Image

ട്വന്റി 20 സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്‌ ഷാര്‍ജയില്‍ തുടക്കം

Published on 16 January, 2012
ട്വന്റി 20 സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്‌ ഷാര്‍ജയില്‍ തുടക്കം
ഷാര്‍ജ: സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ രണ്‌ടാം സീസണിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഹിന്ദി,തെലുങ്ക്‌ ചലച്ചിത്ര താരങ്ങള്‍ തമ്മില്‍ ഷാര്‍ജ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ട്വന്റി 20 മത്സരം ആരും ജയിക്കാതെയും തോല്‍ക്കാതെയും അവസാനിച്ചു. ഇരുടീമുകളും ഓരോ പോയിന്റ്‌ വീതം പങ്കിട്ടു.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത സൂപ്പര്‍താരം വെങ്കിടേഷ്‌ നയിച്ച തെലുങ്ക്‌ വാരിയേര്‍സ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ചെയ്‌ത സുനില്‍ഷെട്ടി നയിച്ച മുംബൈ ഹീറോസിന്‌ 166 റണ്‍സ്‌ നേടാനായൂള്ളൂ. അവസാന ബോള്‍ വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം ഇരു ടീമുകളെയും പിന്തുണച്ച്‌ സ്‌ത്രീകളും കുട്ടികളുമായി നിരവധി പേര്‍ സ്റ്റേഡിയത്തില്‍ ആവേശം വിതറി. പ്രവേശനം സൗജന്യമായിരുന്നു.

മുംബൈ ഹീറോസിനുവേണ്‌ടി വരുണ്‍ ബാദലും തെലുങ്ക്‌ വാരിയേര്‍സിന്‌ വേണ്‌ടി അഖിലും 60 റണ്‍സും രണ്‌ട്‌ വിക്കറ്റ്‌ വീതവും നേടി കളിയിലെ കേമന്മാരായി. മുംബൈ ഹീറോസിന്റെ രാജ ബെഹനാനി (44), തെലുങ്ക്‌ വാരിയേര്‍സിന്റെ ചരണ്‍ തേജ(48) എന്നിവരും തിളങ്ങി.

സുനില്‍ ഷെട്ടി ക്യാപ്‌റ്റനായുള്ള മുംബൈ ടീമില്‍ സൊഹൈല്‍ ഖാന്‍, ബോബി ഡിയോള്‍, അഫ്‌താബ്‌ ശിവദാസിനി, അപൂര്‍വാ ലാഖിയ, ഷബീര്‍ അഹ്‌ലുവാലിയ, സണ്ണി സിംഗ്‌, വരുണ്‍ ബദോല, കബീര്‍ സദാനന്ദ്‌, രാജ ബെഹര്‍വാനി, അങ്കദ്‌ ബേദി, തുഷാര്‍ ജലോട്ട, സോനു സൂദ്‌ എന്നിവരും വെങ്കിടേഷ്‌ ക്യാപ്‌റ്റനായുള്ള തെലുങ്ക്‌ വാരിയേഴ്‌സില്‍ ശ്രീകാന്ത്‌, തരുണ്‍, നിതിന്‍, ആദര്‍ശ്‌, തരക്‌, അജയ്‌, സാമ്രാട്ട്‌, ഖയൂം, അഖില്‍, രാജീവ്‌, രഘു, പ്രഭു, അയ്യപ്പ, ചരണ്‍ തേജ, വിശ്വ, നന്ദകിഷോര്‍ എന്നിവരും ടീമില്‍ അംഗങ്ങളായിരുന്നു.

മുംബൈ ഹീറോസിന്‌ നേതൃത്വം നല്‍കുന്ന സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സജീവ സാന്നിദ്ധ്യമായിരുന്നു ഇന്നലത്തെ ഏറ്റവും വലിയ പ്രത്യേകത. സല്‍മാന്റെ ഹിറ്റ്‌ ചിത്രം ബോഡിഗാര്‍ഡിന്റെ ടൈറ്റില്‍ ഗാനമായ ആഗയാ ഹെ ബോര്‍ഡി ഗാര്‍ഡിന്റെ ഈണത്തിലൊരുക്കിയ മുംബൈ ഹീറോസിന്റെ തീം സോംഗിനൊപ്പം കാണികള്‍ പതാക വീശി നൃത്തം വച്ചു.

കേരള സ്‌ട്രൈക്കേര്‍സിന്റെ ഉടമകളായ സംവിധായകന്‍ പ്രിയദര്‍ശന്‍, ലിസി, ഭാവന, ജനീലിയ ഡിസൂസ, ഭൂമിക ചൗള, ചാര്‍മി, കങ്കണ റാനൗത്ത്‌, സോണാക്‌ഷി സിന്‍ഹ തുടങ്ങിയവരും മത്സരം കാണാനെത്തി.

ഉദ്‌ഘാടന ചടങ്ങില്‍ ക്യാപ്‌റ്റന്‍മാരായ സുനില്‍ഷെട്ടി (മുംബൈ ഹീറോസ്‌), വിശാല്‍ (ചെന്നൈ റിനോസ്‌), വെങ്കിടേഷ്‌ (തെലുങ്ക്‌ വാരിയേഴ്‌സ്‌), മോഹന്‍ലാല്‍ (കേരള സ്‌ട്രൈക്കേഴ്‌സ്‌), സുദീപ്‌ (കന്നട ബുള്‍ഡോസേഴ്‌സ്‌), ജീത്ത്‌ (പശ്‌ചിമ ബംഗാള്‍ ടൈഗേഴ്‌സ്‌) എന്നിവര്‍ അണിനിരന്നു. പാക്കിസ്‌ഥാനി ഗായകന്‍ അസ്‌ലമിന്റെ ഗാനമേള ചടങ്ങിന്‌ കൊഴുപ്പേകി.
ട്വന്റി 20 സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്‌ ഷാര്‍ജയില്‍ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക