Image

എ.കെ ആന്റണിയുടെ മകന്‍ നായകനാകുന്നു

Published on 27 January, 2012
എ.കെ ആന്റണിയുടെ  മകന്‍ നായകനാകുന്നു
അച്ഛന്റെ 'പ്രതിരോധം' മറികടന്ന് മകന്‍ സിനിമയിലേക്ക്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത് ആന്റണിയാണ് അച്ഛന്റെ വഴിവിട്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. സിനിമ തന്റെ മേഖലയായി തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ ആദ്യം എതിര്‍ത്തെങ്കിലും സിനിമയോടുള്ള താത്പര്യം ബോധ്യപ്പെടുത്തി അച്ഛന്റെ എതിര്‍പ്പ് മാറ്റിയെന്ന് ജൂനിയര്‍ ആന്റണി പറയുന്നു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ ചരിത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അജിത് ആന്റണി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഒബ്‌റോയ്. ഫെബ്രുവരി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഒബ്‌റോയ് സംവിധാനം ചെയ്യുന്നത് 'നല്ലവന്‍' ഒരുക്കിയ അജി ജോണാണ്. 

വടക്കെ ഇന്ത്യയിലെ വ്യവസായികളും കൂട്ടുകുടുംബവും അവര്‍ക്കിടയിലെ കിട മത്സരവും ഇതിവൃത്തമാകുന്ന ഒബ്‌റോയിയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അജിത് ആന്റണിയാണ്. വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകന്റെ വേഷത്തിലാകും അജിത് എത്തുക. കഥാപാത്രമായി മാറുന്നതിന്റെ ഭാഗമായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ഈ വി.ഐ.പി പുത്രന്‍. വിനയത്തിന്റെ പ്രതിപുരുകനായ ആന്റണിയുടെ ഈ രണ്ടാമത്തെ മകന്‍ വൈകാതെ അഭ്രപാളികളില്‍ സിക്‌സ് പാക്ക് ശരീരവുമായിട്ടാകും പ്രത്യക്ഷപ്പെടുക. 

2007ല്‍ കോളജ് പഠനകാലത്താണ് ഈ സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് സ്‌ക്രിപ്റ്റുമായി അജി ജോണിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. നായക കഥാപാത്രം അവതരിപ്പിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഷൂട്ടിങ് ഏറിയ ഭാഗവും വിദേശ ലൊക്കേഷനുകളിലായിരിക്കും. ഇതിനിടെ ബോളിവുഡില്‍ നിന്നും ചില അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ച് വെളിപ്പെടുത്താന്‍ അജിത് തയാറായില്ല. ഷാരൂഖ് ഖാനെ മാതൃകാപുരുഷനായി കാണുന്ന ഈ 22 കാരന് സല്‍മാന്‍ ഖാനും ഇഷ്ടതാരമാണ്.

മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പുറത്തിറങ്ങുന്ന. ഡല്‍ഹിയില്‍ ഒരു പ്രമുഖ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 15 കോടിക്ക് മേലെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക