Image

പിള്ളപ്പോരില്‍ പേടിച്ച്‌ യുഡിഎഫ്‌

ജി.കെ. Published on 16 January, 2012
പിള്ളപ്പോരില്‍ പേടിച്ച്‌ യുഡിഎഫ്‌
അധികാരത്തിന്‌ ഒരു കുഴപ്പമുണ്‌ട്‌. അത്‌ ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന്‌ ഒരിക്കലും അധികകാലം അകന്നു നില്‍ക്കാന്‍ കഴിയില്ല. കേരളാ കോണ്‍ഗ്രസ്‌-ബിയിലെ പൊട്ടിത്തെറി കണ്‌ടപ്പോഴാണ്‌ ഇക്കാര്യം ശരിക്കും ബോധ്യപ്പെട്ടത്‌. അധികാരത്തിനുവേണ്‌ടിയുള്ള വടംവലി ഒടുവില്‍ അതിന്റെ കുടുംബമറ നീക്കി പുറത്തുവന്നിരിക്കുന്നു. കേവലം ഒരു എംഎല്‍എയെ ഉള്ളൂവങ്കിലും പിള്ള ചവിട്ടിയാലും കൊള്ളുന്നത്‌ മന്ത്രിസഭയ്‌ക്കാണെന്നതിനാല്‍ ഇതിനെ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി കാണാന്‍ കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും കഴിയില്ല. മകനാണെങ്കിലും പാര്‍ട്ടിയുടെ നേതൃയോഗത്തില്‍ ഇരിപ്പിടം പോലും നല്‍കാതെ പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം ഗണേഷിനെ നീക്കിയതീലൂടെ ഗണേഷന്‍ പിള്ളയുടെ പെരുന്തച്ചന്‍ കോംപ്ലെക്‌സിന്‌ ഇരയാവുകയായിരുന്നുവെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍.

മന്ത്രിയായ മകനെക്കൊണ്‌ട്‌ എംഎല്‍എ സ്‌ഥാനം രാജിവയ്‌പ്പിച്ച്‌ പത്തനാപുരത്തു മത്സരിച്ചു ജയിച്ച്‌ വീണ്‌ടും മന്ത്രിയാകാനുള്ള പിള്ളയുടെ തന്ത്രമാണു ഇപ്പോള്‍ പൊട്ടിത്തെറിയായി പുറത്തുവന്നിരിക്കുന്നതെന്നാണ്‌ കേരളാ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അണിയറ സംസാരം. അഴിമതിക്കേസില്‍ കുഞ്ഞൂഞ്ഞിന്റെ കനിവുകൊണ്‌ടുമാത്രം ജയില്‍ശിക്ഷ നേരത്തെ കഴിഞ്ഞു പുറത്തുവന്നപ്പോള്‍ തന്നെ പിള്ള ഇക്കാര്യം ഗണേഷിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു ഗണേഷോ യുഡിഎഫോ സമ്മതം മൂളിയില്ല. ഇതാണ്‌ പിള്ളയെ പ്രകോപിപ്പിച്ചത്‌. അതുകൊണ്‌ടു തന്നെയാണ്‌ പാര്‍ട്ടിയില്‍ ഭൂരിഭാഗവും തന്റെ ഒപ്പമാണെന്നും വേണ്‌ടിവന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഗണേഷന്‍ പറഞ്ഞുവെച്ചത്‌. സ്വതന്ത്രനായി മത്സരിച്ചാലും പത്തനാപുരത്ത്‌ ജയിക്കുമെന്ന ഗണേഷന്റെ പ്രഖ്യാപനവും പിള്ളയ്‌ക്കുള്ള മുന്നറിയിപ്പാണ്‌.

പത്തനാപുരം സീറ്റ്‌ രാജിവയ്‌ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നു ഗണേഷിനെ ഏതെല്ലാം രീതിയില്‍ ദ്രോഹിക്കാമെന്നതായിരുന്നു പിള്ളയുടെ ചിന്ത. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പിള്ള, ഗണേഷ്‌കുമാറിനെ മന്ത്രിസ്‌ഥാനത്തുനിന്നു മാറ്റണമെന്നുപോലും ആവശ്യപ്പെട്ടു. എന്നാല്‍ ബോര്‍ഡ്‌, കോര്‍പറേഷന്‍ സ്ഥാനങ്ങളെച്ചൊല്ലിയാണ്‌ മുഖ്യമന്ത്രിയെ കണ്‌ടതെന്നായിരുന്നു പിള്ളയുടെ വിശദീകരണം. ടി.എം. ജേക്കബിന്റെ മരണംമൂലം ഒഴിവുവന്ന ഭക്ഷ്യസിവില്‍സപ്ലൈസ്‌ വകുപ്പ്‌ ഗണേഷ്‌കുമാറിനെ ഏല്‍പ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം തടഞ്ഞതും പിള്ള തന്നെയായിരുന്നു. വകുപ്പു ഗണേഷ്‌കുമാറിനെ ഏല്‍പ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി നോട്ടാക്കുക പോലും ചെയ്‌തെങ്കിലും പിള്ള ശക്‌തമായി എതിര്‍ക്കുകയായിരുന്നു. അതോടെയാണു വകുപ്പ്‌ ഷിബു ബേബിജോണിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.

രണ്‌ട്‌ അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്നൊരു മന്ത്രിസഭയ്‌ക്ക്‌ ഓരോ അംഗവും വിലപ്പെട്ടതാണ്‌. അതുകൊണ്‌ടു തന്നെ യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണെങ്കില്‍പ്പോലും ജയിലിലായാലും പുറത്തായാലും മുന്നണിക്ക്‌ സ്ഥിരം തലവേദനയായ പിള്ളയെ കൈവിട്ട്‌ ഗണേഷിനുവേണ്‌ടി നിലകൊള്ളാന്‍ തന്നെയായിരിക്കും കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും താല്‍പര്യം. കേരളാ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തുവരികയാണെങ്കില്‍ ഗണേഷന്‌ മെംബര്‍ഷിപ്പ്‌ ടിക്കറ്റുമായി കുഞ്ഞൂഞ്ഞ്‌ കാത്തിരിക്കുന്നുണ്‌ട്‌. എന്നാല്‍ ആകെ ഉള്ള എംഎല്‍എയെകൂടി കൈവിട്ട്‌ കളിക്കുന്നത്‌ ആത്മഹത്യാപരമായിരിക്കുമെന്നതിനാല്‍ അത്തരമൊരു വഴിവിട്ട നീക്കത്തിലേക്ക്‌ പിള്ള പോകുമോ എന്നാണ്‌ ഇനി കണ്‌ടറിയേണ്‌ടത്‌. ഇക്കാര്യത്തില്‍ എന്‍എസ്‌എസ്‌ എന്തു നിലപാട്‌ സ്വീകരിക്കുന്നു എന്നതും പിള്ളയുടെ തീരുമാനത്തില്‍ പ്രധാനമായിരിക്കും.

മകനെ രാജിവെപ്പിച്ച്‌ പിള്ള പത്തനാപുരത്ത്‌ മത്സരിച്ചാലും അച്ഛനെ ധിക്കരിച്ച്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ച്‌ മകന്‍ പത്തനാപുരത്ത്‌ മത്സരിച്ചാലും വീണ്‌ടും ജയിക്കുമെന്ന്‌ യുഡിഎഫുകാര്‍ പോലും ഉറപ്പു പറയില്ല. വാളകം സംഭവവും വി.എസിനെതിരായ ഗണേഷിന്റെ പ്രസ്‌താവനയും ജനങ്ങള്‍ക്കിടയില്‍ ഇരുവരുടെയും പ്രതിച്ഛായ പാതാളത്തോളം താഴ്‌ത്തിയിട്ടുണ്‌ട്‌. അതുകൊണ്‌ടു തന്നെ ഗണേഷിന്റെ രാജി ഒരു പക്ഷെ പിള്ളയെ സംബന്ധിച്ചു മാത്രമല്ല യുഡിഎഫ്‌ മന്ത്രിസഭയെ സംബന്ധിച്ചിടത്തോളവും ആത്മഹത്യാപരമായിരിക്കും. അതുകൊണ്‌ട്‌ ഗണേഷിനെ പാര്‍ട്ടിയിലേക്ക്‌ സ്വീകരിക്കുക എന്നതു മാത്രമായിരിക്കും കോണ്‍ഗ്രസിനു മുന്നിലുള്ള ഏക പോം വഴി.

അതുകൊണ്‌ടാണ്‌ പിള്ളയില്‍നിന്നു എത്ര ശക്‌തമായ സമ്മര്‍ദമുണെ്‌ടങ്കിലും മന്ത്രിസ്‌ഥാനമോ എംഎല്‍എ സ്‌ഥാനമോ രാജിവയ്‌ക്കരുതെന്ന്‌ യുഡിഎഫ്‌ നേതൃത്വം ഗണേഷിനെ അറിയിച്ചത്‌. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച്‌ ജയില്‍വാസമനുഭവിച്ചു വന്ന പിള്ളയേക്കാള്‍ ഗണേഷ്‌കുമാറാണു ഗുണം ചെയ്യുകയെന്നാണു മുന്നണിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു മന്ത്രിയാകാമെന്ന ബാലകൃഷ്‌ണപിള്ളയുടെ മോഹത്തിനു ജയില്‍ശിക്ഷ നിയമതടസമുണ്‌ടാക്കുമെന്നാണു നേതാക്കളുടെ നിലപാട്‌. അഴിമതി നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെട്ടയാള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്‌ട്‌. തന്നെ അഴിമതി നിരോധനനിയമപ്രകാരമല്ല ശിക്ഷിച്ചതെന്നാണു പിള്ളയുടെ വാദം. എന്നാല്‍, ഇടമലയാര്‍ കേസില്‍ കീഴ്‌ക്കോടതി അഴിമതി നിരോധന വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തിയാണു പിള്ളയെ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചത്‌.

ഹൈക്കോടതി ഈ വിധി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണു സുപ്രീംകോടതി പിള്ളയെ ഒരുവര്‍ഷം തടവിനു ശിക്ഷിച്ചത്‌. ആ സാഹചര്യത്തില്‍ കീഴ്‌ക്കോടതി വിധിയാണു നിലവിലുള്ളത്‌. അതുകൊണ്‌ടുതന്നെ അഴിമതി നിരോധന നിയമപ്രകാരമാണു പിള്ളയെ ശിക്ഷിച്ചത്‌. അതിനാല്‍ അദ്ദേഹം മത്സരിക്കാന്‍ അയോഗ്യനാകുമെന്നാണു യുഡിഎഫ്‌ നിലപാട്‌. എന്തായാലും രണ്‌ടാഴ്‌ചയ്‌ക്കുള്ളില്‍ പലതും നടക്കുമെന്നാണ്‌ പിള്ള പറഞ്ഞുവെച്ചിരിക്കുന്നത്‌. അതുകൊണ്‌ട്‌ കാത്തിരുന്ന്‌ കാണാം. കേരളാ കോണ്‍ഗ്രസിന്‌ പുതിയൊരു ബ്രായ്‌ക്കറ്റ്‌ കൂടി വരുമോ എന്ന്‌.
പിള്ളപ്പോരില്‍ പേടിച്ച്‌ യുഡിഎഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക