Image

ഫാ.രാജു ദാനിയേല്‍ ജുബിലിയുടെ നിറവില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 15 June, 2011
ഫാ.രാജു ദാനിയേല്‍ ജുബിലിയുടെ നിറവില്‍
അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ഡാലസ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി റവ.ഫാ. രാജു എം.ദാനിയേല്‍ പൗരോഹിത്യജൂബിലിയുടെ നിറവില്‍.

ഇടവകജനതയുടെയും ടെക്‌സസിലെ മുഴുവന്‍ മലയാളികളുടെയും നിറഞ്ഞ സ്‌നേഹവും ബഹുമാനവും ആര്‍ജിച്ച റവ.ഫാ.രാജു ദാനിയേലിന്റെ ജുബിലിയാഘോഷം ജൂണ്‍ 18, ശനിയാഴ്ച ഗാര്‍ലാന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ രാവിലെ 8.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് 11.30് പൊതുസമ്മേളനം. സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യുസേബിയോസ്, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, സാമൂഹ്യസാംസ്‌ക്കാരികപ്രമൂഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.


കാലം ചെയ്ത ദാനിയേല്‍ മാര്‍ പീലക്‌സിനോസില്‍ നിന്നും 1984ല്‍ ശെമ്മാശപട്ടവും 1986ല്‍ ഫിലിപ്പോസ് മാര്‍ യുസേബിയസ് തിരുമേനിയില്‍ നിന്നും കശീശാപട്ടവും സ്വീകരിച്ച ഫാ.രാജു ദാനിയേല്‍ 1996ല്‍ അമേരിക്കയിലെത്തി. അറിയപ്പെടുന്ന സുവിശേഷപ്രഭാഷകനായ അദേഹം കല്‍ക്കട്ട സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി, ജി.എസ്.റ്റി തുടങ്ങിയ ഡിഗ്രികള്‍ നേടിയിട്ടുണ്ട്. സഭാരംഗത്തു വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. ദാനിയേല്‍ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, 76 മുതല്‍ 78 വരെയുള്ള കാലയളവില്‍ അഖിലകേരള ബാലജനസഖ്യം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാനേജിംഗ് കമ്മിറ്റിയംഗം, ബാലികാസമാജം വെസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

“ഈ ചെറിയവരില്‍ ഒരുവനു ചെയ്യുന്നതെല്ലാം എനിക്കാകുന്നു ചെയ്യുന്നത്” എന്ന വിശുദ്ധ മത്തായിയുടെ (25:40) വചനം സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനസിലാക്കി ദൈവസേവനം ചെയ്യുന്ന ഫാ.രാജു ദാനിയേല്‍ തന്റെ ഇടവക ജനതയുടെ സഹകരണത്താല്‍ ചെറിയവരില്‍ ചെറിയവര്‍ക്കായി ചെയ്യുന്ന നന്മകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഉള്ളനാടു ദേവാലയത്തില്‍ വികാരിയായിരുന്നപ്പോള്‍ ആരംഭിച്ച പാര്‍പ്പിടദാനപദ്ധതിയുടെ ഭാഗമായി ഇരുന്നൂറ്റിയമ്പതിലധികം വീടുകള്‍ ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ അദേഹം വനിതാ സമാജത്തിന്റെ സഹകരണത്തോടെ ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസസഹായപദ്ധതികളും നടപ്പിലാക്കുന്നു. ഇതോടൊപ്പം വിവിധ സേവനസഹായപദ്ധതികളും അച്ചന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അവികസിതമേഖലയായ ഇടുക്കി ഭദ്രാസനത്തിന്റെ വികസനത്തിനു ധനസഹായം നല്‍കുന്ന ഫാ. ദാനിയേല്‍ അവിടെ വിദ്യാഭ്യാസസഹായം, മെഡിക്കല്‍ സഹായം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

വടുതല മേലേതില്‍ പരേതനായ വി.ജി.ദാനിയേലിന്റെയും ചിന്നമ്മ ദാനിയേലിന്റെയും മകനായി ജനിച്ച ഫാ. രാജു ഉള്ളനാട് സെന്റ് ജോണ്‍സ്, വയലത്തല മാര്‍ സെവേറിയോസ് എന്നീ ദേവാലയ പൂര്‍ത്തീകരണത്തിനു നേതൃത്വമേകി. ഡാലസ് എംജിഎം ഓഡിറ്റോറിയം, തുമ്പമണ്‍ എംജിഎം ഓഡിറ്റോറിയം, മല്ലശേരി എംജിഎം ഓഡിറ്റോറിയം എന്നിങ്ങനെ എംജിഎം ഓഡിറ്റോറിയങ്ങളുടെ ഒരു നിര തന്നെ അദേഹത്തിന്റെ കര്‍മ്മ നേതൃത്വത്തില്‍ ഒരുങ്ങിയിട്ടുണ്ട്. തുമ്പമണ്‍ പുതിയ അരമനമന്ദിരം, ദാനിയേല്‍ മാര്‍ പിലക്‌സിനോസ് സ്മാരകമന്ദിരം എന്നിവയുടെ നിര്‍മ്മാണവും ഇദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഉള്ളനാട്, വയലത്തല, കുരിലയം, മല്ലിശേരി, കുമ്പഴ, മുളന്തറ, വെട്ടിപ്പുറം, നാറാണാംമുഴി തുടങ്ങിയ ദേവാലയങ്ങളില്‍ വികാരിയായി വൈദീകസേവനമനുഷ്ഠിച്ച ഫാ.ദാനിയേലിന്റെ സഹധര്‍മ്മിണി വയലത്തല മഠത്തിലേത്ത് പരേതനായ എം.സി.മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകള്‍ സാറാമ്മയാണ്. ഡാലസിലെ അമേരിക്കന്‍ ഇമിഗ്രേഷന്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിക്കുന്നു. വിദ്യാര്‍ത്ഥികളായ ലിജിന്‍ രാജു, ജൂവല്‍ രാജു, അഖില്‍ രാജു എന്നിവര്‍ മക്കളാണ്.

ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനസഭാ കൗണ്‍സില്‍ അംഗമായ ഫാ. രാജു ദാനിയേല്‍ ഡാലസ് കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ പ്രസിഡന്റ്, ക്ലര്‍ജി ഫെല്ലോഷിപ്പ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഭയുടെ ഭാഗമായ ഫോക്കസിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും സൗത്ത്‌വെസ്റ്റ് റീജിയണ്‍ ഡയറക്ടറാണ്.
ഫാ.രാജു ദാനിയേല്‍ ജുബിലിയുടെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക