Image

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ രമേശ്‌ ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി

ജോസഫ്‌ കുരിയപ്പുറം/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 June, 2011
ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ രമേശ്‌ ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂയോര്‍ക്ക്‌: ഹൃസ്വ സന്ദര്‍ശനത്തിനായി ന്യൂയോര്‍ക്കിലെത്തിയ കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തലയെ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വച്ച്‌ ഹൃദ്യമായി സ്വീകരിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ ശ്രീ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി ശ്രീ ജോസഫ്‌ കുരിയപ്പുറം, യുവജന വിഭാഗം പ്രസിഡന്റ്‌ ശ്രീ ഗണേശ്‌ നായര്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ശ്രീ ശ്രീകുമാര്‍ ഉണ്ണിത്താന്‍, റോക്‌ലാന്റ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ശ്രീ ഇന്നസന്റ്‌ ഉലഹന്നാന്‍ തുടങ്ങി നിരവധി നേതാക്കള്‍ ശ്രീ രമേശ്‌ ചെന്നിത്തലയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്‌ച വൈകീട്ട്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വടക്കേ അമേരിക്കയിലെ വിവിധ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ശ്രീ രമേശ്‌ ചെന്നിത്തല വിശദീകരിച്ചു.

കാലഘട്ടങ്ങള്‍ക്കനുസൃതമായി വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ യൂണിറ്റുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞ കെ.പി.സി.സി. പ്രസിഡന്റിന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ വ്യക്തമായ ഒരു രൂപരേഖയും തദവസരത്തില്‍ സമര്‍പ്പിച്ചു.

പ്രസിഡന്റ്‌ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി ജോസഫ്‌ കുരിയപ്പുറം, ട്രഷറര്‍ ഷാജി ആലപ്പാട്ട്‌, ഓ.ഐ.സി.സി. ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍, തോമസ്‌ കോശി, ജേക്കബ്ബ്‌ കോശി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഇന്നസന്റ്‌ ഉലഹന്നാന്‍, ഗണേശ്‌ നായര്‍, റോയി ചെങ്ങന്നൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ മാതൃഭൂമി ഡല്‍ഹി ബ}റോ ചീഫ്‌ ശ്രീ അശോകന്‍ വേങ്ങര, കലാകൗമുദി ഡല്‍ഹി ബ}റോ ചീഫ്‌ ശ്രീ ശരത്‌, ശ്രീ. യു.എ. നസീര്‍, ഗുരു ദിലീപ്‌ജി തുടങ്ങിയവര്‍ ഇത്തരത്തിലൊരു കൂടിക്കാഴ്‌ചക്കും ചര്‍ച്ചകള്‍ക്കും വേണ്ട സഹായസഹകരണങ്ങള്‍ നല്‍കി.

വിവിധ യൂണിറ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ പഠിക്കുകയും, അവ പ്രാബല്ല്യത്തില്‍ വരുത്തി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരുടെ ഐക്യവേദി രൂപീകരിക്കുന്നതിനായി ആവശ്യമെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രീ. രമേശ്‌ ചെന്നിത്തല ഒരു പ്രാവശ്യം കൂടി അമേരിക്ക സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ കെ.പി.സി.സി.യുടെ ഒരു നിരീക്ഷകനെ അമേരിക്കയിലേക്ക്‌ അയക്കുകയോ ചെയ്യുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന്‌ ചര്‍ച്ചയില്‍ തീരുമാനമായി.

രാത്രി ഏറെ വൈകിയും കാത്തുനിന്ന പ്രവര്‍ത്തകരുടെ പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷമയോടെ കേള്‍ക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌ത കെ.പി.സി.സി. പ്രസിഡന്റിന്റെ വ്യക്തിപ്രഭാവത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും മുക്തകണ്‌ഠം പ്രശംസിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ രമേശ്‌ ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക