Image

കപടബുദ്ധിജീവികള്‍ കേരളത്തിനു പാര: എം.വി പിള്ള

Published on 17 June, 2011
കപടബുദ്ധിജീവികള്‍ കേരളത്തിനു പാര: എം.വി പിള്ള
ചിക്കാഗോ: രാഷ്‌ട്രീയക്കാരല്ല മറിച്ച്‌ കപടബുദ്ധിജീവികളാണ്‌ കേരളത്തിനു പാരയാകുന്നതെന്നു ഫോമയുടെ പ്രൊഫഷണല്‍ സംഗമത്തില്‍ ഡോ. എം.വി പിള്ള. ആരോടും അവര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ല. എന്തിനെയും എതിര്‍ക്കുകയെന്നത്‌ ഒരു കലയായി അവര്‍ വികസിപ്പിച്ചിരിക്കുന്നു.

ഏറ്റവും നല്ല ഉദാഹരണമാണ്‌ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രത്തിനും മയോ ക്ലിനിക്കിന്റെ ഡയബറ്റോളജി സെന്ററിനും എതിരെ നടന്ന പ്രചാരണങ്ങള്‍ . ഒടുവില്‍ അത്‌ രണ്ടും കേരളത്തിനു കിട്ടാത്ത സ്‌ഥിതി വന്നു.

എയ്‌ഡ്‌സിനു കാരണമാകുന്ന എച്ച്‌.ഐ.വി വൈറസ്‌ കണ്ടുപിടിച്ചത്‌ റോബര്‍ട്ട്‌ ഗാലോയും മുല്ലശേരില്‍ ശാരങ്‌ധരനും ചേര്‍ന്നാണ്‌. പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെല്ലോ ആയ ശാരങ്‌ധരന്റെ നേട്ടങ്ങള്‍ പൊതുജനം വേണ്ടപോലെ അറിയാതെ പോയി. എന്നാല്‍ അദ്ദേഹത്തെ പുകഴ്‌ത്തുന്നതില്‍ ഗാലോ ഒരിക്കലും പിന്നോക്കം പോയില്ല.

വൈറസിനെപ്പറ്റിയുള്ള ഗവേഷണകേന്ദ്രം ഇപ്പോള്‍ ഇന്ത്യയിയിലില്ല. ഏറ്റവും നല്ല കേന്ദ്രം ബെയ്‌ജിംഗിലാണുതാനും. അത്തരം ഒരു കേന്ദ്രം ഇന്ത്യയില്‍ വന്നാല്‍, വൈറസ്‌ സംബന്ധമായ ഗവേഷണം സജീവമാകും. വൈറസിനെതിരായ വാക്‌സിനുകള്‍ നമുക്ക്‌ തന്നെ രൂപപ്പെടുത്താനാകും. ഇപ്പോള്‍ തന്നെ കോട്ടയം ഭാഗത്ത്‌ അജ്ഞാതമായ ഒരു വൈറസ്‌ രോഗം പരത്തിവരുന്നു. പക്ഷെ വൈറോളജി ഗവേഷണകേന്ദ്രം വരുന്നതിനു പോലും എതിര്‍പ്പുണ്ട്‌.

ഇത്തരം കേന്ദ്രങ്ങള്‍ക്ക്‌ നേരെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെങ്കിലും വെള്ള ടര്‍ക്കി ടവല്‍ എറിയാതിരുന്നാല്‍ നന്നായി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇരിക്കുന്ന കസേരിലെ ഒരു വെള്ള ടര്‍ക്കി ടവല്‍ ഇട്ടിരിക്കുന്നതു കാണാം. ലോകത്തു വേറൊരിടത്തു കാണാത്ത ഏര്‍പ്പാടാണത്‌. മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥനോ പോയിക്കഴിഞ്ഞാല്‍ പിന്നെ അതെടുത്തു ദൂരെ കളയും. അധികാരത്തോടുള്ള വിധേയത്വമോ അധികാരികളുടെ വേറിട്ടു നില്‍ക്കലോ കാണിക്കുന്നതാണ്‌ ഈ വെള്ളത്തോര്‍ത്ത്‌.

ഇന്ത്യയെപ്പറ്റിയുള്ള പഴയ കാഴ്‌ചപ്പാട്‌ ലോകരംഗത്തിന്നു മാറി വരികയാണ്‌. ഇന്ത്യ സുതാര്യതയ്‌ക്കുവേണ്ടിയുള്ള വിപ്ലവത്തിലൂടെ കടന്നു പോകുകയാണെന്നാണ്‌. കേന്ദ്രമന്ത്രി എ.കെ ആന്റണി തന്നെ പറഞ്ഞത്‌. കേരളവുമായുള്ള മാനസികമായ പാലം തീര്‍ക്കുമ്പോള്‍ രണ്ടാം തലമുറയെ ലക്ഷ്യം വച്ചായിരിക്കണം നാം നീങ്ങേണ്ടത്‌.

അമേരിക്കയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടിയവര്‍ ഇന്ത്യയില്‍ വരുത്തിയ മാറ്റങ്ങള്‍ നമുക്ക്‌ സുപരിചിതമാണ്‌. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അംബേദ്‌കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായി. ഇല്ലിനോയി സര്‍വകലാശാലയില്‍ പഠിച്ച വര്‍ഗീസ്‌ കുര്യന്‍ അമുല്‍ വഴി ധവളവിപ്ലവത്തിനു വഴിയൊരുക്കി. കേരളത്തില്‍ പ്രവര്‍ത്തിക്കാതെ കര്‍മ്മമേഖലയായി ഗുജറാത്തിനെ എന്തുകൊണ്ട്‌ സ്വീകരിച്ചുവെന്ന ചോദ്യത്തിന്‌ കേരളത്തില്‍ മുഴുവന്‍ മലയാളികളാണ്‌ എന്നായിരുന്നു കുര്യന്റെ മറുപടി.

ഒരു പരീക്ഷ പാസായാല്‍ മാത്രം ഒരാളും പ്രൊഫഷണല്‍ ആകുന്നില്ല. മികച്ച ഡോക്‌ടര്‍മാര്‍ കേരളത്തിലുണ്ട്‌. പക്ഷെ അവരില്‍ പലരും മികച്ച നേതാക്കളോ വിദ്യാര്‍ത്ഥികളുടെ പ്രചോദനമോ ആകുന്നില്ല.

വൈദ്യശാസ്‌ത്രം ഇമേജ്‌ ബേസ്‌ഡ്‌ മെഡിസിന്‍ ആകുകയാണെന്ന്‌ ജവേദ്‌ ഹസന്റെ നിലപാട്‌ ശരിയല്ലെന്നദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പുസ്‌തകങ്ങളെല്ലാം തന്നെ തത്വചിന്തയെയും മതത്തെയും പറ്റിയായിരുന്നു. ഇപ്പോഴത്‌ ശാസ്‌ത്രമടക്കമുള്ള നാനാരംഗങ്ങളെപ്പറ്റിയായി. ഇസ്രയേല്‍ 60-ാം വാര്‍ഷികത്തിന്‌ ക്ഷണിച്ച രണ്ടു വ്യക്തികളിലൊരാള്‍ വ്യവസായിയായ ലക്ഷ്‌മി മിറ്റലായിരുന്നു. മറ്റേയാള്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷും.

രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ടെക്‌നോ ക്രാറ്റുകളുമായി നല്ല ബന്ധമുണ്ടായാല്‍ അത്‌ ആശാവഹമായ മാറ്റമുണ്ടാകും. മുഖ്യമന്ത്രി സി. അച്യുതമോനോന്‍ കെ.പി.പി നമ്പ്യാരെയും ഡോ. വല്യത്താനെയും കണ്ടെത്തിയതും രാജീവ്‌ ഗാന്ധി സാം പിത്രോഡെയെ വാര്‍ത്താവിനിയമ വിപ്ലവത്തിന്റെ സൂത്രധാരനാക്കിയതുമൊക്കെ ഉദാഹരണം.

ഗാന്ധിജിയിലും എ.കെ. ആന്റണിയിലുമൊക്കെയുള്ള ഐഡിയലിസത്തിന്റെ മിന്നലാട്ടം രമേശ്‌ ചെന്നിത്തലയിലും താന്‍ കാണുന്നുണ്ട്‌. മന്ത്രിസ്ഥാനം നിരസിച്ചതു അതിനൊരു ഉദാഹരണം. ഹരിപ്പാട്ടുകാരനായ താന്‍ ചെന്നിത്തലയും മാവേലിക്കരയുമടങ്ങുന്ന ഓണാട്ടുകരയുടെ ഭാഗമാണ്‌ . ഓണാട്ടുകര മലയാളമാണ്‌ കേരളത്തിലെ ഏറ്റവും മികച്ച മലയാളമെന്നാണ്‌ കരുതപ്പെടുന്നത്‌.

പ്രൊഫഷണല്‍ സംഗമം പോലെയുള്ള നല്ല കാര്യങ്ങള്‍ക്ക്‌ മലയാളികള്‍ ഒന്നായി പ്രവര്‍ത്തിക്കണം. സംഗമത്തിലേക്ക്‌ ഫൊക്കാനയെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നദ്ദേഹം പറഞ്ഞു. ഫൊക്കാന നേതാക്കളെ അറിയിച്ചിരുന്നുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പിന്നീട്‌ വ്യക്തമാക്കി.

നമ്മുടെയൊക്കെ കാലം അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ അഴിമതി ഇല്ലാതാകുമെന്നും അതിനുള്ള നീക്കങ്ങളാണ്‌ കാണപ്പെടുന്നതെന്നും ഡോ. പിള്ള അഭിപ്രായപ്പെട്ടു.
കപടബുദ്ധിജീവികള്‍ കേരളത്തിനു പാര: എം.വി പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക