Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ; വന്‍ നാശനഷ്ടം

Published on 26 January, 2012
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ; വന്‍ നാശനഷ്ടം
ഷാര്‍ജ: അല്‍ താവൂന്‍ ഭാഗത്തെ ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ആളപായമില്ല. 28 നിലകളുള്ള അല്‍ ബക്കര്‍ ബില്‍ഡിങിന്‍െറ ‘എ’ ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായി അഗ്നിക്കിരയായി. എതാനും വാഹനങ്ങളും മലാളികളടക്കമുള്ള നിരവധി താമസക്കാരുടെ പണവും പാസ്പോര്‍ട്ടും രേഖകളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ 2.15നാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയര്‍ന്നതെന്ന് ഷാര്‍ജ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കേ ഭാഗത്തെ കാര്‍ പാര്‍ക്കിങ് ഏരിയയുടെ തൊട്ടുമുകളില്‍ നിന്ന് പടര്‍ന്ന തീ നിമിഷങ്ങള്‍ക്കകം പിറക് വശത്തെ മുഴുവന്‍ അപാര്‍ട്മെന്‍റിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവ സമയം നല്ല കാറ്റുണ്ടായിരുന്നത് തീ ആളിപടരാന്‍ കാരണമായി. അപകട സൈറണ്‍ മുഴങ്ങുന്നത് കേട്ടും സമീപത്തെ കെട്ടിടങ്ങളിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നും മുഴുവന്‍ താമസക്കാരും പെട്ടെന്ന് പുറത്തിറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആളുകളെ പരിഭ്രാന്തരാക്കി. മലയാളികളടക്കം നിരവധി കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ദുരന്തം താങ്ങാനാവാതെ വാവിട്ട് കരഞ്ഞു. വിലപ്പെട്ട രേഖകളും മറ്റും അഗ്നിയെടുക്കുന്നത് കണ്ടുനില്‍ക്കാനാകാതെ പലരും കെട്ടിടത്തിന് സമീപത്തേക്ക് കുതിച്ചെങ്കിലും പൊലീസ് തടഞ്ഞു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമടക്കം മുഴുവന്‍ സാധനങ്ങളും നിമിഷങ്ങള്‍ക്കകം കത്തി ചാരമാകുന്നത് കണ്ട് നെടുവീര്‍പ്പിടുന്നവരും കണ്ണീര്‍ വാര്‍ക്കുന്നവരും ചുറ്റും കൂടി നിന്നവരിലും വേദന പടര്‍ത്തി.

അപകട വിവരമറിഞ്ഞ് ഷാര്‍ജ, ദുബൈ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളില്‍ നിന്ന് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ ഭാഗത്തേക്കുള്ള റോഡുകള്‍ അടച്ചാണ് പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഈ കെട്ടിടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും മലയാളികളടക്കം നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നതും കച്ചവടം നടത്തുന്നതുമായ അല്‍ റിയാമി, അല്‍ സാദ്, സാക്കിര്‍, അല്‍ നയിലി തുടങ്ങിയ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം അതീവ ജാഗ്രത പുലര്‍ത്തിയതും ദുരന്തത്തിന്‍െറ വ്യാപ്തി കുറച്ചു.
അപകടമുണ്ടായ അല്‍ ബക്കര്‍ കെട്ടിടത്തില്‍ മുന്‍ ഭാഗത്ത് മൂന്നും പിറകുവശത്ത് രണ്ടും അപാര്‍ട്മെന്‍റുകള്‍ വീതമാണുള്ളത്. പിറക് വശത്തെ മുഴുവന്‍ അപാര്‍ട്മെന്‍റുകളും കത്തി ചാമ്പലായി. ഇതില്‍ നിന്ന് പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ പുറത്തേക്കിറങ്ങിയത്. കത്തി ചാരമായ അലൂമിനിയം പാനലുകളും ചില്ലുകളും ശക്തമായ കാറ്റില്‍ മീറ്ററുകളോളം ദൂരെ തെറിച്ചുവീണു. അലൂമിനിയം പാനലുകള്‍ കത്തി വീണ് താഴെ നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.

അഗ്നിബാധയില്‍ വീടും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചവര്‍ക്ക് താമസ സൗകര്യവും മറ്റും ഏര്‍പ്പെടുത്തുന്നതിന് യു.എ.ഇ റെഡ്ക്രസറ്റ്, ഷാര്‍ജ ചാരിറ്റി അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹമിദ് മുഹമ്മദ് അല്‍ ഹുദൈദി അറിയിച്ചു.
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ; വന്‍ നാശനഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക