Image

മലയാളം മുന്‍ഷി ഇംഗ്ലീഷ് ക്ലാസ്സിലെ വിദ്യാര്‍ത്ഥി! (നാഴികക്കല്ലുകള്‍) പ്രൊഫ.എം.ടി.ആന്റണി, ന്യൂയോര്‍ക്ക്

പ്രൊഫ.എം.ടി.ആന്റണി, ന്യൂയോര്‍ക്ക് Published on 07 September, 2015
മലയാളം മുന്‍ഷി ഇംഗ്ലീഷ് ക്ലാസ്സിലെ വിദ്യാര്‍ത്ഥി! (നാഴികക്കല്ലുകള്‍) പ്രൊഫ.എം.ടി.ആന്റണി, ന്യൂയോര്‍ക്ക്
ബിരുദത്തിന് ഇംഗ്ലീഷില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും ബിരുദാനന്തരബിരുദത്തിനു മുഖ്യവിഷയമായി ഞാന്‍ തിരഞ്ഞെടുത്തത് മലയാളമായിരുന്നു. അതിനുശേഷം ഇപ്പോള്‍ ശ്രേഷ്ഠപദവി ലഭിച്ച മലയാളഭാഷ കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള എനിക്കുണ്ടായി. മലയാളം നമ്മുടെ മാതൃഭാഷയാണെങ്കിലും ആ വിഷയത്തില്‍ മലയാളി വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന മാര്‍ക്ക് വളരെ കുറവായിരുന്നു. മലയാളം അദ്ധ്യാപകര്‍ മാര്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ കര്‍ക്കശകാരായിരുന്നു. ഒരു പക്ഷെ വളരെ ഉദാരചിത്തതയോടെ കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കിയാല്‍ മലയാളഭാഷ അവര്‍ നശിപ്പിച്ച് കളയുമെന്ന് അന്നുള്ളവര്‍ ഭയപ്പെട്ടിരിക്കാം. ഇന്നത്തെ ആധുനിക മലയാളരചനകള്‍ കാണുമ്പോള്‍ പണ്ടുകാലത്തെ നിശിതമായ പരിശോധനയും ലുബ്ധിച്ചുള്ള മാര്‍ക്ക് നല്‍കലും വിദ്യാഭ്യാസ വകുപ്പ് തുടരേണ്ടിയിരുന്നു എന്ന് ഞാന്‍ വെറുതെ ആശിച്ച് പോകുന്നു. മലയാളം അദ്ധ്യാപകരെ അക്കാലത്ത് മുന്‍ഷി എന്ന് വിളിച്ചിരുന്നു. മുന്‍ഷി ഒരു പേര്‍ഷ്യന്‍ വാക്കാണ്. എഴുത്തുകാരേയും, സെക്രട്ടറിമാരേയും, കാന്റ്ട്രാക്ടര്‍മാരേയും പേര്‍ഷ്യക്കാര്‍ "മുന്‍ഷി" എന്ന് വിളിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഭാഷകളില്‍ പ്രാവീണ്യം ലഭിച്ചവരെ ആദരസൂചകമായി മുന്‍ഷി എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ഞാന്‍ ഒരു മുന്‍ഷിയായി.

വളരെ ചെറുപ്പക്കാരനായ അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമായിരുന്നു. എന്റെ ക്ലാസ്സുകളില്‍ വിജ്ഞാനത്തിനൊപ്പം വിനോദവും വിളമ്പി കുട്ടികളെ ഞാന്‍ രസിപ്പിച്ചു. അന്നു കാലത്ത് ഒന്നോ രണ്ടൊ മലയാള പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ഞാന്‍ പതിവായി എഴുതിയിരുന്നു. അതറിവുള്ള വിദ്യാര്‍ത്ഥികള്‍ എനിക്ക് സാഹിത്യകാരനായ പ്രൊഫസ്സര്‍ എന്ന പദവി നല്‍കി എന്നെ ബഹുമാനിച്ചിരുന്നു. വാസ്തവത്തില്‍ ഈ അദ്ധ്യാപകസേവനകാലം വളരെ ഹ്രസ്വമായിരുന്നു. വിവാഹാനന്തരം സ്വയം ഒരു വിദ്യാര്‍ത്ഥിയായി ഞാന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. വിദ്യാര്‍ത്ഥിയായി പഠനം തുടര്‍ന്നു. ഇന്നത്തെപ്പോലെ മലയാളികള്‍ ന്യൂയോര്‍ക്കില്‍ വളരെ കുറവായിരുന്നു. എന്റെ ക്ലാസ്സിലെ ഏക ഇന്ത്യന്‍(മലയാളി) വിദ്യാര്‍ത്ഥി ഞാനായിരുന്നു. ഇംഗ്ലീഷ് ഭാഷ പല നാട്ടുകാരും പല വിധത്തില്‍ സംസാരിക്കുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാന്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. ഞാന്‍ തനി 'മലയാളം-ഇംഗ്ലീഷാണ്' സംസാരിച്ചത് എന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരിക്കല്‍ ഒരു വിഷയത്തെക്കുറിച്ചുള്ള എന്റെ സംശയം അദ്ധ്യാപകനോട് ചോദിച്ചപ്പോള്‍ അയാള്‍ വളരെ പരിഭ്രമിച്ച് ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചു.(Anyone in the class understood what he said?) അത് എനിക്ക് മനസ്സിലായി. എന്നാല്‍ എന്തുകൊണ്ടാണു അദ്ധ്യാപകനു ഞാന്‍ പറയുന്നത് മനസ്സിലാകാതിരിക്കുന്നത് എന്ന ചിന്ത എന്നെ ഖിന്നനാക്കി. ഒരു മലയാളം മുന്‍ഷി ഇംഗ്ലീഷ് ക്ലാസ്സില്‍ അകപ്പെട്ടപ്പോള്‍ ഉണ്ടായ അങ്കലാപ്പല്ലായിരുന്നു അത്. കാരണം എനിക്ക് ഇംഗ്ലീഷ് ഭാഷ നല്ല വശമായിരുന്നു. എന്നാല്‍ എന്റെ ഉച്ഛാരണം സായിപ്പിനു മനസ്സിലാക്കാന്‍ പ്രയാസം. ഇത് ഒരു സമസ്യയായി വിദ്യാഭ്യാസ മേഖലകളില്‍ ഇന്നും തുടരുന്നുണ്ട്. സ്വന്തം മാതൃഭാശഷയുടെ ചായ്വും സ്വാധീനവും മറ്റു ഭാഷകളില്‍ അവ സ്വായത്തമാകുന്ന വരെ ഉണ്ടാകുന്നു. ഇവിടെ ജനിച്ച് വളര്‍ന്ന മലയാളി കുട്ടികള്‍ മലയാളം പറയുന്നതും നാട്ടിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രായസമാകും.

ഞാന്‍ ഈ ധര്‍മ്മസങ്കടം ധര്‍മ്മപത്‌നിയുമായി പങ്ക് വച്ചു. ചെറിയ ക്ലാസ്സ് മുതല്‍ ദല്‍ഹിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വന്ന അമ്മിണിക്ക് ഭാഷയും ഉച്ഛാരണവും ഒരു പ്രശ്‌നമേയല്ലായിരുന്നു. അവര്‍ രണ്ടു കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു. ഒന്ന് റ്റി.വി. ചാനലുകളിലെ ന്യൂസ് ശ്രദ്ധിക്കുക. രണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ വായിക്കുക. റ്റി.വി. ചാനലുകളിലെ വാര്‍ത്തകള്‍ പറയുന്നവരില്‍ എനിക്ക് പ്രിയമായിരുന്ന വ്യക്തിയാണ് വാള്‍ട്ടര്‍ ക്രൊങ്കയിറ്റ്(Walter Cronkite). ഇദ്ദേഹം  വാര്‍ത്ത പറയുന്ന രീതി ജനങ്ങള്‍ക്കൊക്കെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ സി.ബി.എസ്. ന്യൂസ് ഏറ്റവും കൂടുതല്‍ കാണികളുള്ള ന്യൂസ് ചാനലായി ഉയര്‍ന്നു. പ്രസിഡന്റ് കെന്നഡിയുടെ മരണവാര്‍ത്ത അമേരിക്കന്‍ ജനതയെ അറിയിച്ചത് ഇദ്ദേഹമാണ്. ഗദ്ഗദ്കണ്ഠ്‌നായ് കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞ് എന്നാല്‍ വികാരധീനനാകാതെ സമനില പാലിച്ച് കൊണ്ട് അദ്ദേഹം ആ ദുഃഖ വാര്‍ത്ത വായിച്ചു. ക്രോങ്കയിറ്റിന്റെ ഒരു റ്റി.വി. പ്രൊഗ്രാമില്‍ അദ്ദേഹം കാണികളോട് ചോദിച്ചിരുന്ന ഒരു ചോദ്യം ഇന്ന് പലരും ആവര്‍ത്തിക്കുന്നുണ്ട്. എന്ത് തരം ദിവസമായിരുന്നു അത്? എല്ലാ ദിവസങ്ങളും പോലെ നമ്മുടെ ജീവിതത്തെ മാറ്റിമറയ്ക്കയും പ്രകാശിപ്പിക്കയും ചെയ്യുന്ന വര്‍ത്തമാനകാല സംഭവ നിറഞ്ഞ ദിവസം.

ന്യൂയോര്‍ക്ക് ടൈംസ് ഞാന്‍ ഇന്നും ഒരു ദിവസം വിടാതെ വായിക്കുന്നു. അച്ചടിക്കാന്‍ അനുയോജ്യമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. എന്നതാണ് ഈ പത്രത്തിന്റെ നയം. അന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പ്രസംഗങ്ങള്‍ അച്ചടിച്ച് വന്നത് എന്നെ വളരെ ആകര്‍ഷിക്കയും സ്വാന്നം ചെലുത്തുകയും ചെയ്തു. എം.ബി.എ. ക്ലാസ്സിലെ എന്റെ സംശയങ്ങള്‍ ലെക്ചര്‍ ചെയ്യുന്നവര്‍ക്ക് മനസ്സിലാകില്ലെന്ന് കരുതി ഞാന്‍ പിന്‍വാങ്ങിയില്ല. തൃശ്ശൂര്‍ക്കാരുടെ ഉശിരും നിര്‍ഭയത്വവും എന്നെ ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാന്‍ സഹായിച്ചു. തന്നെയുമല്ല ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കു ഞാന്‍ പറയുന്നതും അവര്‍ പറയുന്നതും പരസ്പരം മനസ്സിലായി തുടങ്ങി.

എന്റെ പ്രവാസജീവിതത്തിന്റെ തുടര്‍ച്ച അമേരിക്കയിലെ വന്‍ നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്കിലാണ് ആരംഭിച്ചത്. ഒരു വിദ്യാര്‍ത്ഥിയും അതേ സമയം കുടുംബനാഥനുമായി ജീവിതം ആരംഭിച്ചപ്പോള്‍ അത് വളരെ ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാ സഹായിച്ചു.
വിദ്യാര്‍ത്ഥിയായതിനാല്‍ പല കുടുംബങ്ങളില്‍ നിന്നും വരുന്ന അനവധിപേരുമായി പരിചയപ്പെടാന്‍ സാധിച്ചു. അമേരിക്ക എന്ന മെല്‍ട്ടിംഗ് പോട്ടിലെ(സംസ്‌കാരങ്ങളുടെ ദ്രവീകരണം നടക്കുന്ന കുംഭത്തിലെ) ലായിനിയില്‍ എനിക്ക് അലിഞ്ഞ് ചേരാന്‍ പ്രയാസമുണ്ടായില്ല. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്കന്‍ സംസ്‌കാരം എന്ന് വേര്‍തിരിച്ച് ഒന്നുമില്ല. നാനാജാതി ജനങ്ങള്‍, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും വന്നവര്‍, അവര്‍ കൂടെ കൊണ്ട് വന്ന സംസ്‌കാരം ഈ മെല്‍ട്ടിംഗ് പോട്ടില്‍ ചേര്‍ക്കുന്നു. ചിലത് അലിഞ്ഞ് ചേരുന്നു, ചിലത് അലിയാതെ വേര്‍പ്പെട്ട് നില്‍ക്കുന്നു. ഇങ്ങനെ വേര്‍പ്പെട്ട് നില്‍ക്കുന്നവരില്‍ നമ്മുടെ ഇന്ത്യന്‍ സമൂഹം ഒന്നാം സ്ഥാനത്താണെന്നുള്ളത് അത്ഭുതമാണ്. ഇന്നത്തെ പുതിയ തലമുറ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കാരണം അവരുടെ കാരണവന്മാര്‍ രണ്ട് വഞ്ചിയില്‍ കാലിട്ട് നിന്നത് കൊണ്ടാണ്. ജാതിയും, മതവും മറ്റ് പദവികളും നോക്കാതെ ആണ്‍കുട്ടികളും, പെണ്‍ക്കുട്ടികളും ഇണയെ തിരഞ്ഞെടുക്കുന്ന രീതി അവരുടെ മാതാപിതാന്മാരെ അസ്വസ്ഥരാക്കി. റോമില്‍ ചെന്നാല്‍ റോമക്കാര്‍ ചെയ്യുന്ന പോലെ എന്ന പഴമൊഴി മലയാളികളെ നോക്കി മൂക്കത്ത് വിരല്‍ വച്ചു. മലയാളി അവന്റെ ലുങ്കിയും, തോര്‍ത്ത് മുണ്ടും കൈ വിട്ട് കളയാന്‍ കഴിയാതെ എന്നാല്‍ ഡോളറിന്റെ പച്ചനിറം കണ്ട് കണ്ണ് മഞ്ഞലിച്ച് 'കണ്‍ഫ്യൂഷന്‍' തീര്‍ക്കാനാവാതെ ഇന്നും കഷ്ടപ്പെടുന്നു. ഒരു പക്ഷെ ഇങ്ങനെ മെല്‍ട്ടിംഗ് പോട്ടിലെ കുമിളകള്‍ ഊതി വീര്‍പ്പിക്കാന്‍ വേണ്ടിയായിരിക്കും കാക്കതൊള്ളായിരം സംഘടനകള്‍ ഉണ്ടായത്. ഓണവും, ക്രിസ്തുമസ്സും, വിഷുവും ആഘോഷിച്ച് അവര്‍ സായൂജ്യമടയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം പ്രവാസിജീവിതം അറിവിന്റെ പുതിയ വഴികള്‍ എനിക്ക് തുറന്ന് തരുകയുണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷെ ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രതിദിന വായനക്കാരന്‍ എന്ന നിലയ്ക്കും എന്നിലെ എഴുത്തുകാരന്റെ സര്‍ഗ്ഗ കൗതുകവും എനിക്ക് പല വിഷയങ്ങളോടും താല്‍പ്പര്യമുണ്ടാക്കി. ഞാന്‍ അന്തര്‍ദ്ദേശീയ രാഷ്ട്രീയമീമാംസ എന്ന വിഷയത്തില്‍ ആകൃഷ്ടനായി. ലോകചരിത്രത്തില്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെ ഞാന്‍ വര്‍ത്തമാനകാല ജീവിതവുമായി തുലനം ചെയ്ത് നോക്കി. അറിവിനായുള്ള ഓരോ അന്വേഷണവും എന്നില്‍ പുതിയ ആശയങ്ങള്‍ വിരിയിച്ചു. അവയെല്ലാം ലേഖനങ്ങളിലൂടെ ഞാന്‍ വായനക്കാരുമായി പങ്കു വച്ചു.
കേരളത്തിലെ രാഷ്ട്രീയം ശ്രദ്ധയോടെ നോക്കി കണ്ടിരുന്ന എനിക്ക് അമേരിക്കന്‍ രാഷ്ട്രീയ രംഗം വളരെ അഭികാമ്യമായി തോന്നി. ഇതെഴുന്നതിനു കുറച്ചു മുമ്പ് ഇപ്പോള്‍ നാട്ടില്‍ പോയിരിക്കുന്ന ജോസ് മുണ്ടശ്ശേരി(മുണ്ടശ്ശേരി മാഷുടെ മകന്‍) എന്നോട് ഫോണില്‍ സംസാരിച്ചിരുന്നു. നാട്ടിലെ ഏതോ ഒരു കമ്പനിയുടെ സി.ഇ.ഓ ആണു അദ്ദേഹം. വളരെ നാള്‍ പൂട്ടികിടന്ന ആ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അതില്‍ അറുപത് ശതമാനം തൊഴിലാളികളും അന്യസംസ്ഥാനകാരായിരുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ദുരഭിമാനം, ദുരാഗ്രഹം എന്നീ വികാരങ്ങള്‍ക്കടിമയായ മലയാളി അവന്റെ പുരോഗതി തടയുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ജോസ് എന്നോട് പറഞ്ഞു. ആന്റണി അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയുക. ഞാന്‍ ഇവിടെ വന്ന് ഏറെ കാലം കഴിഞ്ഞെത്തിയ മലയാളി തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നം ഇവിടെ സ്ഥിരപ്പെടണോ അതോ നാട്ടിലേക്ക് തിരിച്ച് പോകണോ എന്നായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ തുമ്പയും, തുമ്പികളും, പുഴയില്‍ വെള്ളവും മറ്റുമുണ്ടായിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ന് ഇവിടെ വന്നു ജീവിതം ആരംഭിക്കുന്ന ഒരാളും നാട്ടില്‍ തിരിച്ച് പോകാന്‍ ഇഷ്ടപ്പെടില്ല. അവസരങ്ങളുടെ നാടായ അമേരിക്ക എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഭാഗ്യ-സൗഭാഗ്യങ്ങള്‍ നല്‍കുന്നു.

എന്റെ വിശ്രമ ജീവിതാരംഭകാലഘട്ടത്തില്‍ എനിക്ക് ലഭിച്ച സമയം ഞാന്‍ ചിലവഴിച്ചത്, ചിലവഴിച്ച് കൊണ്ടിരിക്കുന്നത് സാഹിത്യം, ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെന്നീസ് ടൂര്‍ണ്ണമെന്റുകള്‍ എന്നിവ വീക്ഷിക്കുന്നതിലാണ്. പിന്നെ ഞാന്‍ ഞാനറിയാതെ ഒരു നല്ല പാചകക്കാരന്‍ കൂടിയായി എന്നുള്ളതാണ്. എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അതിശയിപ്പിക്കുന്ന ഒരു കാര്യം. എന്റെ ബിരിയാണി സ്‌പെഷല്‍ കുടുംബവും കൂട്ടുകാരും പ്രശംശിച്ചിട്ടുണ്ട്. വായനക്കാര്‍ക്ക് ബിരിയാണി തയ്യാറാക്കുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നെ സമീപിക്കാവുന്നതാണ്. ഇപ്പോള്‍ മക്കള്‍ വീട്ടില്‍ വരുമ്പോള്‍, അല്ലെങ്കില്‍ ഒരു നല്ല ഡിഷ് തയ്യാറക്കണമെന്ന് തോന്നുമ്പോള്‍, അടുക്കളയില്‍ നിന്ന് അമ്മിണിക്ക് അവധി കൊടുത്ത് ഞാന്‍ പാചകകാരന്റെ വേഷം കെട്ടി രുചികരമെന്ന് കഴിക്കുന്നവരൊക്കെ പറയുന്ന വിഭവങ്ങള്‍ ഒരുക്കും.

ഞാന്‍ എന്റെ ഓര്‍മ്മകളെ അടുക്കും ചിട്ടയോടും കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയാണ്. വീണ്ടും കുറെ ഓര്‍മ്മകളുമായി അടുത്ത ലക്കത്തില്‍.

(തയ്യാറാക്കിയത് സുധീര്‍ പണിക്കവീട്ടില്‍)
(തുടരും)

മലയാളം മുന്‍ഷി ഇംഗ്ലീഷ് ക്ലാസ്സിലെ വിദ്യാര്‍ത്ഥി! (നാഴികക്കല്ലുകള്‍) പ്രൊഫ.എം.ടി.ആന്റണി, ന്യൂയോര്‍ക്ക്
Join WhatsApp News
newyorker 2015-09-07 07:44:39
Dr & Prof Antony ! we like to have some ഉഗ്രന്‍ ബിരിയാണി .
Dr.Sudhir!  താങ്കളുടെ എഴുത്ത്  തുടരുക . ഉഗ്രന്‍ മാത്രം അല്ല  വളരെ രസം .
പാവം കളിച്ചിരിക്കുന്ന  Dr Antony  ഒരു പൊടി  പുലി തന്നെ .
Mohan Parakovil 2015-09-08 07:19:30
പ്രശസ്തരായ അമേരിക്കൻ മലയാളികൾ അവരുടെ ഓർമ്മകുർരിപ്പുകൾ സ്വയം എഴുതുകയോ, വല്ലവരെയുംകൊണ്ട് എഴുതിക്കായോ ചെയ്യാൻ സമയമായി. ഒരാള് കാണിക്കുമ്പോൾ അത് അനുകരിക്കുക എന്നത് മനുഷ്യ സഹജമാണല്ലോ. തന്നെയുമല്ല ഇത്തരം കുറിപ്പുകള പുതിയ തലമുരക്കാർക്ക് വളരെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമാകും.അമേരിക്കൻ മലയാളികളെകുരിച്ച് നാട്ടിൽ കേള്ക്കുന്ന രണ്ട് കാര്യങ്ങളാണ്, എല്ലാവരും സാഹിത്യകാരന്മാരാണു, പിന്നെ സംഘടനകൾ ഉണ്ടാക്കുന്നവരും. അമേരിക്കൻ മലയാളികളെ നിങ്ങളീ ഭൂമിയില ഇല്ലായിരുന്നെങ്കിൽ...നിശ്ചലം ഈ സമൂഹം.
വിദ്യാധരൻ 2015-09-08 08:41:37
സാറിന്റെ കൈൽ നിന്ന് വളരെ കുറച്ചു മാർക്ക് വാങ്ങി രക്ഷപെട്ട് വന്ന പലരും അമേരിക്കയിൽ എഴുത്തുകാരായി മലയാളഭാഷയുടെ ഘാതകന്മാരായിട്ടുണ്ട്.  ചിലെരെല്ലാം ഒരു വർഷത്തേക്ക് കഞ്ഞീം കറീം ഉണ്ടാക്കാൻ വേണ്ടുന്ന വിറക് (പ്ലാക്ക് ) അലമാരയിൽ കരുതി വച്ചിട്ടുണ്ട്.  അതുകൂടാതെ ഔര് ജൗളി കട തുടങ്ങാനുള്ള പൊന്നാടയും.  പിന്നെ ചിലർ ക്ലാസിക്ക് പദവിയിലെത്തി വായനക്കാരെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാൻ തുടങ്ങുന്നു.  ചില അവന്മാര് ഐ എൻ ഓസി എന്നും പറഞ്ഞു കാസര്ക്കുന്നു.  മൂന്നു കളറിലുള്ള ഒരു തുണിക്കഷണം കഴുത്തിൽ ഇട്ട് അഴകിയ രാവണന്മാരെപ്പോലെ ചുറ്റി നടപ്പുണ്ട്.

ഭാഷയുടെ ഉച്ചാരണം ഒരു വലിയ പ്രശ്നം തന്നെ. 'മൈൻഡ് യുവർ ലാംഗ്വേജ്' എന്ന ഒരു തുടർ പരിപാടി കണ്ടതായി ഓർമ്മ വരുന്നു.  അതിൽ വിവിധ ദേശക്കാർ സംസാരിക്കുംമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെ വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.  മലയാളത്തിലും ഇംഗ്ലീഷിലും 'സ്വരശാസ്ത്രം' പഠിപ്പിക്കൽ പണ്ട് കാര്യമായി ഉണ്ടായിരുന്നതായി തോന്നുന്നില്ല.  ഒഷ്ട്യം, ദന്ത്യം, താലവ്യം എന്താണെന്ന് ചോതിച്ചപ്പോൾ ഞങ്ങളുടെ മലയാളം മുൻഷി പറഞു അത് നിന്നെ പഠിപ്പിച്ചിട്ടു കാര്യം ഇല്ല, നിന്റെ നാക്കിന്റെ അടിയിൽ കെട്ടുള്ളത്കൊണ്ട് ഒട്ടും ശരിയാകില്ല.  മഴ എന്ന് സാറ് എനിക്ക് പലപ്രാവശ്യം പറഞ്ഞു തന്നെങ്കിലും ഞാൻ 'മശ' എന്നെ പറയത്തുള്ളായിരുന്നു.  'ശ' യിൽ അവസാനിക്കുന്ന വാക്കുകളോട് എനിക്ക് വളരെ പ്രതിപത്തിയായിരുന്നു.  യേശുദാസിന്റെ പ്രത്യേകത എന്താണ് എന്ന് സലിംകുമാറിനോട് ചോതിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി. "യേശുദാസിനു അക്ഷര 'സുപ്ഷ'തയോടെ പാടാൻ കഴിയുന്നു എന്നാണു.  

ആംഗ്ലേയ ഭാഷയിൽ സ്വരശാസ്ത്രം വളരെ സമഗ്രമായി പഠിപ്പിച്ചിട്ടെ ഉപരിപഠനങ്ങൾ നടത്തുകയുള്ളൂ.  ഇംഗ്ലീഷിൽ ശരിക്ക് നാലക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത ഒരുത്തൻ ഈ അടുത്ത ഇടക്ക് അവന്റെ ഭാഷ ബ്രിട്ടീഷ ഇംഗ്ലീഷ് ആണെന്ന് പറഞ്ഞു ഒരു അമേരിക്കനുമായി ഗുസ്തി പിടിക്കുന്നത്‌ കണ്ടു.  അവസാനം അമേരിക്കൻ 'ശുദ്ധിയില്ലാത്ത' ആംഗലേയ ഭാഷയിൽ 'ഷിറ്റും , ഫക്കും ' പറഞ്ഞപ്പോളാണ് മലയാളി ഒന്നടങ്ങിയത്.  ശരിക്ക് പഠിപ്പിക്കാൻ അറിയാത്ത അദ്ധ്യാപകരും ഒരിക്കലും ശരിക്ക് പഠിക്കാത്ത വിദ്യാർത്തികളും കൂടി ഭാഷ കൊളം ആക്കി . 'അപകടകാരിയായ അല്പം അറിവും അതിലും മുഴുത്ത ഞാനെന്ന ഭാവവും ചേർന്ന മലയാളി ഭാഷയുടെ കഴുത്തു പിടിച്ചു തിരിച്ചു ആർക്കും മനസിലാക്കാത്ത രീതിയിൽ വൃകൃതംമാക്കും. കൂനിന്മേൽ കുരു എന്നപോലെ, ഭാഷയുടെ വ്യാകരണവും, ഉള്ളും പുറവും അറിയാവുന്ന ചില അദ്ധ്യാപകർ,  മലയാളഭാഷയുടെ എല്ലാം അറിയാവുന്നവന്മാർ എന്ന് നടിച്ചു നടക്കുന്നവർ ഒരിക്കലും ഗതിപിടിക്കെരുതെന്നപോലെ ' രസതന്ത്ര സമവാക്ക്യം പോലെ അല്ലെങ്കിൽ റാപ്പ് മുസിക്ക് പോലെ വാക്കുകൾ കൂട്ടികൊരുത്തു, കഥാകവിത എന്ന പേരിൽ ഇറക്കി വിടും.  ഒരു ദിവസം വീടിന്റെ പൂമുഖത്തിരുന്നു ഉറക്കെ വായിച്ചപ്പോൾ ഭാര്യ ഓടി വന്നു ചോദിച്ചു അരുമായിട്ടാണ് വഴക്ക് ഉണ്ടാക്കുന്നതെന്ന്.  

കാവ്യദേവത 
കള്ളിയങ്കാട്ടു നീലി 
കടമ്പ ചാടി 
പന ഉലഞ്ഞാടി 
നാടിളകി
ജനം പുറകെ ഓടി "  ഇതാണ് കവിത.  മുൻഷി തങ്കപ്പൻ സാറിനോട് ചോദിച്ചപ്പോൾ സാറ് പറഞ്ഞു താൻ കൂടുതൽ അർത്ഥം തിരയണ്ടാ, അത് തനിക്ക് മനസിലാകില്ല.  മുൻ ഷിയും പുറകെ ഓടുന്നത് കണ്ടല്ലോ എന്ന് ചോതിച്ചപ്പോളാണ് കാര്യങ്ങൾ ശരിക്ക് മാനസിലായത്. എടോ ശിഷ്യ മുൻഷിയാണെങ്കിലും ഞാൻ ഒരു മനുഷ്യനല്ലേ എന്ന് ?  കാവ്യദേവതയുടെ കരംഗുലികൾ പതിഞ്ഞു ഉണ്ടായ അംഗവടിവും, ചന്തിലുള്ള നട നിലമുട്ടുന്ന കാർകുന്തൽ ഇതെല്ലാം കണ്ടു ഞാൻ അവളുടെ പുറകെ ഓടിയതാണ്. അവൾ കടമ്പ ചാടി ഓടി, അവളുടെ ആവാസ കേന്ദ്രമായ പന ഇളകിയാടി. ജനം പുറകെ ഓടി. അങ്ങനെയാണ് താൻ എന്നെ കാണാൻ ഇടയായത് . എന്തായാലും പാവം സാറ് രണ്ടാഴ്ച കഴിഞു ആ പനയുടെ ചുവട്ടിൽ രക്തം മുഴുവൻ വറ്റിയ ഒരു അസ്ഥിപഞ്ജരമായി മരിച്ചു കിടന്നു.

പ്രഫസ്സർ ആന്റണിയുടെ വാക്കുകൾ, ഗുരു മുഖത്തു നിന്ന് വരുന്നതായി കരുതി അമേരിക്കയിലെ സർവ്വ എഴുത്ത്കാരും നിലത്ത് എഴുത്തിനു ഇരിക്കണം എന്നാണു എന്റെ അഭിപ്രായം .  നല്ല ഒരു എഴുത്ത് വരുത്തി വച്ച വിനയെ.  അല്പം കൂടിപോയി എന്നാലും കിടക്കട്ടെ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക