒരു ഭംഗിവാക്കായിരുന്നില്ല.ഒരു പക്ഷെ ഞാനാവശ്യപ്പെടുന്ന ന്യായമായ എന്തും അദ്ദേഹം സാധിച്ചു തരുമായിരുന്നു. എല്ലാവരും ഒരു പക്ഷെ ആഗ്രഹിച്ചുപോകുന്ന നാട്ടിലെ കോളേജില്‍ ഒരു ജോലി എത്രയോ അനായേസേനെ അദ്ദേഹത്തിനു ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ ഒന്നും ആവശ്യപ്പെട്ടില്ല.എന്റെ അപ്പനും അമ്മയും നല്‍കിയ നല്ല ജീവിത ദര്‍ശനങ്ങള്‍ എനിക്ക്‌ എന്നും വഴികാട്ടിയായി കൂടെയുണ്ട്‌.പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങാതിരിക്കുകയെന്നതാണ്‌ ക്രീസ്‌തീയ മതത്തിന്റെ പൊരുള്‍ തന്നെ. നന്മയുടെ പ്രകാശം നല്‍ക്കുന്ന വഴിയിലൂടെ കര്‍ത്താവിന്റെ വചനങ്ങള്‍ കൈപിടിച്ചു നടക്കുന്നതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌. ആ പിടുത്തം വിടാതിരുന്നാല്‍ നമ്മള്‍ വീഴുകയില്ല.മുണ്ടശ്ശേരിു മാഷില്‍ നിന്നും ഒരു ഉപകാരം സ്വീകരിക്കുന്നത്‌ ദോഷമല്ലെങ്കിലും എന്റെ മദ്രാസ്‌ ജീവിതവും ജോലിയും സുഖമായതിനാല്‍ ഞാന്‍ അതിനു തുനിഞ്ഞില്ല.

ആശാന്‍ പാടിയപോലെ `ഹാ സുഖങ്ങള്‍ വെറും ജാലം ആരറിവൂ നിയതി തന്‍ ത്രാസ്‌ പൊങ്ങുന്നതും താനെ താണു പോവതും'. ഞാനന്ന്‌ മദ്രാസ്സിലെ താംബരത്ത്‌ പഠിപ്പിക്കയാണു ഒരു സ്റ്റേറ്റ്‌ കാര്‍ എന്റെ കോളെജ്‌ പടിക്കല്‍ വന്നു നിന്നു. ഡ്രൈവര്‍ എന്ന്‌ അന്വേഷിച്ച്‌ ഉള്ളില്‍ വന്നു. ഞാന്‍ ചെന്നപ്പോള്‍ അത്‌ മുണ്ടശ്ശേരി മാഷായിരുന്നു. നാട്ടില്‍ രാഷ്‌ട്രീയ കോളിളക്കം നടക്കുന്നു. മന്ത്രി സഭ പിരിച്ചുവിടാന്‍ ജനം സമരം ചെയ്യുന്നു. മാഷിന്റെ മുഖം മ്ലാനമായിരുന്നു.മാഷ്‌ എന്നേയും കൂട്ടി അടുത്തുള്ള ഗെസ്‌റ്റ്‌ ഹൗസ്സില്‍ പോയി.അവിടെ അക്ഷമനായി മുറിയില്‍ നടന്നു.എത്ര ഗാംഭീര്യത്തോടെ പ്രസംഗിക്കയും കുട്ടികളെ പഠിപ്പിക്കയും ചെയ്‌തിരുന്ന മഹാനായ മാഷിന്റെ അവസ്‌ഥ എന്നെ ഖേദിപ്പിച്ചു. ഞങ്ങള്‍ ഒന്നും മിണ്ടാതെ ഇരുന്നു. അല്ല, മാഷ്‌ അസ്വസ്‌ഥനായി നടക്കയായിരുന്നു.തോളില്‍ ഇടുന്ന ഷാള്‍ ഇടക്കിടെ നേരെയാക്കി ഇട്ടുകൊണ്ടിരുന്നു. വളരെ വലിയ ഒരു മാനസിക സംഘര്‍ഷം അദ്ദേഹത്തിന്റെ മനസ്സില്‍ നടക്കയാണ്‌. മലകളിളകിലും മഹാജനനം മനമിളകാം എന്ന്‌ പറയുമെങ്കിലും ചില സമയം മനസ്സ്‌ നമ്മുടെ പിടിയില്‍ നിന്നും വിട്ടു പോകുന്നു. മൂകവും നിശ്‌ചലവുമായ ആ നിമിഷങ്ങള്‍ക്ക്‌ ഭാരവും ദൈര്‍ഘ്യവും തോന്നി. അപ്പോഴാണു ഒരു പ്യൂണ്‍ വന്ന്‌ പറയുന്നത്‌ ഒരു ഫോണുണ്ട്‌. തിരുവനന്തപുരത്ത്‌ നിന്നും മാഷിനോട്‌ ആര്‍ക്കൊ സംസാരിക്കണം.മാഷ്‌ എന്റെ മുഖത്ത്‌ ഒന്നു നോക്കി.ഫോണില്‍ സംസാരിച്ച്‌ തിരിച്ചു വന്ന്‌ വളരെ വിഷമത്തോടെ പറഞ്ഞു. വയലാര്‍ രാമവര്‍മ്മയായിരുന്നു.

വയലാര്‍ കമ്യൂണിസ്‌റ്റ്‌ അനുഭാവി ആണെങ്കിലും കവിയായിട്ടാണല്ലോ അറിയപ്പെടുന്നത്‌. അദ്ദേഹം എന്തിനു വിളിച്ചു എന്ന്‌ ചോദിച്ചപ്പോള്‍ മാഷ്‌ പറഞ്ഞു. അത്‌ മാഷുടെ മകള്‍ കൊച്ചു മേരിയുടെ വിവാഹവിവരം അറിയിക്കാനായിരുന്നു..മാഷ്‌ അത്‌ പറയുമ്പോള്‍ വികാരധീനനായിരുന്നു. ഒരച്‌ഛന്റെ മനോവികാരങ്ങളെക്കുറിച്ച്‌ അന്നെനിക്കറിയില്ലായിരുന്നു. എന്തു പറയണമെന്നറിയാതെ ഞാന്‍ നിശ്‌ബദനായി അത്‌ കേട്ടു. അപ്പോള്‍ എന്റെ മനസ്സിലേക്ക്‌ ഒരു രംഗം തെളിഞ്ഞ്‌ വന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുണ്ടശ്ശേരി മാഷ്‌ ചൈനയില്‍ പോയി മടങ്ങുമ്പോള്‍ മദ്രാസ്സില്‍ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു. എന്നെ കാണണമെന്ന്‌ പറഞ്ഞ്‌ വിളിച്ചിരുന്നു. ഞാന്‍ ചെന്നപ്പോള്‍ മാഷ്‌ വളരെ സന്തോഷവാനായിരുന്നു. പെട്ടി തുറന്ന്‌ ചൈനീസ്‌ പട്ടില്‍ തുന്നിയ ഒരു ഉടുപ്പ്‌ എന്നെ കാണിച്ചു.. വളരെ മനോഹരമായിരുന്നു അത്‌ കാണാന്‍. ആഹ്ലാദം തിരതല്ലുന്ന മുഖത്തോടെ മാഷ്‌ പറഞ്ഞു. ഇത്‌ കൊച്ചു മേരിക്കാണ്‌. ആ കുട്ടിയാണു വിവാഹജീവിതത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്നത്‌.ഒരച്‌ഛന്റെ ഹൃദയതുടിപ്പുകള്‍ എനിക്ക്‌ കേള്‍ക്കാമായിരുന്നു. ഇന്നും ആ രംഗം എന്റെ മനസ്സില്‍ സജീവമായി നില്‍ക്കുന്നു. മഹാനായ ആ മനുഷ്യന്റെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ അക്ഷരങ്ങളാകുന്ന ഈ മെഴുകുതിരികള്‍ കൊളുത്തി ഞാന്‍ നമിക്കുന്നു. മുറുക്കി ചുവപ്പിച്ച ചുണ്ടില്‍ പരക്കുന്ന ഒരു ചിരിയോടെ അങ്ങ്‌ ദേവലോകത്ത്‌ നിന്നും `എടൊ വിദ്വാന്‍' എന്ന്‌ എന്നെ മാഷ്‌ വിളിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നു. പവിത്രമായ ഒരു ഗുരു-ശിഷ്യബന്ധത്തിന്റെ വിവരണങ്ങള്‍ക്ക്‌ വാക്കുകള്‍ അപര്യാപ്‌തങ്ങളാണ്‌. എങ്കിലും എന്റെ തുടര്‍ന്നുള്ള എഴുത്തില്‍ കൂടെ കൂടെ എന്റെ പ്രിയങ്കരനായ മാഷ്‌ കടന്ന്‌ വരും. (തുടരും)

തയ്യാറാക്കിയത്‌ : സുധീര്‍ പണിക്കവീട്ടില്‍
മുണ്ടശ്ശേരിമാഷ്‌ എന്റെ ഗുരു (ഓര്‍മ്മക്കുറിപ്പുകള്‍ - 3: പ്രൊഫഃ എം. ടി. ആന്റണി: തയാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)മുണ്ടശ്ശേരിമാഷ്‌ എന്റെ ഗുരു (ഓര്‍മ്മക്കുറിപ്പുകള്‍ - 3: പ്രൊഫഃ എം. ടി. ആന്റണി: തയാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2015-08-15 21:50:38
മലയാള നീരൂപണ സാഹിത്യത്തിലെ രണ്ടു മഹാരഥന്മാർ (ശ്രീ . മുണ്ടശ്ശേരിയും, എം. പി .പോളും ) പഠിപ്പിച്ച കോളേജിൽ പഠിക്കാൻ സാധിച്ചത് ഒരപൂർവ്വ ഭാഗ്യം തന്നെ.  അദ്ധ്യാപകൻ, സാഹിത്യ നിരൂപകൻ നിയമസഭാംഗം, മന്ത്രി, വൈസ് ചാൻസലർ എന്നിങ്ങനെ കേരളത്തിന്റെ സാഹിത്യ രാഷ്ട്രീയ വിദ്യാഭയാസ മണ്ഡലങ്ങളാകെ വ്യാപിച്ചു നിന്ന അസാമാന്യ വ്യക്തിത്തതിന്റെ ഉടമയാണ് പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി . മലയാള സാഹിത്യത്തിന്റെ നവോത്ഥാനം എവിടെ നിന്ന് ആരംഭിക്കുന്നു? ആരാണു അതിന്റെ പിന്നിലെ ചാലക ശക്തി? എ . ആർ രാജരാജവർമ്മ എന്നാണു മുണ്ടശ്ശേരിയുടെ ഉത്തരം. ലോകസാഹിത്യത്തിന്റെ വളർച്ചയുടേയും മാറ്റത്തിന്റെയും പടവുകൾ ചൂണ്ടിക്കാട്ടി മലയാള സാഹിത്യത്തിന്റെ ഗതിക്രമങ്ങൾ ചൂണ്ടികാട്ടുന്ന മനോഹരമായ ഒരു പുസ്തകമാണ് 'രാജരാജന്റെ മാറ്റൊലി . (1961 ).  ആധുനിക പാശ്ചാത്യ ചിന്തകരുടെ വീക്ഷണങ്ങൾ ക്രോഡീകരിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്  'പാശ്ചാത്യ സാഹിത്യ സമീക്ഷ ' (1967 ). പ്രതിജനഭിന്നവിചിത്രമാർഗ്ഗമായ മനുഷ്യകഥയെ അനുഗാനം ചെയ്യുന്നവരാണ് കവികൾ (ഇത് അമേരിക്കയിലെ കവികളോട് പറഞ്ഞാൽ അവരുടെ മൂക്ക് ചുവന്നു വിറക്കുന്നതു കാണാൻ നല്ല രസമാണ്. അതോടൊപ്പം നല്ല തെറിസാഹിത്യത്തിന്റെ ഇടതടവില്ലാത്ത ഒഴുക്കും കാണാം) അത്തരം നാല് കവികളെക്കുറിച്ചുള്ള പഠനമാണ് മനുഷ്യകഥാനുഗായികൾ.(1949).  ആശാൻ, നാലപ്പാടൻ, വള്ളത്തോൾ ചങ്ങമ്പുഴ എന്നിവരാണാ നാലുപേർ. അവരുടെ കാൽപ്പനികതയുടെ മുഖമുദ്ര തേടുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ.  കാലദേശസംസ്കാരങ്ങളുടെ സ്വാധീനശക്തിയോടുകൂടിയേ സാഹിത്യം വളരുകയുള്ളൂ (അമേരിക്കയിൽ നിന്ന് പുറപ്പെടുന്ന കവിതകളിൽ കാലത്തെക്കുറിച്ചാണോ, ദേശത്തെക്കുറിച്ചാണോ എന്നൊക്കെ മനസിലാക്കി എടുക്കണം എങ്കിൽ കണിയാനെ കൊണ്ട് കവടി നിരത്തി നോക്കണം . അത്തരത്തിലുള്ള കഥാകവിതകളാണ് പുറത്തു വരുന്നത് ) എന്ന കാഴ്ചപ്പാടിനെ വിലയിരുത്തുന്ന പുസ്തകമാണ് കാലത്തിന്റെ കണ്ണാടി (1954).  സാഹിത്യപുരോഗതി, ഭാവമാണ് ജീവൻ, വ്യക്തിയും സംഘടനകൾ (അമേരിക്കയിലാണെങ്കിൽ വ്യക്തിത്വം ഇല്ലാത്ത സംഘടനകൾ ) നഷ്ട ഭീതി ആർക്കെല്ലാം , മലയാളത്തിന്റെ വേര് തുടങ്ങിയ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് കരിന്തിരി (1951), മാറ്റൊലി, കാവ്യപീഠിക, പ്രയാണം, തുടങ്ങിയവയും അദ്ദേഹത്തിൻറെ സാഹിത്യ നിരൂപണങ്ങളാണ്. നല്ല നല്ല ഓർമകളുടെ പ്രദര്‍ശനാലയത്തിലൂടെ നടത്തികൊണ്ടുപോകുന്നതിന് നന്ദി.  അതുപോലെ ഇതിന്റെ അണിയറ പ്രവർത്തകർക്കും 

"സാഹിത്യം ഹൃദയവും ഹൃദയവും തമ്മിൽ സംവദിക്കലാണ്. അന്ത:ക്രിയാത്മമയേ കലയുള്ളു.  മനുഷ്യന്റെ മൗലിക ഭാവങ്ങളെ തൃപ്തിപ്പെടുത്തി സംസ്കാര സംക്രമണം ചെയ്യുവാൻ ശക്തങ്ങളായ കൃതികളെ സാഹിത്യകലയായി എണ്ണപ്പെടുകയുള്ളു" (കരിന്തിരി -മുണ്ടശ്ശേരി )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക