Image

ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്

അനിൽ പെണ്ണുക്കര Published on 03 January, 2016
ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്
പുതുവര്‍ഷ പുലരിയില്‍ ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്. ആസ്‌ട്രേലിയയില്‍ വ്യവസായിയായ ബാംഗ്ലൂര്‍ സ്വദേശി ഗൗതം ശര്‍മയാണ് പുതുവര്‍ഷപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മനസ്സിനു കുളിരണിയിക്കും വിധം ശബരിമല ശ്രീകോവില്‍ പൂക്കളാല്‍ അലങ്കരിച്ചത്.
ഡിസംബര്‍ 31 ന് വൈകിട്ടോടെ സന്നിധാനത്തെത്തിയ ശര്‍മയും സംഘവും അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകം നടത്തി പൊന്നമ്പലത്തെ പൂക്കളാല്‍ അലങ്കരിക്കുകയായിരുന്നു. ഏകദേശം അഞ്ചു ലക്ഷം രൂപ വില വരുന്ന അലങ്കാര പുഷ്പങ്ങളാണ് ഇതിനായി സന്നിധാനത്തെത്തിച്ചത്. വിവിധതരത്തിലുള്ള ഓര്‍ക്കിഡ്്് പുഷ്്പങ്ങള്‍, വ്യത്യസ്ത നിറങ്ങളാല്‍ സമ്പന്നമായ ബാംഗ്ലൂര്‍ ജമന്തി പൂക്കളും ശതാവരിയുമെല്ലാം ഇടകലര്‍ത്തി മനോഹരമായാണ്്് ശ്രീകോവില്‍ അലങ്കരിച്ചത്്.
ബാംഗ്ലൂരില്‍ നിന്ന് ശീതീകൃത വാഹനത്തിലെത്തിച്ച പുഷ്പങ്ങള്‍ സംഘത്തിലെ പത്തുപേര്‍ ആറു മണിക്കൂറോളമെടുത്താണ് ക്ഷേത്രത്തിനു ചുറ്റും അലങ്കരിച്ചത്. രാത്രി സമയത്ത് സന്നിധാനത്തും പരിസരത്തും ശക്തമായ കാറ്റുണ്ടായതിനാല്‍ പൂക്കള്‍ കാറ്റത്തു വീണുപോകാതെ അതീവ ശ്രദ്ധയോടെ ഉറപ്പിച്ചു വയ്‌ക്കേണ്ടിവന്നതിനാലാണ് അധികം സമയമെടുത്തത്.
അയ്യപ്പസ്വാമിയുടെ ഭക്തനായ ശര്‍മ തികച്ചും യാദൃച്ഛികമായാണ് ഇക്കുറി പുതുവര്‍ഷ ദിനത്തില്‍ ദര്‍ശനത്തിനെത്തിയത്. സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പ ഭക്തരും സന്തോഷത്തോടെ കണ്ടാസ്വദിക്കാനും അയ്യപ്പസ്വാമിയുടെ അനുഗ്രഹവര്‍ഷം ലഭിക്കാനുമാണ് ഭഗവാന്റെ സന്നിധാനം പൂക്കളാല്‍ അലങ്കരിക്കാന്‍ പ്രേരണയായതെന്ന് ശര്‍മ പറഞ്ഞു. മേഘശ്രീയാണ് ശര്‍മയുടെ ഭാര്യ.
രാത്രി പതിനൊന്നര മണിക്ക് ഹരിവരാസനം കേട്ട് പതിനെട്ടാം പടിയിറങ്ങിയ ശര്‍മയും സംഘവും പുലര്‍ച്ചെ രണ്ടു മണിക്കു തന്നെ നിര്‍മാല്യം തൊഴാനുള്ള ക്യൂവില്‍ ഇടം തേടി. അയ്യപ്പ ദര്‍ശനത്തിനുശേഷം മാളികപ്പുറത്തമ്മയെ വണങ്ങിയ സംഘം ഇന്ന് മറ്റു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷമേ നാട്ടിലേക്കു മടങ്ങൂ.

പുതുവര്‍ഷം ആഘോഷിച്ചു

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പുതുവര്‍ഷം ആഘോഷിച്ചു. പതിനെട്ടാം പടിക്കു താഴെ 2016 നെ സ്വാഗതം ചെയ്ത് കര്‍പ്പൂരവും ചെരാതുകളുമുപയോഗിച്ച് പുതുവത്സര ദീപം തെളിച്ചായിരുന്നു ആഘോഷം. അയ്യപ്പസേവാ സംഘത്തിന്റെ സംഭാവനയായി മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു.
സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് മധു ജി.നായര്‍, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി.വിജയന്‍ , ദേവസ്വം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകം, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പുതുവര്‍ഷ ദീപം തെളിച്ചു.
പുതുവര്‍ഷപ്പുലരിയില്‍ ശബരീശനെ വണങ്ങാനായി പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.

കര്‍ശന നടപടി സ്വീകരിക്കും

സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ ജോലി ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സന്നിധാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എം ശ്രീകുമാര്‍ അറിയിച്ചു.

ഭക്തിഗാനാര്‍ച്ചനയുമായി നികേത് ലാല്‍
അയ്യപ്പ ഭക്തിഗാനാര്‍ച്ചനയില്‍ ആസ്വാദകരുടെ മനം നിറച്ച് 12 വയസ്സുകാരന്റെ ഗാനാര്‍ച്ചന. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയായ നികേത് ലാലാണ് മുത്തച്ഛന്‍ ടി.എസ് ചന്ദ്രനോടൊപ്പം ശബരീശ സന്നിധിയില്‍ പ്രശസ്ത അയ്യപ്പഗാനങ്ങളായ ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം, തേടി വരും കണ്ണുകളില്‍ ഓടി എത്തും സ്വാമി തുടങ്ങിയ ഗാനങ്ങളില്‍ ആസ്വാദകരെ മനം നിറച്ചത്.എട്ട് വര്‍ഷമായി സംഗീതം അഭൃസിക്കുന്ന ഈ കലാകാരന്‍ കഴിഞ്ഞ 3 വര്‍ഷമായി സന്നിധാനത്തെ ഓഡിറ്റോറിയത്തില്‍ പാടുന്നു.ഗായത്രി ചന്ദ്രന്‍ മണിലാല്‍ എന്നിവരുടെ ഏകമകനായ നികേത് പ്രശസ്ത സംഗീതാധ്യാപകരായ കളര്‍കോട് കൃഷ്ണസ്വാമി, മീര എന്നിവരുടെ കീഴിലാണ് സംഗീത പഠനം.
ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്ശബരീശ സന്നിധി പുഷ്പാലംകൃതമാക്കാന്‍ പ്രവാസി ഭക്തന്റെ വഴിപാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക