Image

`അമ്മേ.... എന്നുണ്ണിക്കൊരോണ ഗാനം` (ബിന്ദു ടിജി)

Published on 23 August, 2015
`അമ്മേ.... എന്നുണ്ണിക്കൊരോണ ഗാനം` (ബിന്ദു ടിജി)
ഒട്ടേറെ ഭാവത്തില്‍ ഓരോരോ രൂപത്തില്‍
കനവുകളേറെയെന്‍ നെഞ്ചിലുണ്ട്‌
ഒന്നോന്നായെടുത്തതിന്‍ ചേല്‌ നോക്കി
ഒക്കുന്ന ഭാവങ്ങള്‍ കോര്‍ത്തിണക്കി
ഒരുക്കണ മെന്നുണ്ണി ക്കൊരോണ ഗാനം
അതില്‍ ചിന്തയും കണ്ണീരും കലര്‍ന്നിടേണ്ട
പരാതിയും മൌനവും തീരെ വേണ്ട
തേനും മധുരവും മാത്രമുള്ള
കുണുങ്ങി ചിരിക്കുന്നൊരോണഗാനം

പൂവുക ളാ ണ വനേറെയിഷ്ടം
പൂക്കളം തീര്‍ക്കുവാനായ്‌ ചിണുക്കം
എന്‍ വിരല്‍ തുമ്പില്‍ തൂങ്ങിയാടി
പൂക്കള്‍ പറിക്കുവാന്‍ യാത്രയായി
ഉണ്ണി:
അമ്മേ....ഈ പൂവിനിതെന്തു പറ്റി
മെല്ലെ ഞാന്‍ തൊട്ടപ്പോള്‍ പെട്ടെന്നവള്‍
കണ്ണ്‌ മുറുക്കെ ചേര്‍ത്തടച്ചു
ഒരുമ്മ കൊടുക്കുവാനാഞ്ഞപാടെ
പേടിച്ചരണ്ടപോല്‍ വാടി വീണു .
അമ്മ :
അവളാണ്‌ കൂട്ടത്തില്‍ കുറുമ്പുകാരി
നുള്ളുമ്പോള്‍ മുള്ളിനാല്‍ കോറി നിന്‍റെ
കയ്യില്‍ മുറിപാട്‌ ചേര്‍ത്തു വെയ്‌ക്കും
നാണം ചമഞ്ഞ ങ്ങൊളി ച്ചിരിക്കും
ആരുമില്ലെങ്കില്‍ അണിഞ്ഞൊരു ങ്ങും .
ഉണ്ണി :
എന്തൊരു ചന്തമീ പൂവ്‌ കാണാന്‍
മഞ്ഞയുടുപ്പിട്ട കൂട്ടുകാരി
എന്തിവള്‍ മൂക്കില്‍ കുണുക്ക്‌ ചാര്‍ത്തി
മഞ്ഞതുമ്പി തന്‍ ചേലുള്ള കൊമ്പു പോലെ
അമ്മ:
മുക്കുറ്റിയാണവള്‍, മഞ്ചുളാംഗി
മഞ്ഞിന്‍ മിനുപ്പു മനസ്സിലേന്തി
മുറ്റത്ത്‌ മംഗള സ്വപ്‌നം പോലെ
കയ്യില്‍ തെളിച്ച വിളക്കുമായി
പൊന്നില്‍ കുളിച്ചു ചിരിച്ചു നില്‍പോള്‍
ഉണ്ണി :
ചന്തമില്ലമ്മേ ആ പൂവിനൊന്നും
നിറമില്ല , മണമില്ല തേനുമില്ല
വേണ്ട നമുക്കത്‌ പൂക്കളത്തില്‍
പോകാം നിറമേറും പൂക്കള്‍ തേടി
അമ്മ:
ഉണ്ണീ... തുമ്പയെ തേടി നാം വന്നതല്ലേ
തുമ്പിക്ക്‌ തുള്ളുവാന്‍ തുമ്പ വേണ്ടേ
തുമ്പയില്ലെങ്കില്‍ ഓണമുണ്ടോ?
നമ്മള്‍ ചമയ്‌ക്കുമാ പൂക്കളത്തില്‍
കാക്കരെയപ്പ ന്റെ തൃക്കാല്‍ച്ചുവട്ടില്‍
കൊഞ്ചിക്കുഴഞ്ഞവള്‍ ചേര്‍ന്നിരിക്കും

ആരാണവിടെ പൊന്നൂഞ്ഞാലില്‍
ഒട്ടൊന്നുയരത്തിലാടീടുന്നു
ഉണ്ണികിടാവ്‌ ചിരിച്ചു തുള്ളി
ഊഞ്ഞാല്‌ നോക്കി പാഞ്ഞു പോയി
പൊന്നുണ്ണി ഊഞ്ഞാലില്‍ ആടീടവേ
ആ താളത്തില്‍ ഞാനൊന്ന്‌ പാടി നോക്കി
`ആകാശം മുട്ടെ ചെന്നിട്ട്‌
അമ്പിളിമാമനെ കണ്ടിട്ട്‌
നക്ഷത്രകുഞ്ഞോളെ തൊട്ടിട്ട്‌
ഓടിവാ ഉണ്ണീ ഓടിവായോ `
...................................................................
കാലങ്ങളേറെ കടന്നു പോയി
പൂവിളിയോ നേര്‍ത്തു നേര്‍ത്തു പോയി
ഉണ്ണി തന്നുണ്ണിയോടൊത്തങ്ങു ദൂരെ
പൂവിന്‍റെ നാട്ടില്‍ ഞാന്‍ തനിച്ചുമായി

കേള്‍ക്കുന്നുവോ കൊച്ചു മണിമുഴക്കം
ആഴ്‌ചകള്‍ തോറും ഞാന്‍ കാതോര്‍ത്തിരിക്കുമാ
കേള്‍ക്കുവാനിമ്പമുള്ളേക ശബ്ദം ` അമ്മേ ഇത്‌ ഞാനാ`
തിടുക്കത്തില്‍ ഓടി ഞാന്‍ ` ഉണ്ണീ `
എന്നു വിളിപ്പതിന്നുത്തരമായ്‌
`അമ്മേ .. വേഗത്തില്‍ ആ പഴയ പാട്ടൊന്നു പാടിടാമോ
പണ്ടെന്നെ ഊഞ്ഞാലിലാട്ടിയ പതിഞ്ഞ ഗാനം
ഉണ്ണിക്കിന്നു സ്‌കൂളില്‍ ഒരോണ മേളം
ഏവരും ഓരോരോ ഗാനവുമായി
എത്തണമത്രേ, ശ ല്യമാണമ്മേ അവന്റെ കാര്യം
എനിക്കതങ്ങോര്‍ത്തോര്‍ത്തെടുക്കുവാന്‍ നേരമില്ല
വേഗത്തിലാവരി ഒന്ന്‌ ചൊല്ലൂ
പെട്ടെന്ന്‌ ഞാനത്‌ കുറി ച്ചിടട്ടെ`

തിരിച്ചൊന്നും മിണ്ടുവാനാവാതെ ഞാന്‍ പകച്ചു

ഓര്‍ക്കുവാന്‍ നന്മയും നേരവുമില്ലെങ്കി ല്‍
ഓര്‍മ്മതന്‍ മേള ത്തിനെന്തു ചന്തം ?
കണ്ണില്‍ പൊടിഞ്ഞ നേര്‍ത്ത നീറ്റല്‍
അതിഗൂഡ സ്‌മിതത്തില്‍ മറഞ്ഞലിഞ്ഞു.


ബിന്ദു ടിജി
`അമ്മേ.... എന്നുണ്ണിക്കൊരോണ ഗാനം` (ബിന്ദു ടിജി)
Join WhatsApp News
Akbar Akku 2015-08-24 03:33:40
Great lines
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക