Image

'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D. Published on 25 January, 2012
'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ
എഴുത്തുകാരേയും ഭാഷാശാസ്‌ത്രത്തില്‍ താല്‍പ്പര്യമുള്ളവരേയും മുന്നില്‍കണ്ട്‌ തയ്യാറാക്കിയതാണ്‌ ഈ ലഘുലേഖനം)

മലയാളം ഒരു ജീവല്‍ഭാഷയാകുന്നു. പൊതുജനങ്ങള്‍ ക്രയവിക്രയത്തിനും സംസാരത്തിനും ഉപയോഗിക്കാത്ത ഭാഷകള്‍ മൃതഭാഷയായി അറിയപ്പെടുന്നു - സംസ്‌കൃതവും ലാറ്റിനും പോലെ! പത്താം നൂറ്റാണ്ടോടെ വികാസദശയിലേക്കു കുതിച്ച രണ്ട്‌ ആധുനികഭാഷകളായ ഇംഗ്ലീഷും മലയാളവും, കൊടുത്തും വാങ്ങിയും, ഉള്‍ക്കൊണ്ടും തള്ളിക്കളഞ്ഞും, പരിണാമത്തിലൂടെ പൂര്‍ണ്ണതയിലേക്ക്‌ അടുക്കുന്നു.

മലയാളം ദ്രാവിഡഗോത്രത്തില്‍ പിറന്ന ഭാഷയെങ്കിലും, 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയെങ്കിലും സംസ്‌കൃതത്തിന്റെ അതിപ്രസരത്താല്‍ ഭിന്ന മുഖം പ്രദര്‍ശിപ്പിച്ചിരുന്നു. അക്കാലത്തെ കണക്കനുസരിച്ച്‌ നല്ല മലയാളത്തില്‍ ഏകദേശം നാല്‌പത്തഞ്ചു ശതമാനത്തോളം സംസ്‌കൃതപദങ്ങള്‍ കാണപ്പെട്ടിരുന്നു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ സംസ്‌കൃതപദങ്ങള്‍ തമസ്‌കരിക്കപ്പെട്ടതു മൂലം,
എഴുപതുകള്‍ക്കു മുമ്പ്‌ മലയാളം പഠിച്ചവര്‍ക്ക്‌ `നല്ല' മലയാളം എഴുതാന്‍ ഇന്ന്‌ നന്നേ പണിപ്പെടേണ്ട ഗതിയാണ്‌ വന്നിരിക്കുന്നത്‌. ഭാഗ്യത്തിന്‌, ഇക്കൂട്ടര്‍ക്ക്‌ വിവേചന ബുദ്ധിയോടെ പദാര്‍ത്ഥം ഗ്രഹിക്കാന്‍ സംസ്‌കൃതപദം നിഴലിക്കുന്ന ഹിന്ദിയിലും ദ്രാവിഡമൂലം സ്രവിക്കുന്ന തമിഴിലും സാമാന്യ പരിജ്ഞാനം ഉണ്ടെന്നുള്ളത്‌ ആശാവഹം!

സംസാരഭാഷയാണ്‌ ആദ്യം ഉത്ഭവിച്ചതെങ്കിലും, ഭാഷയുടെ നിയാമകശക്തിയായി വര്‍ത്തിക്കുന്നത്‌ അതിനെ ശാസ്‌ത്രീയമായി നിര്‍വ്വചിക്കുന്ന വ്യാകരണമാണ്‌. പ്രയോക്താവിന്റെ ഭാഷാപ്രയോഗങ്ങളില്‍ നിന്ന്‌ വ്യാകരണം ജനിക്കുന്നു. വാക്കുകളെ കൂട്ടിയിണക്കുന്ന പ്രത്യയങ്ങളും വിഭക്തികളും സന്ധിസമാസങ്ങളും പ്രതിബിംബിക്കുന്ന വാചകങ്ങള്‍ അര്‍ത്ഥബോധം പ്രദാനം ചെയ്യുന്നു. അവയിലൂടെ, കൂടിച്ചേരുന്ന വാക്കുകള്‍ക്ക്‌ സാഹചര്യമനുസരിച്ച്‌, പദസംയോഗത്താല്‍ പുഷ്‌ടിയും ശുഷ്‌കതയും വന്നുചേരുന്നു.

സ്ഥലകാല ഭേദങ്ങള്‍ മൂലമുള്ള ദേശ്യപ്രയോഗങ്ങളിലുള്ള വ്യതിയാനം തന്നെ എത്ര വിഭിന്നം! മാനവപുരോഗതിക്ക്‌ ഏറ്റവും ആവശ്യവായ `എന്ത്‌' എന്ന പദത്തിന്റെ ഗ്രാമ്യപ്രയോഗങ്ങള്‍, വടക്ക്‌ കണ്ണൂര്‌ (എന്ത്‌ന്നാണ്‌) മുതല്‍ തെക്ക്‌ തിരുവനന്തപുരം (എന്തര്‌) വരെ എത്ര വിചിത്രമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌! അവയ്‌ക്കിടയില്‍ കിടക്കുന്ന എന്തേന്‌, എത്താ, എന്തേ, എന്തൂട്ടാ, എന്നാ, എന്നതാ, എന്തുവാ എന്നീ വാക്കുകള്‍ നിങ്ങള്‍ക്ക്‌ വിവിധ പ്രദേശങ്ങളുമായി എളുപ്പം ബന്ധിപ്പിക്കുകയുമാവാം. വാമൊഴിപ്പഴക്കത്തിലെ അസന്തുലിതകള്‍ വരമൊഴിയുടെ ഏകീകരണത്തിലൂടെ സാമാന്യരൂപം കൈവരിച്ചിട്ടുണ്ടെങ്കിലും, പദസംയോജനത്തിന്റെ നിയമാവലിയുടെ വേലിക്കുള്ളില്‍ കരുങ്ങി വാക്കുകള്‍ക്ക്‌ ക്ഷതം സംഭവിക്കുന്നു. ഈ വക്രതകള്‍ക്കും രേഖീയതകള്‍ക്കും സ്ഥലകാലഭേദങ്ങളിലൂടെ വിന്യാസം ഭവിക്കുന്നു.

മലയാളഭാഷാപ്രയോഗവിദ്യയെ ശാസ്‌ത്രീയമായി വിശകലനം ചെയ്‌ത്‌ ആധുനികഗദ്യത്തില്‍ എഴുതപ്പെട്ട ആദ്യ മലയാളഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്ന കുട്ടികൃഷ്‌ണമാരാരുടെ, 1942-ല്‍ പ്രസിദ്ധീകൃതമായ, `മലയാളശൈലി'യാണ്‌ `കേരളപാണിനീയ'ത്തിനുശേഷം ഇറങ്ങിയ പദവ്യാകരണസംബന്ധിയായ പ്രധാന ആധാരഗ്രന്ഥം. അതില്‍ നിഷ്‌കര്‍ഷിച്ച ചില നിയമങ്ങള്‍ക്ക്‌ കാലാനുസൃതമായി പ്രയോഗമുന്‍ഗണനകള്‍ ഇക്കാലത്ത്‌ ഉണ്ടായേക്കാമെങ്കിലും, ഈ വിഷയത്തില്‍ അതിനുശേഷം ഇറങ്ങിയ മറ്റു ഗ്രന്ഥങ്ങള്‍ക്ക്‌ മാതൃകയായി ഇന്നും `മലയാളശൈലി' നിലകൊള്ളുന്നു; മാരാരുടെ താളം തന്നെ ഇപ്പോഴും ഗദ്യശാസ്‌ത്ര കേളികൊട്ടില്‍ മുഴങ്ങിനില്‍ക്കുന്നു. മാരാര്‍ക്ക്‌ മരണാനന്തര ബഹുമതിയായി ഒരു ഡോക്‌ടറല്‍
ബിരുദത്തിന്‌ കോഴിക്കോട്‌ സര്‍വ്വകലാശാലക്ക്‌ ഇന്നും പരിഗണിക്കാവുന്ന കൃതിയാണ്‌
`മലയാളശൈലി.'

വാചകം, ദ്യോതകം എന്നീ രണ്ടു വിഭാഗങ്ങളായി പദങ്ങളെ വിഭജിക്കാമല്ലോ: ഒരു വസ്‌തുവിനേയൊ പ്രവൃത്തിയേയൊ ഗുണത്തേയൊ കാണിക്കുന്നതെല്ലാം വാചകവും, ഒറ്റക്ക്‌ നില്‍ക്കുമ്പോള്‍ ഒരര്‍ത്ഥത്തേയും സൂചിപ്പിക്കാത്തവ ദ്യോതകവും. വാചകത്തിന്റെ അവാന്തരവിഭാഗമായി നാമക്രിയാവിശേഷണങ്ങളും, ദ്യോതകത്തിന്റെ ഉള്‍പ്പിരിവുകളായി ഗതിഘടകവ്യാക്ഷേപകകേവലങ്ങളും നിലകൊള്ളുന്നു. ദ്യോതകങ്ങള്‍ക്ക്‌ ഉദാഹരണമായി ഉം, ഓ, കൊണ്ട്‌ എന്നീ അര്‍ത്ഥബോധം ഉണര്‍ത്താത്ത പദങ്ങളെ കണക്കാക്കാം. ഇത്രയും സൂചിപ്പിക്കാന്‍ കാരണം, ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഷാപ്രയോഗപ്രശ്‌നത്തിനു കളമൊരുക്കാന്‍ തന്നെ. ഭാഷാനവീകരണത്തിന്റെ ഭാഗമായി അറുപതുകളിലും എഴുപതുകളിലും, ഭാഷാപഠനം ലളിതമാക്കാനും അച്ചുകൂടത്തിലെ `പെട്ടിമരുന്നുകള്ളി'കളില്‍ ചിതറി കിടക്കുന്ന അച്ചുകളുടെ എണ്ണം ലഘൂകരിക്കാനും, വ്യാപകമായ ശ്രമം നടന്നിരുന്നു. ഇതില്‍ പ്രധാനമായത്‌,വ്യഞ്‌ജനങ്ങളോട്‌ സ്വരങ്ങള്‍ ചേരുമ്പോള്‍ വരുന്ന അച്ചുകളുടെ ബാഹുല്യവും, അവയില്‍നിന്നു തന്നെ ഉണ്ടാകുന്ന ദിത്വരൂപങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും പരപ്പുമാണ്‌.

ഉദാഹരിക്കാം: `ശ'യും `ഉ'യും ചേരുമ്പോളുണ്ടാകുന്ന `ശു' എന്ന ശബ്‌ദത്തിനും, `ക'യും `ഉ'യും ചേരുമ്പോളുണ്ടാകുന്ന `കു' എന്ന ശബ്‌ദത്തിനും, ഇന്ന്‌ ആദ്യശബ്‌ദത്തോട്‌ `ഉ'കാരചിഹ്നമായി `ു' എന്ന്‌ ചേര്‍ത്താല്‍ മതി. ലിപിപരിഷ്‌കരണത്തിനു മുമ്പ്‌ ഇങ്ങനെ ഉണ്ടാകുന്ന ഓരോ ശബ്‌ദത്തിനും പ്രത്യേക അച്ചുകളുണ്ടായിരുന്നു. ദിത്വവും കൂട്ടക്ഷരവും സൃഷ്‌ടിക്കാന്‍ ചന്ദ്രക്കലയുടെ

അടയാളമായി, അച്ചുകൂടക്കാര്‍ `മീത്തല്‍' എന്ന്‌ വ്യവഹരിച്ചുവന്നിരുന്ന ` ്‌' എന്ന രൂപം അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. `ക്ക' എന്ന രൂപത്തിനു പകരം `ക്‌ക' എന്നും, `ച്ച' എന്ന രൂപത്തിനു പകരം `ച്‌ച' എന്നും, `ഞ്ച' എന്നതിനു `ഞ്‌ച' എന്നും എഴുതാന്‍ ആരംഭിച്ചു. ഈ രൂപങ്ങള്‍ കണ്ടുള്ള വൈക്ലബ്യത്തില്‍, പില്‍ക്കാലത്ത്‌, ഇപ്രകാരം എഴുതിയിരുന്ന കൂട്ടക്ഷരങ്ങള്‍ക്കു പകരം, കംപ്യൂട്ടര്‍യുഗത്തിലെ അച്ചുനിരത്തുകാരുടെ സേവനം കീബോര്‍ഡിലേക്ക്‌ മാറിയപ്പോള്‍, വീണ്ടും പഴയ `ക്ക', `ച്ച' എന്നീ രൂപങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ന്‌ പ്രചാരത്തിലുള്ള മുന്തിയ വേഡ്‌ പ്രോസസ്സിങ്‌ പ്രോഗ്രാമുകളിലെല്ലാം ഈ രൂപങ്ങള്‍ ലഭ്യമാണ്‌.

മറ്റു പല അക്ഷരങ്ങള്‍ക്കും കാലാനുസൃതമായി മാറ്റം ഉണ്ടായിട്ടുണ്ട്‌. പാക്കിസ്‌താനും പാക്കിസ്ഥാനും ഈ വിഭാഗത്തില്‍ പെടുന്നു. ഇംഗ്ലീഷിലെ പല വാക്കുകളിലും കാണുന്ന `t' യിലെ ഇരട്ടിപ്പും, അമേരിക്കന്‍ ഇംഗ്ലീഷില്‍ അതിന്റെ അഭാവവും പദവ്യാകരണശാസ്‌ത്രത്തിനു ഭവിക്കുന്ന പരിണാമം തന്നെ! ദിത്വത്തെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ ഇത്രയും ഓര്‍ത്തെന്ന്‌ മാത്രം. ഇനി മറ്റൊരു വിഷയത്തിലേക്ക്‌ കടക്കാം - കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെയുള്ള സംസാരഭാഷ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രത്യേകത ശ്രദ്ധിക്കുക: തറയ്‌ക്കുക, തറക്കുക എന്ന്‌ തെക്കരും വടക്കരും വാമൊഴിയില്‍ വിവക്ഷിച്ചിരുന്ന ക്രിയാപദത്തിന്റെ രൂപങ്ങള്‍. സമാസത്തിനു മാതൃകയല്ലെങ്കിലും, `യ'കാരാഗമം തറയ്‌ക്കുക എന്ന രൂപത്തില്‍ പ്രക്ഷിപ്‌തമാണ്‌. അച്ചുകൂടത്തിലിരുന്ന്‌ പ്രൂഫ്‌ തിരുത്തുന്ന ചെറുപ്പക്കാര്‍, കാലം കൊണ്ട്‌ ഉരുത്തിരിഞ്ഞ ചില അലിഖിത നിയമങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ രൂപങ്ങള്‍ മാറ്റി ഉപയോഗിക്കുന്നവരെ ദൈവദൂഷണം പറഞ്ഞവരായും, നിരക്ഷരകുഷികളായും ചിത്രീകരിച്ചേക്കാം. അതിനാല്‍, ഈ വിഷയത്തില്‍ മൂന്നുനാല്‌ പതിറ്റാണ്ടുകളായി അര്‍പ്പിച്ച ചിന്തകള്‍ പങ്കുവെക്കാം. എഴുപതുകളുടെ അവസാനം ഈ കവിത പ്രസിദ്ധീകരിച്ചു:

`യ'യും `ക'യും ചേരും
കൂട്ടക്ഷര വടിവിന്‍
ആന്തരാര്‍ത്ഥം തിരയും
ഉപനിഷാദിനിയെ
സാന്ത്വനം ചെയ്യാന്‍
പടച്ചേന്‍ ഈ കൃതി:
`കയ്‌ക്കുന്ന കായും
കക്കുന്ന കള്ളാ!'

പറക്കുക/പറയ്‌ക്കുക, കാക്കുക/കായ്‌ക്കുക, അറക്കുക/അറയ്‌ക്കുക, ഉറക്കുക/ഉറയ്‌ക്കുക തുടങ്ങി ധാരാളം ക്രിയാപദജോഡികളില്‍ ഇതേ പ്രതിഭാസം കാണാം.

ചില സമ്പര്‍ഭങ്ങളില്‍, ചര്‍ച്ചയിലുള്ള ഈ രൂപങ്ങള്‍ യഥേഷ്‌ടം ഉപയോഗിക്കാന്‍ നിര്‍വ്വാഹമില്ലെന്ന്‌ ഈ കുറുങ്കവനം സമര്‍ത്ഥിക്കുന്നു. അര്‍ത്ഥശങ്കയ്‌ക്കു അടിസ്ഥാനമില്ലാത്തതും സ്വതന്ത്രമായി നില്‍ക്കേണ്ടതുമായ രൂപങ്ങളാണ്‌ ഇവ. പദവ്യാകരണ വിശാരദന്മാര്‍ക്ക്‌ മേച്ചില്‍സ്ഥലങ്ങളാകേണ്ട ഈ വിഷയത്തില്‍ വ്യക്തമായ രൂപരേഖ ലഭ്യമല്ല. കവിയും നിരൂപകനുമായ ഇ. ഐ. എസ്സ്‌. തിലകന്റെ അഭിപ്രായത്തില്‍, ഈ വിഷയത്തെക്കുറിച്ച്‌ വേണ്ടത്ര വിവരം എഴുതപ്പെട്ടിട്ടില്ലത്രെ! ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം എടുക്കേണ്ട ഒരു മേഖലയല്ലിത്‌. അതുകൊണ്ടുകൂടിയാണ്‌ ഈ ചിന്തനം.

കേരളപ്പിറവിക്കു മുമ്പും പിമ്പും ഉണ്ടായിരുന്ന പാഠപുസ്‌തകങ്ങളില്‍ ഇത്തരം `ക്ക/യ്‌ക്ക' സന്ദേഹമുണ്ടാക്കുന്ന വാക്കുകള്‍ രണ്ടു രീതിയിലും എഴുതപ്പെട്ടിരുന്നു. വ്യക്തമായ ആധാരലേഖനങ്ങള്‍ ഈ വിഷയത്തില്‍ കണ്ടുകിട്ടാത്തതുകൊണ്ട്‌ ഇന്നു കാണുന്ന പൊതു സ്വഭാവങ്ങള്‍ രേഖപ്പെടുത്തട്ടെ!
ആദ്യാക്ഷരം (ഇത്‌ വ്യഞ്‌ജനങ്ങളായിരിക്കും മിക്കവാറും) അവസാനിക്കുന്ന
സ്വരശബ്‌ദത്തിന്റെ അടിസ്ഥാനത്തില്‍ `ക്ക'യ്‌ക്കു സംഭവിക്കുന്ന മാറ്റം വ്യത്യസ്‌ത സ്വരങ്ങള്‍ ഉള്‍കൊള്ളുന്ന അക്ഷരങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഉദാഹരിക്കാം. അപവാദങ്ങള്‍ ഉണ്ടായേക്കാം; എന്നാല്‍ അവ നിയമത്തെ സാധൂകരിക്കുക മാത്രം ചെയ്യുന്നു. ഇതേ നിയമം, വാക്കിലെ രണ്ടാമത്തേയും മൂന്നാമത്തേയും അക്ഷരങ്ങള്‍ക്കും ബാധകമായിരിക്കും. പൊതുനിയമമെന്ന നിലയ്‌ക്ക്‌, അര്‍ത്ഥശങ്കക്ക്‌ ഇടയില്ലാത്ത
സന്ദര്‍ഭങ്ങളില്‍, ആദ്യാക്ഷരം ``അ'കാരത്തില്‍ അവസാനിക്കുമ്പോള്‍ `യ്‌ക്ക'യും, മറ്റു സ്വരങ്ങളില്‍ അവസാനിക്കുമ്പോള്‍ `ക്ക'യും വരുന്നു എന്ന്‌ പറയാം. മറ്റു സ്വരങ്ങള്‍ പ്രതിനിധീഭവിക്കുന്ന ചില ഉദാഹരണങ്ങള്‍ താഴത്തെ പട്ടികയില്‍.

ഈ ഉദാഹരണങ്ങളിലെല്ലാം `യ്‌ക്ക' എന്ന്‌ എഴുതേണ്ട ആവശ്യമില്ലെന്നാണ്‌ പൊതുമതം! നടേ പറഞ്ഞപോലെ, ചുരുക്കം ചില സമയങ്ങളില്‍ ഈ പൊതുതത്ത്വം ബാധകമാകണമെന്നില്ല. മിക്കവാറും, അര്‍ത്ഥശങ്കക്കിടയില്ലാത്ത അവസരങ്ങളില്‍ ഇത്‌ നിയാമകമായി വര്‍ത്തിക്കുന്നു. എന്നാല്‍, പ്രയോഗക്ഷമതയുടെ കാര്യത്തില്‍ ഇന്നും പൂര്‍ണ്ണമായ യോജിപ്പുണ്ടെന്ന്‌ തോന്നുന്നില്ല.

ഈയിടെ പഠനത്തിനു വിധേയമാക്കിയപ്പോള്‍, എന്‍. കെ. ദേശത്തിന്റെ `മുദ്ര'യിലും, അമേരിക്കയിലെ യുവകവിയായ സന്തോഷ്‌ പാലായുടെ `കമ്മ്യൂണിസ്റ്റ്‌ പച്ച' എന്ന പുതു സമാഹാരത്തിലും രണ്ടു രൂപങ്ങളും പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞു. പഴയ തലമുറയിലെ എഴുത്തുകാര്‍ മുഴുവന്‍ മണ്‍മറയുന്നതു വരെ ഒരു സമ്മിശ്ര സ്വഭാവം തുടരുക തന്നെ ചെയ്യും. ഇനി മുതല്‍ നിങ്ങള്‍ വായിക്കുന്ന പദ്യവും ഗദ്യവും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യപ്പെടുകയുമാവും! ആദ്യകാല പാഠപുസ്‌തകങ്ങളിലെ `അമേരിയ്‌ക്ക' ഇപ്പോള്‍ `അമേരിക്ക'യായത്‌ എങ്ങനെയെന്ന്‌ ഉള്‍ക്കൊള്ളാന്‍ ഇതിനകം സാധിച്ചിരിക്കുമല്ലൊ!
'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക