Image

അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10ന്‌ ദുബായില്‍

Published on 13 January, 2012
അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10ന്‌ ദുബായില്‍
അബൂദാബി: അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള (ജിഎഫ്‌എഫ്‌)യ്‌ക്ക്‌ ഏപ്രില്‍ 10ന്‌ ദുബായില്‍. സ്‌റ്റുഡിയോ സിറ്റിയുടെ സഹകരണത്തോടെ ദുബായ്‌ കള്‍ച്ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അഥോറിറ്റിയാണ്‌ മേള സംഘടിപ്പിക്കുന്നത്‌. സിനിമകകള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചുതുടങ്ങി. 2011 ജനുവരി ഒന്നിന്‌ ശേഷം നിര്‍മിച്ചവയായിരിക്കണം സിനിമകള്‍. ഫെബ്രുവരി 29 വരെ സിനിമകള്‍ സമര്‍പ്പിക്കാം.

അറേബ്യന്‍ മേഖലയിലെ നൂതന സിനിമാ പരീക്ഷണങ്ങള്‍ അണിനിരക്കുന്ന ചലച്ചിത്രമേളയില്‍ പ്രഫഷനല്‍ സിനിമാക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള ഗള്‍ഫ്‌ മത്സര വിഭാഗം, ഹ്രസ്വചിത്രങ്ങളുടെ രാജ്യാന്തര മത്സരം തുടങ്ങിയവയും നടക്കും. അഞ്ച്‌ ലക്ഷം ദിര്‍ഹമാണ്‌ സമ്മാനത്തുക. ഗള്‍ഫ്‌ മത്സര വിഭാഗത്തില്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്‌, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യെമന്‍, ഇറാഖ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അണിനിരക്കും.

ഗള്‍ഫ്‌ മേഖല പശ്‌ചാത്തലമാക്കി മറ്റ്‌ രാജ്യക്കാര്‍ എടുത്ത സിനിമകള്‍ക്കും ഈ വിഭാഗത്തില്‍ മത്സരിക്കാം. ഫീച്ചര്‍ സിനിമകളും (ഫിക്‌ഷനും നോണ്‍ ഫിക്‌ഷനും) ഹ്രസ്വചിത്രങ്ങളും സമര്‍പ്പിക്കാം. പഠനത്തിന്റെ ഭാഗമായോ കോളജ്‌ പ്രോജക്‌ടിന്റെ ഭാഗമായോ വിദ്യാര്‍ഥികള്‍ എടുത്ത ഹ്രസ്വചിത്രങ്ങള്‍ മാത്രമാണ്‌ വിദ്യാര്‍ഥികള്‍ക്കായുള്ള ഗള്‍ഫ്‌ മത്സര വിഭാഗത്തിലേയ്‌ക്ക്‌ സമര്‍പ്പിക്കാവുന്നത്‌. രാജ്യാന്തര മത്സരം ഹ്രസ്വചിത്രങ്ങള്‍ക്ക്‌ (ഫിക്‌ഷനും നോണ്‍ ഫിക്‌ഷനും) മാത്രമാണ്‌.

ഫീച്ചര്‍ ഫിലിമുകള്‍ ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഉള്ളവ ആയിരിക്കണം. ഹ്രസ്വചിത്രങ്ങള്‍ 59 മിനിറ്റില്‍ കൂടാന്‍ പാടില്ല. ദുബായ്‌ കള്‍ച്ചര്‍ ആന്‍ഡ്‌ ആര്‍ട്‌സ്‌ അഥോറിറ്റി ചെയര്‍മാന്‍ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ നേതൃത്വത്തിലാണ്‌ മേള നടക്കുക. ഇന്ററര്‍ കോണ്‌ടിനന്റല്‍ ഹോട്ടല്‍, ക്രൗണ്‍ പ്ലാസ, ദുബായ്‌ ഫെസ്‌റ്റിവല്‍ സിറ്റിയിലെ ഗ്രാന്‍ഡ്‌ ഫെസ്‌റ്റിവല്‍ സിനിമാസ്‌ എന്നിവിടങ്ങളിലാണ്‌ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നത്‌.

സന്ദര്‍ശകരില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും മേളയ്‌ക്കുള്ള പിന്തുണ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന്‌ ഫെസ്‌റ്റിവല്‍ ഡയറക്‌ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 153 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ധനയുണ്‌ടായി.
അഞ്ചാമത്‌ ഗള്‍ഫ്‌ ചലച്ചിത്രമേള ഏപ്രില്‍ 10ന്‌ ദുബായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക