Image

ആത്മദാഹം (കവിത: ബിന്ദു ടിജി)

Published on 18 August, 2015
ആത്മദാഹം (കവിത: ബിന്ദു ടിജി)
അറിയുന്നേനീ
കിലുങ്ങും കൊലുസ്സുകള്‍
കടമെന്നിന്ന്‌!
അതിന്നുടയവന്‍ ഒന്നിരുത്തി മൂളുകില്‍
പാദ ചലനം പാടെ നിലച്ചിടുമെന്നും
അണയും മുമ്പേ ചേര്‍ത്തണച്ച
സ്‌നേഹപൊരുളേ നമിക്കുന്നിന്നു ഞാന്‍
അരുതെന്‍ കൊലുസ്സുകള്‍ തിരിച്ചെടുക്കൊല്ല

ആവില്ലെനിക്കീ നേരൂട്ടും ചിന്തകള്‍
നട്ടുച്ചയ്‌ക്കുച്ചിയില്‍ വീണ കുളിര്‍മാരി
പുതുമഴയല്ലെന്നറിയണം
അരിമുല്ല പോല്‍ തെറ്റി പൂക്കാതെ നോക്കണം
തളിര്‍ത്ത താരുകള്‍ നടന്നു പോകവേ
തളര്‍ന്നു വീഴുമെന്നോര്‍ക്കണം
കുത്തിയൊഴുകും പുഴ പോല്‍ മോഹം
കടലാകും മുമ്പേ അണ കെട്ടി തടയണം
കണ്ണീര്‍ തിരയിലുയര്‍ന്നു
പൊങ്ങുമാ കുഞ്ഞോടത്തെ
കരയില്‍ ചേര്‍ത്തു കെട്ടണം
വയമ്പൂട്ടിയ വിരലില്‍
നഞ്ഞും ചേരുമെന്നോര്‍ക്കണം
പൂത്ത ചെമ്പകം പരത്തും
മദഗന്ധമേല്‌ക്കവേ
തുടിച്ചുയരുമെന്‍
ഹര്‍ഷ നര്‍ത്തനം നിര്‍ത്തണം
ഒഴിഞ്ഞ മൂലയില്‍
ഒളിച്ചിരിക്കുമാ ഇരുട്ടിനെ
തെല്ലു ഭയക്കണം
കയര്‍ത്തു കൊടും കാട്ടില്‍
തള്ളിയ പ്രണയങ്ങള്‍ പാടെ മറക്കണം
രക്തം കിനിയും മുറിവുകള്‍
വെച്ചുകെട്ടിയുണക്കണം
എന്നെയലട്ടും ചുമര്‍ ചിത്രങ്ങളും
ചുണ്ടനക്കിയുണര്‍ത്തും യന്ത്രങ്ങളും
അഴിച്ചു മാറ്റണം

അരുതെന്‍ പ്രഭോ
കൊലുസ്സുകള്‍ തിരിച്ചെടുക്കൊല്ല
ഞാന്‍ നിറങ്ങളൂരിവെച്ചൊടുവില്‍
വീണ്ടുമാ തടവറക്കുള്ളില്‍
കലങ്ങും മിഴികളോടിണ ചേര്‍ന്നിരിക്കണം
ഒച്ചു പോലിഴയണം
ഇത്തിരി നേരം കൂടി ഞാനീ
നിലാവിനെ പുഴയെ കടലിനെ
കൈക്കുമ്പിളില്‍ കോരിയുന്മത്തയായ്‌
വിതുമ്പും മൊഴികള്‍
പതിയെയൊന്നുച്ചത്തില്‍ മൂളീടട്ടെ

ബിന്ദു ടിജി
ആത്മദാഹം (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2015-08-19 12:56:06
ആശയ പുഷ്കലമായ കവിതക്ക് അഭിനന്ദനം . കാവ്യ ദേവധയുടെ അനുഗ്രഹം നിങ്ങൾക്കുണ്ട്. കാത്തു സൂക്ഷിക്കുക 

'നെഞ്ചാളും വിനയമോടെന്ന്യ പൗരഷത്താൽ 
നിൻചാരുദ്യുതി കണി കണ്മതില്ലൊരാളും 
മഞ്ചത്തിൻ മണംമറികില്ല മൂർത്തി മാരും ' (കാവ്യകല - ആശാൻ )
വിദ്യാധരൻ 2015-08-19 13:31:38
കവിതയുടെ ഒരു വരികൂടി ചേർത്ത് വായിക്കാൻ അപേക്ഷ 

നെഞ്ചാളും വിനയമോടെന്ന്യ പൗരഷത്താൽ 
നിൻചാരുദ്യുതി കണി കണ്മതില്ലൊരാളും 
കൊഞ്ചൽ തേൻമൊഴിമണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണംമറികില്ല മൂർത്തി മാരും ' (കാവ്യകല - ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക