Image

യുകെയില്‍ കുടിയേറ്റക്കാരില്‍ ഇന്ത്യാക്കാര്‍ മുന്നില്‍; ജീവിത നിലവാരത്തിലും കുടിയേറ്റക്കാര്‍ മെച്ചം

ജോസ്‌ കുമ്പിളുവേലില്‍ Published on 12 January, 2012
യുകെയില്‍ കുടിയേറ്റക്കാരില്‍ ഇന്ത്യാക്കാര്‍ മുന്നില്‍; ജീവിത നിലവാരത്തിലും കുടിയേറ്റക്കാര്‍ മെച്ചം
ലണ്‌ടന്‍: യുകെയിലെ ശരാശരി കുടിയേറ്റ തൊഴിലാളി യുകെയില്‍ ജനിച്ച തൊഴിലാളികളെക്കാള്‍ കൂടുതല്‍ പ്രതിവര്‍ഷ ശമ്പളം വാങ്ങുന്നുണ്‌ടെന്നു വെളിപ്പെടുത്തല്‍. യൂറോപ്പിനു പുറത്തുനിന്നുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്‌ ബ്രിട്ടീഷ്‌ കുടുംബങ്ങളെക്കാള്‍ നല്ല ജീവിത നിലവാരമുണ്‌ടെന്നും പഠനഫലത്തില്‍ ചൂണ്‌ടിക്കാട്ടുന്നു. ഓഫീസ്‌ ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്‌)ന്റെ കണക്കുകളാണ്‌ വ്യക്തമാക്കുന്നത്‌.

അതേസമയം, കുട്ടികളുള്ള കുടിയേറ്റ കുടുംബങ്ങളുടെ വരുമാനം (26,267 പി.പി.പി) മാത്രം ഇപ്പോഴും ശരാശരി ബ്രിട്ടീഷ്‌ കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ (പി.പി.പി 25,647) താഴെ നില്‍ക്കുന്നു. ചെറിയ വ്യത്യാസം മാത്രമാണ്‌ നിലനില്‍ക്കുന്നത്‌ എന്നതിനാല്‍ വൈകാതെ ഇക്കാര്യത്തിലും കുടിയേറ്റക്കര്‍ മുന്നിലെത്തിയേക്കും. കുട്ടികളുമൊത്തു ജീവിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക്‌ 19,530 പി.പി.പിയും വിദേശികള്‍ക്ക്‌ 18,296 പി.പി.പി.യുമാണ്‌ നിലവിലുള്ള സൂചിക. പര്‍ച്ചേസിംഗ്‌ പവര്‍ പാരിറ്റീസ്‌ (പി.പി.പി.) എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ്‌ ഇക്കാര്യം സ്ഥീരീകരിക്കുന്നത്‌.

യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന്‌ പ്രതിവര്‍ഷം മൂന്നു ലക്ഷം കുടിയേറ്റക്കാര്‍ യുകെയിലെത്തുന്നുണ്‌ട്‌. ഇവരില്‍ സിംഹഭാഗവും വികസ്വര രാജ്യങ്ങളില്‍ നിന്നോ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നുള്ള പട്ടിണി രാജ്യങ്ങളില്‍ നിന്നോ ഉള്ളവരാണെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷെ ഈ മൂന്നു ലക്ഷം പേരില്‍ 12 ശതമാനത്തോളം ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്‌.

ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്‌ മലയാളികളേക്കാള്‍ കൂടുതല്‍. 1999 മുതല്‍ നേഴ്‌സിംഗ്‌ മേഖല തുറന്നതിന്‌ ശേഷമാണ്‌ യുകയിലേയ്‌ക്ക്‌ മലയാളികളുടെ ഒഴുക്ക്‌ തുടങ്ങിയതെങ്കില്‍ 1960 മുതല്‍ തന്നെ ഉത്തരേന്ത്യക്കാര്‍ ബിസിനസ്‌ പരമായും ഉയര്‍ന്ന വിദ്യാഭ്യാസത്തിനുമായി ഇവിടേയ്‌ക്ക്‌ കുടിയേറിയിരുന്നു. കുടിയേറ്റക്കാരുടെ വര്‍ധനവനുസരിച്ച്‌ ഇമിഗ്രന്റുകള്‍ തൊഴില്‍ മേഖലയിലും വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്‌ ബ്രിട്ടീഷുകാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കാര്യംകൂടിയാണിത്‌.

ഹോം സെക്രട്ടറി തെരേസ മേയുടെ ഉപദേശകരാണ്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. പതിനായിരക്കണക്കിനു ബ്രിട്ടീഷുകാരുടെ ജീവിതത്തില്‍ കുടിയേറ്റം സ്വാധീനം ചെലുത്തുന്നുവെന്നാണ്‌ ഇതിലെ നിഗമനം. 1995നും 2010നുമിടയില്‍ കുടിയേറ്റം കാരണം 1,60,000 ബ്രിട്ടീഷുകാരുട ജോലി നഷ്‌ടപ്പെട്ടിട്ടുണ്‌ടാകാമെന്നാണ്‌ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി കണ്‌ടെത്തിയിരിക്കുന്നത്‌.
യുകെയില്‍ കുടിയേറ്റക്കാരില്‍ ഇന്ത്യാക്കാര്‍ മുന്നില്‍; ജീവിത നിലവാരത്തിലും കുടിയേറ്റക്കാര്‍ മെച്ചം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക