Image

ഒഐസിസിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: ജോസഫ് വാഴയ്ക്കന്‍

Published on 11 January, 2012
ഒഐസിസിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം: ജോസഫ് വാഴയ്ക്കന്‍
തൊടുപുഴ: സാമൂഹിക രംഗത്ത് ഒഐസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ. ഒഐസിസി ഓസ്‌ട്രേലിയയുടെ ആയിരംപേര്‍ക്ക് കണ്ണും കണ്ണടയും പദ്ധതിയുടെ ഭാഗമായി കണ്ണടകള്‍ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വിദേശമലയാളികള്‍ നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തന മാതൃക അവിടെയും തുടരുന്നതിനെയും നാട്ടിലെ സാധാരണക്കാര്‍ക്ക് സഹായം നല്‍കുവാന്‍ തയാറാകുന്നതിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. വണ്ണപ്പുറം, കരിമണ്ണൂര്‍, മുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നവംബര്‍ മാസത്തില്‍ നടത്തിയ സൗജന്യ നേതൃക്യാംപില്‍ നിന്നാണ് ആയിരംപേരെ തിരഞ്ഞെടുത്തത്. 

ഒഐസിസി ഓസ്‌ട്രേലിയയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒഐസിസി പ്രവര്‍ത്തകര്‍ സ്വരൂപിച്ച പണമുപയോഗിച്ചാണ് ആയിരംപേര്‍ക്ക് കണ്ണട വിതരണം ചെയ്തത്. നവംബറില്‍ എറണാകുളം ജില്ലയിലെ കാക്കൂരില്‍ വൃക്കമാറ്റിവയ്ക്കലിനായി ഒരു ലക്ഷം രൂപയും വിതരണം ചെയ്തിരുന്നു. 

ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എസ്. അശോകന്‍, കെ.പി. വര്‍ഗീസ്, എന്‍.ഐ. ബെന്നി, സി.എം. അബ്ദുള്‍ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമി തോമസ്, എന്‍.കെ. ബിജു, ഒഐസിസി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി ജിജോ കുര്യന്‍, ജോണി കണ്ടത്തിക്കുടി, ആന്‍സി വിന്‍സന്റ്, എം.പി. വിജയനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഒഐസിസി കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി ഷിജോ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക