Image

ഫൊക്കാനയുടെ കരുത്തുറ്റ നേതൃത്വം ജി. കെ. പിള്ള

അനില്‍ പെണ്ണുക്കര Published on 28 January, 2012
ഫൊക്കാനയുടെ കരുത്തുറ്റ നേതൃത്വം ജി. കെ. പിള്ള
ആലപ്പുഴ ജില്ലയിലെ മുതുകുളം ഗ്രാമം...

ഈ സാംസ്‌കാരിക തറവാട്ടില്‍നിന്ന്‌ എഴുപതുകളില്‍ അമേരിക്കയിലെത്തിയ ജി.കെ.പിള്ള അനുഭവങ്ങളിലൂടെ, ആശയങ്ങളിലൂടെ, കണക്കിലൂടെ വളര്‍ന്ന്‌ ലോകം ആദരിക്കുന്ന ഫൊക്കാനയുടെ അമരക്കാരനായി. ഫൊക്കാനയുടെ സൗമ്യനായ പ്രസിഡന്റ്‌ എന്ന വിശേഷത്തിലുപരി എല്ലാ പ്രവര്‍ത്തനത്തിലും കൃത്യത പാലിക്കുന്നു എന്ന പ്രത്യേകതയും ജി.കെ.പിള്ളയ്‌ക്കുണ്ട്‌. ഫൊക്കാനയുടെ പതിനഞ്ചാമത്‌ നാഷണല്‍ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നടക്കുകയാണ്‌. കണ്‍വന്‍ഷന്‍ നഗറിന്‌ അനന്തപുരി എന്ന പേര്‌ നല്‍കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവിനെക്കൊണ്ട്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനു നടുവില്‍ അദ്ദേഹം സംസാരിക്കുന്നു.

ചോദ്യം : ഫൊക്കാനയുടെ 15-ാമത്‌ നാഷണല്‍ കണ്‍വന്‍ഷനാണല്ലോ ഹ്യൂസ്റ്റണില്‍ നടക്കുന്നത്‌. പ്രധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായോ?

ഉത്തരം : പതിനഞ്ചാമത്‌ നാഷണല്‍ കണ്‍വന്‍ഷന്‍ ടെക്‌സാസിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ `അനന്തപുരി' നഗറില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ നടക്കും. കണ്‍വന്‍ഷന്റെ പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കണ്‍വ ന്‍ഷന്റെ മുഖ്യആകര്‍ഷണം തിരുവിതാംകൂര്‍ മഹാരാജാവ്‌ പങ്കെടുക്കുന്നു എന്നതുതന്നെയാണ്‌. കൂടാതെ ആകര്‍ഷകമായ കലാപരിപാടികള്‍, അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ മികച്ച കലാപ്രകടനങ്ങള്‍ എന്നിവ അരങ്ങേറും.

ചോദ്യം: ഫൊക്കാന കണ്‍വന്‍ഷനുകളില്‍ യുവജനങ്ങളുടെ കലാപരിപാടികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കിവരുന്നുണ്ടല്ലോ?

ഉത്തരം : അതെ. അമേരിക്കന്‍ മലയാളികളുടെ കുട്ടികള്‍ പലരും വര്‍ഷങ്ങളായി ഡാന്‍സ്‌, സംഗീതം എന്നിവ പഠിക്കുന്നവരാണ്‌. ഡോ.പത്മാസുബ്രഹ്മണ്യം മുതല്‍ ദിവ്യാ ഉണ്ണിവരെയുള്ളവരുടെ ശിക്ഷണത്തില്‍ പഠിക്കുന്ന നര്‍ത്തകരും സംഗീതം അഭ്യസിക്കുന്നവരും അമേരിക്കയിലുണ്ട്‌. അവര്‍ക്ക്‌ ഒരു പൊതു വേദി എന്ന ആശയം ഫൊക്കാന വര്‍ഷങ്ങള്‍ ക്കുമുമ്പ്‌ ആരംഭിച്ചതാണ്‌. അതിന്റെ ഭാഗമായി യുവജനോത്സവം പല റീജിയണുകളില്‍ ഫൊക്കാനാ സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രഗത്ഭരായ കുട്ടികള്‍ക്ക്‌ വേദികള്‍ ഒരുക്കിക്കൊടുക്കുക എന്ന നവീന ആശയവും, പൊതുരംഗത്തേക്ക്‌ അമേരിക്കന്‍ മലയാളി യുവജനങ്ങളെ എത്തിക്കുക എന്ന ദൗത്യവും ഫൊക്കാനയ്‌ക്കുണ്ട്‌.

ചോദ്യം : ഫൊക്കാന കണ്‍വന്‍ഷന്‍ നഗറിന്‌ `അനന്തപുരി' എന്നാണല്ലോ നാമകരണം ചെയ്‌തിരിക്കുന്നത്‌?

ഉത്തരം : ഇന്ത്യയുടെ സാംസ്‌കാരിക കേന്ദ്രത്തില്‍ കേരളത്തിനും, വിശിഷ്യ തിരുവനന്തപുരത്തിനും അതിയായ പ്രാധാന്യമുണ്ട്‌. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തലസ്ഥാനം കൂടിയാണ്‌ അനന്തപുരി. ജാതിമതവര്‍ഗ്ഗ വിത്യാസമില്ലാതെ നമ്മുടെ സംസ്‌കാരത്തിന്റെ കൂട്ടായ്‌മയ്‌ക്കും `അനന്തപുരി' തിരുവോണനാളില്‍ വേദിയൊരുക്കുന്നു. തന്നെയുമല്ല നമ്മുടെ വികസനകേരളത്തിന്‌ ഏറെ സംഭാവന നല്‍കിയ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന്‌ ഒരു ഭരണകര്‍ത്താവ്‌ ഫൊക്കാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാനെത്തുമ്പോള്‍ കാലം മറന്നുകൊണ്ടിരിക്കുന്ന രാജകുടുംബത്തോട്‌ ഇങ്ങനെ ഒരു ആദരവ്‌ മലയാളികള്‍ക്കുവേണ്ടി ഫൊക്കാന ചെയ്യുന്നു എന്നുമാത്രം. `അനന്തപുരി' എന്നത്‌ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു പ്രതീകമായി കാണാനാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌.

ചോദ്യം : ഫൊക്കാനയുടെ `ഭാഷയ്‌ക്കൊരു ഡോളര്‍' എന്ന പദ്ധതി ഇന്ന്‌ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടല്ലോ?

ഉത്തരം : അതെ. ഒരു പ്രാദേശിക ഭാഷയുടെ, ഒരു സമൂഹത്തിന്റെ ജന്മഭാഷയ്‌ക്കായി മറ്റൊരു നാട്ടില്‍ നിന്നുകൊണ്ട്‌ സജീവമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടന ഫൊക്കാന പോലെയുണ്ടോ എന്നത്‌ സംശയമാണ്‌. പല സംഘടനകളും മലയാള ഭാഷാ പുരോഗതിക്കായി പല പദ്ധതികളും കൊണ്ടുവന്നുവെങ്കിലും അതെല്ലാം ``ഭാഷയ്‌ക്കൊരു ഡോളറിന്റെ'' ചുവടുപിടിച്ചാണ്‌ എന്നതാണ്‌ വാസ്‌തവം. എല്ലാം മലയാള ഭാഷയ്‌ക്കുവേണ്ടിയാണ്‌ എന്നതില്‍ അഭിമാനമേയുള്ളൂ. മലയാളം പഠിക്കുകയും മലയാള ഭാഷയില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നവരേയും ആദരിക്കുമ്പോള്‍ ഒരു ജനതയും, ഒരു സംസ്‌കാരവും ആദരിക്കപ്പെടുന്നു എന്നാണ്‌ കരുതേണ്ടത്‌. ഒരു പക്ഷേ പ്രവാസി മലയാളികളോളം മലയാളത്തെ സ്‌നേഹിക്കുന്നവര്‍ കേരളത്തില്‍പ്പോലും ഉണ്ടോ എന്നത്‌ സംശയമാണ്‌. `ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതി കൂടുതല്‍ തലങ്ങളിലേക്ക്‌ വ്യാപിക്കുവാന്‍ ഫൊക്കാന നേതൃത്വം ശ്രമിക്കും.

ചോദ്യം: ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ടെലി മെഡിസില്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവാസി സംഘടനകളുടെ പങ്കാളിത്തവും ഇന്‍വെസ്റ്റുമെന്റും വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ്‌ അങ്ങയുടെ പ്രതികരണം?

ഉത്തരം : ഫൊക്കാനയുടെ ആദ്യത്തെ കേരളാ കണ്‍വന്‍ഷനില്‍ത്തന്നെ ഈ രംഗത്ത്‌ വേണ്ട വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്‌ത്‌ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍ അവ പുനഃസ്ഥാപിക്കുവാനുള്ള ആവശ്യവും സാഹചര്യവും ഉണ്ടായത്‌ മെഡിക്കല്‍ രംഗത്ത്‌ വളരെ വലുതായ പങ്കാളിത്തം അമേരിക്കയില്‍നിന്നുതന്നെ ഉണ്ടാകും എന്നതാണ്‌ സത്യം. ഫൊക്കാനയുടെ നേതൃത്വനിരയിലുള്ള പലരും ഇത്തരം കാര്യങ്ങളില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ തന്നെ സഹായം എത്തിക്കുവാന്‍ സാധിക്കുന്നവരാണ്‌ എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കാം.

ചോദ്യം : കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന വിഷയമാണല്ലോ ``മുല്ലപ്പെരിയാര്‍'' ഒരു പ്രബലമായ പ്രവാസി സംഘടനയായ ഫൊക്കാനയുടെ പ്രതികരണം എന്താണ്‌?

ഉത്തരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫൊക്കാനായ്‌ക്ക്‌ ആശങ്കയാണുള്ളത്‌. ഇവിടെയുണ്ടാകുന്ന ഓരോ പ്രകൃതിക്ഷോഭത്തേയും ഭൂമികുലുക്കവുമൊക്കെ വളരെ ഭീതിയോടെ വീക്ഷിക്കുന്നവരാണ്‌ ഞങ്ങള്‍. ആ ഭീതി ഈ വിഷയത്തിലുമുണ്ട്‌. ഞങ്ങള്‍ ഇക്കാര്യ ത്തില്‍ ആശങ്കയുള്ള ജനങ്ങളോടൊപ്പമാണ്‌. ഒരു കാര്യം ഓര്‍ക്കേണ്ടത്‌. ഭൂമികുലുക്കം മുതലായവ ഉണ്ടാകുമ്പോള്‍ നാം സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ അമേരിക്കന്‍ റെഡ്‌ ക്രോസുമായി ചേര്‍ന്ന്‌ കേരള സര്‍ക്കാരിന്‌ ഒരു പദ്ധതിരേഖ തന്നെ ഫൊക്കാന വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ നല്‍കിയിട്ടുണ്ട്‌. പക്ഷെ മാറി വന്ന സര്‍ക്കാരുകള്‍ അവയെ ഗൗരവമായി എടുത്തില്ല എന്ന അഭിപ്രായവും ഞങ്ങള്‍ക്കുണ്ട്‌.

ചോദ്യം : ഫൊക്കാനയുടെ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു?

ഉത്തരം : ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനം ഫൊക്കാന തുടങ്ങിയകാലം മുതല്‍ക്കേയുള്ളതാണ്‌. അത്‌ അനസ്യൂതം തുടരുന്നു എന്നു മാത്രം. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, തിരുവനന്തപുരം, ഹരിപ്പാട്‌, ആറന്മുള, കല്ലിശ്ശേരി, രാമപുരം, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയങ്ങളായിരുന്നു. ഈ പ്രദേശങ്ങളിലെ സന്നദ്ധസംഘടനകളുമായി സഹകരിച്ചാണ്‌ ഫൊക്കാന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

കൂടാതെ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ഏതൊരാളും വീടില്ലാത്തവര്‍, വൈദ്യസഹായം പഠനസഹായം വേണ്ടവരില്‍ എന്നുവേണ്ട, ഈ ശ്രേണിയില്‍പ്പെട്ട ആരും ഫൊക്കാനയെ സമീപിക്കുന്ന സാഹചര്യങ്ങളില്‍ അടിയന്തിരമായി സഹായങ്ങള്‍ എത്തിക്കാറുണ്ട്‌. അത്‌ അനന്തമില്ലാതെ തുടരുന്നു എന്നതാണ്‌ വസ്‌തുത.

ചോദ്യം : പ്രവാസി മലയാളികള്‍, പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്‌. ഇവയൊക്കെ പരിഹരിക്കുന്നതിന്‌ ഒരു ആഗോള പ്രവാസി കൂട്ടായ്‌മയെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയമായില്ലേ. പ്രവാസിയിലെ പ്രാദേശികത പ്രവാസികളെ തമ്മില്‍ അകറ്റുകയില്ലേ?

ഉത്തരം : കഴിഞ്ഞ പത്ത്‌ വര്‍ഷം മുന്‍പുള്ള സ്ഥിതിയാണോ ഇന്ന്‌ ഇപ്പോള്‍ ലോകത്തുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കാണുന്ന വേദികള്‍തന്നെയുണ്ട്‌. കേരളം വിടുന്ന എല്ലാവരും പ്രവാസികള്‍ തന്നെയാണ്‌. അവര്‍ താമസിക്കുന്ന ഭൂവിഭാഗങ്ങളുടെ പ്രത്യേകതയും നാം കണക്കിലാക്കണം. അമേരിക്കയിലെ സ്ഥിതിയല്ല ഗള്‍ഫില്‍. എങ്കിലും ഗള്‍ഫ്‌ മേഖലയും ഇന്ന്‌ സുരക്ഷിതമാണ്‌ പ്രവാസികള്‍ക്ക്‌ എന്നാണ്‌ എന്റെ വിശ്വാസം. കാലം മാറിക്കൊണ്ടിരിക്കുകയാണ്‌. എല്ലാ ഉച്ചനീചത്വങ്ങളും ലോകത്ത്‌ അവസാനിക്കുന്ന ഒരു കാലം ഉടനെയുണ്ടാവും എന്നുതന്നെയാണ്‌ എന്റെ വിശ്വാസം.

ജി.കെ.പിള്ളയുടെ ഈ ആത്മവിശ്വാസമാണ്‌ ഫൊക്കാനയുടെ കരുത്ത്‌ ഫൊക്കാനയുടെ ഈ സൗമ്യനായ പ്രസിഡന്റിന്‌ തന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ശ്രദ്ധേയമാണ്‌. കുടുംബം വികസിച്ചാണ്‌ രാഷ്‌ട്രവും സംസ്‌കാരവും ഉണ്ടാകുന്നത്‌ എന്ന്‌ തിരിച്ചറിയാത്തവരുടെയിടയില്‍ കുടുംബം തന്റെ പ്രേരകശക്തി എന്ന്‌ വിശ്വസിച്ച്‌ ഒരു വലിയ സംഘടനയെ പരാതികളില്ലാതെ നയിക്കുകയാണ്‌ ഫൊക്കാനയുടെ സ്വന്തം പ്രസിഡന്റ്‌ ജി.കെ.പിള്ള.
ഫൊക്കാനയുടെ കരുത്തുറ്റ നേതൃത്വം ജി. കെ. പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക