Image

അമേരിക്ക (നോവല്‍ ആരംഭിക്കുന്നു-1) മണ്ണിക്കരോട്ട്‌

മണ്ണിക്കരോട്ട്‌ Published on 09 March, 2016
അമേരിക്ക (നോവല്‍ ആരംഭിക്കുന്നു-1) മണ്ണിക്കരോട്ട്‌
'വീ വില്‍ ബി ലാന്‍ഡിംഗ് ഇന്‍ ന്യൂയോര്‍ക്ക് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഷോര്‍ട്ട്‌ലി....-പ്ലീസ് ഫാസണ്‍ യുവര്‍ സീറ്റ് ബെല്‍റ്റ് ആന്‍ര് റിമെയിന്‍ സീറ്റഡ്, താങ്ക് യൂ.' എയര്‍ ഇന്ത്യയുടെ ബോയിംഗ് 747-ല്‍ ക്യാപ്റ്റന്റെ ശബ്ദം ഉയര്‍ന്നു.

ആ സന്ദേശം ഹിന്ദിയിലും ആവര്‍ത്തിച്ചു. യാത്രക്കാരുടെ മുന്‍പില്‍ സ്റ്റോപ്പ് സ്‌മോക്കിംഗിന്റെയും ഫാസണ്‍ സീറ്റ് ബെല്‍റ്റിന്റെയും മുന്നറിയിപ്പുകള്‍ മിന്നിത്തിളങ്ങി.

യാത്രക്കാരുടെ കൈകാലുകള്‍ പെട്ടെന്ന് ചലിക്കാന്‍ തുടങ്ങി. വലതുകൈയുടെ തള്ളവിരല്‍ സീറ്റിന്റെ കൈതാങ്ങിയിലുള്ള ബട്ടണില്‍ തൊട്ടപ്പോള്‍ ചാരുകസേരപോലെ ചരിഞ്ഞിരുന്ന വിമാന സീറ്റുകള്‍ നിവര്‍ന്നു. സീറ്റുബെല്‍റ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന 'ക്ലിക്ക്, ക്ലിക്ക്'ശബ്ദം വിമാനമെങ്ങും കേട്ടു.

അമ്മിണിയും അതുപോലൊക്കെ ചെയ്തു. സകലദൈവങ്ങളേയും ഓര്‍ത്തുകൊണ്ട് ശ്വാസം അടക്കിയിരുന്നു.

ന്യൂയോര്‍ക്കില്‍ എത്താറായി എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷമായി. ഭീതി നിറഞ്ഞ അനേകം ചിന്തകള്‍ അപ്പോഴും അവളുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ സ്വപ്നസാമ്രാജ്യമെങ്കിലും, അറിയാത്ത രാജ്യം! അറിയാത്ത മനുഷ്യര്‍! ഭാഷയിലുള്ള വൈഷമ്യം!

എയര്‍പോര്‍ട്ടില്‍ പോള്‍ പനവേലി ഉണ്ടായിരിക്കും. അങ്ങനെയാണ് ഡല്‍ഹിയില്‍വെച്ച് ഏജന്റ് പീറ്റര്‍ പറഞ്ഞിട്ടുള്ളത്. അയാളോടൊപ്പം നേരത്തെ വന്ന റോസിയും ലില്ലിക്കുട്ടിയും ഉണ്ടാകും. 

അവരും വരണമെന്ന് പ്രത്യേകം എഴുതിയിരുന്നു. അവരും ഉണ്ടായിരിക്കുമോ എന്തോ? ഇല്ലെങ്കില്‍ അറിയാത്ത രാജ്യത്ത്...? ഒറ്റയ്ക്ക്...?

അവള്‍ ആ കൂറ്റന്‍ വിമാനത്തിന്റെ കിളിവാതിലിലൂടെ പുറത്തേയ്ക്കു നോക്കി.

രാജേന്ദ്രചോളന്‍ എന്ന ജംബോജറ്റ് അപ്പോഴും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് മുകളിലാണ്. വിമാനത്തിനു കീഴെ സമുദ്രത്തിനു മുകളില്‍ മേഘപടലങ്ങള്‍ മന്ദംമന്ദം നീങ്ങുന്നു. അവ സായാഹ്ന സൂര്യന്റെ കിരണങ്ങള്‍ തട്ടി വെട്ടിത്തിളങ്ങി. മേഘങ്ങള്‍ മാറുമ്പോള്‍ താഴെ സമുദ്രം കാണാം. കറുത്തിരുണ്ട മഹാസമുദ്രം ശാന്തമായി കിടക്കുന്നു.

'ദൈവമെ! ഒന്നു പിഴച്ചാല്‍ വിമാനം എവിടെയായിരിക്കും?' അമ്മിണി അറിയാതെ ചിന്തിച്ചു പോയി. 

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി.

വിമാനം തീരം നോക്കി പറന്നു.

നടുക്കടല്‍ ശാന്തമായിരുന്നു. അകലെ തീരം ചേര്‍ന്ന് തിരമാലകള്‍ തിളച്ചുമറിയുന്നു. പതഞ്ഞുപൊങ്ങുന്നു. തീരങ്ങളില്‍ പലയുടത്തും പടകുകള്‍ നിരന്നു കിടക്കുന്നു. നടക്കടലില്‍ അങ്ങിങ്ങായി കപ്പലുകള്‍ ചെറിയ തീപ്പൊട്ടുകള്‍ പോലെ ഇഴഞ്ഞുനീങ്ങുന്നു.

വിമാനം താണുപറക്കാന്‍ തുടങ്ങി. കരയോടടുത്തു. അകലെ പട്ടണത്തിന്റെ ഭാഗങ്ങള്‍ കാണാം. എങ്ങും തിങ്ങിനില്‍ക്കുന്ന കെട്ടിടങ്ങള്‍ മാത്രം. അതിനിടെ ഇടവഴിപോലെ കാണുന്ന റോഡുകള്‍. അവിടെയെങ്ങും ആമയെപ്പോലെ നീങ്ങുന്ന കാറുകള്‍.

നിമിഷങ്ങള്‍ കഴിയുമ്പോള്‍ താനും ഈ പട്ടണത്തിന്റെ ഏതോ ഒരു കോണില്‍ പ്രത്യക്ഷമാകുമെന്ന് അമ്മിണി ഓര്‍ത്തു. അവളുടെ ഉള്ള് കുളരണിഞ്ഞു. ഹൃദയം താളമേളങ്ങളുടെ വേദിയായി.
രാദേന്ദ്രചോളന് യാതൊരു കൂസലുമില്ല. അവന്‍ ഭൂമിയോട് വളരെ അടുത്തുകഴിഞ്ഞു. എയര്‍പോര്‍ട്ടിന്റെ ഭാഗങ്ങള്‍ കണ്ടുതുടങ്ങി.

നിമിഷങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

ചക്രങ്ങള്‍ റണ്‍വേയില്‍ മുട്ടി. വിമാനം ഉലഞ്ഞു. പക്ഷേ, ആരും കുലുങ്ങിയില്ല. സീറ്റ് ബെല്‍റ്റിട്ടിരിക്കുന്നത് പ്രയോജനപ്പെട്ടു.

ആപത്തൊന്നും കൂടാതെ ആകാശരാജന്‍ ഭൂമിയില്‍ വന്നിറങ്ങിയപ്പോള്‍ അതിലെ അന്തേവാസികളുടെ മുഖത്ത് സന്തോഷം തെളിഞ്ഞു.

വിമാനം റണ്‍വേയില്‍കൂടി പറക്കുന്നതു പോലെ ഓടി. അപ്പോള്‍ ക്യാപ്റ്റന്റെ ശബ്ദം വീണ്ടും കേട്ടു. 

'വീ ഹാവ് ലാന്‍ഡഡ് ഇന്‍ ന്യൂയോര്‍ക്ക് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പ്ലീസ് റിമെയിന്‍ സീറ്റഡ് അണ്‍ഡില്‍ ദി എയര്‍ക്രാഫ്റ്റ് കം ടു എ കംപ്ലീറ്റ് ഹാള്‍ട്ട്... താങ്ക് യൂ.'

റണ്‍വേയില്‍ക്കൂടി ഓടിക്കൊണ്ടിരുന്ന വിമാനത്തിന്റെ വേഗത കുറഞ്ഞുതുടങ്ങി. പൂര്‍ണ്ണമായും നില്‍ക്കുന്നതുവരെ ആരും എഴുന്നേല്‍ക്കരുതെന്ന് ക്യാപ്റ്റന്റെ നിര്‍ദ്ദേശം വീണ്ടും കേട്ടു.

ആ നിര്‍ദ്ദേശം ആരെങ്കിലും ചെവിക്കൊണ്ടതായി തോന്നുന്നില്ല. സീറ്റ് ബെല്‍റ്റുകള്‍ മാറുന്ന ക്ലിക്ക് ശബ്ദം തുടരെ കേട്ടു തുടങ്ങി.

യാത്രക്കാര്‍ ഒന്നൊന്നായി എഴുന്നേറ്റു കഴിഞ്ഞു. 

വിമാനത്തിന്റെ യന്ത്രങ്ങള്‍ നിശ്ചലമാകുന്നു. അപ്പോള്‍ യാത്രക്കാര്‍ യന്ത്രംപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

തലയ്ക്കു മുകളിലെ ട്രങ്കുകള്‍ ചടുപടാന്ന് തുറക്കുന്നു; തൂക്കുബാഗുകള്‍ തോളിലേറ്റി. പെട്ടിപ്രമാണങ്ങളെല്ലാം തപ്പിയെടുത്ത് തിട്ടപ്പെടുത്തി.

ഓരോരുത്തരും ഒരു നിമിഷം വെളിയില്‍ കടന്നു കിട്ടാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഒരു നിമിഷം മുമ്പെ അമേരിക്ക എന്ന 'കനാനില്‍' കടന്നുകൂടി കഴിയുന്നത്രയും 'മന്നാ' ശേഖരിക്കാനുള്ള തിടുക്കം പോലെ.

അമ്മിണിയും എയര്‍ബാഗ് കയ്യിലെടുത്തു. അതില്‍ പ്രത്യേകിച്ചൊന്നും ഇല്ലാത്തതുകൊണ്ട് നടക്കാന്‍ പ്രയാസമുണ്ടായില്ല.

യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വരിവരിയായി നിന്നു. തോളില്‍ ബാഗും തൂക്കി അമ്മിണിയും അക്കൂട്ടത്തില്‍ കൂടി.

രാജേന്ദ്രചോളന്റെ കവാടം തുറന്നു. യാത്രക്കാര്‍ നീങ്ങിത്തുടങ്ങി. ചോളരാജാവിന്റെ അന്തപുരത്തിലെ സുന്ദരിമാരെപോലെ കവാടത്തിന്റെ ഇരുവശത്തും ആകാശസുന്ദരികള്‍ നില്‍ക്കുന്നു. അവര്‍ കടന്നുപോകുന്നവര്‍ക്ക് കൈകൂപ്പി 'നമസ്‌തേ' പറയുന്നു. കവാടം കടന്നുകിട്ടിയവര്‍ മറ്റൊന്നും ശ്രദ്ധിക്കാതെ കടന്നുപോകുന്നു.

അമ്മിണിയും പുറത്തിറങ്ങി. എങ്ങോട്ടു പോകണമെന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ഓരോ വളവിനും തിരിവിനും ഉദ്യോഗസ്ഥ•ാരുണ്ട്. അവിടെയെങ്ങും യാതൊരു ബഹളങ്ങളുമില്ല. നാട്ടിലെപ്പോലെ എങ്ങോട്ടു പോകണമെന്നറിയാതെ ചുറ്റിക്കറങ്ങേണ്ട കാര്യവുമില്ല. എല്ലാം നല്ല അടുക്കും  ചിട്ടയും പോലെ നടക്കുന്നു.

ഇമിഗ്രേഷന്‍ ഏരിയായുടെ അടുത്തെത്തി. പല വരികളിലായി ധാരാളം പേര്‍ നിരന്നിട്ടുണ്ട്. പല നിറക്കാര്‍, പല വേഷക്കാര്‍, പല ഭാഷക്കാര്‍. നാനാരാജ്യക്കാരും അക്കൂട്ടത്തിലുണ്ടെന്ന് ആരോടും ചോദിക്കേണ്ട കാര്യമില്ല.

അമ്മിണിയും ഒരു വരിയില്‍ സ്ഥാനം പിടിച്ചു. അതൊക്കെ ഡല്‍ഹിയില്‍വെച്ച് പീറ്റര്‍ പറഞ്ഞു 
കൊടുത്തിട്ടുണ്ട്.

അവളുടെ ഊഴമായി. ഡല്‍ഹിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്ന് കൊടുത്തയച്ച വലിയ കവര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. അയാള്‍ അടുത്തിരുന്ന ഏതോ വലിയ റിക്കാര്‍ഡൊക്കെ പരിശോധിച്ചു.

സായിപ്പ് എന്തൊക്കെയോ അവളോട് ചോദിച്ചു. ഒന്നും ശരിക്കും മനസ്സിലാകുന്നില്ല. കൊച്ചുകുട്ടികള്‍ പറയുന്നതുപോലെ എന്തൊക്കെയോ മറുപടി പറഞ്ഞു. എന്തായാലും അധികം താമസിച്ചില്ല. സായിപ്പ്  അമ്മിണിയുടെ കയ്യില്‍ ഗ്രീന്‍ കാര്‍ഡ് കൊടുത്തു.

അമേരിക്കയിലെ സ്ഥിരതാമസത്തിനുള്ള ചീട്ട്. ഗ്രീന്‍കാര്‍ഡ്. അമ്മിണിയുടെ മനസ്സില്‍ കുളിര്‍കാറ്റുവീശി.

അവള്‍ ഇമിഗ്രേഷനില്‍ നിന്ന് പുറത്തുവന്നു. കറങ്ങുന്ന ബെല്‍റ്റില്‍ നിന്ന് പെട്ടിയെടുത്തു. തോല്‍പ്പെട്ടിയെന്നും പറഞ്ഞ് കരോള്‍ബാഗിലെ ബൂട്ടാസിംഗ് കബളിപ്പിച്ച വൈനല്‍പെട്ടി. അതിന്റെ പല ഭാഗങ്ങളും കീറിയിട്ടുണ്ട്.

പെട്ടിയിലും പ്രത്യേകിച്ചൊന്നുമില്ല. നാലഞ്ച് സാരികളും ബ്ലൗസും മറ്റു തുണികളും പിന്നെ നാട്ടില്‍ നിന്ന് എല്ലാവരും കൊണ്ടുവരാറുള്ള ചില പതിവ് സാധാനങ്ങളും അരിയുണ്ട, അവലോസ്‌പൊടി, കായ് വറുത്തത്, കപ്പ വറുത്തത് അങ്ങനെ. പിന്നെ ഡല്‍ഹിയില്‍ ഗോപിനാഥ് ബസാറിലെ ലാല്‍ ചന്ദ് മിഠായിവാലയുടെ കടയില്‍നിന്ന് വാങ്ങിയ കുറേ മധുരപലഹാരങ്ങളും.

പെട്ടിയുമായി അവള്‍ കസ്റ്റംസിലേക്ക് നടന്നു. അപ്പോള്‍ നാട്ടിലെ കസ്റ്റംസിനെപ്പറ്റി കേട്ടിട്ടുള്ളതൊക്കെ ഓര്‍ത്തുപോയി. ഇവിടെയും അങ്ങനെ വല്ലതും ആയിരിക്കുമോ? നെഞ്ചിടിപ്പ് കൂടി.

അവളുടെ ഊഴമായി. കസ്റ്റംസ് ഓഫീസര്‍ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും വാങ്ങി പരിശോധിച്ചു.

'ഫസ്റ്റ് ടൈം ഇന്‍ അമേരിക്ക?'

സായിപ്പ് തിരക്കി.

'ങേ...?'

സാധാരണ വാക്കുളാണെങ്കിലും അത് സായിപ്പിന്റെ വായില്‍ നിന്ന് വീണപ്പോള്‍ അമ്മിണിക്ക് പിടികിട്ടിയില്ല. ഒപ്പം നാട്ടില്‍ നിന്ന് കൊണ്ടുവന്ന അല്ലറ ചില്ലറയൊക്കെ അഴിച്ചു പെറുക്കി അപമാനിക്കുമോ എന്ന ഭയവും.

ഉത്തരം അറിഞ്ഞുകൊണ്ടുതന്നെയാണ് സായിപ്പ് ചോദിച്ചത്. അയാള്‍ യാത്രക്കാരിയുടെ ദയനീയത മനസ്സിലാക്കി. 

'എന്തെങ്കിലും ആഹാരസാധനങ്ങളോ ചെടികളോ കൊണ്ടു വന്നിട്ടുണ്ടോ?'

കസ്റ്റംസ് ഓഫീസര്‍ വീണ്ടും തിരക്കി. ഇപ്പോള്‍ പതുക്കെ കൊച്ചുകുട്ടികളോട് 
ചോദിക്കുന്നതുപോലെയാണ് ചോദിച്ചത്.

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ എടുത്തുകളയും. അക്കാര്യം പീറ്ററും മറ്റും പറഞ്ഞുകൊടുത്തിട്ടുണ്ട്.

'ഇല്ല.'

അവള്‍ കള്ളം പറഞ്ഞു.

'ഓ.കെ.' അമേരിക്കയിലേക്ക് സ്വാഗതം. നിങ്ങള്‍ക്ക് പോകാം. കസ്റ്റംസ് കഴിഞ്ഞു. ആശ്വാസം.
തോളില്‍ ബാഗും കയ്യില്‍ പെട്ടിയും തൂക്കി അവള്‍ പുറത്തേയ്ക്ക് നടന്നു. അമേരിക്കന്‍ മണ്ണില്‍ ആദ്യമായി കാല് കുത്താന്‍ പോകുന്നു. 

പുറത്തേയ്ക്കുള്ള വാതിലിനടുത്തെത്തി. അവളെ കണ്ടയുടനെ ആ വാതില്‍ തനിയെ തുറന്നുകൊടുത്തു. അമേരിക്ക എന്ന അത്ഭുതലോകത്തിലേയ്ക്കുള്ള  ക്ഷണം.

അമ്മിണി ആ വാതിലിനു പുറത്തിറങ്ങി. അവിടെ യാത്രക്കാരെ സ്വീകരിക്കാന്‍ ബന്ധുമിത്രാദികള്‍ നിരന്നു നില്‍ക്കുന്നു.

മുകളില്‍ ലോകരാഷ്ട്രങ്ങളുടെയെല്ലാം പതാകകള്‍  പാറിക്കളിക്കുന്നു. അതൊരു അന്താരാഷ്ട്ര വിമാനത്താവളമാണെന്ന് ആര്‍ക്കും മനസ്സിലാക്കാം.

അവള്‍ ആള്‍ക്കൂട്ടത്തില്‍ കണ്ണുകള്‍ പായിച്ചു. അറിയുന്ന റോസിയേയും ലില്ലിക്കുട്ടിയേയും തിരഞ്ഞു. പടത്തില്‍ മാത്രം കണ്ടിട്ടുള്ള അറിയാത്ത പോളിനേയും തിരഞ്ഞു.

അവള്‍ പതുക്കെ നടന്നു. തടിച്ചു കൂടിനിന്ന ജനക്കൂട്ടത്തെ പിന്നിട്ടു. വീണ്ടും റോസിയേയും ലില്ലിക്കുട്ടിയേയും കാണുന്നില്ല. ഉള്ളില്‍ ഉത്കണ്ഠ ഉദിച്ചു. വീണ്ടും നാലുപാടും കണ്ണോടിച്ചു.

പെട്ടെന്ന് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ മുമ്പോട്ട് വന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി.

'ഐ ആം പോള്‍ പനവേലി, ആന്‍ഡ് യൂ ആര്‍ മിസിസ് അമ്മിണി ആന്റണി. റയ്റ്റ.്'

അവള്‍ക്ക് ആളിനെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പറഞ്ഞു കേട്ടിട്ടുള്ളതുപോലെയും പടത്തില്‍ കണ്ടിട്ടുള്ളതുപോലെയും സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍.

'യെസ്.'

അപ്പോഴും അവളുടെ കണ്ണുകള്‍ നാലുപാടും പരതി നടക്കുകയായിരുന്നു.

ഇല്ല. റോസിയേയും ലില്ലിക്കുട്ടിയേയും ഒന്നും കാണുന്നില്ല. അവളുടെ മനസ് അസ്വസ്ഥമായി. 
അവരേയും കൂട്ടി വരണമെന്ന് പോളിനെഴുതാന്‍ പീറ്ററിനോട് പ്രത്യേകം പറഞ്ഞിരുന്നതാണ്.
അങ്ങനെതന്നെ ആയിരിക്കുമെന്ന് ഡല്‍ഹിയില്‍വെച്ച് പീറ്റര്‍ ഉറപ്പും കൊടുത്തു.

'റോസിയും ലില്ലിക്കുട്ടിയും ഒന്നും വന്നില്ലേ?'

അമ്മിണി തിരക്കി.

'ഇല്ല.'

പരുഷമായി മറുപടി.

'അവരേയും കൂട്ടി വരാമായിരുന്നില്ലേ?'

'എന്തിന്! എനിക്ക് കൂട്ടിനോ?'

ഗൗരവവും ഹാസ്യവും കലര്‍ന്ന മറുപടി.

അമ്മിണിക്ക് മറുപടി ഇല്ലാതായി. ഉള്ളില്‍ ഭയവും പരിഭ്രമവും. ചിന്തകള്‍ ശരങ്ങളായി അവളുടെ നെഞ്ചില്‍ തറയ്ക്കാന്‍ തുടങ്ങി.

അറിയാത്ത രാജ്യം? അറിയാത്ത മനുഷ്യര്‍? താന്‍ ഒറ്റയ്ക്ക് ? തന്നെ കൊണ്ടുപോകാന്‍ ഇയാള്‍ തനിയെ...!

www.mannickarottu.net 


അമേരിക്ക (നോവല്‍ ആരംഭിക്കുന്നു-1) മണ്ണിക്കരോട്ട്‌ അമേരിക്ക (നോവല്‍ ആരംഭിക്കുന്നു-1) മണ്ണിക്കരോട്ട്‌
Join WhatsApp News
Tom abraham 2016-03-09 08:33:32

Paul panaveli upon seeing Ammini speaks English. Two Malayalees ! This is the first time, I am writing a novel here. 

unrealistic. 

I wish I could type in Malayalam. 


Tom abraham 2016-03-09 08:35:10
Errata, first time reading a novel here.
പാസ്റ്റർ മത്തായി 2016-03-09 11:21:56
'ഇല്ല '

അവൾ കള്ളം പറഞ്ഞു .'    ഈ ഭാഗം വായിച്ചപ്പോൾ ഞാൻ ചിരിച്ചുപോയി. കാരണം കസ്റംസ് ഓഫീസറോട് കള്ളം പറയാത്ത എത്ര മലയാളികളാണ് ഉള്ളത്?  ആദ്യമായി കരിവേപ്പിൻ തയ്യ്‌ സിഗരട്ട് പാക്കട്ടിനകത്ത് വച്ച് അമേരിക്കയിൽ കൊണ്ടുവന്നത് അറിയാതെ ഓർത്തുപോയി.  അതുകഴിഞ്ഞാണ് ഞാൻ രക്ഷിക്കപ്പെട്ടത്.  ഇപ്പോൾ കള്ളം പറയുന്നതും പ്രസംഗിക്കുന്നതും ഒരു ആസക്തിയാ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക